മലയാളികള്‍ക്ക് ഏറ്റവും അടുപ്പമുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ ഷേക്‌സ്പിയറും വേര്‍ഡ്‌സ്‌വര്‍ത്തുമാണ്. അതിനുകാരണം പാഠപുസ്തകങ്ങളില്‍ ഇവര്‍ക്കുരണ്ടുപേര്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം എന്നതാണ്. ചെറിയ ക്ലാസുകള്‍ തൊട്ടേ നമ്മള്‍ ഈ പേരുകള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. ഡാഫൊഡില്‍സ്, സോളറ്ററി റീപ്പര്‍, ടിന്റേണ്‍ ആബി, ഓഡ്: ഇന്റിമേഷന്‍സ് ഓഫ് ഇമ്മോര്‍ട്ടാലിറ്റി തുടങ്ങി ചില കവിതകള്‍ മാത്രമേ മലയാളികള്‍ക്ക് സ്ഥിരപരിചയമുള്ളവയായുള്ളു. എന്നാല്‍ വള്ളത്തോളിനെപ്പോലെ ധാരാളം എഴുതിക്കൂട്ടിയ കവിയാണ് വേര്‍ഡ്‌സ്‌വര്‍ത്ത്. “”Child is the father of man” (My Heart Leaps up) “”Nature never did betray the heart that loved her.” (Tintern Abbey) “”The best portion of a good man’s life is his little, nameless, unremembered acts of kindness and of love” (Tintern Abbey) തുടങ്ങി അദ്ദേഹത്തിന്റെ എത്രയോ വരികള്‍ മലയാളികള്‍ക്കു സുപ്രസിദ്ധമാണ്.
കണക്കില്ലാതെ എഴുതിക്കൂട്ടിയ വേഡ്‌സ്‌വര്‍ത്തിന്റെ prelude, excursion തുടങ്ങിയ ദീര്‍ഘകവനങ്ങള്‍ ഇംഗ്ലീഷ് ഐച്ഛികമായെടുത്തവര്‍ക്കു മാത്രമേ പരിചയമുള്ളൂ. അല്ലെങ്കില്‍ ഇംഗ്ലീഷ് കവിതയെ ഗൗരവമായെടുത്തു പഠിക്കുന്നവര്‍ക്കും prelude കവി എഴുതിയതുപോലെ “”Together wantoned in wild poesy”’ (കാവ്യകലയുടെ വന്യതയിലേയ്ക്കു ഒരുമിച്ച് അതിക്രമിച്ചു കയറി -wantoned എന്നതിന് അതിക്രമിച്ചു കയറി അഭിരമിക്കുക എന്നാണര്‍ത്ഥം. പലപ്പോഴും ലൈംഗികമായ അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചു കണ്ടിട്ടുള്ളത്.) രണ്ടുപേരോടൊപ്പം ചേര്‍ന്നാണ് വേര്‍ഡ്‌സ്‌വര്‍ത്ത് കവിതയെ കടന്നാക്രമിച്ച് രമിച്ചത്; ഒന്ന് സഹോദരിയായ ഡൊറോത്തി വേര്‍ഡ്‌സ്‌വര്‍ത്തിനോടും പിന്നെ കവിയായ (ST Coleridge) എസ്.ടി കോളിറിഡ്ജിനോടും ഒപ്പം.
