പാശ്ചാത്യ ലോകക്രമത്തിന്റ ഭാഗമായ ആഗോളവേദികളിലും സാമ്പത്തിക-സൈനിക വ്യവസ്ഥയിലും ഭാരതം ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾക്കപ്പുറത്ത് നമ്മുടെ രാഷ്ട്രത്തിന്റെയും സനാതന സംസ്കാരത്തിന്റെയും യഥാർത്ഥ ആത്മാവിനെ ലോകസമാജത്തിന് പരിചയപ്പെടുത്തുകയായിരുന്നു തെലങ്കാനയിലെ ഭാഗ്യനഗറിൽ സമ്മേളിച്ച നാലാമത്
‘ലോക്മന്ഥൻ’. ‘വസുധൈവ കുടുംബക’ മെന്ന സനാതന ദർശനമാണ് 2023-ൽ ഡൽഹി ജി-20 സമ്മേളനo ലോകത്തിന് സമ്മാനിച്ചത്. ലിബറൽ ചിന്തകളിലേക്കും ആഗോളീകരണ കാഴ്ചപ്പാടുകളിലേക്കും പാശ്ചാത്യർ എത്തിച്ചേരുന്നതിനു കാലങ്ങൾക്കു മുൻപ് ലോകത്തെ ഒരു കുടുംബമായി ഹൈന്ദവർ കണ്ടിരുന്നുവെന്നുള്ള യാഥാർഥ്യം അന്ന് ലോകം മനസിലാക്കി. സമാനമായി ആഗോള സമാജത്തെ ഒരു കുടുംബമായി ഒരുമിപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക -ബൌദ്ധിക സംഗമത്തിനാണ് നാല് ദിവസo നീണ്ടു നിന്ന ലോക്മന്ഥൻ വേദി സാക്ഷ്യം വഹിച്ചത്.
‘ലോക് അവലോകൻ’ എന്നതായിരുന്നു ലോക്മന്ഥൻ 2024 മുന്നോട്ട് വെച്ച പ്രമേയം. മഹത്തായ സനാതന പാരമ്പര്യത്തിന്റെ ചിന്താപ്രക്രിയകൾ, സമ്പ്രദായങ്ങൾ, വ്യവസ്ഥകൾ തുടങ്ങിയവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രമേയം രൂപപ്പെടുത്തിയത്. പ്രകൃതിയോടും പരിസ്ഥിതിയോടും ചേർന്ന് ഭാരതത്തിൻ്റെ സംസ്കാരത്തെ രൂപപ്പെടുത്തിയ ചിന്താപ്രക്രിയകളെ പര്യവേക്ഷണം ചെയ്യുന്നതിനായുള്ള ‘ലോക് വിചാറാ’യിരുന്നു ആദ്യത്തേത്. നിലവിലുള്ള ചിന്തകൾ, സാഹചര്യങ്ങൾ, പ്രദേശങ്ങൾ എന്നിവയുമായി യോജിച്ചുകൊണ്ട് കാലക്രമേണ പരിണമിച്ച സമ്പ്രദായങ്ങളെയും പാരമ്പര്യങ്ങളെയും പരിശോധിക്കുന്ന ‘ലോക് വ്യവഹാറാ’യിരുന്നു രണ്ടാമത്തേത്. നമ്മുടെ വൈവിധ്യമാർന്ന സമൂഹങ്ങളുടെ സമഗ്രമായ വളർച്ചയ്ക്കും പുരോഗതിക്കും സുരക്ഷയ്ക്കും ഉതകുന്ന സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വിശകലനം ചെയ്യുന്നതിനായുള്ള ‘ലോക് വ്യവസ്ഥ’ യായിരുന്നു മൂന്നാമത്തേത്.
അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും പ്രതീകമായി നാം ഇന്നും ഉപയോഗിക്കുന്ന ‘ഹൈദരാബാദ് ‘ എന്ന നാമത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു നഗരവീഥികളിലുടനീളം ‘ഭാഗ്യനഗർ’ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോക്മന്ഥന്റെ ബാനറുകളും പോസ്റ്ററുകളുമുയർന്നത്. പങ്കെടുക്കുവാൻ എത്തിയവരുടെയും സ്വദേശികളുടെയും കണ്ണു തുറപ്പിക്കുവാനും സാംസ്‌കാരിക അധിനിവേശത്തിന്റെ വേരുകളിലേക്ക് അവരെകൊണ്ടു ചിന്തിപ്പിക്കുവാനും സംഗമത്തിന് മുമ്പ് തന്നെ സാധിച്ചുവെന്നതാണ് ശ്രദ്ധേയo.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ നഗരമെന്നും ഭാഗ്യനഗരമാണ്. നഗരത്തിലെ പ്രസിദ്ധമായ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. അത് ഭാരതത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ മേൽവിലാസത്തിന്റെ പ്രതീകമാണെ”ന്നാണ്
പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും പ്രധാന സംഘാടകനുമായ ശ്രീ. ജെ. നന്ദകുമാർ അഭിപ്രായപ്പെട്ടത്
ഭാരതത്തിന്റെ തനത് സാംസ്‌കാരികപ്രദർശനങ്ങൾ , ചിന്തകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയാൽ ലോക്മന്ഥന്റെ പ്രധാന വേദിയായ ശിൽപകലവേദികയും ആരാമവും ഉത്സവ ലഹരിയിലാണ്ടുവെന്നു തന്നെ പറയാം. ജാതി മത വർഗ്ഗ രാഷ്ട്രീയ ഭേദമെന്യേ സമാജത്തിന്റെ നാനാഭാഗത്തു നിന്നുള്ള സാധാരണക്കാരുടെയും ബഹുമുഖവ്യക്തിത്വങ്ങളുടെയും സാന്നിധ്യംകൊണ്ടു സമ്പന്നമായിരുന്നു ആ മഹാലോക് സംഗമം. ലിത്വാനിയ, ഇന്തോനേഷ്യ, നെതർലൻഡ്‌സ്, മെക്‌സിക്കോ തുടങ്ങി പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ളവരുൾപ്പെടെ ആകെ 1,502 പ്രതിനിധികളാണ് അതിന്റെ മുഴുവൻ സമയ പ്രവർത്തനങ്ങളിൽ പങ്കാളികളായിയത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,568 കലാകാരന്മാർ പ്രധാന വേദിയ്ക്ക് സമാന്തരമായി ഒരുക്കിയ 87 വേദികളിൽ അവരുടെ സാംസ്കാരികകലാപ്രദർശനങ്ങൾ നടത്തി. രണ്ടുലക്ഷത്തിലധികം ജനങ്ങളാണ് ഈ പരിപാടികളുടെ ഭാഗമായത് . ദൂരദേശങ്ങളിൽ നിന്നുപോലും എത്തിച്ചേർന്ന, വിവിധ വിദ്യാലയങ്ങളിലെയും കോളേജുകളിലെയും പതിനായിരക്കണക്കിന് കൗമാരക്കാരായ വിദ്യാർത്ഥികളുടെയും യുവതീയുവാക്കളുടെയും സാന്നിധ്യമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത് .
ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുർമു, മുൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു, അയോദ്ധ്യ ക്ഷേത്രപുരോഹിതൻ ആചാര്യ മിഥിലേഷ് നന്ദിനിശരൺ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പൂജനിയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, തെലങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ, കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, സാംസ്‌കാരികമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, സഹമന്ത്രി ശ്രീ കിഷൻ റെഡ്‌ഡി ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഉപമുഖ്യമന്ത്രി, മന്ത്രിമാർ, യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാർ, പത്മശ്രീ, പത്മവിഭൂഷൺ പുരസ്‌കാര ജേതാക്കൾ, കലാകാരന്മാർ, അധ്യാപകർ, ഗവേഷകർ തുടങ്ങിയവർ ഈ സംഗമത്തിന്റെ ഭാഗമായി.
