കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ നിര്‍മ്മാണത്തിന് ഹരിയാന സര്‍ക്കാരിന്റെ സംഭാവന തേടി ഏകനാഥ് റാനഡെജി അവിടത്തെ മുഖ്യമന്ത്രി ദേവീലാല്‍ ചൗധരിയെ കാണാന്‍ ചെന്നപ്പോള്‍ കൂടെ ലാല്‍ കൃഷ്ണ അദ്വാനിജിയും ഉണ്ടായിരുന്നു. ഏകനാഥ്ജി ഒരു പ്രചരണപത്രികയും ഒരു ഉറുപ്പികയുടെ ഒരു ഫോള്‍ഡറും ദേവീലാലിനു നല്‍കി. പ്രചരണപത്രികയില്‍ തലപ്പാവു കെട്ടി നില്‍ക്കുന്ന വിവേകാനന്ദ സ്വാമികളുടെ പടം കണ്ട മാത്രയില്‍ ദേവീലാല്‍ പറഞ്ഞു: ”ഇദ്ദേഹം ഒരു ജാട്ട് ആണ്, അല്ലെ!” അല്ലെന്ന് പറയാന്‍ മുതിര്‍ന്ന അദ്വാനിജിയെ ഏകനാഥ്ജി തടഞ്ഞു. ദേവീലാല്‍ വീണ്ടും പറഞ്ഞു: ”ശിലാസ്മാരകത്തിന് ഹരിയാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ഉറപ്പായും സംഭാവന നല്‍കും.” കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ അദ്വാനിജി ഏക്‌നാഥ്ജിയോടു ചോദിച്ചു: താങ്കള്‍ എന്തുകൊണ്ട് അദ്ദേഹത്തെ തിരുത്തിയില്ല?”
”സ്വാമിജി ഒരു ജാട്ട് അല്ല, ബംഗാളിയാണെന്ന് അദ്ദേഹത്തോട് ഞാന്‍ പറയണമായിരുന്നു എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? സ്വാമിജി ബംഗാളിയും, തമിഴനും, ജാട്ടും, ഹിന്ദിക്കാരനും, മറാഠിയും, അസംകാരനും, നാഗാലാന്റുകാരനും, കാശ്മീരിയുമെല്ലാം ആയിരുന്നു. അദ്ദേഹം എല്ലാ ഭാരതീയര്‍ക്കും പ്രേരണാ സ്രോതസ്സാണ്. ഓരോ ഭാരതീയനും സ്വാമിജിയെ തങ്ങളുടെ സ്വന്തം എന്ന് കരുതുന്നുവെങ്കില്‍ ഞാനെന്തിന് അതിനെ നിരാകരിക്കണം?” ഇതായിരുന്നു ഏകനാഥ്ജിയുടെ പ്രതികരണം.