ഡൊറോത്തി (Dorothy) എന്ന ഗ്രീക്കു പദത്തിന് ദൈവത്തിന്റെ സമ്മാനം എന്നാണത്രേ അര്‍ത്ഥം. Dorothy Mae Ann Wordsworth കവിയുടെ സന്തഹസഹചാരിയും സുഹൃത്തും സഹോദരിയുമായിരുന്നു. സ്വന്തം നിലയില്‍ നല്ല ഒരെഴുത്തുകാരിയും കവിയുമായിരുന്നതിനാല്‍ മഹാകവിയുടെ ഹൃദയാഭിലാഷങ്ങളെ തിരിച്ചറിയുവാന്‍ ഡൊറോത്തിക്കു കഴിഞ്ഞിരുന്നു. നിഴല്‍പോലെ കവിയോടൊപ്പം എന്നും ഈ സഹോദരിയുണ്ടായിരുന്നു. ലോകത്തിലെ തന്നെ അപൂര്‍വ്വം ഹൃദയബന്ധങ്ങളിലൊന്നായിരുന്നു. കവിയും സഹോദരിയും തമ്മിലുണ്ടായിരുന്നത്. കോളിറിഡ്ജിനോടൊപ്പം യൂറോപ്യന്‍ പര്യടനം നടത്തിയപ്പോഴും ഡൊറോത്തി ഒപ്പമുണ്ടായിരുന്നു. കവിയെക്കാള്‍ ഒരു വയസ്സുമാത്രം പ്രായക്കുറവേ ഡൊറോത്തിക്കു ഉണ്ടായിരുന്നുള്ളൂ. സ്വയം നല്ല എഴുത്തുകാരിയായിരുന്നെങ്കിലും തന്റെ പ്രശസ്തിയില്‍ അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. സഹോദരന്‍ പ്രശസ്തിയുടെ പടവുകള്‍ കയറുന്നതു സന്തോഷത്തോടെ നോക്കിക്കാണുകയാണ് ആ കൂടപ്പിറപ്പ് ചെയ്തത്. വേഡ്‌സ്‌വര്‍ത്ത് മരിച്ച് അഞ്ചുകൊല്ലം കഴിഞ്ഞാണ് അനുജത്തി മരിച്ചത്. ഒരുപക്ഷേ കവിക്കു മുന്‍പേ ഈ സഹോദരി യാത്രയായിരുന്നെങ്കില്‍ അത് അദ്ദേഹത്തിന് താങ്ങാന്‍ ആകുമായിരുന്നില്ല. അത്രയ്ക്ക് കവിയെ ആ കൈകള്‍ താങ്ങിനിര്‍ത്തിയിരുന്നു.
“”Water water everywhere and not a drop to drink” ഈ വരികളോ അതിന്റെ മലയാളതര്‍ജ്ജമയോ അറിയാത്ത മലയാളി ഉണ്ടാകാനിടയില്ല. വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാനില്ലത്രേ! എന്നത് നിത്യജീവിതത്തില്‍ എടുത്തുപയോഗിക്കുന്ന പലരും ഓര്‍ക്കുന്നുണ്ടാവില്ല ഇത് എസ്.ടി.കോളിറിഡ്ജിന്റെ പ്രശസ്തമായ “The Rime of the ancient Mariner’എന്ന കവിതയില്‍ നിന്നുള്ള വരികളാണെന്ന് Kublakhan, Dejection: An ode, Christabel Rime of ancient Mariner എന്നീ വിശ്വപ്രസിദ്ധങ്ങളായ കവിതകള്‍ കൂടാതെ Biographia Literaria എന്ന പ്രശസ്തമായ നിരൂപണ ഗ്രന്ഥവും (ഈ കൃതിക്ക് Biographical Sketches of My literary Life and Opinions) എന്നൊരു സബ് ടൈറ്റിലുമുണ്ട്. സത്യത്തില്‍ ഇത് കവിയുടെ ആത്മകഥാപരമായ ആവിഷ്‌ക്കാരങ്ങളും കാവ്യ വീക്ഷണങ്ങളുമാണ്) ജര്‍മ്മന്‍ തത്വചിന്തകനായിരുന്ന ഷിലിങ്ങില്‍ (Friedrich, Wilhelm Joseph Schelling) നിന്നും കോപ്പി ചെയ്തതാണ് ഈ കൃതിയെന്ന് ചില നിരൂപകര്‍ ആക്ഷേപിച്ചിട്ടുണ്ട്. കോളിറിഡ്ജിന്റെ ഏറ്റവും മുന്തിയ സംഭാവന വേര്‍ഡ്‌സ്‌വര്‍ത്തിനോടൊപ്പം ചേര്‍ന്നു പ്രസിദ്ധീകരിച്ച കവിതാസമാഹാരമാണ്. 1798ല്‍ രണ്ടുപേരും ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ കവിതാസമാഹാരം ഇംഗ്ലീഷ് കവിതയിലും ലോകകവിതയിലും കാല്പനികതയുടെ പുതുയുഗം വിളംബരം ചെയ്തതായി കണക്കാക്കപ്പെടുന്നു. കൂടുതല്‍ കവിതകളും എഴുതിയത് വേര്‍ഡ്‌സ്‌വര്‍ത്ത് ആണ്. കോളിറിഡ്ജിന്റേതായി നാല് കവിതകളേയുള്ളൂ. 1798ലും 1800ലും 1802ലും 1805ലും തുടര്‍ച്ചയായി പുതിയ പതിപ്പുകളിറങ്ങിയ ഈ സമാഹാരത്തിന്റെ ആമുഖമായാണ് പ്രസിദ്ധമായ കാവ്യനിര്‍വ്വചനം ”””Poetry is the spontaneous overflow of powerful feelings: it takes its origin from emotion recollected in tranquility” അവതരിപ്പിക്കുന്നത്. 1800 എഡിഷനിലാണ് അദ്ദേഹം അത് ആദ്യമായി അവതരിപ്പിക്കുന്നത്.
