നട്ടുച്ചയ്ക്ക് ഏതെങ്കിലും ക്ഷേത്രം തുറന്നിട്ടുണ്ടാകുമോ? അത് അപൂര്‍വ്വമായിരിക്കും, അല്ലേ? ഞങ്ങള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്രവും, ക്ഷേത്രകവാടവും അടഞ്ഞുകിടക്കുന്നു. സ്വാമി വാനില്‍ നിന്നും സ്‌കൂള്‍കുട്ടിയുടെ ഉത്സാഹത്തോടെ ചാടിയിറങ്ങി. ഗേറ്റിനടുത്ത് കാവല്‍ നിന്നിരുന്ന പയ്യനോട് നാലു ഡയലോഗ്. ശുദ്ധ തമിളില്‍ – കാച്ചി. ഫലമോ? കൂറ്റന്‍ ഇരുമ്പുഗേറ്റുകള്‍ ഞങ്ങള്‍ക്കുവേണ്ടി മലര്‍ക്കെ തുറക്കപ്പെട്ടു. രണ്ടു വാനുകളും ക്ഷേത്രാങ്കണത്തിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ അവിടയൊക്കെ ചുറ്റിനടന്ന് മണിപ്പൂരിലെ ”തമിള്‍ ക്ഷേത്രം” കണ്ട് അത്ഭുതംകൂറി. ഉത്സവസമയത്ത് ”കനലിലൂടെ നടത്തം” ഇവിടെ പതിവുണ്ട്.
ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നിടത്ത് കൂറ്റന്‍ ഗോപുരം. ധാരാളം കൊത്തുപണികള്‍. കുതിര, നവഗ്രഹങ്ങള്‍, അയ്യപ്പസ്വാമി, പതിനെട്ടാംപടി, ഗണപതി, സുബ്രഹ്മണ്യന്‍, അംഗാള പരമേശ്വരി, ശിവന്‍, ബുദ്ധന്‍ എന്നിവരെ കണ്ടു. ദേവീക്ഷേത്രത്തിനു മുന്‍പിലെ ദംഷ്ട്രകളോടുകൂടിയ ചതുര്‍ഭുജധാരിയായ സ്ത്രീരൂപത്തിന്റെ കയ്യില്‍ നൂറുകണക്കിനു കുപ്പിവളകള്‍ ചരടില്‍ കോര്‍ത്തുകെട്ടിയിരിക്കുന്നു. അത് വഴിപാടായിരിക്കുമെന്ന് സരസ്വതി പറഞ്ഞു.
വേറൊരത്ഭുതം കൂടി ഞങ്ങളവിടെ കണ്ടു. മണിപ്പൂരില്‍ ആദ്യമായി തെങ്ങുകള്‍ കണ്ടു. പൂജയുടെ ആവശ്യത്തിനായി ആദ്യം മണിപ്പൂരിലെത്തിയവര്‍, തെങ്ങു നട്ടുപിടിപ്പിച്ചിരിക്കുന്നു. ആല്‍മരത്തില്‍ വലിയ തേനീച്ചക്കൂടുകള്‍.
ക്ഷേത്രത്തിനു ചുറ്റും മതിലും, മെറ്റല്‍ ഷീറ്റുകൊണ്ടു നിര്‍മ്മിച്ച താല്‍ക്കാലിക അതിരും. അതിനപ്പുറത്ത് മ്യാന്‍മര്‍ ആണെന്നും, നിങ്ങള്‍ക്ക് മ്യാന്‍മര്‍ കാണാനാഗ്രഹമുണ്ടെങ്കില്‍ മെറ്റല്‍ ഷീറ്റിലെ ചെറിയ വാതില്‍ തുറന്നുതരാമെന്നും പൂജാരി പറഞ്ഞു.
