കുത്തിയത് മരിച്ചുപോയ നരസിംഹറാവുവിനെ; പക്ഷേ കുത്തുകൊണ്ടത് സോണിയാഗാന്ധിയുടെ മര്‍മ്മത്തില്‍ തന്നെ. അതാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ മന്‍മോഹനോമിക്‌സ് എന്ന രാഷ്ട്രീയ തന്ത്രം. മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെ ജന്മശതാബ്ദി പരിപാടിയില്‍ മന്‍മോഹന്‍ സിംഗ് ഒരു വെടി പൊട്ടിച്ചു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട അവസരത്തില്‍ പട്ടാളത്തെ വിളിക്കാന്‍ ഐ.കെ.ഗുജ്‌റാള്‍ നല്‍കിയ ഉപദേശം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവു ചെവിക്കൊണ്ടിരുന്നെങ്കില്‍ സിക്കുവിരുദ്ധകലാപം തടയാന്‍ പറ്റുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേവലം, മരിച്ചുപോയ നരസിംഹറാവുവിനുള്ള അടിയല്ല. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജീവ്ഗാന്ധി പ്രധാനമന്ത്രി സ്ഥാനമേറ്റ ദിവസമായിരുന്നു കലാപം കത്തിക്കാളിയത്. പട്ടാളത്തെയിറക്കാന്‍ അദ്ദേഹത്തിനും ഉത്തരവിടാമായിരുന്നു. അതുണ്ടായില്ല. കലാപത്തെക്കുറിച്ച് രാജീവ് പ്രതികരിച്ചത് ഒരു വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നായിരുന്നു. അതില്‍ നിന്നു വ്യക്തം കലാപം ഒതുക്കാന്‍ പട്ടാളത്തെ വിളിക്കാത്തത് ബോധപൂര്‍വ്വമായിരുന്നു എന്ന്.
സിക്കുകൂട്ടക്കൊല നടത്തിയവരെ സംരക്ഷിക്കുന്നതും കേസ് നിര്‍വീര്യമാക്കിയതും സോണിയയുടെ പാര്‍ട്ടിയായിരുന്നു. ഈ കേസ്സിനു വീണ്ടും ജീവന്‍ വെക്കാന്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞ് മോദി അധികാരത്തിലേറേണ്ടിവന്നു. ഇക്കാലമത്രയും സ്വന്തം സമുദായത്തില്‍ പെട്ടവരെ കൂട്ടക്കുരുതി നടത്തിയവര്‍ക്കൊപ്പം ഭരണസുഖമനുഭവിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്. തന്നെ വേട്ടയാടുന്ന മനഃസാക്ഷിക്കുത്തുകൊണ്ടാവാം ഒരവസരം മുതലാക്കി തന്റെ ഉള്ളിലുള്ള സത്യം അദ്ദേഹം തുറന്നുപറഞ്ഞത്. എന്തായാലും ഈ മന്‍മോഹനോമിക്‌സ് തുറന്നുവിട്ട വിവാദമെന്ന ഭൂതം കൂട്ടക്കൊലയ്ക്കിരയായ സിക്കുകാരുടെ ആ ത്മാക്കളോടൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.