ക്രിസ്തുമസ് മതേതരവും ശ്രീകൃഷ്ണജയന്തി വര്‍ഗ്ഗീയവുമാണെന്ന് അറിയാത്തവര്‍ ഈ കേരളത്തില്‍ ജീവിക്കാന്‍ പാടുണ്ടോ? അവരെ ഈ നാട്ടില്‍ നിന്ന് നാടുകടത്തണ്ടേ? പാലക്കാട് ചിറ്റൂര്‍ നല്ലേപ്പള്ളി ഗവ.യു.പി.സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും ക്രിസ്തുമസ്സിന്റെ ഭാഗമായ കരോള്‍ വേഷം കെട്ടി ആഘോഷിക്കുന്നതു കണ്ടപ്പോള്‍ മൂന്നു വിശ്വഹിന്ദുപരിഷത്തുകാര്‍ക്ക് ഒരു സംശയം. ഇതുപോലെ നമ്മുടെ സ്‌കൂളില്‍ ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കണ്ടേ? അവര്‍ പ്രധാനാദ്ധ്യാപികയോട് ഇക്കാര്യം ചോദിച്ചു. അതോടെ പാലക്കാടിനു മീതെയുള്ള മതേതര ആകാശം ഇടിഞ്ഞു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ കെ.എസ്.ടി.എക്കാരായ അദ്ധ്യാപകര്‍ താങ്ങിനിര്‍ത്തിയില്ലായിരുന്നെങ്കില്‍ സ്‌കൂള്‍ തകര്‍ന്നുപോയേനേ? അതുകൊണ്ട് ഈ വിശ്വഹിന്ദുപരിഷത്തുകാരെ വെറുതെ വിടാന്‍ പാടില്ല എന്നവര്‍ തീരുമാനിച്ചു. ഇക്കൂട്ടര്‍ക്ക് ഇനി ചോദ്യം ചോദിക്കാനല്ല അത്തരം ചോദ്യത്തെപ്പറ്റി ചിന്തിക്കാന്‍ പോലും തോന്നരുത്. അവര്‍ ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കി. വിജയന്‍ സഖാവിന്റെ പോലീസല്ലേ സ്‌കൂളില്‍ അതിക്രമിച്ചു കയറി, അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി, വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തി എന്നീ വകുപ്പുകള്‍ ചാര്‍ത്തി ജാമ്യമില്ലാ കേസ്സാക്കി മൂന്നാളെയും അകത്താക്കി. ഇതുകൊണ്ടും മതേതര ആകാശം പഴയ പോലെയായിട്ടില്ല എന്ന് തങ്ങളുടെ രാഷ്ട്രീയ കണ്ണാടിയിലൂടെ കണ്ട മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് കുട്ടിപ്പട്ടാളം അവിടെ തങ്ങളുടെ വക പ്രത്യേകം പ്രത്യേകം കരോള്‍ പാര്‍ട്ടി നടത്തി മതേതരത്വത്തെ ഒരുവിധം താങ്ങിനിര്‍ത്തിയിരിക്കയാണ്.
സ്‌കൂളുകളില്‍ ഒരു മതപരിപാടിയും പാടില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി അപ്പൂപ്പന്റെ തിട്ടൂരം. അത് ക്രിസ്തുമസ്സിനോ കരോളിനോ നോമ്പുതുറക്കോ ഒന്നും ബാധകമല്ല. പുസ്തക പൂജയ്ക്കും ശ്രീകൃഷ്ണ ജയന്തിക്കും ഒക്കെയെയുള്ളു ബാധകം. സ്‌കൂള്‍ യൂണിഫോറം ചവറ്റു കുട്ടയിലിട്ട് മുസ്ലിം വേഷത്തില്‍ ക്ലാസിലിരിക്കുമ്പോഴും തെറ്റില്ല. പത്തു മാസം മുമ്പ് കോഴിക്കോട് ജില്ലയില്‍ കായക്കൊടി പഞ്ചായത്തില്‍ നെടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ അതിന്റെ മാനേജര്‍ പുതിയ സ്‌കൂള്‍ കെട്ടിടം പണിതപ്പോള്‍ പുലര്‍ച്ചെ (സ്‌കൂള്‍ സമയത്തല്ല, സര്‍ക്കാര്‍ സ്‌കൂളിലുമല്ല എന്ന് ഓര്‍ക്കണം) ഒരു ഗണപതിഹോമം നടത്തി. അവിടേക്ക് അതിക്രമിച്ചു കടന്ന് പൂജാസാധനങ്ങള്‍ നശിപ്പിച്ചതും മാനേജരെ മര്‍ദ്ദിച്ചതും മാര്‍ക്‌സിസ്റ്റുകാരായിരുന്നു. അന്ന് മതേതരത്വം ഊരകുത്തി വീണു എന്ന് വായ തുറന്നു പറയാന്‍ ഒരു ഡിഫിക്കാരനെയോ യൂത്ത് കോണ്‍ഗ്രസ്സുകാരനെയോ മഷിയിട്ടു നോക്കിയിട്ട് കണ്ടില്ല. പാലക്കാട്ട് മൂന്ന് വി.എച്ച്.പി.ക്കാരെ ജയിലിലാക്കി. എന്നാല്‍, എം.എന്‍ വിജയന്‍ മാഷ് പറഞ്ഞപോലെ അവര്‍ ചോദിച്ച ചോദ്യത്തിനെ ഇവര്‍ക്ക് ജയിലിലിടാന്‍ കഴിഞ്ഞോ? അത് നമ്മുടെ മതേതര അന്തരീക്ഷത്തില്‍ നിങ്ങളെ തുറിച്ചു നോക്കി നില്‍ക്കുകയല്ലേ?