സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവ് കഴിഞ്ഞ നവ: 29 ന് നടത്തിയ പത്രസമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള പാര്‍ട്ടിയുടെ യുദ്ധപ്രഖ്യാപനമായിരുന്നു. ഗവര്‍ണറെ ചെറുക്കും, സംസ്ഥാനവ്യാപകമായ പ്രക്ഷോഭം നടത്തും എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും സമരരീതി എന്താണെന്നു അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഗവര്‍ണറുടെ പേരിലുള്ള ചാര്‍ജ്ഷീറ്റ് ഗോവിന്ദന്‍ സഖാവ് പുറത്തുവിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിച്ചു, 2022-ല്‍ തന്നെ പതിനൊന്നു വിസിമാരോട് രാജി ആവശ്യപ്പെട്ടു, മതേതര ഭരണഘടനക്ക് ഭീഷണിയാണ് ഗവര്‍ണര്‍, ഇടത് സര്‍ക്കാര്‍ പറയുന്നതല്ല, സംഘപരിവാര്‍ പറയുന്നതാണ് ഇയാള്‍ കേള്‍ക്കുന്നത് എന്നിങ്ങനെ വളരെ നീണ്ട ചാര്‍ജ്ഷീറ്റ്. ഇപ്പോഴിതാ സംസ്ഥാനസര്‍ക്കാര്‍ നല്കിയ വി.സി. നിയമനപട്ടിക ചുരുട്ടി വലിച്ചെറിഞ്ഞ് സ്വന്തമായി രണ്ടു വി.സി. മാരെ അദ്ദേഹം നിശ്ചയിച്ചിരിക്കുന്നു.
ഉന്നതവിദ്യാഭ്യാസ രംഗത്താണ് ഗവര്‍ണര്‍ വിജയന്‍ സഖാവിന്റെ ഭരണത്തെ വെല്ലുവിളിക്കുന്നത്. അവിടെ സി.പി.എമ്മിന്റെ കയ്യിലുള്ള ബ്രഹ്മാസ്ത്രങ്ങളാണ് എസ്.എഫ്.ഐയും ഇടിമുറിയും. കുറച്ചു മുമ്പ് എസ്.എഫ്.ഐ ഗവര്‍ണറോട് യുദ്ധപ്രഖ്യാപനം നടത്തുക മാത്രമല്ല കാമ്പസ്സിലേക്ക് കടത്തില്ല എന്നു സത്യം ചെയ്തതുമാണ്. അതും ഗവര്‍ണര്‍ പൊളിച്ചടുക്കി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ സമരം നയിച്ച ആര്‍ഷോയുടെ കളി വെറും ഷോ കാണിക്കലായി. കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നടന്ന അന്താരാഷ്ട്ര സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണറെ തടയാന്‍ പറ്റാത്തതിലെ നാണക്കേട് മറക്കാന്‍ അവര്‍ വേദാന്തപഠന കേന്ദ്രം അടിച്ചു തകര്‍ത്തു. ഇനി അവസാന ആയുധം ഇടിമുറി മാത്രമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറി എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തിന് തങ്ങളുടെ കയ്യിലുള്ളതാണ്. ഗവര്‍ണറെ അവിടെ എത്തിച്ചാല്‍ മതി. ഈ കണക്കുകൂട്ടല്‍ തെറ്റിച്ച് എസ്.എഫ്.ഐക്കാര്‍ മുഹമ്മദ് അനസ് എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചു. അതു വാര്‍ത്തയായി. കാത്തുവെച്ച ബ്രഹ്മാസ്ത്രം നനഞ്ഞ പടക്കമാക്കി മാറ്റിയതിലുള്ള രോഷം കൊണ്ടാണോ എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് സി.പി.എം ഇടപെട്ട് പിരിച്ചുവിട്ടത്?