കഴിഞ്ഞവാരം ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷപൂര്‍വ്വം കൊണ്ടാടിയപ്പോള്‍ ദല്‍ഹിയില്‍ നടന്ന രണ്ട് ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ഒന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു. രണ്ടാമത്തേത് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അവരുടെ ആസ്ഥാനത്ത് നടത്തിയ ക്രിസ്മസ് ആഘോഷവും. ഭാരതത്തിലെ മിക്ക പ്രധാന ക്രൈസ്തവസഭകളുടെയും ബിഷപ്പുമാരും മറ്റുള്ളവരും പങ്കെടുത്ത ഈ ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രിയായിരുന്നു മുഖ്യാതിഥി. പുല്‍ക്കൂടില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചും കരോള്‍ഗാനം കേട്ടും ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍, ഭാരതത്തിലെ ഒരു ന്യൂനപക്ഷവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ നരേന്ദ്രമോദി പങ്കെടുത്തത് തികച്ചും ആത്മാര്‍ത്ഥമായും അഭിമാനപൂര്‍വ്വവുമായിരുന്നു.
പ്രധാനമന്ത്രി ഈ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെക്കുറിച്ച് യൂഹനോന്‍ മാര്‍ മിലിത്തിയോസ് എന്ന ഓര്‍ത്തഡോക്‌സ് ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങളാണ് ഭാരതത്തിലെ ക്രിസ്ത്യാനികളെ കുറിച്ചും ചില സഭകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഒക്കെ ചിന്തിക്കാന്‍ ഇടയാക്കിയത്. യൂഹനോന്‍ മാര്‍ മിലിത്തിയോസ് സഭയില്‍ എത്തും മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. ഏതായാലും ബിഷപ്പ് ആയതിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനും വേണ്ടി ആവശ്യാനുസരണം പ്രസ്താവനകള്‍ ഇറക്കുന്ന ഒരു ക്രൈസ്തവ മെത്രാന്‍ മാത്രമാണ് ഈ ബിഷപ്പ്. വ്യക്തിപരമായി അദ്ദേഹത്തെ ആക്ഷേപിക്കാനോ അദ്ദേഹത്തിന്റെ നടപടിക്രമങ്ങളെ കുറിച്ചോ സഭാമാറ്റത്തെക്കുറിച്ചോ ഒന്നുംതന്നെ പരാമര്‍ശിക്കേണ്ട കാര്യമില്ല.
സര്‍വ്വമത സാഹോദര്യത്തിന്റെപേരില്‍ അഭയം തേടിയും വ്യാപാരാവശ്യത്തിനും വന്നവര്‍ക്കു മുഴുവന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയതിനൊപ്പം ആരാധനാലയങ്ങള്‍ കൂടി പണിതുനല്‍കിയ സനാതനധര്‍മ്മ വിശ്വാസികളായ ഭാരതീയ ഹിന്ദു രാജാക്കന്മാരോടും, അവരുടെ മതത്തോടും ക്രൈസ്തവസഭകള്‍ എങ്ങനെ പ്രതികരിച്ചു എന്ന കാര്യം ആലോചിക്കേണ്ടതാണ്. ഭാരതത്തിലെമ്പാടും ഒരു പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ്. ഹിന്ദുക്കള്‍ 1997 ല്‍ ബഹുമാന്യനായ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ഓശാന മൗണ്ടില്‍വെച്ച് ആര്‍ എസ്എസ് നേതാക്കളും ക്രൈസ്തവ സഭാമേലധ്യക്ഷന്മാരും തമ്മില്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. ജോസഫ് പുലിക്കുന്നേലും ആ ചര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ചില ക്രിസ്തീയ സഭകള്‍ നടത്തുന്ന തീവ്രമായ മതപരിവര്‍ത്തന ശ്രമങ്ങളാണ് ഭാരതത്തിന്റെ പല ഭാഗത്തും ക്രൈസ്തവസഭകളും ഇതര മതസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നും അതുകൊണ്ടുതന്നെ മതപരിവര്‍ത്തന ശ്രമങ്ങളില്‍നിന്ന് സഭകള്‍ പിന്മാറണം എന്നും ആ യോഗം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് പരസ്യമായ മതപരിവര്‍ത്തനശ്രമങ്ങളില്‍ നിന്ന് ചില സഭകളെങ്കിലും വിട്ടുനില്‍ക്കുന്നുണ്ട്. അതേസമയം മറ്റു ചിലര്‍ ഈ സഹസ്രാബ്ദത്തില്‍ തന്നെ ഭാരതത്തെ സുവിശേഷവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി മതപരിവര്‍ത്തന ശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നു.
