കൊല്ലങ്ങള്‍ക്കു മുമ്പ് എ.ഐ.സി. സി ആസ്ഥാനത്തു നിന്ന് കൂടോത്രപ്രയോഗത്തിലൂടെ സൃഷ്ടിച്ചു വിട്ട ചില ചെകുത്താന്മാരെ ഇല്ലാതാക്കുന്ന പണി ചെയ്തു കൊണ്ടിരിക്കയാണ് നമ്മുടെ നീതിന്യായ കോടതികള്‍ എന്നു തോന്നും ചില ഹൈക്കോടതി വിധികള്‍ കാണുമ്പോള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമം എന്ന മന്ത്രശക്തിയുമായാണ് ഈ ചെകുത്താന്മാര്‍ രാജ്യത്ത് വിളയാടിയത്. ഏറ്റവും ഒടുവില്‍ ദല്‍ഹി ഹൈക്കോടതിയാണ് മുപ്പത്താറുവര്‍ഷം പ്രഭാവം കാണിച്ച് ആളെ ഭയപ്പെടുത്തി തന്റെ യജമാനനായ കോണ്‍ഗ്രസ്സിനുവേണ്ടി പണിയെടുത്തുകൊണ്ടിരുന്ന ഒരു ചെകുത്താനെ ഒരു ഉത്തരവിലൂടെ വായുവില്‍ ലയിപ്പിച്ചു കളഞ്ഞത്. 1988-ല്‍ മുസ്ലിം സമുദായ നേതാക്കളെ പ്രീണിപ്പിക്കാന്‍ രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ ജന്മം നല്കിയതാണ് ഈ ചെകുത്താന്. ഇറക്കുമതി വിലക്ക് എന്നാണതിന്റെ പേര്. ‘ചെകുത്താന്റെ വചനങ്ങള്‍’ എന്ന നോവലിന് രാജ്യത്ത് പ്രവേശനം തടയാനായിരുന്നു ഈ ചെകുത്താന്റെ നിയോഗം. 36 വര്‍ഷമായി ഭൂതം ഈ പണി രാപ്പകലില്ലാതെ ചെയ്യുകയാണ്. മുസ്ലിം വോട്ട് ബാങ്ക് എന്ന കോണ്‍ഗ്രസ് നിധിപേടകത്തിന്റെ സൂക്ഷിപ്പുകാരനായ ഈ ഭൂതത്തിന്റെ വിളയാട്ടത്തില്‍ ഭയന്നുപോയവര്‍ ഇത് വെറും കണ്‍കെട്ട് ചെകുത്താനാണെന്നും ഈ വിലക്കിന് അടിസ്ഥാനമായ സര്‍ക്കാര്‍ വിജ്ഞാപനമില്ല എന്നും തിരിച്ചറിഞ്ഞതേയില്ല.
കേന്ദ്രത്തില്‍ ഭരണം മാറിയതോടെ 2019-ല്‍ കോടതിയിലെത്തിയ പുസ്തകം നിരോധിച്ചതിനെ ചോദ്യം ചെയ്യുന്ന ഹരജി പരിഗണിച്ചപ്പോഴാണ് ഈ വിലക്ക് കോണ്‍ഗ്രസ്സിന്റെ ദുര്‍മന്ത്രവാദത്തിന്റെ സൃഷ്ടിയാണെന്ന് ജനമറിഞ്ഞത്. വിലക്കിന് അടിസ്ഥാനമായ സര്‍ക്കാര്‍ വിജ്ഞാപനം ഇല്ലെന്നു കണ്ടതോടെ കോടതി ‘ചെകുത്താന്റെ വചനങ്ങള്‍’ എന്ന നോവലിന് വിലക്കില്ലെന്ന് വിധിച്ചു. അതോടെ ഭൂതത്തിന്റെ കഥ കഴിഞ്ഞു. കുറച്ചുനാള്‍ മുമ്പാണ് മധ്യപ്രദേശ് ഹൈക്കോടതി ഇതുപോലുള്ള മറ്റൊരു ദുര്‍ഭൂതത്തിന്റെ തല നുള്ളിയത്. 1966-ല്‍ നടപ്പാക്കിയ, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന വിലക്കായിരുന്നു അത്. അന്നത്തെ സര്‍സംഘചാലക് പൂജനീയ ഗുരുജിയുടെ നേതൃത്വത്തില്‍ നടന്ന ഗോരക്ഷാ പ്രക്ഷോഭത്തില്‍ കുപിതനായ പ്രധാനമന്ത്രി നെഹ്‌റുവായിരുന്നു ആര്‍എസ്എസ്സിന്റെ വളര്‍ച്ച തടയാന്‍ ഈ വിലക്ക് കൊണ്ടുവന്നത്. ഇയ്യിടെ മധ്യപ്രദേശ് ഹൈക്കോടതിക്കു മുമ്പില്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കേ ഈ വിലക്കിനു അടിസ്ഥാനമായ വിജ്ഞാപനം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. അത്തരമൊരു വിജ്ഞാപനം ഇല്ലെന്നു വ്യക്തമായതോടെ ഹൈക്കോടതി ഏതാണ്ട് ആറു പതിറ്റാണ്ട് കോണ്‍ഗ്രസ്സിനെ സേവിച്ച ഈ ചെകുത്താന്റെ തലയിലും ആണിയടിക്കുകയായിരുന്നു.