തൃശ്ശൂര്‍: സിനിമയെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് മലപ്പുറം സ്വദേശി ശരണ്‍കൃഷ്ണ (23) യാത്രയായത്. തൃശ്ശൂര്‍ വലപ്പാട് ദേശീയപാതയിലുണ്ടായ കാറപകടത്തിലാണ്, മലപ്പുറം കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപം എളമ്പുലാശ്ശേരി ചൊവ്വേപ്പാടത്തിനടുത്ത് വാകേരി പെരുന്തോട്ടത്തില്‍ രാമകൃഷ്ണന്റേയും സോണിയയുടെയും മകന്‍ ശരണ്‍കൃഷ്ണ മരിച്ചത്.
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ യുഐ-യുഎക്‌സ് ഡിസൈനറായ ശരണ്‍ ഇരുപതിലേറെ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തതോടൊപ്പം അഭിനയരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒരു മാസം മുന്‍പ് കേസരി ഭവനില്‍ നവരാത്രി സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ഫിലിം സൊസൈറ്റിയും മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും ചേര്‍ന്ന് നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശരണിന്റെ നിര്‍ഭയ എന്ന കൊച്ചു സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.
അമ്മയോടും കൂട്ടുകാരോടും ഒപ്പം പുരസ്‌കാരവേദിയിലെത്തിയ ശരണ്‍, കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചതും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു. മൃതദേഹത്തോടൊപ്പം കത്തിച്ചുവെച്ച നിലവിളക്കിനടുത്തായി, കേസരി വേദിയില്‍ നിന്നും കിട്ടിയ പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും വെച്ചിരുന്നു. പൂര്‍ത്തിയാക്കാതെപോയ തിരക്കഥപോലെ, അകാലത്തില്‍ പൊലിഞ്ഞ ശരണ്‍കൃഷ്ണയ്ക്ക് ആദരാഞ്ജലികള്‍.