സംഘപ്രവര്‍ത്തനം എക്കാലത്തും വളര്‍ന്നത് സംഘ സ്വയംസേവകരുടെയും കാര്യകര്‍ത്താക്കന്മാരുടെയും ആന്തരിക ഗുണങ്ങളുടെ മഹത്വം കൊണ്ടാണ്. അല്ലാതെ ബാഹ്യ കാരണങ്ങളോ പരിതഃസ്ഥിതിയോ കൊണ്ടല്ല. സ്വയംസേവകരുടെയും കാര്യകര്‍ത്താക്കന്മാരുടെയും ദൃഢനിശ്ചയം, സംഘ ആദര്‍ശത്തോടുള്ള പ്രതിബദ്ധത, സമാനതകളില്ലാത്ത സക്രിയത, ധ്യേയത്തെക്കുറിച്ചുള്ള അവിചലിതമായ ചിന്ത, ത്യാഗബുദ്ധി മുതലായ ഗുണങ്ങള്‍ കാരണമാണ് സംഘപ്രവര്‍ത്തനം വളര്‍ന്നത്. ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടിവന്ന സാഹചര്യത്തിലും അവയെ വിജയകരമായി തരണം ചെയ്യാനായതും ഇതേ കാരണങ്ങളാലാണ്.
1942ല്‍ ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭം നടക്കുമ്പോള്‍ ബാബാസാഹബ് ആപ്ടേജി ബീഹാറില്‍ പ്രവാസം നടത്തുകയായിരുന്നു. ബീഹാറില്‍ പ്രക്ഷോഭം ഉഗ്രരൂപം പൂണ്ടു. യുവാക്കന്മാര് അത്യാവേശത്തോടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. മറുഭാഗത്താകട്ടെ, പൊലീസും ബ്രിട്ടീഷ്പട്ടാളവും കിരാതമായ ദമനമുറകള് സ്വീകരിച്ച് പ്രക്ഷോഭക്കാരെ തല്ലിച്ചതച്ചു. ചിലയിടങ്ങളില്‍ വെടിവെപ്പും നടന്നു. പ്രക്ഷോഭക്കാര്‍ പലയിടങ്ങളിലും നിരത്തുകള്‍ കിളച്ച് ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചും വന്മരങ്ങള് നിരത്തുകള്‍ക്ക് കുറുകെയിട്ടും ഗതാഗതം തടസ്സപ്പെടുത്തി. ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ തന്നെ സ്തംഭിച്ചു!
ഈ പരിതഃസ്ഥിതിയിലാണ് മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ആഗസ്റ്റ് 11ന് ബാബാസാഹബിന് ദര്‍ഭംഗയില്‍ നിന്ന് മുസ്സഫര്പൂരിലേക്ക് പോകേണ്ടിയിരുന്നത്. വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. തനിക്കു പോയേ തീരൂ എന്ന് ബാബാസാഹബിന് നിര്‍ബന്ധം. വഴിക്കുവെച്ച് പോലീസ് പിടികൂടിയാല്‍ മഹാരാഷ്ട്രക്കാരനായ ബാബാസാഹബ് എന്തിന് ബീഹാറില്‍ വന്നു എന്ന് സംശയിക്കും! ഏതായാലും, കൂടെ ഒരു കാര്യകര്ത്താവിനേയും കൂട്ടി കാലത്ത് നാല് മണിക്ക് ബാബാസാഹബ് കാല്‍നടയായി യാത്ര ആരംഭിച്ചു. പോകുന്ന വഴിക്ക് പ്രക്ഷോഭക്കാര്‍ സൃഷ്ടിച്ച വഴിതടസ്സം, പ്രക്ഷോഭക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍, ഇതെല്ലാം തരണം ചെയ്തും കണ്ടും രണ്ടുപേരും നടന്നു. വഴിക്ക് വെച്ച് കൂടെ ചെന്ന കാര്യകാര്ത്താവിന് ബാബാസാഹബ് ധര്മ്മസംബന്ധവും ചരിത്രപരവുമായ കഥകള്‍ പറഞ്ഞു കൊടുത്തു. അങ്ങനെ 10 മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന് 60 കിലോമീറ്റര്‍ താണ്ടി അവര്‍ മുസ്സഫര്പൂരിലെത്തി. നിശ്ചയിച്ച സമയത്ത് അവിടെ അദ്ദേഹത്തിന്റെ ബൈഠക്കും നടന്നു.