മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച വിചിത്രമായിരുന്നു. മാഷ് ശരിക്കും കണ്ണ് തള്ളി എന്നു പറഞ്ഞാല്‍ മതിയല്ലോ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാതസവാരിക്കായി ലീഗ് ഹൗസില്‍ നിന്ന് ഇറങ്ങി നടന്നു വരുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. പാണക്കാട് തങ്ങളുടെ ഇടത്തെ തോളിലും വലത്തെ തോളിലും ഓരോ കക്ഷികള് കേറിയിരിക്കുന്നു. അവരെയും തോളിലേറ്റിയാണ് തങ്ങളുടെ നടത്തം. തോളില്‍ പടിഞ്ഞിരിക്കുന്ന കക്ഷികളെ മോഹനന്‍ സഖാവ് സൂക്ഷിച്ചു നോക്കി. രണ്ടുപേരെയും നല്ല പരിചയമുണ്ട്. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയതും ആള്‍ക്കാരെ മനസ്സിലായി. ഇടത്തെ തോളിലിരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍. വലത്തെ തോളിലേത് എസ്.ഡി.പി.ഐ ചെയര്‍മാന്‍. ഇതിനു മുമ്പും ഈ രണ്ടു കൂട്ടരും ഇതുപോലെ ആരുടെയോ ചുമലിലിരുന്ന് കുതിരസവാരി ചെയ്തിരുന്നല്ലോ എന്ന സംശയം മോഹനന്‍ സഖാവിന്റെ ചുകപ്പന്‍ മസ്തിഷ്‌കത്തില്‍ ഉയര്‍ന്നുവന്നു. ഉടനെ ആ രൂപം തെളിഞ്ഞു വരുകയും ചെയ്തു. അത് കുറച്ചു മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുമായ വിജയന്‍ സഖാവിന്റേതാണ്.
വിജയന്‍ സഖാവ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഇടത്തെ തോളില്‍ ജമാഅത്തെ ഇസ്ലാമിയും വലത്തെ തോളില്‍ എസ്.ഡി.പി.ഐയും ആയിരുന്നു. ജമാഅത്തെയുടെ സംസ്ഥാന സെകട്ടറി അബ്ദുള്‍ ഹക്കീം നദ്‌വി പത്രക്കാരോട് പറഞ്ഞത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജമാ അത്തെക്കാര്‍ വോട്ടു ചെയ്തത് ഇടത് മുന്നണിക്കാണെന്നാണ്. സഖാക്കള്‍ ഇക്കാര്യം നിഷേധിച്ചിട്ടില്ല. തിരുവനന്തപുരത്ത് നാഗൂര്‍ ഗ്രാമപഞ്ചായത്തിലും പത്തനംതിട്ട നഗരസഭയിലും പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്തിലും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലും ഇപ്പോഴും സി.പി.എമ്മും എസ്.ഡി. പി.ഐയും ഒന്നിച്ചാണ് ഭരണം. കുറെ കാലമായി വിജയന്‍ സഖാവിന്റെ തോളിലിരുന്ന ഇസ്ലാമിസ്റ്റ് കടല്‍ക്കിഴവന്മാര്‍ ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളുടെ ചുമലിലേക്ക് മാറിക്കയറിയിരിക്കുന്നു. ലീഗിന്റെ ഈ നീക്കം അപകടമാണെന്നാണ് മോഹനന്‍ സഖാവ് പറയുന്നത്. പാര്‍ട്ടിക്കു വരുന്ന അപകടത്തെക്കുറിച്ചാവും സഖാവിന്റെ വേവലാതി. ഹിന്ദുത്വ കാഴ്ചപ്പാടുള്ള സംഘടനകളുടെ നാലയലത്തു പോലും പോകാതെ മാറിപ്പോ എന്ന് ഭ്രഷ്ട് കല്പിക്കുന്ന ആഢ്യന്‍ മതേതര എമ്പ്രാന്മാര്‍ക്ക് തങ്ങളുടെ തോളിലിരുന്ന് ഇസ്ലാമിസ്റ്റുകള്‍ വിസര്‍ജിക്കുന്ന മതഭ്രാന്തിന് അറേബ്യന്‍ അത്തറിന്റെ പരിമളമാണ്.