പ്രദർശിനി ഉദ്ഘാടനo ചെയ്തുകൊണ്ട് ഭാരതത്തിന്റെ മുൻ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു ലോക്മന്ഥന്റെ പ്രാധാന്യത്തെ വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു “ഇത്തരം സംഗമങ്ങളും ഉത്സവങ്ങളും നമ്മുടെ പൂർവ്വികർ തുടങ്ങിയ സാംസ്കാരിക പൈതൃകത്തിന്റെ തുടർച്ചയാണ്. അപകോളനിവൽക്കരണ പ്രക്രിയയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണിത്”. പരിസ്ഥിതിയെ ആരാധിക്കുകയും പശുക്കളെയും പാമ്പുകളെയും പക്ഷികളെയും പോറ്റുകയും ചെയ്യുന്ന ഏറ്റവും മഹത്വവും പവിത്രവുമായ പൈതൃകമാണ് സനാതന ധർമo. നമ്മുടെ സംസ്കാരവും ഭാരതീയ ഭാഷകളും, പ്രത്യേകിച്ച് നമ്മുടെ മാതൃഭാഷകൾ, സംഗീതവും നൃത്തങ്ങളും, കരകൗശല വസ്തുക്കളും, വസ്ത്രങ്ങളും, ഉത്സവങ്ങളും സംരക്ഷിക്കപ്പെടുകയും നിലനിർത്തുകയും വേണം. പാശ്ചാത്യ സംസ്കാരങ്ങളാലും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകളാലും അത് മുങ്ങിപ്പോകരുതെന്നുള്ള ഉപദേശവും അദ്ദേഹം നൽകി.
“വനവാസിയായാലും ഗ്രാമവാസിയായാലും നഗരവാസിയായാലും അടിസ്ഥാനപരമായി നാമെല്ലാം ഭാരതവാസിയാണെ”ന്നായിരുന്നു രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന്റെ ഉദ്ഘാടന സന്ദേശo. നൂറ്റാണ്ടുകൾ നീണ്ട വിദേശഭരണസ്വാധീനമാണ് ഭാരതത്തിന്റെ സാംസ്‌കാരിക ഏകതയെ സംബന്ധിച്ചു ധാരാളം സംശയങ്ങൾ നമ്മുടെ മനസിലിന്നും നിലനിൽക്കുവാനുള്ള കാരണം. കൊളോണിയൽ ഭരണാധികാരികൾ ഭാരതത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമല്ല ഭാരതത്തിന്റെ സാമൂഹികഘടനയെ തകർക്കുകയും ചെയ്തു. അവർ പൗരന്മാർക്കിടയിൽ സാംസ്കാരിക അപകർഷതാബോധം സൃഷ്ടിച്ചു. നമ്മുടെ ഐക്യത്തെ തുരങ്കം വയ്ക്കുന്ന ആചാരങ്ങൾ അടിച്ചേൽപ്പിച്ചു. നൂറ്റാണ്ടുകളോളം കീഴടങ്ങിയുള്ള ജീവിതം പൗരന്മാരെ അടിമത്തത്തിൻ്റെ മാനസികാവസ്ഥയിലാക്കി. അതിൽ നിന്നും മോചിതമായി ഭാരതത്തിന്റെ വികസനത്തിലേക്ക് നയിക്കാനുള്ള താക്കോൽ ‘രാഷ്ട്രം ആദ്യം’ എന്ന വികാരത്തിലന്തർലീനമായിരിക്കുന്നു “വെന്ന സന്ദേശമാണ് രാഷ്‌ട്രപതി നൽകിയത്.
ക്രിയാത്മ ചിന്തകളും നിലവിലെ സാഹചര്യത്തിൽ ഭാരതമെങ്ങനെ മുന്നോട്ട് പോവണമെന്ന ഭാവികാഴ്ചപ്പാടും ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭഗവത് സമാരോഹിൽ നൽകിയ മാർഗനിർദ്ദേശങ്ങൾ.
