സ്വാതന്ത്ര്യത്തിലെ വിപ്ലവഗാഥകള്‍
സി.എം.രാമചന്ദ്രന്‍
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്: 200 വില: 280 രൂപ
ഫോണ്‍: 0484-2338324
നൂറ്റാണ്ടുകള്‍ നീണ്ട ആധമര്‍ണ്യത്തില്‍നിന്ന് ഒരു വലിയ രാഷ്ട്രം കുതറിമാറിയതിന്റെ ചരിത്രം അതിവിപുലവും അതിസങ്കീര്‍ണവുമാണ്. ഒറ്റനൂലില്‍ക്കെട്ടിയ മാലപോലെ അതിനെ കോര്‍ത്തിണക്കി തലമുറകള്‍തോറും പഠിപ്പിച്ചുകൊണ്ടിരുന്ന ഭരണകൂടങ്ങളും പാഠശാലകളും ആ വൈപുല്യത്തെയും വൈവിധ്യത്തെയും സങ്കീര്‍ണതകളെയും തമസ്‌കരിക്കുകയായിരുന്നു കാലാകാലങ്ങളായി. കിട്ടിയത് വെറും വെളുത്ത സായിപ്പില്‍നിന്ന് കറുത്ത സായിപ്പിലേക്കുള്ള ഭരണമാറ്റം മാത്രമായിരുന്നോ പരിപൂര്‍ണ സ്വാതന്ത്ര്യമായിരുന്നോ എന്ന് വ്യക്തമാക്കാന്‍ നിര്‍ഭാഗ്യവശാല്‍ രാഷ്ട്രപിതാവിന് സ്വാതന്ത്ര്യാനന്തരഭാരതത്തിലെ തന്റെ ആയുസ്സില്‍ സമയം കിട്ടിയില്ല. അല്ലെങ്കില്‍ ഏതോ നിഗൂഢകേന്ദ്രങ്ങളില്‍നിന്നു ആസൂത്രിതമായി പാഞ്ഞുവന്ന ഒന്നുരണ്ടു വെടിയുണ്ടകള്‍ അതിനുള്ള അവസരം നിഷേധിച്ചുകളഞ്ഞു.
ഒരു ശരീരം രോഗത്തെ ചെറുക്കുന്നതിന് ഒരേസമയം വ്യത്യസ്ത വഴികള്‍ തേടുന്നതുപോലെ നമ്മുടെ സ്വാതന്ത്ര്യസമരത്തിനും സമാന്തരമായ വേറിട്ട വഴികള്‍ ഉണ്ടായിരുന്നുവെന്ന നേരുകളിലൂടെ സഞ്ചരിക്കുകയാണ് സി.എം.രാമചന്ദ്രന്‍ ‘സ്വാതന്ത്ര്യസമരത്തിലെ വിപ്ലവഗാഥകള്‍’ എന്ന പുസ്തകത്തിലൂടെ. അല്പാല്പമായി അറിഞ്ഞ സംഭവഗതികളുടെ വിശദാംശങ്ങള്‍ക്കൊപ്പം അക്കാദമികലോകവും മാധ്യമങ്ങളും ദീര്‍ഘകാലമായി മറച്ചുവയ്ക്കാന്‍ ശ്രമിച്ച അറിയാക്കഥകളുമായാണ് ഈ പുസ്തകം വായനക്കാരിലേക്ക് പ്രവേശിക്കുന്നത്. പത്ത് അധ്യായങ്ങളിലൂടെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നത് പതിനേഴിലേറെ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെ സത്യപ്പൊരുളുകളാണ്.
ഗാന്ധിയന്‍ സത്യഗ്രഹങ്ങളും അഹിംസാപരമായ ചെറുത്തുനില്പ്പും മാത്രമായിരുന്നില്ല സ്വാതന്ത്ര്യത്തിലേക്ക് നാം നടന്ന വഴികള്‍ എന്ന് ഇവരുടെ ധീരോദാത്തമായ ചരിത്രത്തിലൂടെ ഈ പുസ്തകം വിളിച്ചോതുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം അതിതീക്ഷ്ണമായ സമരവഴികളിലൂടെ സഞ്ചരിച്ച് വൈദേശികഭരണത്തെ വിറപ്പിച്ച ആദ്യത്തെ പോരാളിയും ബലിദാനിയുമായ വാസുദേവ ബല്‍വന്ത് ഫട്‌കെയാണ് പുസ്തകത്തിന്റെ ആദ്യതാളുകളിലൂടെ വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നത്.
