മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പരുക്കനാണ്, ഗുണ്ടയാണ് എന്നൊക്കെ പറയുന്നത് വലിയ കഷ്ടമാണേ! പട്ടുപോലെ മിനുത്തതാണ് അതിന്റെ സ്വഭാവം. റോസാദളം പോലെ ലോലമാണ് അതിന്റെ മതേതര ചാരിത്ര്യം. കഴിഞ്ഞ ദിവസം മനോരമ പത്രം പാര്‍ട്ടിയുടെ മതേതരചാരിത്ര്യം ചോദ്യം ചെയ്തു. ചില പഞ്ചായത്തുകളിലും നഗരസഭകളിലും എസ്.ഡി. പി.ഐയുമായി കൂട്ടു ചേര്‍ന്നാണ് ഭരിക്കുന്നത് എന്ന വാര്‍ത്ത അവര്‍ പ്രസിദ്ധീകരിച്ചു. ഇതു കണ്ടതും ഗോവിന്ദന്‍ സഖാവിന്റെ ബിപി കൂടി. ഡോക്ടര്‍മാര്‍ വന്നു ചികിത്സിച്ചിട്ടും സൂക്കേട് മാറുന്നില്ല. ഒടുവില്‍ പാര്‍ട്ടിക്കാരനായ ഒരു വക്കീല്‍ വന്നു നുണവാര്‍ത്തയുടെ പേരില്‍ മനോരമയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു എന്നു കേട്ടപ്പഴേ സഖാവിന്റെ രക്തസമ്മര്‍ദ്ദം താഴോട്ടുവരാന്‍ തുടങ്ങിയുള്ളൂ.
ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെയാണ്, ആര്‍. എസ്.എസ്സും എസ്. ഡി. പി. ഐ യും ഒരേ നാണയത്തിന്റെ രണ്ടുവശമാണ് എന്നൊക്കെയാണ് പാര്‍ട്ടിക്ലാസില്‍ പറയുന്നത്. പാര്‍ട്ടി പത്രത്തില്‍ പാര്‍ട്ടി സെക്രട്ടറി എഴുതുന്നതും പ്രസംഗിക്കുന്നതും ഇതുതന്നെ. മൂന്നു ദിവസം കൊണ്ട് നുണവാര്‍ത്ത തിരുത്തി മൂക്കുകൊണ്ട് ക്ഷ വരക്കണം എന്നാണ് നോട്ടീസ്. പത്തനംതിട്ട നഗരസഭയില്‍ സ്വതന്ത്രരാണ് പാര്‍ട്ടിയെ പിന്തുണച്ചത്. ചിഹ്നം നോക്കിയാണ് ആള് വര്‍ഗ്ഗീയ വാദിയാണോ എന്ന് പാര്‍ട്ടി തീരുമാനിക്കുക. അതിനാല്‍ സ്വതന്ത്രനായി മത്സരിച്ച എസ്.ഡി.പി.ഐക്കാരെ പാര്‍ട്ടി വര്‍ഗ്ഗീയ വാദിയായി കാണുന്നില്ല. കോട്ടാങ്ങലില്‍ രണ്ടു തവണ മത്സരിച്ചപ്പോഴും എസ്.ഡി.പി.ഐക്കാര്‍ പിന്തുണച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ രാജിവെച്ചു. മൂന്നാം തവണ അവര്‍ പിന്തുണച്ചു ജയിച്ചപ്പോള്‍ രാജിവെച്ചില്ല. കാരണം മൂന്നാം തവണ രാജിവെച്ചാല്‍ പിന്നെ ഈ എലിയും പൂച്ചയും കളി നടപ്പില്ല. ബി.ജെ.പിക്കാരന്‍ ഭരിക്കും. സംഗതി പിടികിട്ടിയില്ലേ? ബി.ജെ.പിക്കാരന്‍ ഭരിക്കാതിരിക്കാന്‍ എസ്.ഡി.പി.ഐ ക്കാരന്റെ ഊരയില്‍ താങ്ങി ഞങ്ങള്‍ ഭരിക്കും. അപ്പോള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും സമാസമമല്ലേ സഖാവേ? ചോദ്യം വേണ്ട. പാര്‍ട്ടിയുടെ മതേതരചാരിത്ര്യം ചോദ്യം ചെയ്തുപോകരുത്.