“നമ്മുടെ കാഴ്ചപ്പാടിൽ പിന്നാക്കമായി കണക്കാക്കപ്പെടുന്ന ഗ്രാമങ്ങളിലും വനങ്ങളിലുമാണ് ഭാരതത്തിന്റെ യഥാർത്ഥ ജീവിതമുണ്ടായത്. ഭാരതചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കിയാൽ നമ്മുടെ എല്ലാ പ്രശസ്തമായ സാഹിത്യങ്ങളും ‘ആരണ്യക’ങ്ങളിൽ അഥവാ വനങ്ങളിലാണ് സൃഷ്ടിക്കപ്പെട്ടത്. അതിനാൽ ഈ സംസ്കാരത്തെ ‘ആരണ്യക സംസ്കാര’മെന്നും വിളിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ “ഭാരതത്തിൻ്റെ പൈതൃകത്തെയും വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും ഒരു തെളിവുകളുമില്ലാതെ എതിർക്കുന്നവരോട് നാം പ്രതികരിക്കേണ്ട കാര്യമില്ല മറിച്ച് നമ്മുടെ ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുകയാണ് വേണ്ടത്”. മാത്രമല്ല “ലോക്മന്ഥൻ ഭാരതത്തിന്റെ എല്ലാ ഗ്രാമങ്ങളിലും സംഘടിപ്പിക്കണമെന്ന” നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു.
അബ്രഹാമിക് മതങ്ങൾക്ക് മുമ്പുള്ള പാരമ്പര്യങ്ങൾ പിന്തുടരുന്നവരുൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും ഈ മഹാ സംഗമത്തിൽ പങ്കെടുക്കുകയും അവരുടേതായ നൃത്തവും, ആചാരങ്ങളും മറ്റ് സാംസ്കാരിക-വിശ്വാസ പ്രദർശനങ്ങൾ നടത്തുകയും ചെയ്തു. ഇപ്രകാരം ഇസ്ലാമിക ഭീകരവാദസംഘടനയായ ഐ.എസിൻ്റെ ആക്രമണം നേരിട്ട യസീദികൾ, കൂടാതെ അർമേനിയക്കാർ , ലിത്വവാനിയക്കാർ തുടങ്ങിയവർ ലോക്മന്ഥന്റെ ശ്രദ്ധേയ കേന്ദ്രമായി. അർമേനിയയിൽ നിന്നുള്ള റോമാ വിഭാഗവും പശ്ചിമേഷ്യയിൽ നിന്നുള്ള യസിദികളും നടത്തിയ ‘സൂര്യാരാധന’ യും ലിത്വവാനിയയിലെ തദ്ദേശീയർ നടത്തിയ ‘അഗ്നി പൂജ’യും ഏവർക്കും പുത്തൻ അനുഭവമായി മാറി. ഭാരതത്തെ പോലെ സാംസ്‌കാരിക അധിനിവേശത്തിന്റെ നീണ്ട ചരിത്രമാണ് ഈ വിഭാഗങ്ങളുടെ ജീവിതത്തെ ഹിന്ദുക്കളുടേതിനു സമാനമാക്കുന്നത്. അവരുടെ വിവിധ അനുഷ്ടാനങ്ങൾക്ക് ഹിന്ദുക്കളുടേതുമായി സാമ്യവും കാണാം. ഉദാഹരണത്തിന്, പ്രകൃതിയെ ആരാധിക്കുന്ന അർമേനിയൻ സംസ്‌കാരത്തിനു ഭാരതീയ സംസ്‌കാരവുമായി സാമ്യമുണ്ട്. ഹിന്ദുക്കളെപ്പോലെ ‘ഗാർണി’ ക്ഷേത്രത്തിൽ സൂര്യദേവനെ ആരാധിക്കുന്നുവെന്നും അർമേനിയയിൽ അവശേഷിക്കുന്ന ഒരേയൊരു പുരാതന ക്ഷേത്രമാണിതെന്നുമാണ് അവിടെ നിന്നെത്തിയ പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
ഹിന്ദുക്കളെപ്പോലെ പുരാതന അർമേനിയക്കാരും വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നു. എന്നാൽ ക്രൈസ്തവ അധിനിവേശത്തിനുശേഷം അവരുടെ വിഗ്രഹങ്ങൾ തകർക്കപ്പെടുകയാണുണ്ടായത്. പുരാതന അർമേനിയക്കാർ തങ്ങളെ ‘സൂര്യൻ്റെ മക്കൾ’ എന്നാണ് സ്വയം വിളിച്ചിരുന്നത്. ഇപ്രകാരം ഏവരെയും ഉൾക്കൊള്ളുന്ന ഒരിടമായിരുന്നു ലോക്മന്ഥൻ വേദി.