പാലക്കാട് നടന്ന രണ്ട് സംഭവങ്ങളാണ് മാര്‍ മിലിത്തിയോസ് പരാമര്‍ശിച്ചത്. അതിലെ ഒരു സംഭവം ഈ തരത്തിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, നല്ലേപ്പള്ളി, വടകരപ്പതി പ്രദേശങ്ങളില്‍ വന്‍തോതില്‍ ചില ക്രൈസ്തവസഭകള്‍ മതപരിവര്‍ത്തനശ്രമങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്‌നാടിന്റെ തെക്കേയറ്റത്തും ഒക്കെത്തന്നെ ആസൂത്രിതമായി വന്‍തോതില്‍ മതപരിവര്‍ത്തനശ്രമങ്ങള്‍ നടത്തുന്നത് ന്യായമാണെന്നും ശരിയായ രീതിയിലാണെന്നും മിലിത്തിയോസിനോ മറ്റു സഭകള്‍ക്കോ പറയാന്‍ കഴിയുമോ. മതപരിവര്‍ത്തനം നടത്തുമ്പോള്‍ അവരെ ധര്‍മ്മഭ്രഷ്ടരാക്കുന്നു എന്നുമാത്രമല്ല, ആത്മീയമായോ ഭൗതികമായോ അവരുടെ ഉന്നമനത്തിനുവേണ്ടി യാതൊന്നും ചെയ്യാതെ ആളെണ്ണം കൂട്ടി പണം പറ്റുന്ന കാര്യങ്ങള്‍ മാത്രമാണ് മതപരിവര്‍ത്തന ലോബി ചെയ്യുന്നത് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പല ഇവാഞ്ചലിക്കല്‍ സഭകളും മതപരിവര്‍ത്തനത്തിന്റെ പേരില്‍ വിദേശത്തുനിന്ന് ആളെണ്ണം പറഞ്ഞ് പണം പറ്റുന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്.
ഭാരതത്തിലെ ജാതിസമ്പ്രദായം ഒരുപരിധിവരെ തൊഴില്‍വിഭജനം കൂടിയായിരുന്നു. ഓരോ സമുദായത്തിനും ഒരു ഗോത്രത്തിന്റെ ഗരിമയും പവിത്രതയും ആത്മാഭിമാനവും ഉണ്ടായിരുന്നു. അത് തകര്‍ത്തെറിഞ്ഞ് ഹിന്ദു സമുദായങ്ങളെ തമ്മില്‍ തല്ലിക്കുന്ന രീതിയിലാണ് മതപരിവര്‍ത്തന ലോബികള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്നും എല്ലാവര്‍ക്കുമറിയാം. ഫാദര്‍ അടപ്പൂരും, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആര്‍എസ്എസ് സൈദ്ധാന്തികനുമായിരുന്ന പി. പരമേശ്വര്‍ജിയുമായി നടത്തിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇക്കാര്യം സംശയലേശമെന്യേ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഓം ബുക്‌സ് പ്രസിദ്ധീകരിച്ച അഗസ്റ്റിന്‍ കാഞ്ഞമലയുടെ ഇന്റഗ്രല്‍ മിഷന്‍ ഡൈനാമിക്‌സ് എന്ന ഗ്രന്ഥത്തിലെ അഗസ്റ്റിന്‍ കാഞ്ഞമലയുടെ ലേഖനത്തില്‍ കേരളത്തിലെ പുലയന്മാരെ മതപരിവര്‍ത്തനം ചെയ്ത രീതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഗോത്രത്തലവന്റെ പദവിയും അഭിമാനവും ഉണ്ടായിരുന്ന തലപ്പുലയന്റെ അഭിമാനബോധത്തിന്റെ നെറുകയില്‍ അടിച്ചാണ് അവനെ തകര്‍ത്തെറിഞ്ഞ് മതം മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതെന്തിനു വേണ്ടിയാണ്? 2000-ാമാണ്ടില്‍ ലോകം മുഴുവന്‍ ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടോ? ലോകാവസാനം ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഉണ്ടായോ? ഇതൊന്നും സംഭവിച്ചിട്ടില്ല എന്നുമാത്രമല്ല ക്രൈസ്തവസഭ മുന്നോട്ടുവെക്കുന്ന കാലഗണനാസമ്പ്രദായം മുതല്‍ പ്രപഞ്ചസൃഷ്ടിയുടെ സിദ്ധാന്തം വരെ ശരിയല്ല എന്ന ചിന്താഗതി മാര്‍പാപ്പ വരെ പങ്കുവെച്ചു കഴിഞ്ഞു എന്ന കാര്യം ഓര്‍ക്കണം.
