ഒരു രാഷ്ട്രത്തെ നശിപ്പിക്കാന്‍ അതിന്റെ സംസ്‌കാരത്തെ നശിപ്പിച്ചാല്‍ മതി എന്ന് ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി ലോകത്തു നിലനിന്നിരുന്ന പതിനാറോളം സംസ്‌കാരങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ഹിന്ദുസംസ്‌കാരവും ചൈനീസ് സംസ്‌കാരവും മാത്രമാണ്. ചൈനീസ്‌സംസ്‌കാരത്തിന് ലോപം സംഭവിച്ചിട്ടുണ്ടെന്നും പുറംതോട് മാത്രമേ നിലവിലുള്ളു എന്നുമുള്ള ആക്ഷേപം ആഗോളതലത്തില്‍ത്തന്നെ സജീവമാണ്. ഒരുപക്ഷേ, ഭാരതീയസംസ്‌കാരം അഥവാ സനാതനസംസ്‌കാരം അഥവാ ഹിന്ദുസംസ്‌കാരം ഇന്നും ശോഭയോടെ നിലകൊള്ളുന്നത് സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഈ ഭൂപ്രദേശത്തെ ജീവിതചര്യകൊണ്ടാണ്. ധര്‍മ്മമാണ് അതിന്റെ അടിത്തറ. അര്‍ത്ഥ കാമങ്ങള്‍ ധര്‍മ്മത്തിന്റെയും മോക്ഷത്തിന്റെയും വേലിക്കെട്ടിനുള്ളില്‍ കൃത്യമായ ക്രിയാപദ്ധതിയോടെ വിന്യസിച്ചിരിക്കുന്നു.
ജീവിതത്തിന്റെ ഊടും പാവും ഓരോ കര്‍മ്മങ്ങളും ധര്‍മ്മാധിഷ്ഠിതമാണ്. ഭക്ഷണം കഴിക്കുംമുമ്പ് ദൈവങ്ങള്‍ക്കും പിതൃക്കള്‍ക്കും അതിഥികള്‍ക്കും സേവകര്‍ക്കും ഊട്ടണമെന്നും അതിനുശേഷം മാത്രമേ കഴിക്കാവൂ എന്നും ഭാരതത്തില്‍ ഉടനീളമുള്ള ഹിന്ദുസമൂഹത്തെ പഠിപ്പിച്ചത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് വാമൊഴിയായും ആചാരങ്ങളായും പകര്‍ന്നുനല്‍കിയാണ്. ഘനാന്ധകാരത്തില്‍ മുനിഞ്ഞു കത്തുന്ന ഭദ്രദീപത്തിന്റെ ശോഭയോടെയാണ് ഈ സംസ്‌കാരവിശേഷത്തെ, ആചാരങ്ങളെ, വിചാരങ്ങളെ, വിശ്വാസങ്ങളെ, മൂല്യങ്ങളെ, സനാതന സംസ്‌കാരം സഹസ്രാബ്ദങ്ങളായി കൈമാറുന്നതും പരിരക്ഷിക്കുന്നതും. സനാതനധര്‍മ്മത്തില്‍ 33 കോടി ദേവതകള്‍ ഉണ്ടെന്നാണ് വിശ്വാസം. മാടനും മറുതയും പക്ഷിമൃഗാദികളും മുതല്‍ ഇന്ദ്രിയാതീതമായി പ്രജ്ഞയില്‍ ഈശ്വരനെ ദര്‍ശിക്കുന്ന തപസ്വികള്‍ വരെ. അജ്ഞാനം അന്ധകാരമാണെന്ന് കരുതുന്ന ഈ സമൂഹത്തില്‍ ഈശ്വരന്‍ ഇല്ല എന്ന് വിശ്വസിക്കുന്നവരും ജീവിതം രസിക്കാനും സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന് കരുതുന്ന ചാര്‍വാകന്മാരും ആദരിക്കപ്പെടുന്നു.
