സംഘപരിവാറിനെ തൊട്ടശുദ്ധമായവര്‍ക്ക് നല്‍കാനുള്ളതല്ല ജ്ഞാനപീഠം എന്ന സാമാന്യവിവരം പോലുമില്ലത്തവരാണോ അതു നിശ്ചയിക്കുന്ന കമ്മറ്റിയിലുള്ളത്? ഇതിലൊന്നും വിവരമില്ലെങ്കില്‍ പു.ക.സ. സെക്രട്ടറി അശോകന്‍ ചെരുവിലിനെ ഒന്നുവിളിച്ച് സംശയം തീര്‍ത്തിട്ടുവേണ്ടേ പുരസ്‌കാരം പ്രഖ്യാപിക്കാന്‍? ഏതുവിധത്തിലുള്ള സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കും കലാകാരന്മാര്‍ക്കുമൊക്കെയാണ് പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും നല്‍കേണ്ടത് എന്നു നിശ്ചയിക്കുന്ന ഒരു മാനദണ്ഡം തന്നെ പു.ക.സയുടെ കയ്യിലുണ്ട്. നല്‍കാന്‍ പാടില്ലാത്തവരുടെ കരിമ്പട്ടികയുമുണ്ട്. അതിന്റെ ഒരു കോപ്പിയെങ്കിലും ജ്ഞാനപീഠ കമ്മറ്റിക്കാര്‍ വാങ്ങി സൂക്ഷിക്കണ്ടേ? അതുകൊണ്ടാണ് അക്കിത്തത്തിന് ജ്ഞാനപീഠം പ്രഖ്യാപിച്ചപ്പോള്‍ അശോകന്‍ സഖാവിന് ചങ്കിനകത്തു കിരുകിരുപ്പ് വന്നത്. അതു ഫെയ്‌സ്ബുക്കിലൂടെ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഘപരിവാര്‍ സംഘടനയായ തപസ്യയുടെ അദ്ധ്യക്ഷനായത് ക്ഷമിക്കാവുന്ന കുറ്റമല്ല എന്നാണ് അദ്ദേഹം എഴുതിയത്. പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അക്കിത്തം കുലംകുത്തിയാണ്. രണദിവെ തീസീസില്‍ മനംമടുത്ത് കമ്മ്യൂണിസ്റ്റ് അനുഭാവം ഉപേക്ഷിച്ചയാളാണ് എന്ന അശോകന്റെ സൂചനയില്‍ അതുണ്ട്. കുലംകുത്തികള്‍ക്ക് പാര്‍ട്ടി നല്‍കുന്ന ശിക്ഷ അമ്പത്തൊന്ന് വെട്ടാണ്.
അക്കിത്തത്തിനും കിട്ടി പാര്‍ട്ടി വക അമ്പത്തൊന്ന് വെട്ട്. വെട്ടിയത് വാളുകൊണ്ടല്ല; തഴഞ്ഞുകൊണ്ടാണ് എന്ന വ്യത്യാസം മാത്രം. അക്കിത്തത്തിന് അര്‍ഹതപ്പെട്ട നിരവധി പുരസ്‌കാരങ്ങളും ആദരങ്ങളും അവര്‍ വെട്ടിക്കളഞ്ഞു. സംഘപരിവാര്‍ ചാപ്പകുത്തി അയിത്തം കല്പിച്ചു മാറ്റിനിര്‍ത്തി. എന്നിട്ടും ഗുരുവായൂരിലെ കണ്ണനെപ്പോലെ മുഖത്ത് സ്ഥിതപ്രജ്ഞന്റെ ചിരിയും കയ്യില്‍ ഭാഗവതവുമായി നില്‍ക്കുന്നു പ്രായാധിക്യത്തിലും അക്കിത്തം. ഇപ്പോഴിതാ അദ്ദേഹത്തിനു ജ്ഞാനപീഠ ശോഭയും കൈവന്നിരിക്കുന്നു. അശോകന്റെ ജല്പനങ്ങള്‍ കേട്ട് മലയാളത്തിലെ സാഹിത്യനായകന്മാര്‍ അക്കിത്തസ്തുതി നിര്‍ത്തി വായമൂടും എന്നായിരുന്നു സഖാക്കളുടെ ധാരണ. അത് തെറ്റി. അവരുടെ എതിര്‍ പ്പിന്റെ സ്വരം പു.ക.സയ്ക്കു നേരെ ഉയര്‍ന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് തറവാട്ടിലെ പു.ക.സ. പിള്ളേരുടെ തലയില്‍ ഇതുകൊണ്ടൊന്നും വെളിവുണ്ടാകുന്നില്ലല്ലോ കൃഷ്ണാ?