ഇപ്പോള്‍, പണ്ടത്തെ രീതിയില്‍ ചോളപ്പൊടികൊടുത്തും പുകയിലകൊടുത്തും മതപരിവര്‍ത്തനം ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായി. സത്യത്തില്‍ ഭാരതത്തിലെ ക്രൈസ്തവസഭകള്‍ സുവിശേഷവല്‍ക്കരണവും മതപരിവര്‍ത്തനവും സംബന്ധിച്ച് ഒരു പുനരാലോചന നടത്തേണ്ട കാലഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. ഇസ്ലാമിക ജിഹാദി ഭീകരസംഘടനകള്‍ ക്രൈസ്തവസഭകള്‍ നടത്തിയിരുന്ന അതേരീതിയില്‍ മറ്റു മതവിഭാഗങ്ങളെ മതപരിവര്‍ത്തനം ചെയ്യുകയും ആരാധനാലയങ്ങള്‍ തകര്‍ക്കുകയും സ്വന്തമാക്കാന്‍ ശ്രമിക്കുകയും അവരുടെ തലമുറകളായി കൈമാറി വന്നിരുന്ന വസ്തുവകകള്‍ പോലും വഖഫ് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഹാഗിയ സോഫിയ മുതല്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്‌കാരപ്പുര കണ്ടെത്താനുള്ള ശ്രമം വരെ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ സൂചനയും മഞ്ഞുമലയുടെ തുമ്പും മാത്രമാണെന്ന് തിരിച്ചറിയാന്‍ ക്രൈസ്തവസഭകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ വരാന്‍ പോകുന്ന ദിവസങ്ങള്‍ പ്രതിസന്ധിയുടേതും പ്രശ്‌നങ്ങളുടേതും ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലുടനീളം ഇസ്ലാമികവല്‍ക്കരണത്തിന്റെയും ജിഹാദിന്റെയും മുന്നൊരുക്കവുമായി ക്രൈസ്തവകേന്ദ്രങ്ങളിലും ഹൈന്ദവകേന്ദ്രങ്ങളിലും വ്യാപാരവും ആരാധനാലയങ്ങളുടെ ചുറ്റുമുള്ള സ്ഥലങ്ങളും പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുതായി കാണാന്‍ ആവില്ല. കേരളത്തിലുടനീളം ഇസ്ലാമിക സമൂഹത്തെ വോട്ട് ബാങ്ക് ആക്കി മാറ്റിക്കൊണ്ട് സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെ തന്ത്രങ്ങള്‍ ഒരുക്കി ഭരണകൂടങ്ങളെ തങ്ങളുടെ വരുതിക്കു നിലനിര്‍ത്താന്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനം മിലിത്തിയോസിനെ പോലെ ചുവന്ന കണ്ണടവെച്ച പുരോഹിതന്മാര്‍ക്ക് പെട്ടെന്ന് മനസ്സിലാവില്ല. അവര്‍ കുറ്റം പറയുന്നത് സംഘപരിവാറിനെയാണ്. സംഘപരിവാറിനെ കുറ്റപ്പെടുന്നതിന്റെ ലക്ഷ്യവും അവരുടെ പ്രവര്‍ത്തനപദ്ധതിയും ഇടതുപക്ഷത്തെ സഹായിക്കാനും വോട്ട് ബാങ്ക് നിലനിര്‍ത്താനും വേണ്ടി മാത്രമുള്ളതാണ്.