വൈദേശികാക്രമണത്തില്‍ മ്ലേച്ഛന്മാരായ കിരാതന്മാര്‍ ഇതരവിശ്വാസികളുടെ മതസ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും തകര്‍ക്കാനുള്ള കാടന്‍ സംസ്‌കാരമാണ് അനുവര്‍ത്തിച്ചത്. അവരുടെ കയ്യേറ്റത്തില്‍ നശിപ്പിക്കപ്പെട്ട അല്ലെങ്കില്‍ അവരുടെ ആരാധനാലയങ്ങളാക്കി മാറ്റിയിട്ടുള്ള ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള നൂറ്റാണ്ടുകളായുള്ള പോരാട്ടം സ്വാതന്ത്ര്യത്തിനു ശേഷവും തുടരേണ്ടിവരുന്നു. സ്വാതന്ത്ര്യം നേടിയ ലോകത്തെ എല്ലാ രാജ്യങ്ങളിലും അവിടുത്തെ തനത് ജനവിഭാഗങ്ങള്‍ക്ക് സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാലയങ്ങളും വീണ്ടെടുക്കാനുള്ള അവസരം ലഭിച്ചപ്പോള്‍, അത് ലഭിക്കാതെ പോയത് ഭാരതത്തില്‍ മാത്രമാണ്. കയ്യേറ്റക്കാരായ അധിനിവേശ ഹീനശക്തികള്‍ക്ക് അധികാരം നല്‍കാന്‍, കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കാന്‍ വോട്ടുബാങ്കിന്റെ രാഷ്ട്രീയം നിര്‍ണായകമാവുകയാണ്. അതേസമയം തന്നെ കേരളത്തിലും തമിഴ്നാട്ടിലുമടക്കം ആരാധനാസ്വാതന്ത്ര്യത്തിനും വിശ്വാസ സംരക്ഷണത്തിനും തെരുവിലിറങ്ങുകയും പോരാടുകയും ചെയ്യേണ്ട സാഹചര്യത്തിലേക്കാണ് ഹിന്ദുസമൂഹം നീങ്ങുന്നത്.
ശബരിമലയില്‍ ആചാരസംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയത്തിനതീതമായി ഹൈന്ദവര്‍ തെരുവിലിറങ്ങിയിരുന്നു. ശ്രീപത്മനാഭന്റെ ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും കയ്യടക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെയാണ് ഉണ്ടായത്. അവിശ്വാസികളായ ഒരുപറ്റം രാഷ്ട്രീയക്കാരുടെയും അവരുടെ ഏറാന്‍മൂളികളായ ചില പൂജാരിമാരുടെയും തന്ത്രിമാരുടെയും ദുരുപദിഷ്ടമായ സ്വാര്‍ത്ഥതയ്ക്ക് ക്ഷേത്ര സങ്കേതങ്ങള്‍ ഇരയാകുന്നു എന്നതാണ് ഏറ്റവും പുതിയ പ്രശ്നം. ഗുരുവായൂരിലെ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയും ഗുരുവായൂര്‍ ഭരണസമിതിയും കാട്ടിക്കൂട്ടിയത് ഭക്തജനങ്ങളോടുള്ള ദ്രോഹം മാത്രമല്ല, ക്ഷേത്രചൈതന്യത്തോടും ഗുരുവായൂരപ്പനോടുമുള്ള വെല്ലുവിളി കൂടിയായിരുന്നു. ഇത് കാണുന്നതിലും മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിലും തിരുത്തുന്നതിലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠമായ ഹൈക്കോടതി പോലും പരാജയപ്പെട്ടു എന്നതാണ് ഇക്കാര്യത്തിലുണ്ടായ സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടുന്നത്. കേസ് പെട്ടെന്ന് തന്നെ പരിഗണനക്കെടുത്ത് ഏകാദശിക്കുമുമ്പ് ഇടക്കാല ഉത്തരവെങ്കിലും പുറപ്പെടുവിക്കാനുള്ള ഹര്‍ജിക്കാരുടെ അപേക്ഷ പരിഗണിക്കാതിരുന്നത് ശരിയാണോ എന്ന കാര്യം ഉന്നത നീതിപീഠവും പരിശോധിക്കേണ്ടതാണ്. വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ഓര്‍മിക്കണം. ഗുരുവായൂരില്‍ കണ്ണനെ ഒരുനോക്ക് കാണാന്‍ ആ ദിവ്യദര്‍ശനം ജന്മസായൂജ്യമായി കാണുന്ന പതിനായിരങ്ങള്‍ എത്തിയപ്പോള്‍ അവരുടെ വികാരം, അവരുടെ ചിന്ത, അത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമത്തിന്റെ തലനാരിഴ കീറി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് എന്ത് പരിപാവനതയാണുള്ളത്.