ഞങ്ങള്‍ ഈ കൊച്ചു വാതിലിലൂടെ മ്യാന്‍മര്‍ എങ്ങനെയിരിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ നോക്കി. കുട്ടികള്‍ കൂട്ടംകൂടി കളിക്കുന്നു. പൂഴിമണലില്‍ ചിക്കിച്ചികയുന്ന കോഴികള്‍; പശുക്കള്‍; അലസരായി വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ചെറുപ്പക്കാര്‍. ഞാന്‍ വലത്തേക്കാല്‍ നീട്ടി മ്യാന്‍മറിന്റെ ഭൂമിയിലൊന്നു തൊട്ടു! ഞങ്ങളുടെ കൂട്ടത്തിലെ ചിലര്‍ പുറത്തേക്കിറങ്ങി ഒന്നുരണ്ടടി വച്ചപ്പോഴേക്കും പൂജാരി ഭയവിഹ്വലനായി പറഞ്ഞു. ”വേഗം തിരിച്ചു കയറൂ പട്ടാളക്കാരുടെ കണ്ണില്‍ പെട്ടാല്‍ നിങ്ങള്‍ ജയിലില്‍ കഴിയേണ്ടിവരും.” ആരും തര്‍ക്കിക്കാന്‍ പോയില്ല. മ്യാന്‍മര്‍ ഇപ്പോള്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഞങ്ങള്‍ക്കും അറിയാമായിരുന്നു.
എല്ലാവര്‍ക്കും വിശന്നു തുടങ്ങി. വീണ്ടും സ്വാമിയുടെ മാതൃഭാഷ ഞങ്ങളുടെ രക്ഷയ്‌ക്കെത്തി. പൂജാരിയോട് ”ശാപ്പാട് കിടയ്ക്കുമാ” എന്നു ചോദിച്ചപ്പോള്‍, മൊബൈലിലെ ഒരു നമ്പര്‍ തപ്പിയെടുത്ത് അദ്ദേഹം ആരോടോ സംസാരിച്ചു. ഫോണ്‍ സംഭാഷണത്തിനൊടുവില്‍ പുഞ്ചിരിച്ചുകൊണ്ട് അങ്ങേര്‍ പറയുകയാണ്. ”അല്പസമയത്തിനകം ഹോട്ടലുടമ സ്‌ക്കൂട്ടറില്‍ ഇവിടെയെത്തും. നിങ്ങളുടെ വാന്‍ സ്‌കൂട്ടറിനു പിന്നാലെ വിട്ടോളൂ. നിങ്ങള്‍ ലക്ഷ്മിഹോട്ടലിലെത്തും” എന്ന്! ആനന്ദലബ്ധിക്കിനിയെന്തു വേണം?
ചെറിയൊരു സംഭവമാണ് ഹോട്ടല്‍. കഷ്ടിച്ച് 20 പേര്‍ക്കിരിക്കാവുന്ന ഹോട്ടല്‍. ഹോട്ടലുടമയായ 30-35 വയസ്സുള്ള യുവാവും, ഭാര്യയും മക്കളും അയല്‍ക്കാരി സ്ത്രീകളും കിണഞ്ഞു പരിശ്രമിച്ച് ഞങ്ങള്‍ക്ക് ചോറും കറികളും, ഇഡ്ഢലി, ദോശ എന്നിവയും പാകം ചെയ്തു തന്നു. Lakshmi Hotel Fooding South Indian Dishes എന്ന ബോര്‍ഡും അവിടത്തെ അതിഥി സല്‍ക്കാരവും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളായി അവശേഷിക്കും.
സ്വാമിക്ക് എല്ലാവരും ”റൊമ്പ നന്റി” പറഞ്ഞു. സ്വാമി മുഖം നിറയെ ചിരിയുമായി എല്ലാവര്‍ക്കും ”കൂപ്പുകൈ” നേര്‍ന്നു.
വൈകിട്ട് 5.45ന് വീണ്ടും ചെക്ക്‌പോസ്റ്റിനടുത്തെത്തി. വനിതാ ഉദ്യോഗസ്ഥകള്‍ വളരെ സൗഹൃദത്തോടെ ഞങ്ങള്‍ എവിടെ നിന്നും വരുന്നുവെന്നും, മണിപ്പൂര്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടോ എന്നും ചോദിച്ചും. ആപ്കാ സ്റ്റേറ്റ് ബഹൂത് സുന്ദര്‍ ഹേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി.
