അരുന്ധതി റോയിയും കൂട്ടരും വയനാട്ടിലെ ദ്വാരകയില്‍ കൊട്ടിഘോഷിച്ചുകൊണ്ട് നടത്തിയ വയനാട് ലിറ്റററി ഫെസ്റ്റിവലില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. ഫെസ്റ്റിവല്‍ മാമാങ്കത്തിന്റെ ഉദ്ഘാടകന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഊന്നിയത് ഹിന്ദു ധര്‍മ്മത്തില്‍ ഊന്നിനിന്ന ബസവണ്ണ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊള്ളാനാണ്. സാംസ്‌കാരിക വൈവിധ്യത്തിനും സാമൂഹ്യനീതിക്കും ഒഴിച്ചു കൂടാനാവാത്ത സമത്വത്തെ പ്രതിനിധീകരിക്കുന്ന ഭരണഘടനയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വിഘടനവാദസ്വഭാവം പുലര്‍ത്തുന്നവര്‍ സംഘാടകരായ ഫെസ്റ്റിവലിന് ഉദ്ഘാടകന്‍ തന്നെ വേണ്ടത്ര ഉപദേശം നല്കി. രണ്ടാം സമ്മേളനത്തില്‍ ചരിത്രകാരനായ ജോണ്‍ കെയ് പറഞ്ഞത് ദേശീയ ചരിത്രം സാംസ്‌കാരിക തനിമക്ക് യോജിച്ചവിധം പുതുക്കണമെന്നാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള വ്യക്തിപരമായ ആഖ്യാനങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ നമ്മുടെ ചരിത്രരേഖകളുടെ വൈവിധ്യം സമ്പന്നമാകും എന്നു കൂടി അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെയും കെയിനിന്റെയും പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ കലശലായ സംശയം, ഇത് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സമ്മേളനമാണോ അതോ വയനാട് ലിറ്റററി ഫെസ്റ്റിവലോ? അരുന്ധതിറോയിയേയും മറ്റും എഴുന്നള്ളിച്ചുകൊണ്ടുവന്നവരുടെ ലക്ഷ്യം ഇതായിരുന്നോ? സംഘപരിവാറുകാര്‍ വയനാട് ലിറ്റററി ഫെസ്റ്റിവല്‍ ഹൈജാക്ക് ചെയ്‌തോ എന്ന് ഭൂതക്കണ്ണാടി വെച്ച് കണ്ടെത്താന്‍ ചിലര്‍ രംഗത്തെത്താനും സാധ്യതയുണ്ട്. ഇങ്ങനെ പോയാല്‍ ലിറ്റററി ഫെസ്റ്റിവല്‍ അടച്ചുപൂട്ടേണ്ടി വരും. അതോടെ ഇതിനൊക്കെ ഫണ്ടുമായി നടക്കുന്നവര്‍ നിരാശരായതു തന്നെ.