ഗുരുവായൂര്‍ ഏകാദശിമാത്രമല്ല, ക്ഷേത്രത്തിലെ നിത്യനിദാനങ്ങളും ചടങ്ങുകളും എല്ലാംതന്നെ ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു, വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ എത്രയോ നൂറ്റാണ്ടുകളായി ഗുരുവായൂരിലെ ചടങ്ങുകള്‍ ഒരു വ്യത്യാസവുമില്ലാതെയാണ് പൊയ്‌ക്കൊണ്ടിരുന്നത്. ഇത്തവണ തിരക്ക് കുറയ്ക്കാന്‍ എന്നപേരില്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായ ദേവസ്വം ഭരണസമിതി ഏകാദശി ദിവസത്തെ ഉദയാസ്തമയപൂജ ഉപേക്ഷിക്കുകയായിരുന്നു. അടുത്തമാസത്തെ ഒരു ദിവസത്തേക്ക് ഉദയാസ്തമയപൂജ മാറ്റി. ഇതിന് തന്ത്രിയായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് അനുമതി നല്‍കിയെന്നാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദേവസ്വം ഭരണസമിതി ബോധിപ്പിച്ചത്. പക്ഷേ, ഇക്കാര്യത്തില്‍ തന്ത്രി കുടുംബത്തിലെ മറ്റെല്ലാവരും അദ്ദേഹത്തിന്റെ നിലപാടിനെതിരായിരുന്നു. അവരാണ് ആചാരലംഘനത്തോടെ ഗുരുവായൂരപ്പന്റെ പൂജാവിധി മാറ്റിമറിക്കുന്നതിനെതിരെ കോടതിയില്‍ എത്തിയത്. തന്ത്രി, ദേവന്റെ പിതൃസ്ഥാനമാണ് അലങ്കരിക്കുന്നത്. തലമുറതലമുറകളായി തന്ത്രിസ്ഥാനം അലങ്കരിക്കുമ്പോള്‍ ആദ്യ തന്ത്രിയായി എത്തിയ ആ മഹാനായ സാധകന്റെ ജീവന്റെ ഒരു ഭാഗമാണ് വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിച്ച് അതിനെ ചൈതന്യവത്താക്കിയത് എന്നകാര്യം അദ്ദേഹം മറന്നു. ദേവസ്വം ഭരണസമിതിയുടെയും ചില രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും ഇച്ഛയ്ക്കനുസരിച്ച് ആടുന്ന കുഞ്ഞിരാമനായി തന്ത്രി മാറാന്‍ പാടില്ലായിരുന്നു. ആ സൂചന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ വളരെ വ്യക്തമാണ്. നിയമത്തിന്റെ മുന്നില്‍ മൈനര്‍ ആയി കാണുന്ന ക്ഷേത്രപ്രതിഷ്ഠയുടെ അവകാശമാണ് അവിടുത്തെ പൂജകള്‍ എന്ന കോടതിയുടെ പരാമര്‍ശം മാത്രം മതി തന്ത്രിയുടെ നിലപാട് തെറ്റായിരുന്നു എന്ന് വ്യക്തമാകാന്‍.