ചാറ്റുകുളം തിരുമേനിയും, ലീലാമ്മ ടീച്ചറും സന്ധ്യാനാമ ജപത്തിന് നേതൃത്വം നല്‍കി (വാനില്‍). തിരുമേനി മൃദംഗശൈലേശ്വര ക്ഷേത്രത്തെപ്പറ്റിയും, അതിന്റെ പുരാണത്തെപ്പറ്റിയും മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞ അനുഭവകഥയെപ്പറ്റിയും, കോട്ടയം തമ്പുരാന്‍ കഥകളിയിലെ സ്ത്രീവേഷം എങ്ങനെയായിരിക്കണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോള്‍ സാക്ഷാല്‍ ദേവി കഥകളി വേഷത്തില്‍ അദ്ദേഹത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടെന്നും ഞങ്ങള്‍ക്കു പറഞ്ഞു തന്നു. സൗകര്യം കിട്ടുമ്പോള്‍ മൃംദഗശൈലേശ്വരിയെ ദര്‍ശിക്കാന്‍ പോകണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
സ്വാമിയുടെ ഭാര്യ സരസ്വതിയുടെ ഭാഷയില്‍ ഞങ്ങളുടെ വാന്‍ ”മാട്ടുവണ്ടി പ്രയാണം” നടത്തുകയായിരുന്നു. അടിയോടി മാഷും നാരായണന്‍ നമ്പൂതിരിയും അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന നാരായണന്‍ നമ്പൂതിരിയെയും (പ്രീഡിഗ്രി പയ്യന്‍) കൂട്ടുകാരേയും പോലീസുകാര്‍ പിടിച്ചുകൊണ്ടു പോയി ”പെരുമാറുകയും”, നമ്പൂതിരിയുടെ പൂണൂല്‍ വലിച്ചുപൊട്ടിക്കുകയും ചെയ്തു. പൂണൂല്‍ പൊട്ടിച്ച പോലീസുകാരനെ പയ്യന്‍മാര്‍ ”നോട്ടപ്പുള്ളി”യാക്കുകയും, വര്‍ഷങ്ങള്‍ക്കുശേഷം അങ്ങേരെ ”കൈകാര്യം” ചെയ്യുകയും ചെയ്തുവത്രെ.
കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന അടിയോടി മാഷിനെ അന്വേഷിച്ച് പോലീസുകാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പലപ്രാവശ്യം പോയി. അപ്പോഴൊക്കെ അടിയോടി സഖാവ് ഒളിവില്‍! ”എവിടെയാണ് മാഷേ ഒളിച്ചിരുന്നത്?” എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞു ”എന്റെ സുഹൃത്തായ കോണ്‍ഗ്രസ്സുകാരന്റെ വീട്ടില്‍” എന്തൊരു ബുദ്ധി! ഞങ്ങളെല്ലാവരും മാഷും ടീച്ചറുമടക്കം പൊട്ടിച്ചിരിച്ചു.
അങ്ങനെ മിണ്ടീം പറഞ്ഞും പൊട്ടിച്ചിരിച്ചും ഞങ്ങളുടെ മാട്ടുവണ്ടി ഹോട്ടല്‍ സാന്‍ഗായ്‌യില്‍ നിന്നും ഒന്നു രണ്ടു കിലോമീറ്റര്‍ ഇപ്പുറമുള്ള ‘ഇമ’ മാര്‍ക്കറ്റിനടുത്തെത്തി. ഞങ്ങളെ അതിനടുത്തായി ഇറക്കിവിട്ട് വാനുകള്‍ പാര്‍ക്കിംഗ് സ്ഥലം അന്വേഷിക്കാന്‍ പോയി.
”അമ്മച്ചന്ത” – വന്ദേ മാതരം!!
ഇമ മാര്‍ക്കറ്റ്, ഇമ കെയ്ഥല്‍, നൂപി കെയ്ഥല്‍ എന്നെല്ലാം അറിയപ്പെടുന്ന, അമ്മമാരാല്‍/സ്ത്രീകളാല്‍ നടത്തപ്പെടുന്ന, ലോകത്തിലെ ഒരേയൊരു മാര്‍ക്കറ്റിന് ആദ്യം നമുക്കൊരു ”ജയ്‌ഹോ! വന്ദേമാതരം!” ആശംസിക്കാം. പുരുഷകച്ചവടക്കാരെ ഇതിനകത്ത് പ്രവേശിപ്പിക്കുകയില്ല. എന്നുമാത്രമല്ല പുരുഷന്മാര്‍ എന്തെങ്കിലും ക്രയവിക്രയം നടത്തുന്നതു കണ്ടാല്‍ അറസ്റ്റിലാവുകയും ചെയ്യും.
