കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ രാജ്യത്തെ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്ക് കൈപ്പുസ്തകം – 2023-24 റിപ്പോര്‍ട്ടില്‍ പറയുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയില്‍ 33 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പട്ടികയില്‍ കേരളം മുപ്പതാം സ്ഥാനത്താണ് എന്നാണ്. ഒന്നാം സ്ഥാനത്ത് മിസോറാമും രണ്ടാം സ്ഥാനത്ത് ഛത്തിസ്ഗഡും മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണ്. അവരുടെ വളര്‍ച്ചാ നിരക്ക് യഥാക്രമം 6.75 ശതമാനം, 6.64 ശതമാനം, 6.26 ശതമാനം എന്ന കണക്കിലാണ്. കേരളത്തിന്റേത് 3.16 ശതമാനമാണ്. പിന്നില്‍ 3.13 ശതമാനമുള്ള ഉത്തരാഖണ്ഡും 0.70 ശതമാനമുള്ള ഗോവയുമാണ്. കേരളം നമ്പര്‍ വണ്‍ എന്ന് കണ്ണടച്ചു ഉരുവിട്ടു കൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാരിന് റിസര്‍വ്വ് ബാങ്കിന്റെ ഈ കണക്ക് ഒട്ടും രുചിച്ചിട്ടില്ല. മാതൃമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ സൂചകങ്ങളില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടിലെ കണക്ക് മാത്രമേ അവര്‍ പരിഗണിക്കുന്നുള്ളു. മാനവ വികസന സൂചികകളില്‍ കേരളം മുന്നിലല്ലേ എന്നാണ് അവരുടെ ചോദ്യം. ഈ വികസനത്തിനൊക്കെ തുടര്‍ച്ച ഉണ്ടാവണമെങ്കില്‍ സാമ്പത്തിക ഭദ്രത വേണ്ടേ? സാമ്പത്തിക രംഗത്ത് വളര്‍ച്ച കാണിക്കണ്ടേ?
അതൊന്നും വേണമെന്ന് ഇടത് സര്‍ക്കാരിന് നിര്‍ബ്ബന്ധമില്ല. ഇത്തരം സൂചികകളൊക്കെ സാമ്രാജ്യത്വ പിന്തിരിപ്പന്‍ ശക്തികളുടെ ഇടതുവിരുദ്ധ ഗുഢാലോചനയുടെ സൃഷ്ടികള്‍ മാത്രമാണ് എന്ന് പാര്‍ട്ടി ക്യാപ്‌സ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ചാനിരക്ക് കാണിക്കുമ്പോഴും കേരളം മാത്രം കുത്തനെ താഴോട്ടു പതിച്ചു കൊണ്ടിരിക്കുന്നു. സാധാരണക്കാരന്റെ വലിയൊരു ആശ്രയമായിരുന്ന കേരളത്തിലെ സഹകരണ ബാങ്കുകള്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ ചീട്ടുകൊട്ടാരം പോലെ തകരുമ്പോള്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴി അവയെയൊക്കെ കേരളാ ബാങ്കില്‍ ലയിപ്പിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ്. ഇനി അത്തരം കണക്കുകള്‍ പാര്‍ട്ടിക്ക് ശല്യമാകില്ലല്ലോ. ഇപ്പോഴത്തെ ശല്യക്കാരന്‍ റിസര്‍വ് ബാങ്കാണ്. ഇടക്കിടക്ക് കണക്ക് കാണിച്ച് കേരളത്തിന്റെ അവസ്ഥ ലോകരെ അറിയിക്കുന്ന ഈ ശല്യക്കാരന്‍ റിസര്‍വ്വ് ബാങ്കിനെക്കൂടി കേരള ബാങ്കില്‍ ലയിപ്പിച്ചാലോ സഖാവേ? അതോടെ പാര്‍ട്ടിക്കാര്‍ക്ക് ആ ചക്കരക്കുടത്തിലും കയ്യിടാമല്ലോ?