തുറുപ്പുഗുലാന്‍ സിനിമയിലെ ‘മദയാന പിടിയാന’ എന്ന സിനിമാപാട്ടിന്റെ പാരഡി സീന്‍ ഇടതു മുന്നണിയും വലതു മുന്നണിയും കൂടി നിയമസഭക്കകത്ത് തകര്‍ത്തഭിനയിക്കുന്നത് കാണാന്‍ എന്തു രസം! ‘ഇടത്താന വലത്താന വഖഫിനു വേണ്ടി മദയാന മുനമ്പത്തെത്തുമ്പോള്‍ കുഴിയാന’ എന്ന് ഈണത്തില്‍ ഇരു കൂട്ടരും കൂടി സഭയിലും പുറത്തുമായി തകര്‍ത്താടുമ്പോള്‍ കാണാന്‍ നല്ല ചേലില്ലേ? ഭരണപക്ഷവും പ്രതിപക്ഷവുമായി പരസ്പരം കടിച്ചുകീറുന്ന ഇവര്‍ സഭയില്‍ ഒറ്റക്കെട്ടായി നിന്നു പ്രമേയം പാസ്സാക്കുന്ന ചില സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.. അന്തരീക്ഷത്തില്‍ ഇസ്ലാമിക താപനില ‘കനക്കുമ്പോഴാണ് രണ്ടു കൂട്ടര്‍ക്കും ഒരുപോലെ മദപ്പാടുണ്ടാകുക. സഭയില്‍ ഒന്നിച്ചു പ്രമേയം പാസ്സാക്കുക എന്ന മദം പൊട്ടലില്‍ അതു പര്യവസാനിക്കുകയും ചെയ്യും’ കേന്ദ്ര സര്‍ക്കാര്‍ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചപ്പോഴാണ് ഏറ്റവും ഒടുവിലായി മദപ്പാട് കണ്ടത്. വഖഫ് നിയമം ഭേദഗതി ചെയ്യരുത് എന്ന് ഒന്നിച്ച് പ്രമേയം പാസ്സാക്കിയതോടെ സഭയ്ക്കകത്ത് മദം പൊട്ടിയൊലിച്ചു. എന്നാല്‍ ഈ മദയാനകള്‍ പിടിയാനകളും പിന്നെ കുഴിയാനകളുമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുനമ്പത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം വഖഫ് ഭൂമി എന്നു പറഞ്ഞു കൊണ്ട് വഖഫ് ബോര്‍ഡ് അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ക്രിസ്ത്യന്‍ പള്ളിക്കാര്‍ രംഗത്തെത്തി. അതുവരെ വഖഫ് നിയമത്തിന്റെ കാവല്‍ക്കാരായി മാര്‍ച്ച് പാസ്റ്റ് നടത്തിയവര്‍ മെല്ലെ മുടന്തി നടക്കാന്‍ തുടങ്ങി. ഇങ്ങനെ എന്തൊക്കെ കോമഡി രംഗങ്ങള്‍ കേരളം കണ്ടു.
കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുന്ന മദനിയെ മോചിപ്പിക്കാന്‍ രണ്ടു തവണയാണ് ഇവര്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി മദയാനയായത്. അയോധ്യയില്‍ രാമജന്മസ്ഥാനത്തു തന്നെ ബാബരി അടിമത്ത സ്മാരകം നിര്‍മ്മിക്കണമെന്ന് ഒന്നിച്ച് പ്രമേയം പാസ്സാക്കിയപ്പോഴും അവര്‍ കൊലകൊമ്പന്‍ മദയാന തന്നെ. കേന്ദ്ര സര്‍ക്കാര്‍ പൗരത്വനിയമം പാസ്സാക്കിയപ്പോഴും അതിനെതിരെ നിയമസഭയില്‍ അവര്‍ ഒന്നിച്ച് നിന്നു മദയാനയായി. ഇപ്പോള്‍ വഖഫ് ഭേദഗതിക്കെതിരെ ഇവരുടെ സംയുക്ത പ്രമേയം പാസ്സായതിനു പിന്നാലെ മുനമ്പത്ത് പാതിരിമാരുടെ എതിര്‍പ്പിന്റെ കാര്‍മേഘം ഇരുണ്ടു കൂടി. പിന്നെ കാണുന്നത് അതിലും വലിയ കോമഡി. ലീഗുനേതാക്കള്‍ സമവായ ചര്‍ച്ചയ്ക്ക് അരമനയിലേക്ക് പാഞ്ഞെത്തുന്നു. മുഖ്യമന്ത്രി ജുഡീഷ്യലന്വേഷണം പ്രഖ്യാപിക്കുന്നു. ഒരേസമയം വേട്ടക്കാരനൊപ്പം വേട്ടനായയായും ഇരക്കൊപ്പം അതിന്റെ രക്ഷകനായും അഭിനയിക്കുന്ന ഈ മുന്നണിക്കാരുടെ കാപട്യം പച്ചക്ക് മലയാളി കണ്ടില്ലേ? സംഘടിത മതങ്ങളുടെയും വോട്ടുബാങ്കിന്റെയും മുമ്പില്‍ ഇടത്-വലതു മുന്നണി മദയാന കേവലം കുഴിയാനയാകുന്ന ചിത്രം കണ്ടിട്ടെങ്കിലും ഇവരുടെ കാലിലെ കളിപ്പന്തായി അധപതിച്ചിരിക്കുന്ന ഹിന്ദു സമൂഹം പാഠം പഠിച്ചില്ലെങ്കില്‍ സ്വന്തം മണ്ണും പെണ്ണും വഖഫ് ആയി മാറുന്നത് നേരില്‍ കാണേണ്ടി വരും.