ഇനി ഒരു ഫ്‌ളാഷ് ബാക്ക്. 16-ാം നൂറ്റാണ്ടിലേക്ക് ഒന്നെത്തി നോക്കാം. 1533ല്‍ ‘ലല്ലൂപ് കാബ’ എന്ന നടപടിയെത്തുടര്‍ന്ന് പുരുഷന്മാരെയെല്ലാം അന്യസംസ്ഥാനങ്ങളിലേക്കും, സേനയിലേക്കും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ടുപോയി. പട്ടിണികിടന്നു മരിക്കാന്‍ മണിപ്പൂരിലെ ധീരവനിതകള്‍ തയ്യാറായിരുന്നില്ല. അവര്‍ പാടത്തും പറമ്പിലും കഠിനാധ്വാനം ചെയ്തു. നെയ്ത്തുശാലകളില്‍ ജീവിതത്തിന്റെ ഊടുംപാവും നെയ്തു. ഇവയൊക്കെ വില്‍ക്കാന്‍ സ്ത്രീകളെല്ലാവരും കൂടി ഒരു ചന്തയും തുടങ്ങി. കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കരകയറാന്‍ തുടങ്ങി.
ബ്രിട്ടീഷുകാര്‍ ഇന്ത്യയിലും മണിപ്പൂരിലും എത്തിയപ്പോള്‍ അവര്‍ ഈ ചന്ത നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയും, സാധനസാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇത് ‘വനിതകളുടെ യുദ്ധ’ത്തിനു വഴിതെളിച്ചു.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ‘പുരാനാബസാര്‍’ നിലനിന്നിരുന്ന സ്ഥലത്ത് മൂന്നു വലിയ കെട്ടിടങ്ങള്‍ പണിതു നല്‍കി ഇംഫാലിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അമ്മമാരെ ആദരിച്ചു. റോഡിന്റെ രണ്ടു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ 5000-6000 സ്ത്രീകള്‍ കച്ചവടം നടത്തുന്നു.
ഞങ്ങള്‍ 7 മണിയോടെ അവിടെയെത്തിയപ്പോള്‍ മിക്കവരും അന്നത്തെ കച്ചവടം നിര്‍ത്തി, സാധനങ്ങളൊക്കെ ഒതുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. സ്ത്രീകള്‍ നന്നായി അണിഞ്ഞൊരുങ്ങിയാണ് ഇരിക്കുന്നത്. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, കുട്ട, വട്ടി, ബാഗ്, ചെരുപ്പ്, പൂക്കള്‍, വെറ്റില, അടയ്ക്ക… പെട്ടെന്നാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. നാലഞ്ചു ചെറുപ്പക്കാരികള്‍ നോട്ടുകെട്ടുകളുമായി ഇരിക്കുന്നു. 5,10,20,50,100,200,500,2000 വരെയുള്ള നോട്ടുകള്‍. നിങ്ങള്‍ക്ക് 2000 രൂപയ്ക്ക് ചെയ്ഞ്ച് വേണമെങ്കില്‍ ഇവരെ സമീപിച്ചാല്‍ മതി. കമ്മീഷന്‍ കഴിച്ച് ബാക്കി തുക നിങ്ങള്‍ക്കു കിട്ടും. തുറസ്സായ, തിരക്കുള്ള മാര്‍ക്കറ്റില്‍ നോട്ടുകെട്ടുകളുമായി വന്നിരിക്കാനുള്ള ആ പെണ്‍കുട്ടികളുടെ ധൈര്യം അപാരം തന്നെ.
ഈ മാര്‍ക്കറ്റിലെ വില്‍പനക്കാരികളെല്ലാം വിവാഹിതര്‍/വിധവകള്‍/വിവാഹമോചനം നേടിയ വനിതകള്‍ ആയിരിക്കണമെന്നാണ് നിയമം.
കോടിക്കണക്കിനു രൂപയുടെ ബിസിനസ്സാണ് ഇവിടെ നടക്കുന്നത്. ”കോവിഡ് കാലത്ത് നിങ്ങള്‍ എന്തു ചെയ്തു”? എന്ന് നോട്ടുകച്ചോടം നടത്തുന്ന കുട്ടിയോടു ഞാന്‍ ചോദിച്ചു. ”എന്തു പറയാന്‍! രണ്ടു വര്‍ഷത്തോളം മുഴുവന്‍ മാര്‍ക്കറ്റും അടഞ്ഞു കിടക്കുകയായിരുന്നു.”
മണിപ്പൂരിന്റെ സാമൂഹിക – സാമ്പത്തിക മേഖലകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഈ സ്ത്രീ രത്‌നങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
(അവസാനിച്ചു)