ഒരു മഹാമാരിയെ മറയാക്കിപ്പിടിച്ചുകൊണ്ട് ഭാരതജനതയോട് കൊടുംക്രൂരത കാട്ടിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വീരോചിതമായി കൊലപ്പെടുത്തി ഭരണകൂടത്തെ വിറപ്പിച്ച പൂനെക്കാരായ ചപേക്കര്‍ സഹോദരന്മാര്‍. ദാമോദര്‍ ഹരി ചപേക്കറും ബാലകൃഷ്ണ ഹരി ചപേക്കറും വാസുദേവ് ഹരി ചപേക്കറും. ദേശസ്‌നേഹം ഊറിത്തിളച്ച അവരുടെ സാഹസികമായ പോരാട്ടവും കഴുമരത്തിലെ ജീവത്യാഗവും ആവേശഭരിതമായ ഭാഷയിലാണ് ഈ പുസ്തകത്തില്‍ വിവരിച്ചത്. ഭഗത്‌സിംഗിനെയും കൂട്ടാളികളെയും തൂക്കിലേറ്റിയ ചരിത്രത്തിനൊപ്പം ബ്രിട്ടീഷ് കൊലക്കയറില്‍ അവസാനിച്ച ഈ സഹോദരങ്ങളുടെ കഥ ആരും പറയാറില്ല. ആര്‍ക്കും അറിയില്ല.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ വെല്ലുവിളിച്ച ഗദര്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ വായനക്കാരെ പുതിയ അറിവിലേക്ക് നയിക്കുന്നതാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി രക്തംചിന്തിയ സചീന്ദ്രനാഥ് സന്യാല്‍, ചന്ദ്രശേഖര്‍ ആസാദ്, ജതീന്ദ്രനാഥ് ദാസ്, രാംപ്രസാദ് ബിസ്മില്‍, യോഗേന്ദ്രനാഥ് ചാറ്റര്‍ജി, ഭഗത്‌സിംഗ്, സുഖേദേവ്, രാജ്ഗുരു, സൂര്യസെന്‍, പ്രീതിലത വദ്ദേദാര്‍, വീണാദാസ്, ഹെമു കലാനി, ഭായി ബാല്‍ മുകുന്ദ്, വാഞ്ചി അയ്യര്‍ എന്നിവരുടെ വീരചരിതങ്ങള്‍ മുതല്‍ ചമ്പകരാമന്‍പിള്ളയുടെ പോരാട്ടം വരെ വിശദമായി ഇതില്‍ വിവരിക്കുന്നു.
ഏതുകാലത്തും എല്ലാവരും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് സ്വാതന്ത്ര്യസമരത്തില്‍ ഡോ. കേശവബലിറാം ഹെഡ്‌ഗെവാറിന്റെ പങ്ക്. കേവലമായ ഭരണമാറ്റമല്ല രാഷ്ട്രത്തിന്റെ പരിപൂര്‍ണസ്വാതന്ത്ര്യം എന്ന നിലപാടില്‍ നിന്നുകൊണ്ട് ജനതയുടെ മനഃസ്ഥിതിയിലുണ്ടാവുന്ന പരിവര്‍ത്തനമാണ് വ്യവസ്ഥിതിയെ നിര്‍ണയിക്കുന്നത് എന്ന കാഴ്ചപ്പാടോടെ സ്വരാജ്യത്തിനു വേണ്ടി പൂര്‍ണസമര്‍പ്പണം ചെയ്യാന്‍ സന്നദ്ധരായ വ്യക്തികളെ വാര്‍ത്തെടുത്ത് രാഷ്ട്രത്തിന്റെ പരമമായ വൈഭവം ലക്ഷ്യം വച്ചുകൊണ്ടുള്ള കര്‍മ്മപദ്ധതിയോടെ കരുത്തുറ്റ ഒരു പ്രസ്ഥാനത്തെ സൃഷ്ടിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അധ്യായം ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.
നിരവധി പുസ്തകങ്ങളെ അവലംബിച്ച് വളരെ ആധികാരികമായാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ലളിതവും ഒഴുക്കുള്ളതുമായ ഭാഷാശൈലിയും ആഖ്യാനമികവും ആകര്‍ഷകമായ അവതരണരീതിയും പുസ്തകത്തിന്റെ വായന സുഗമമാക്കുന്നു. ശ്രീഹരി മനയ്ക്കിലിന്റെ ചിത്രങ്ങള്‍ പുസ്തകത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഡോ. കെ.ജയപ്രസാദിന്റെ അവതാരിക പുസ്തകത്തിലേക്കുള്ള പ്രവേശകം കൂടിയാണ്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ “Revolution saga of Freedom Struggle’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രഗ്രന്ഥങ്ങള്‍ക്കിടയില്‍ ഈ പുസ്തകം ശ്രദ്ധേയമായ ഇടം നേടുമെന്ന് ഉറപ്പാണ്.