കവിതയുമായി ഒരു ബന്ധവുമില്ലാത്തതാണ് വേര്‍ഡ്‌സ്‌വര്‍ത്തിന്റെ നിര്‍വ്വചനമെങ്കിലും ലോകം വളരെക്കാലം ഈ നിഗമനത്തെ നെഞ്ചേറ്റി നടന്നു. ഇന്നും ചില ഇംഗ്ലീഷ് അദ്ധ്യാപകര്‍ ഈ നിര്‍വ്വചനം പറഞ്ഞു തന്നെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. കാല്പനിക കവിതയ്ക്ക് വേര്‍ഡ്‌സ്‌വര്‍ത്തിന്റെ വിലയിരുത്തലുകള്‍ ഒരു പരിധിവരെ ശരിയെന്നു സമ്മതിക്കാം. എന്നാല്‍ കവിതയെ കുറിച്ച് പൊതുവെ പറയുമ്പോള്‍ ഈ വിലയിരുത്തലുകള്‍ക്ക് ഒരു പ്രസക്തിയുമില്ല. വേര്‍ഡ്‌സ്‌വര്‍ത്തിനും ഒരു ആറ് നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന ഭാരതീയരായ കാവ്യവിശ്ലേഷകര്‍ കണ്ടെത്തിയ കാവ്യമാര്‍ഗ്ഗങ്ങള്‍ പോലും അദ്ദേഹത്തിനു തിരിച്ചറിയാനായില്ല.
എങ്കിലും ഈ കവിയെപ്പോലെ പ്രകൃതിയെ സ്‌നേഹിച്ച, പ്രകൃതിയെക്കുറിച്ച് ഇത്രമാത്രം എഴുതിക്കൂട്ടിയ മറ്റൊരു കവി ലോകസാഹിത്യത്തില്‍ത്തന്നെ ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ പി. കുഞ്ഞിരാമന്‍ നായര്‍ അദ്ദേഹത്തിന്റെ മലയാളി പതിപ്പാണെന്നു വേണമെങ്കില്‍ പറയാം. രണ്ടുപേരും പ്രകൃതിയില്‍ സ്വയം ലയിക്കുന്നതു കാണാം. ”നമസ്‌കാരം ഭൂതധാത്രിതായേ പോയി വരട്ടെ ഞാന്‍ ഭൂഗോളമുറി തന്‍ താക്കോല്‍ തിരിച്ചേല്‍പ്പിച്ചിടുന്നു ഞാന്‍” എന്നു പറഞ്ഞ് യാത്രയായ കവി പ്രകൃതിയെ അഗാധമായി പ്രണയിച്ചിരുന്നുവെങ്കിലും ആരും അദ്ദേഹത്തെ പ്രകൃതിഗായകന്‍ എന്നു വിളിച്ചില്ല. ഓണത്തെക്കുറിച്ചുതന്നെ 40 ലധികം കവിത പി. എഴുതിയിട്ടുണ്ടത്രേ! വേര്‍ഡ്‌സ്‌വര്‍ത്തിനെ മറ്റൊരു റൊമാന്റിക് കവിയായ കീറ്റ്‌സ് വിളിച്ചത് “”High priest of nature” എന്നായിരുന്നു. എന്നാല്‍ മലയാളത്തില്‍ ആയിരക്കണക്കിനു പ്രകൃതിഗീതങ്ങളെഴുതിയിട്ടും പി. വെറും ഭക്തകവിയായിട്ടാണ് അറിയപ്പെടുന്നത്.