സുപ്രീംകോടതി കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ത്തന്നെ ഏകാദശി ചടങ്ങുകള്‍ തുടങ്ങിയതായും ഉദയാസ്തമയപൂജക്കുള്ള സമയം കഴിഞ്ഞതായും ചൂണ്ടിക്കാട്ടി രക്ഷപ്പെടാനാണ് ദേവസ്വം ഭരണസമിതി ശ്രമിച്ചത്. പക്ഷേ, ഇനിയൊരിക്കലും അത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ദേവഹിതമനുസരിച്ച് ഹര്‍ജിക്കാര്‍ ഉന്നയിച്ച കാര്യത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ഭരണസമിതിക്കും തന്ത്രിക്കും സുപ്രീംകോടതി നോട്ടീസയച്ചത്. ഏതു ക്ഷേത്രങ്ങളിലും ദേവഹിതം അറിയാന്‍ ദേവപ്രശ്നമോ അഷ്ടമംഗല പ്രശ്നമോ നടത്തിയാണ് പൂജകളിലോ ആചാരങ്ങളിലോ മാറ്റം വരുത്തേണ്ടത്. ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയ പൂജാവിധാനം മാറ്റിമറിക്കാന്‍ തന്ത്രിക്ക് ആരാണ് അധികാരം നല്‍കിയത്? ദേവസ്വം ഭരണസമിതിയിലെ അഴിമതി വീരന്മാരായ രാഷ്ട്രീയക്കാരാണോ ശങ്കരാചാര്യരുടെ നിര്‍ദ്ദേശങ്ങള്‍ മാറ്റി മറിക്കേണ്ടത്? ഒരു നിമിഷമെങ്കിലും കണ്ണനെ കാണാന്‍, ആ മുരളീഗീതം ഹൃദയത്തില്‍ ഒപ്പാന്‍ രാപകലില്ലാതെ കാത്തുകെട്ടിക്കിടന്ന് തിരുനടയില്‍ എത്തുന്ന ഭക്തലക്ഷങ്ങളുടെ കാണിക്കയിലും വഴിപാടിലുമാണ് ഉദരംഭരികളായ ഭരണസമിതി കണ്ണുവെക്കുന്നത് എന്ന കാര്യം ഏവര്‍ക്കും അറിയാം. ചേന്നാസ് മനക്കലെ മറ്റു കുടുംബാംഗങ്ങളുടെ അഭിപ്രായമെങ്കിലും കേട്ടിരുന്നെങ്കില്‍ തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് ഇന്നത്തെ അവസ്ഥയില്‍ എത്തില്ലായിരുന്നു. ഗുരുവായൂരപ്പന്‍പോലും തന്നോടൊപ്പം ഇല്ലെന്ന് അദ്ദേഹത്തിന് ഇതിനോടകം ബോധ്യപ്പെട്ടിരിക്കും.
ശങ്കരാചാര്യര്‍ മിത്താണെന്ന് ഷംസീറിനു പിന്നാലെ ചേന്നാസിനും തോന്നിത്തുടങ്ങിയെങ്കില്‍ അതിന് കാര്യമായ ചികിത്സ തന്നെ വേണ്ടിവരും. അത്തരം ചികിത്സയുടെ കാര്യത്തില്‍ ഗുരുവായൂരപ്പനോളം പോന്ന മറ്റൊരാളും ഇല്ല തന്നെ. മേല്‍പ്പത്തൂരിന്റെ വാതം മാറ്റിയതും ചൈമ്പൈക്ക് നാദം നല്‍കിയതും ഒക്കെ ശ്രീലകത്തെ ആ കുഞ്ഞുവൈദ്യന്‍ തന്നെയാണ്. ചേന്നാസിനെയും ഷംസീറിനെയും ഒക്കെ മുന്‍കൂട്ടി കണ്ടതിനാല്‍ ശങ്കരാചാര്യര്‍ നേരത്തെ തന്നെ പറഞ്ഞുവച്ചു ജഗത് മിഥ്യ എന്ന്. അതിനപ്പുറമുള്ള ഒരു