കേരളത്തില്‍ നിന്നുള്ള ഇരുപതിനായിരത്തോളം കന്യാസ്ത്രീകളും 12,000 ഓളം വരുന്ന അച്ചന്മാരുമാണ് സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനത്തിന്റെ ചരട് വലിക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സേവനവും പരോപകാരവും ജന്മസിദ്ധമായ ധര്‍മ്മത്തിന്റെ ഭാഗമാണെന്ന് കരുതുന്ന ഒരു സമൂഹത്തില്‍, ത്യാഗമേ ജീവിതം എന്ന് പഠിപ്പിക്കുകയും വഴിവക്കുകളില്‍ മുഴുവന്‍ തണല്‍ മരങ്ങളും തണ്ണീര്‍ പന്തലുകളും സത്രങ്ങളും അന്നദാനപുരകളും ഒക്കെ പണികഴിപ്പിച്ച ഒരു സമൂഹത്തില്‍, സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനവും ക്രിപ്‌റ്റോ ക്രിസ്ത്യാനികള്‍ ആക്കാനുള്ള പ്രവര്‍ത്തനവും ഒക്കെ നടത്തുന്നത് ആശാസ്യമാണോ? മിലിത്തിയോസ് പരാമര്‍ശിക്കുന്ന സംഘത്തിലും സംഘപരിവാറിലും ആയിരക്കണക്കിന് ക്രൈസ്തവരുണ്ട്. അവര്‍ ഭാരതത്തിന്റെ യശസ്സിനും പരമവൈഭവത്തിനും വേണ്ടി ജീവിതം ബലിയര്‍പ്പിക്കാന്‍ തയ്യാറെടുത്തിട്ടുള്ളവരാണ്. ക്രൈസ്തവര്‍ ഭൂരിപക്ഷം ആയിട്ടുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദവും ഭാരതവിരുദ്ധതയും എന്തുകൊണ്ട് ഉണ്ടായി എന്ന കാര്യത്തിന് കൂടി മിലിത്തിയോസും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ സഖാക്കളും ഉത്തരം പറയണം. ഗ്രഹാം സ്‌റ്റൈല്‍സിന്റെയും സ്റ്റാന്‍സാമിയുടെയും കാര്യം പറയുമ്പോള്‍ അവര്‍ നടത്തിയിട്ടുള്ള അക്രമസംഭവങ്ങളും വിധ്വംസകപ്രവര്‍ത്തനങ്ങളും മാത്രമല്ല, സ്വാമി ലക്ഷ്മണാനന്ദസരസ്വതിയുടെ വധം വരെയുള്ള കാര്യങ്ങളും പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഇത്തരമൊരു ചര്‍ച്ച ഇപ്പോഴത്തെ കാലത്ത് പ്രസക്തമല്ലെന്നു മാത്രമല്ല, ഉചിതവുമല്ല.
പാലക്കാട് ഒരു സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ കുട്ടികളെ വെയില്‍ കൊള്ളിച്ചും ജാഥ നടത്തിയും ഉപദ്രവിച്ചു എന്ന പരാതി ഉണ്ടായപ്പോള്‍ രക്ഷാകര്‍ത്താക്കളായ ചില ഹൈന്ദവ സംഘടനാനേതാക്കള്‍ അത് ശ്രദ്ധയില്‍പ്പെടുത്തി എന്ന കാര്യം സത്യമാണ്. പക്ഷേ, തത്തമംഗലത്ത് സാമൂഹ്യവിരുദ്ധര്‍ പുല്‍ക്കൂട് തകര്‍ത്തതിനെ ഇതുമായി കൂട്ടിക്കെട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശരിയല്ല. രണ്ടും രണ്ടു സംഭവങ്ങളാണ്. ഇത് സംഘപരിവാറിന്റെ തലയില്‍ കെട്ടിവച്ച് ദല്‍ഹിയില്‍ നടന്ന ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയും ഭാരതസര്‍ക്കാരും സഭാനേതാക്കളും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും ഒരേരീതിയില്‍ കാണാന്‍ കഴിയില്ല. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഏഷ്യാ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന കാര്യം സഭാമേലധ്യക്ഷന്മാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. പേര്‍ഷ്യ മുതല്‍ ബംഗ്ലാദേശ് വരെ ഹിന്ദു ന്യൂനപക്ഷമായ എല്ലാ സ്ഥലങ്ങളിലും ക്രൈസ്തവര്‍ മതപരമായും വംശീയമായും പീഡിപ്പിക്കപ്പെടുകയും വ്യാപാര വ്യവസായങ്ങള്‍ മാത്രമല്ല, അവരുടെ സ്വത്തും സ്ത്രീകളും വരെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളതും സഭകള്‍ ഓര്‍ക്കണം. ഇത് ക്രൈസ്തവ സഭകള്‍ക്കും ഒരു പാഠമാണ്. ഇതര മതസ്ഥരെ പണം കൊടുത്തും ആനുകൂല്യങ്ങള്‍ നല്‍കിയും മതപരിവര്‍ത്തനം നടത്തി ഏറെക്കാലം മുന്നോട്ടുപോകാന്‍ ആവില്ല. അവര്‍ക്ക് അതേ നാണയത്തിലുള്ള തിരിച്ചടി മറ്റ് എവിടെ നിന്നെങ്കിലും ഉണ്ടാകും. അതാണ് ഇന്ന് ജിഹാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഇതിന്റെ കെടുതികള്‍ നമ്മള്‍ കാണുന്നുണ്ട്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാകുന്ന മതനിരാസവും പള്ളികള്‍ ബാറുകളാക്കി മാറ്റുന്ന സാഹചര്യവും സഭകള്‍ കാണണം, അറിയണം. പണം കൊടുത്തു നടത്തുന്ന മതപരിവര്‍ത്തനം ഇനിയും ഏറെക്കാലം മുന്നോട്ടു പോവില്ല. ഇപ്പോള്‍ തന്നെ സന്നദ്ധപ്രവര്‍ത്തനത്തിന്റെയും സേവന പ്രവര്‍ത്തനത്തിന്റെയും പേരില്‍ വരുന്ന വിദേശ സഹായത്തിന് വിലക്ക് വന്നത് ഇതിന്റെ ദുരുപയോഗം കാരണമാണ് എന്ന കാര്യം മറച്ചുവെക്കാന്‍ കഴിയുമോ? ഇവിടെയൊക്കെ ഒരു പുതിയ മാനദണ്ഡം അനിവാര്യമാണ്. മറ്റു മതത്തില്‍ നിന്ന് പ്രലോഭനങ്ങള്‍ മൂലമുള്ള മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ സഭകള്‍ തയ്യാറായാല്‍ മുപ്പത്തിമുക്കോടിദൈവങ്ങളെ ആരാധിക്കുന്ന സനാതനധര്‍മ്മത്തിന് ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഉള്‍ക്കൊള്ളാന്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല. പക്ഷേ, ദേശവിരുദ്ധതയും വിഘടനവാദവും മതത്തിന്റെ പേരില്‍ ആയാലും വോട്ടിന്റെ പേരിലായാലും പൊറുക്കാന്‍ നമുക്ക് കഴിയില്ല. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് പറഞ്ഞത് മിലിത്യോസ് അടക്കമുള്ള പുരോഹിതരെ കൂടി ഉദ്ദേശിച്ചാണ്. ഏകം സദ് വിപ്രാ ബഹുധാവദന്തി എന്ന ദര്‍ശന പ്രകാരം ജീവിക്കുന്ന സനാതനധര്‍മ്മത്തിന് എല്ലാ വഴികളും ഈശ്വരാന്വേഷണത്തിന്റേത് മാത്രമാണ്. പക്ഷേ ഈ മാതൃഭൂമിയെക്കാള്‍ മഹത്തരമായ മറ്റൊരു വിശ്വാസവും ഹിന്ദുത്വത്തിന് ഇല്ല എന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. ഒന്നിച്ചു പോകാനും യോജിപ്പിന്റെ വഴികള്‍ കണ്ടെത്താനും ധാരാളം സാധ്യതകളുണ്ട്. അതിനുവേണ്ടിയാണ് ക്രൈസ്തവസഭകള്‍ പ്രവര്‍ത്തിക്കേണ്ടത്. വരാന്‍ പോകുന്ന ദുരന്തത്തിന്റെ ഭീകരമുഖം നമ്മളെ ഓര്‍മിപ്പിക്കുന്നതും അതുതന്നെയാണ്.