“”Tables Turned” എന്ന പേരില്‍ വേര്‍ഡ്‌സ്‌വര്‍ത്ത് ഒരു 32 വരിക്കവിത എഴുതിയിട്ടുണ്ട്. അതില്‍ പുസ്തകങ്ങള്‍ ഉപേക്ഷിച്ച് പ്രകൃതിയിലേക്കു പോകാന്‍ കവി ആഹ്വാനം ചെയ്യുന്നു. ”അറിവിന്‍ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ വെറുതെ സൗന്ദര്യത്തെ കണ്ട കണ്‍പൊട്ടിച്ചു നീ” എന്നു ജി ശങ്കരക്കുറുപ്പ് വിലപിച്ചതുപോലെ വേര്‍ഡ്‌സ്‌വര്‍ത്തും””We murder to desect” എന്നു കേഴുന്നു tables truned എന്ന കവിതയില്‍. “Enough of science” എന്നു പറയുന്ന കവി വ്യവസായ വിപ്ലവത്തിന്റെ ശത്രുവായിരുന്നു. അതേ കവി ഫ്രെഞ്ചു വിപ്ലവത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. “Bliss was it in that dawn to be alive” (ആ പ്രഭാതത്തില്‍ ജീവിച്ചിരിക്കുക എന്നതുതന്നെ ഭാഗ്യമെന്നു കരുതിയ കവി പക്ഷേ പില്‍ക്കാലത്ത് വിപ്ലവത്തിലെ രക്തച്ചൊരിച്ചിലില്‍ അസ്വസ്ഥനായി) ‘”Should see the people having a strong hand; Inframing their own laws. Whence betters day; To all mankind.” Prelude ലെ 9-ാം ബുക്കില്‍ അദ്ദേഹം ഇങ്ങനെയെഴുതി.
ഒരേസമയം ഫ്രെഞ്ചു വിപ്ലവ ത്തെ അനുകൂലിക്കുകയും വ്യാവസായിക വിപ്ലവത്തെ എതിര്‍ക്കുകയും ചെയ്ത കവിയുടെ ആഗ്രഹത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ലോകം മറ്റൊരു രീതിയില്‍ മുന്നോട്ടു പോയി. കവി ആഗ്രഹിച്ചതുപോലെ സാഹോ ദര്യവും സ്വാതന്ത്ര്യവുമൊന്നും ഫ്രാന്‍സില്‍ പുലര്‍ന്നില്ല. വിപ്ലവം അപ്പാടെ തകര്‍ന്നു. കിരാതമായ രക്തച്ചൊരിച്ചിലായി മാറിയ അതിനെ ജനം വെറുത്തു. ഫ്രാന്‍സ് വീണ്ടും രാജാധികാരത്തിന്‍ കീഴിലായി. വ്യവസായ വിപ്ലവത്തെ കവി എതിര്‍ത്തിട്ടും യൂറോപ്പ് അതിനെ നെഞ്ചോടു ചേര്‍ത്തു. അതിന്റെ ഗുണഫലം ഇന്നത്തെ യൂറോപ്യന്‍ ജനത അനുഭവിക്കുന്നു. കവികള്‍ ക്രാന്തദര്‍ശികളെന്നു പറയാമെങ്കിലും ചില കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യവുമായി അവര്‍ പിണങ്ങി പിരിയാറുണ്ട്. സമകാലിക മലയാളം വാരികയുടെ ഡിസംബര്‍ 9 ലക്കത്തില്‍ ഹേമ പ്രകാശ് ‘വേര്‍ഡ്‌സ്‌വെര്‍ത്തിന്റെ നാട്ടില്‍’ എന്ന പേരില്‍ ഒരു യാത്രാനുഭവം കുറിച്ചിരിക്കുന്നു. അതു വായിച്ചപ്പോഴാണ് കവിയുടെ സാഹിത്യ ജീവിതത്തില്‍ നിന്നും ചിലതു കുറിക്കാനിടയായത്.
മലയാളത്തില്‍ കെ.ജി.എസിന്റെ ആ ദേശം എന്ന കവിതയും കുരീപ്പുഴയുടെ ബാനര്‍ജിപ്പെരുമ എന്ന കവിതയുമുണ്ട്. മാതൃഭൂമിയില്‍ സച്ചിദാനന്ദന്റെ ‘നിധിചാലസുഖമാ’ (ഡിസംബര്‍ 8-14) എന്നൊരു കവിതയുമുണ്ട്. മൂന്നിലും കവിത കമ്മി തന്നെ. പ്രതിഭയുടെ ഒഴുക്ക് മൂവരിലും ഏതാണ്ട് അവസാനിച്ചപോലെ. എം.ഡി. രാമനാഥനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘രാമനാഥന്‍ പാടുമ്പോള്‍’ എന്ന പേരിലോ മറ്റോ ഒരു കവിത സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. അതിനെ ഒന്നു തേച്ചു മിനുക്കി പകരം ചെമ്പെയെ അവതരിപ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ. നമ്മുടെ സംഗീതത്തിന്റെ ഗരിമയെക്കുറിച്ചു പാടാന്‍ ഒരു സച്ചിദാനന്ദനെങ്കിലുമുണ്ടല്ലോ എന്നു നമുക്ക് ആശ്വസിക്കാം. രാമനാഥനെക്കുറിച്ചുള്ള കവിത വായിച്ചിട്ടില്ലാത്തവര്‍ക്ക് ‘നിധിചാലസുഖമാ’ തീര്‍ച്ചയായും ഒരു നവ്യാനുഭവമായിത്തോന്നും. കര്‍ണാടകസംഗീതത്തെയും അതിലെ രാഗങ്ങളേയും കീര്‍ത്തനങ്ങളേയുമൊക്കെ കവി വാഴ്ത്തിപ്പറയുന്നു. തീര്‍ച്ചയായും നല്ല കാര്യം തന്നെ.
ഡിസംബര്‍ 22 വൈലോപ്പിള്ളിയുടെ 39-ാം ചരമവാര്‍ഷികമാണ് എന്ന് മാതൃഭൂമിയില്‍ എസ്.കെ. വസന്തന്‍ ഓര്‍മ്മിപ്പിക്കുന്നു. കല്പറ്റനാരായണന്‍ കവിയുടെ ‘സാവിത്രി’ യെക്കുറിച്ച് ‘നീയഴിക്കുന്നൂ പേര്‍ത്തും’ എന്നൊരു ലേഖനവും കൊടുത്തിരിക്കുന്നു. വിമര്‍ശകനായ വൈലോപ്പിള്ളിയെക്കുറിച്ചാണ് എസ്.കെ. വസന്തന്‍ എഴുതുന്നത്. കവിയുടെ മറ്റു കവിതകള്‍ പോലെ തന്നെ എത്ര വായിച്ചാലും കൊതിയടങ്ങാത്ത രചനയാണ് സാവിത്രിയും. കവിയുടെ ജീവിതദര്‍ശനവും ഭഗ്നമായ ജീവിതാനുഭവങ്ങളും എല്ലാറ്റിലും താങ്ങായികൂടെ നിന്ന, കാവ്യദേവതയും എല്ലാം ആവിഷ്‌കൃതമാകുന്ന അപൂര്‍വ്വ രചനയാണ് സാവിത്രി. അതിനെക്കുറിച്ചാണ് കല്പറ്റ നാരായണന്‍ സാമാന്യം നീണ്ട ഒരു പഠനം അവതരിപ്പിച്ചിരിക്കുന്നത്. ”തകരായ്കയി ചിത്തം, നീണ്ട സംസ്‌കാരത്തിലും മൃഗവാസനകളീ മര്‍ത്യരെ ഭരിക്കുന്നു” എന്നും ”ഉണ്ണിവായിനാല്‍ മുലകുടിക്കെയുള്‍ക്കൊണ്ടൊരു ചെന്നിനായകത്തിന്‍ കയ്‌പെന്നുള്ളില്‍ കിളമ്പുന്നു” എന്നും കവി എഴുതിയത് സാവിത്രിയിലാണ്. ”ഈ വധുക്കളിലെന്റെയമ്മയെക്കാണുന്നു ഞാന്‍” എന്നു കവി പറയുമ്പോള്‍ ജീവിതത്തിലെ ഏറ്റവും കയ്‌പേറിയ ആ അനുഭവം തികട്ടിവരുന്നു; കവിയുടെ അമ്മ കാമുകനോടൊപ്പം ഇറങ്ങിപ്പോയ സംഭവം. അത്തരമൊരനുഭവമുണ്ടായാല്‍ അതിന്റെ തീവ്രത എത്ര മാത്രമാണെന്ന് നമ്മെ അനുഭവിപ്പിക്കാന്‍ ഈ കവിയ്ക്കു കഴിയുന്നു. കവിതയെ നന്നായി മനസ്സിലാക്കാന്‍ കല്പറ്റയെന്ന കവിക്കും കഴിഞ്ഞിരിക്കുന്നു. വൈലോപ്പിള്ളി വെറും രണ്ടു ലേഖനത്തിലൊതുങ്ങിയതിലേ പരിഭവമുള്ളു.