മിത്തും പറയാന്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ദേവഹിതം അറിയാന്‍ വ്യക്തമായ സംവിധാനങ്ങള്‍ നൂറ്റാണ്ടുകളായി നിലവിലുള്ളപ്പോള്‍ ഒരു വ്യക്തിയുടെ മാത്രം തീരുമാനത്തില്‍ ഗുരുവായൂരപ്പന്റെ കാര്യത്തില്‍ മാറ്റം വരുത്താന്‍ തന്ത്രിക്കും, ദേവസ്വം ബോര്‍ഡിനും ആരാണ് അധികാരം നല്‍കിയത്. ഉദയാസ്തമയപൂജ വഴിപാടാണെന്നും അതു മാറ്റാന്‍ തന്ത്രിക്ക് സാധിക്കുമെന്നുമായിരുന്നു ഭരണസമിതിയുടെ വാദം. ഉദയാസ്തമയപൂജ വഴിപാട് മാത്രമാണെന്ന തന്ത്രിയുടെ അഭിപ്രായത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ കിട്ടിയ അധികാരം ദിനേശന്‍ നമ്പൂതിരിപ്പാട് ദുരുപയോഗം ചെയ്തു എന്നതില്‍ ഭക്തര്‍ക്ക് സംശയമില്ല. പക്ഷേ, ഹൈക്കോടതിക്ക് ഇത് ബോധ്യപ്പെടാതെ പോയത് എന്തുകൊണ്ടാണ്. ഉള്ളുപൊട്ടി, നെഞ്ചുരുകിയാണ് ഗുരുവായൂരപ്പന്റെ ഭക്തസഹസ്രങ്ങള്‍ ഈ തീരുമാനത്തെ കണ്ടത്.
മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടം എന്നുപറഞ്ഞ, ശ്രീലകത്തെ പട്ടുകോണകം ഉടുത്ത് തിരുമുടി കെട്ടി മയില്‍പീലി ചൂടി കാല്‍ത്തള കിലുക്കി വരുന്ന ഉണ്ണിക്കണ്ണനെ നെഞ്ചിലേറ്റുന്ന ഭക്തരുടെ വികാരം തന്ത്രി ചേന്നാസിനും ഭരണസമിതിക്കും മനസ്സിലാകാതെ പോയി. അവര്‍ ഇന്ന് പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളെ പോലെ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ ഒരുകാര്യം ഓര്‍മിക്കണം ദേവഹിതം മാത്രമാണ് നടപ്പിലാക്കുന്നത്. ബഹുമാനപ്പെട്ട നീതിപീഠങ്ങളോടും രാഷ്ട്രീയ നേതൃത്വത്തോടും അഭ്യര്‍ത്ഥിക്കാനുള്ളത് മറ്റൊന്നാണ്. കണ്ണനെ അടക്കം ഞങ്ങളുടെ ദൈവങ്ങളെ ഞങ്ങള്‍ക്ക് വിട്ടു തരൂ. മറ്റു മതസ്ഥരുടെ ആരാധനാ വിഷയങ്ങളിലോ ആചാരങ്ങളിലോ ശരീഅത്തിലോ ഇടപെടാത്ത രാഷ്ട്രീയക്കാരും നീതിപീഠങ്ങളും എന്തിനാണ് ഹിന്ദുക്കളുടെ ദൈവങ്ങളെ തടഞ്ഞുവെക്കുന്നത്, അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്? ഭക്തിയും ആരാധനയും വിശ്വാസവും ഹൃദയവികാരമാക്കി, ആ പാദാരവിന്ദങ്ങളില്‍ കണ്ണുനീര്‍കൊണ്ട് അഭിഷേകം നടത്തി ഞങ്ങള്‍ ഭക്തര്‍ നിര്‍വൃതിയടഞ്ഞോളാം. ഞങ്ങളുടെ ദൈവങ്ങളെ മോചിപ്പിക്കാനുള്ള കാരുണ്യം എങ്കിലും കാേട്ടണമേ.