“ഒരു വശത്ത്, യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ, ഈജിപ്ത് എന്നിവിടങ്ങളിലെ തദ്ദേശീയ ഗോത്രങ്ങൾ അടിച്ചമർത്തപ്പെടുകയും സമത്വത്തിനായി പോരാടുകയും ചെയ്യുന്നു; മറുവശത്ത്, ആരുടെയും ജാതി, വർഗ്ഗം, മതo എന്നിവ പരിഗണിക്കാതെ എല്ലാവരുo ഭാരതത്തിന്റെ സനാതന ആത്മാവിൽ ഒന്നിക്കുന്നു”വെന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ നിരീക്ഷണo കൂടി ചേർക്കുമ്പോൾ ‘നാനാത്വത്തിൽ ഏകത്വ’മെന്ന ഭാരതീയ കാഴ്ചപ്പാടിന്റെ യഥാർത്ഥ പതിപ്പായും സനാതനപാരമ്പര്യമുയർത്തുന്ന സഹിഷ്ണുതയുടെ പര്യായമായും ലോക്മന്ഥൻ പരിണമിക്കുകയായിരുന്നു.
വൈവിധ്യങ്ങൾ നിറഞ്ഞ സനാതന സംസ്കാരത്തെ വളരെ അടുത്തറിയാൻ പുതുതലമുറയ്ക്കു ലഭിക്കുന്ന അവസരമാണ് ലോക്മന്ഥനിലെ ഓരോ കാഴ്ചകളും.അവിടെ സീതാരാമനെയും ശിവപാർവതിമാരെയും ഹൃദയത്തിലേറ്റിയ പല ഗോത്രങ്ങളെയും അവരുടെ പരമ്പരാഗത വേഷത്തിൽ കാണുവാനാവും. ആരാധന ക്രമത്തിലും രൂപങ്ങളിലും വൈവിധ്യമുണ്ടെങ്കിലും ഭാരതീയർ പ്രാർത്ഥിക്കുന്നതും വിശ്വസിക്കുന്നതും എത്തിചേരുന്നതും സമാനമായ ജീവിത ദർശനത്തിലാണെന്നു ഓരോരുത്തർക്കും മനസിലാക്കുവാൻ ഏറ്റവും സമൂചിതമായ വേദിയായിരുന്നു അത്. വിവിധ ഗാന, നൃത്ത, വാദ്യ കലകളിലും നിറഞ്ഞു നിൽക്കുന്ന ആ ഏകത്വം നേരിട്ടനുഭവിക്കാനും പല മുൻകാല അറിവുകളെ തിരുത്തുന്നത്തിനുള്ള അവസരം കൂടിയാണത്. ജാതിയുടെയോ മതത്തിന്റെയോ ഉത്തരമെന്നോ ദക്ഷിണമെന്നോയുള്ള പ്രാദേശിക വ്യത്യാസങ്ങൾക്കോ ഭാരതത്തിൽ യാതൊരു വിധ സ്ഥാനമില്ലയെന്നുള്ളതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ലോക് മഹോത്സവം.
ചുരുക്കത്തിൽ ഭാരതത്തിന്റെയും മറ്റ് പുരാതന സംസ്കാരങ്ങളുടെയും സംഗമവേദികൂടിയായി ലോക്മന്ഥൻ പരിണമിച്ചുവെന്നു പറയാം. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ വിദേശ രാജ്യങ്ങളിലും ലോക്മന്ഥൻ നടത്തണമെന്ന ആവശ്യമാണ് പ്രതിനിധികളിലും നിന്നും അഥിതികളിൽ നിന്നുമുണ്ടായത്. നേപ്പാൾ, ഭൂട്ടാൻ അടക്കമുള്ള ഹൈന്ദവ രാഷ്ട്രങ്ങളിലെ രാജ്യത്തലവന്മാർ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തോടെ കൂടുതൽ സംസ്കാരങ്ങൾക്ക് ഒത്തുകൂടുവാനുള്ളൊരു സാംസ്‌കാരിക നയതന്ത്ര വേദി കൂടിയായി ലോക്മന്ഥൻ 2026 മാറുമോയെന്ന ചോദ്യം ബാക്കിയാക്കിയാണ് ഇത്തവണത്തെ സമ്മേളനo പര്യവസാനിച്ചത്.
(ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകൻ)