പ്രകൃതിയുടെ തനിമ തൊട്ടറിയുവാനുള്ള മനുഷ്യന്റെ അഭിവാഞ്ഛയ്ക്ക് സമൃദ്ധമായി വിരുന്നുനല്കുന്ന നിശ്ശബ്ദ താഴ്‌വര. കേരളത്തിലെ പ്രകൃതിസ്‌നേഹികളുടെ ഹരമായ ആ വനസ്ഥലിയിലേക്ക് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ആ യാത്ര സഫലമാക്കിയത് സഹ്യാദ്രി നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ കൂട്ടായ്മയ്‌ക്കൊപ്പമായിരുന്നു. ആ യാത്രയില്‍ കാടിന്റെ സാന്നിധ്യം സൂചിപ്പിച്ചുകൊണ്ട് തഴച്ച പച്ചപ്പിന്റെ ദൃശ്യങ്ങള്‍ കണ്ടുതുടങ്ങിയതുമുതല്‍ നയനരഞ്ജകതയുടെ ഹൃദയഹാരിയായ ഒരനുഭവം തന്നെയായിരുന്നു സൈലന്റ് വാലി ഒരുക്കിയത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വന്മലകളും അവയെ നമ്മുടെ കണ്ണുകളില്‍ നിന്ന് ചിലപ്പോഴൊക്കെ മറച്ചു പിടിക്കുന്ന വന്മരങ്ങളും അവയ്ക്കിടയിലൂടെ നദിയുന്മുഖമായി സാവധാനം പ്രവഹിക്കുന്ന വനകുല്യകളും ഒക്കെയായി അതി മനോഹരമായ ഒരു കാടനുഭവം.
മുക്കാലി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു യാത്രയാകുമ്പോള്‍ അല്പദൂരമുള്ള ഗ്രാമദൃശ്യങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്കായൊരുങ്ങിയിരിക്കുന്നത് ഇത്രയും വിപുലമായ ജൈവവൈവിധ്യത്തിന്റെ ഒരു പ്രളയം തന്നെയായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. നനവുള്ള പ്രകൃതിയിലൂടെ, പച്ചപ്പിന്റെ സമൃദ്ധിയിലേക്ക് ഞങ്ങള്‍ നൂഴ്ന്നുകടന്നു. എല്ലാവരും നിശ്ശബ്ദരായിരുന്നു. ഇരു ചക്രപ്പാടുകള്‍ക്കു മാത്രം കടന്നു പോകാവുന്ന തരത്തില്‍ രണ്ട് ബെല്‍റ്റ് പോലെ സിമന്റിട്ട പാതയിലൂടെ വനം വകുപ്പിന്റെ വാഹനം ഞങ്ങളെ വന്മരങ്ങളും അടിക്കാടുകളും സിംഹവാലന്‍കുരങ്ങുകളും ആനകളും പക്ഷികളും മലയണ്ണാന്‍മാരും ചിത്രശലഭങ്ങളും അട്ടകളുമുള്‍പ്പെടുന്ന ജൈവസമൂഹം സ്വന്തമാക്കിവച്ചിരിക്കുന്ന ഒരു വലിയ സാമ്രാജ്യത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു.
നാടിന്റെ ഉഷ്ണത്തില്‍ നിന്ന് കാടിന്റെ നിബിഡതയിലേക്ക് ചേക്കേറിയ ഞങ്ങളെ വാത്സല്യത്തോടെ വന്നു പൊതിഞ്ഞ കാടിന്റെ കുളിരിന് ഒരു പരിരംഭണത്തിന്റെ സൗഖ്യമുണ്ടായിരുന്നു. നിശ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുന്ന വായുവിനാകട്ടെ, ഏതൊക്കെയോ സസ്യങ്ങളുടെ സംയുക്തഗന്ധവും. അവയിലൂടെ ഞങ്ങള്‍ കാടിനെ അറിഞ്ഞു തുടങ്ങുകയായിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഇതള്‍ വിടര്‍ന്ന അതിവിപുലമായ ജൈവവൈവിധ്യശേഖരം കാലാതിശായിയായ ഒരു വന്‍സമ്പത്തായി നിലകൊള്ളുന്നത് ഞങ്ങള്‍ അനുഭവിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. അടിക്കാടുകള്‍ അധികമില്ലാതിരുന്ന ചിലയിടങ്ങളിലൂടെ വനത്തിനുള്‍വശം കാണാന്‍ കഴിയുമായിരുന്നു. കണ്ണുകള്‍ക്ക് പൂര്‍ണ്ണമായി ഒപ്പിയെടുക്കാനാവാത്തത്ര വിശാലമായ ആ കാനനസൗന്ദര്യം പലരും ക്യാമറയിലേക്കു നിറയ്ക്കുന്നുണ്ടായിരുന്നു.
ഇന്‍ഡോ ആസ്‌ത്രേലിയന്‍ ഭൂഖണ്ഡത്തിന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന വനപ്രദേശമാണ് സൈലന്റ് വാലിയെന്നാണ് ഭൗമശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. കാലയാനത്തിന്റെ ഗതിയില്‍ വളര്‍ന്നു തഴച്ച് എത്രയോ തലമുറകള്‍ക്കായി വായുവും വെള്ളവും ഭക്ഷ്യവും നല്കി പോറ്റിപ്പോരുന്ന സൈലന്റ് വാലിയുടെ പഴമയ്ക്കുള്ള സാക്ഷ്യങ്ങളിലൊന്ന് മഹാഭാരതവുമായി ബന്ധപ്പെട്ട് ഇവിടെയുള്ള സ്ഥലനാമങ്ങളാണ്. പാണ്ഡവര്‍ ആയുധം വച്ച സ്ഥലം വാള്‍ക്കാടായും അവര്‍ കുളിച്ച് പൂജ ചെയ്തിരുന്ന സ്ഥലം പൂജപ്പാറയായും അറിയപ്പെട്ടുവെന്നും കാലാന്തരേണ അവ യഥാക്രമം വാഴക്കാടായും പൂച്ചപ്പാറയായും മാറിയതാണെന്നും പറയപ്പെടുന്നു. കൂടാതെ പണ്ട് പാണ്ഡവന്‍തോട് എന്നറിയപ്പെട്ടിരുന്ന ഇടം പിന്നീട് പന്തന്‍തോടായെന്നും ശിശുക്കളെപ്പോലെ പാണ്ഡവര്‍ ഉറങ്ങിയിരുന്ന സ്ഥലം ശിശുപ്പാറയായതാണെന്നും പറയപ്പെടുന്നു. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഏകനദിക്കു പേരും കുന്തിപ്പുഴ എന്നാണല്ലോ. പാണ്ഡവമാതാവായ കുന്തീദേവി നീരാടിയിരുന്ന നദി എന്ന വിശ്വാസത്തിലാണ് കുന്തിപ്പുഴയ്ക്ക് ആ പേരു വന്നതെന്നും കുന്തീദേവിയുടെ കണ്ണീരാണ് കുന്തിപ്പുഴയായതെന്നും രണ്ടു വിശ്വാസങ്ങളാണ് ഈ പേരിനു പിന്നിലെന്നു പറയപ്പെടുന്നു. സൈലന്റ് വാലിയിലെ ഒരു സ്ഥലത്തിന്റെ പേരു തന്നെ പാഞ്ചാലിയുടെ മറ്റൊരു നാമമായ സൈരന്ധ്രി എന്നാണ്.
സൈലന്റ് വാലി എന്ന പേരുമായി ബന്ധപ്പെട്ടുമുണ്ട് ഇത്തരം ചില വാദങ്ങള്‍. പണ്ട് സൈരന്ധ്രിവനം എന്നു വിളിക്കപ്പെട്ടിരുന്ന ഈ വനം പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് ആംഗലേയവത്കരിക്കപ്പെട്ട് സൈലന്റ് വാലി എന്നു വിളിക്കപ്പെട്ടതാണ് എന്നു പറയപ്പെടുന്നു. ചീവീടുകളില്ലാത്തതിനാല്‍ നിശ്ശബ്ദമായതുകൊണ്ടാണ് സൈലന്റ് വാലി എന്നു വിളിക്കുന്നതെന്നാണ് മറ്റൊരു വാദം. എന്നാല്‍ വളരെയേറെ പ്രചാരം നേടിയ ഈ വാദത്തിനു വിരുദ്ധമായി ചീവീടുകളുടെ ശബ്ദം അവിടെ മിക്കപ്പോഴും കേള്‍ക്കാന്‍ കഴിയുമായിരുന്നു. ഒരു പക്ഷേ ചീവീടുകള്‍ പിന്നീട് ഇവിടേക്ക് ചേക്കേറിയതുമാവാം.
ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം പിന്നിട്ട് വനം വകുപ്പിന്റെ വാഹനം ഞങ്ങളെ പന്തന്‍തോട് വനകേന്ദ്രത്തിലെ ക്യാമ്പിലെത്തിച്ചു. പടികള്‍ കടന്ന് ട്രെഞ്ചിനു കുറുകെയുള്ള ഇരുമ്പു പാലം കടന്ന് ഞങ്ങള്‍ ടൈല്‍സ് പാകിയ മുറ്റത്തേക്കു പ്രവേശിച്ചു. 20 പേര്‍ക്ക് തങ്ങാന്‍ പാകത്തിലുള്ള ഡോര്‍മിറ്ററികള്‍ ഞങ്ങള്‍ക്കായി തയ്യാറായിരുന്നു.
നനുത്ത മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന വനം ഒരു നല്ല സായാഹ്നക്കാഴ്ച്ചയായിരുന്നു. ക്യാമ്പിലെ തുറന്ന ഷെഡ്ഡിലിരുന്ന് ഓരോ കപ്പ് രുചിയുള്ള കാപ്പി കുടിച്ചുകൊണ്ട് ഞങ്ങളാ സായാഹ്നത്തെ നുകര്‍ന്നു. വൃക്ഷക്കൂട്ടങ്ങള്‍ക്കിടയിലെ നേര്‍ത്ത ഇരുളിലേക്കു സംക്രമിക്കുന്ന സന്ധ്യയുടെ ഘനകേശഭാരമഴിഞ്ഞു വീഴുന്നതും ചേക്കേറുന്ന കിളികള്‍ ദിനവൃത്താന്തങ്ങള്‍ പങ്കുവയ്ക്കുന്നതുമാസ്വദിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ക്യാമ്പിന് സമീപത്തുകൂടി ഒഴുകിയിരുന്ന അരുവിയുടെ കാല്‍ച്ചിലമ്പൊലിയും ചീവീടുകളുടെ ശബ്ദവും സന്ധ്യയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ടിരുന്നു. ദുര്‍ബ്ബലമായ മഴനൂലുകള്‍ ദലശയ്യയിലേക്കുതിര്‍ന്ന് ഒരുനിമിഷം തങ്ങിയിട്ട് മണ്ണിലേക്ക് മൂര്‍ച്ഛിച്ചു വീഴുകയും പിന്നെ കരിയിലപ്പുതപ്പിനടിയിലേക്കു നിഷ്‌ക്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ക്യാമ്പ് കെട്ടിടത്തിനു മുകളിലെ തുറസ്സായ ഹാളില്‍ സൈലന്റ് വാലിയുടെ ചരിത്രവും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യവും വനംവകുപ്പ് ഉദ്യോഗസ്ഥനായ ഷണ്‍മുഖന്‍ സാറിന്റെയും സാഹിത്യകാരനും പ്രകൃതിസ്‌നേഹിയുമായ ധര്‍മ്മരാജന്‍ സാറിന്റെയും വാക്കുകളിലൂടെ ഹൃദയത്തിലേക്കു പതിപ്പിച്ചുകൊണ്ട് സൈലന്റ് വാലിയെ ആഴത്തിലറിയാന്‍ ആ രാവിന്റെ തുടക്കം ഞങ്ങള്‍ പ്രയോജനപ്പെടുത്തി. കാടറിഞ്ഞ ആദിവാസികളുടെ ഗാനങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു പാടി ഞങ്ങള്‍ പ്രകൃതിയോടുള്ള ഞങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ചീവീടുകളുടെ ഗാനമാസ്വദിച്ചുകടന്നുപോയ രാവു പുലരാറായപ്പോള്‍ തന്നെ ചൂളക്കാക്കയുടെ അതിവിശിഷ്ടമായ ഗാനശകലം ഞങ്ങളെയുണര്‍ത്തി. കാടകത്തെ പുലരിക്ക് ഇതിലും നല്ല ഒരു മംഗളഗീതമരുളാനുണ്ടോ? കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാതെ കുറെ സമയം ഞങ്ങളതാസ്വദിച്ചു കിടന്നു. മറ്റു പക്ഷികളുടെ ശബ്ദം കൂടിക്കലര്‍ന്ന് അതൊരു സംഘഗാനമായപ്പോള്‍ പ്രകൃതിയുടെ സംഗീതവാഹകരായ ആ ഗഗനചാരികളെ നേരിട്ടു കാണാന്‍ ഞാന്‍ പുറത്തിറങ്ങി. മരച്ചില്ലകളുടെ ഉയരങ്ങളില്‍ പൊട്ടുപോലെ കാണപ്പെട്ട വിവിധയിനം പക്ഷികളെ ബൈനോക്കുലറിന്റെ സഹായത്തോടെ കണ്ട് തിരിച്ചറിഞ്ഞ് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ലതികടീച്ചര്‍ അവയുടെ പേരു പറയുന്നുണ്ടായിരുന്നു. തണുത്ത പ്രഭാതത്തെ ഊഷ്മളമാക്കുന്ന ഒരു കപ്പ് ചുക്കുകാപ്പിക്കു ശേഷം ഞങ്ങള്‍ പക്ഷി നിരീക്ഷണത്തിനിറങ്ങി.
പുലരിയുടെ തണുപ്പിലൂടെയുള്ള ആ നടപ്പിന് ഒരു വനസ്‌നാനത്തിന്റെ പ്രതീതിയുണ്ടായിരുന്നു. വന്മരങ്ങളും പന്നല്‍ച്ചെടികളും ഓഷധികളും വള്ളിപ്പടര്‍പ്പുകളുമെല്ലാം നിറഞ്ഞ പച്ചത്തഴപ്പിനു കീഴില്‍ അവയ്ക്കു പോഷണമേകുന്നതിനായി മണ്ണിലടിഞ്ഞു സ്വയം ജീര്‍ണ്ണിച്ചുചേരുന്ന ഉണക്കിലകളുടെയും മറ്റു സസ്യാവശിഷ്ടങ്ങളുടെയും തവിട്ടുനിറമുള്ള പാളിപോലും അനേകം ജീവികള്‍ക്കാവാസമായിരിക്കുന്നതും അവയില്‍ വീണുതാഴുന്ന മഴനൂല്‍ക്കണങ്ങള്‍ കാട്ടരുവികള്‍ക്കു ജന്മമേകുന്നതും അവ മണ്ണിനെ ഉര്‍വ്വരമാക്കിക്കൊണ്ട് ഭവാനി നദിയിലേക്കോ കുന്തിപ്പുഴയിലേക്കോ പ്രവഹിക്കുന്നതുമെല്ലാം അദ്ഭുതം നിറഞ്ഞ ഞങ്ങളുടെ കണ്ണുകള്‍ക്ക് ഊണായി.
തലേന്നത്തെ മഴയില്‍ ഈറനണിഞ്ഞ പ്രകൃതിയിലൂടെയുള്ള ആ പ്രഭാതസവാരി സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിന്റെ പ്രത്യക്ഷരൂപം ഞങ്ങള്‍ക്കു കാട്ടിത്തന്നു. അപൂര്‍വ്വമായ തവളവായന്‍കിളി, ഷഹീന്‍ പ്രാപ്പിടിയന്‍, കുറുചെവിയന്‍ മൂങ്ങ എന്നിവയുള്‍പ്പെടെ ഏകദേശം 170 ഇനം പക്ഷികള്‍, 31 ഇനം ദേശാടനപക്ഷികള്‍, നൂറിലേറെ ഇനം ചിത്രശലഭങ്ങള്‍ എന്നിവ ഇവിടത്തെ ജന്തു വൈവിധ്യത്തില്‍ പെടുന്നു. വംശനാശഭീഷണി നേരിടുന്ന നീലഗിരിതേവാങ്ക്, സിംഹവാലന്‍കുരങ്ങ് എന്നിവ കൂടാതെ സാധാരണമഴക്കാടുകളിലെ അന്തേവാസികളായ ആന, പുള്ളിമാന്‍, കാട്ടുപോത്ത്, പുള്ളിപ്പുലി, കടുവ, കാട്ടുനായ്ക്കള്‍, വെരുക് തുടങ്ങി അനേകം ജീവികള്‍ ഇവിടെയുണ്ട്. ഏകദേശം ആയിരത്തോളം സപുഷ്പികളും 108 ഇനം ഓര്‍ക്കിഡുകളും നൂറോളം ഇനം പന്നല്‍ച്ചെടികളും ഇരുന്നൂറോളം ഇനം ബ്രയോഫൈറ്റുകളും എഴുപത്തഞ്ചോളം ഇനം ലൈക്കനുകളും ഇരുന്നൂറോളം ഇനം ആല്‍ഗകളും സൈലന്റ് വാലിയുടെ സസ്യവൈവിധ്യത്തില്‍ ഉള്‍പ്പെടുന്നുണ്ടത്രെ. കണ്‍നിറയെ കാണാന്‍ കഴിഞ്ഞ ഈ സസ്യവൃന്ദത്തില്‍ നേരിട്ടറിയാവുന്നതും അല്ലാത്തതുമായ ഒട്ടേറെ സസ്യങ്ങള്‍. മിക്കതും ഔഷധസസ്യങ്ങള്‍. രണ്ടു നൂറ്റാണ്ടുകളെ കണികണ്ട പടുകൂറ്റന്‍ പ്ലാവ് വാര്‍ദ്ധക്യസഹജമായ ശുഷ്‌ക്കിക്കലിലേക്ക് നീങ്ങുന്നതു കണ്ടു. ദിനോസര്‍ ചെടികള്‍ എന്നു വിളിക്കപ്പെടുന്നതും നാട്ടിന്‍പുറത്ത് കള എന്നറിയപ്പെടുന്നതുമായ സൈക്കസ് ഇന്നു നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വ്വമായെങ്കിലും അവ സൈലന്റ് വാലിയില്‍ ധാരാളം. കായ്കള്‍ നിറഞ്ഞ് ഘനഭാരത്തോടെ അവ തലയുയര്‍ത്തി നില്‍ക്കുന്നു.
സൈലന്റ്‌വാലിയുടെ പര്യായമായ സിംഹവാലന്‍കുരങ്ങുകളെ വിരുന്നൂട്ടുന്ന വെടിപ്ലാവുകള്‍ ഇവിടെ സമൃദ്ധം. അവ തങ്ങളുടെ അവകാശമാണെന്ന മട്ടില്‍ അവയില്‍ നിന്ന് പ്രാതല്‍ കഴിച്ചുകൊണ്ടിരുന്ന സിംഹവാലന്‍ കുരങ്ങുകള്‍ അപ്രതീക്ഷിതമായെത്തിയ സഞ്ചാരികളെക്കണ്ട് ഉച്ചത്തില്‍ പ്രതിഷേധിച്ചു. ഉദരഭാഗത്ത് അള്ളിപ്പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളുമായി അവ മരക്കൊമ്പുകളില്‍ അനായാസം ചാടിസഞ്ചരിക്കുന്നത് ഞങ്ങള്‍ നോക്കി നിന്ന അവസരം പാഴാക്കാതെ കാലില്‍ പിടികൂടി ചോര കുടിക്കാന്‍ വട്ടം കൂട്ടിയ അട്ടകളുടെ സാന്നിധ്യം, ഞങ്ങള്‍ക്ക് ‘സൂക്ഷിക്കേണ്ടതുണ്ട്’ എന്ന മുന്നറിയിപ്പ് നല്കി. മലയണ്ണാന്മാരും കരിങ്കുരങ്ങുകളും ഞങ്ങളെക്കണ്ട് അന്യോന്യം സന്ദേശങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു.
വഴിവക്കില്‍ ആനപിണ്ഡം കണ്ടത് പരിസരങ്ങളില്‍ ഉണ്ടായേക്കാവുന്ന ഗജസാന്നിധ്യത്തെക്കുറിച്ച് ഞങ്ങളെ കൂടുതല്‍ ജാഗരൂകരാക്കി. പലപ്പോഴും ആ സ്ഥലങ്ങളില്‍ ആനയെ കാണാറുണ്ടെന്ന വനപാലകരുടെ മുന്നറിയിപ്പ് ഭയത്തില്‍ നിന്നുദ്ഭവിച്ച ജാഗ്രത ഞങ്ങളില്‍ നിറച്ചു. ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു ആന ഒരു ഭയമുണര്‍ത്തുന്ന പ്രതീക്ഷയായി. കാടിന്റെ ഉള്ളില്‍ നിന്നെങ്ങോ മരച്ചില്ലകള്‍ വലിച്ചൊടിക്കുന്ന ശബ്ദം കേട്ടു. ആനയാവുമെന്ന പ്രതീക്ഷയില്‍ ആ ഭാഗത്തേക്ക് ഞങ്ങള്‍ സസൂക്ഷ്മം നോക്കിയെങ്കിലും മരക്കൂട്ടങ്ങളല്ലാതെ ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിവിദഗ്ദ്ധമായി കാട് തന്റെ പുത്രനെ സഞ്ചാരികളുടെ ദൃഷ്ടിയില്‍ നിന്ന് കുസൃതിയോടെ ഒളിപ്പിച്ചു.
വനഗവേഷണത്തിലൂടെ അപൂര്‍വ്വമായതും മുമ്പു കണ്ടെത്തിയിട്ടില്ലാത്തതുമായ ഒട്ടേറെ ജീവജാതികളുടെ അപാരശേഖരം ഇപ്പോഴും കണ്ടെത്തിക്കൊണ്ടേയിരിക്കുന്ന സ്ഥലമാണ് സൈലന്റ് വാലി എന്നതുകൊണ്ടുതന്നെ ഇതിനെ ഒരു ജീന്‍പൂളായി കണക്കാക്കണമെന്ന് ഇവിടത്തെ ജീവജാലങ്ങളെക്കുറിച്ച് പഠനം നടത്തിയ എം.ജി.കെ.മേനോന്‍ അഭിപ്രായപ്പെടുകയുണ്ടായി. അതിജീവനത്തിന്റെ ഒരു സമരപര്‍വ്വം ചരിത്രമാക്കിയ ഒരു വനപ്രദേശത്താണു നില്‍ക്കുന്നതെന്ന സത്യം തന്നെ ഞങ്ങളെ കോരിത്തരിപ്പിച്ചു. അശാസ്ത്രീയ വനവത്ക്കരണത്തെയും അണക്കെട്ടു നിര്‍മ്മിക്കാനുള്ള നീക്കത്തെയും ചെറുത്തു തോല്‍പ്പിച്ച ചരിത്രമുള്ള കാടാണിത്. സൈരന്ധ്രി പ്രദേശത്ത് കുന്തിപ്പുഴയില്‍ 17 കോടി രൂപ ചെലവിട്ട് 120 മെഗാവാട്ട് ഉത്പാദനക്ഷമതയുള്ള ജലവൈദ്യുതപദ്ധതി നടപ്പിലാക്കാന്‍ വൈദ്യുതിബോര്‍ഡ് പദ്ധതിയിട്ടപ്പോള്‍ ഏക്കര്‍ കണക്കിനുള്ള വനപ്രദേശം ജലസമാധിയാകുമെന്ന് മനസ്സിലാക്കിയ പ്രകൃതിസ്‌നേഹികള്‍ ഈ നീക്കത്തിനെതിരായി ആരംഭിച്ച പ്രക്ഷോഭത്തിന് പ്രൊഫ.എം.കെ പ്രസാദ്, എന്‍.വി കൃഷ്ണവാര്യര്‍, വി.ആര്‍ കൃഷ്ണയ്യര്‍ കെ.കെ നീലകണ്ഠന്‍, ഡോ.സതീഷ്ചന്ദ്രന്‍, ജോണ്‍സി ജേക്കബ്ബ്, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ.സലീം ആലി, കെ.വി സുരേന്ദ്രനാഥ് തുടങ്ങി സമൂഹത്തിലെ അനേകം പ്രകൃതിസ്‌നേഹികളും മാധ്യമങ്ങളും നേതൃത്വം നല്കുകയും അവരുടെ വാദത്തിന്, വിവിധ പഠനറിപ്പോര്‍ട്ടുകള്‍ പിന്തുണയേകുകയും ചെയ്തു. വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫര്‍ ഫത്തേഹല്ലിയും സംഘവും ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം പഠനങ്ങള്‍ നടത്തി സൈലന്റ് വാലി സംരക്ഷണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിക്കൊണ്ട് റിപ്പോര്‍ട്ട് നല്കി.
തുടര്‍ച്ചയായ പല പഠനഫലങ്ങളും പരിസ്ഥിതി സ്‌നേഹികളും സാഹിത്യകാരന്മാരും പ്രകൃതിയെ ഇഷ്ടപ്പെടുന്ന ജനങ്ങളും ജലവൈദ്യുത പദ്ധതിക്കുള്ള നീക്കത്തെ ഒരുപോലെ എതിര്‍ത്തപ്പോഴും വീണ്ടുവിചാരത്തിനു തയ്യാറാകാത്ത വൈദ്യുതിബോര്‍ഡ് ഇതിനെതിരെ ന്യായമുഖങ്ങള്‍ നിരത്താന്‍ ശ്രമിച്ചെങ്കിലും സൈലന്റ് വാലിയുടെ സൗന്ദര്യത്തിനെക്കുറിച്ചും പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും കേട്ടറിഞ്ഞ ഇന്ദിരാഗാന്ധി അവരുടെ വാദം നിരാകരിക്കുകയും ഇവിടം നേരിട്ടു സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടുകയുമാണ് ചെയ്തത്. ഇന്ദിരാഗാന്ധിയുടെ സൈലന്റ്‌വാലി സന്ദര്‍ശനത്തിനു മുന്നോടിയായി ഇവിടം ജൈവവൈവിധ്യസമ്പുഷ്ടമല്ലെന്നു കാണിക്കാനായി ഗൂഢാലോചനക്കാര്‍ വനം പെട്രോളൊഴിച്ച് കത്തിച്ച് കൃത്രിമ കാട്ടുതീയുണ്ടാക്കിയത്രെ. എന്നാല്‍ ഇന്ദിരാഗാന്ധിക്ക് സൈലന്റ് വാലി സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല എന്നതിനാല്‍ അവരുടെ ദുരുദ്ദേശ്യപൂര്‍ണ്ണമായ ഉദ്യമം പാഴായി. പ്രകൃതിയും നിയതിയും ഒരുമിച്ച് ചേര്‍ന്ന് അങ്ങനെ ആ ഗൂഢാലോചന പൊളിച്ചു. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് സൈലന്റ് വാലി ദേശീയോദ്യാനമായി. ഒരിക്കല്‍ കാട്ടുതീയില്‍ നശിച്ച വനം ഇന്ന് ഒരു വെല്ലുവിളിപോലെ തളിര്‍ത്തുയര്‍ന്ന് നിബിഡമായി നില്‍ക്കുന്ന കാഴ്ച്ച ശരിക്കും അഭിമാനകരമായ ഒരു അനുഭവമായി.
പ്രാതലിനു ശേഷം ഞങ്ങള്‍ ട്രെക്കിങ്ങിന് പുറപ്പെട്ടു സൈലന്റ് വാലിയിലെ വനത്തിന്റെ യഥാര്‍ത്ഥമുഖം കാട്ടിത്തരുന്ന ട്രെക്കിങ്ങ് ഒരു വേറിട്ട അനുഭവമായിരുന്നു. വനസഞ്ചാരികളെ നനയ്ക്കാന്‍ തക്കവിധം കരുത്തില്ലാത്ത വളരെ നേര്‍ത്ത മഴനൂലുകളുടെ സ്പര്‍ശം വകവയ്ക്കാതെ ഞങ്ങള്‍ വനദര്‍ശനത്തിനിറങ്ങി. ഇരുപുറവും തഴച്ചകാടിനു നടുവിലൂടെയുള്ള റോഡിലൂടെ നടക്കുമ്പോള്‍ ഷണ്‍മുഖന്‍ സാര്‍ മനുഷ്യന്‍ സൃഷ്ടിച്ച കാട്ടുതീയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ സൈരന്ധ്രിവനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. റോഡില്‍ നിന്ന് തിരിഞ്ഞ്, കല്ലുകള്‍ പാകിയ നനവുള്ള വഴിയിലൂടെ നടന്നു തുടങ്ങിയപ്പോള്‍ മുതല്‍ കല്ലുകളില്‍ തട്ടി കാലിടറി വീഴാതെയും, അട്ടയുടെ ആക്രമണത്തിനിരയാകാതെയും ഏറെ സൂക്ഷിക്കേണ്ടി വന്നു. ആ വഴി ചെന്നെത്തിയത് സാമാന്യം വലിയ ഒരു കാട്ടുചോലയുടെ കരയിലേക്കാണ്. കാടിന്റെ കുളിരും വഹിച്ചുവന്ന അധികം ആഴമില്ലാത്ത ആ കാട്ടുചോലയിലിറങ്ങി നിന്നപ്പോള്‍ അല്പനേരമെങ്കിലും അട്ടയുടെ ആക്രമണമുണ്ടാവില്ലല്ലോ എന്ന് ചിലര്‍ ആശ്വസിക്കുന്നതു കണ്ടു. നിശ്ശബ്ദമൊഴുകുന്ന ആ കാട്ടുചോലയില്‍ നിന്നപ്പോള്‍ പരിസരത്തെങ്ങുനിന്നോ മൃതശരീരം ചീഞ്ഞഴുകുന്നതിന്റെ ഗന്ധം അനുഭവപ്പെട്ടു. ഏതോ ജീവിയുടെ മൃതാവശിഷ്ടമാകുമെന്ന ശങ്കയ്ക്ക് ഉടന്‍ തന്നെ വനപാലകര്‍ തെളിവുകള്‍ ചൂണ്ടിക്കാട്ടി. കുറച്ചപ്പുറത്ത് കാട്ടുചോലയിലെ ഒരു മണല്‍ത്തിട്ടയില്‍ കാട്ടുനായ്ക്കള്‍ ആക്രമിച്ചുകൊന്നുതിന്ന ഒരു മാനിന്റെ മൃതശരീരാവശിഷ്ടം. കാടിന്റെ നിയമമാണ് ഈ ഇരതേടലും ഇരയാകലുമെന്നറിയാമായിരുന്നിട്ടും അതു പോയി കാണാന്‍ മനസ്സു വന്നില്ല.
കാട്ടുചോല കടന്ന് ഞങ്ങള്‍ വീണ്ടും യാത്രയാരംഭിച്ചു. ചെറിയ കുന്നുകളും ഉയര്‍ച്ചതാഴ്ച്ചകളും കടന്ന് നടക്കവേ ചിലയിടത്ത് കാപ്പിത്തോട്ടങ്ങളും കുരുമുളകുതോട്ടങ്ങളുമെല്ലാം മനുഷ്യന്റെ കൈകടത്തലിനു തെളിവായി നിലകൊണ്ടിരുന്നു. പാറകളും കുറ്റിക്കാടുകളും വന്മരങ്ങളും ഒക്കെക്കടന്ന് ശ്രദ്ധാപൂര്‍വ്വം ഞങ്ങള്‍ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ ശരീരത്തില്‍ കടിച്ചുതൂങ്ങിയ അട്ടകളെ സാനിറ്റൈസര്‍ കൊണ്ട് തുരത്തി ഞങ്ങള്‍ മുന്നേറി. ഒരു ചുവടുപോലും നില്‍ക്കാനോ വിശ്രമിക്കാനോ കഴിയുമായിരുന്നില്ല. ഒന്നു നിന്നുപോയാല്‍ ”പ്രകൃതിയിലെ ആക്രമണകാരികള്‍” ആ തക്കം നോക്കി ശരീരത്തിലേക്കു പിടിച്ചുകയറി രക്തപാനം ആരംഭിക്കുമായിരുന്നു.
കുറേ ദൂരം നടന്നപ്പോള്‍ തളര്‍ന്നുപോയ സംഘാംഗങ്ങള്‍ക്ക് തെല്ലാശ്വാസമെന്നോണം ഒരു ചെറിയ അരുവി കണ്ടു. ഇഷ്ടം പോലെ വെള്ളം കുടിച്ചുകൊള്ളാന്‍ വനപാലകര്‍ ഞങ്ങളോടു പറഞ്ഞു. വനഗഹ്വരങ്ങള്‍ ചുരത്തിയ ആ അമൃതസദൃശമായ വെള്ളം കുടിച്ച് ദാഹം തീര്‍ത്ത് ഞങ്ങള്‍ കൊടുങ്കാട്ടിലേക്കു കയറി. കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാന്‍ പാകത്തിലുള്ള ഒരു വഴി മാത്രം. കരിയിലമൂടിക്കിടക്കുന്ന ആ വഴിയില്‍ ആക്രമണസജ്ജരായി ആയിരക്കണക്കിന് അട്ടകള്‍. അഴുകിക്കിടക്കുന്ന സസ്യാവശിഷ്ടങ്ങള്‍ക്കു മുകളില്‍ അവ കാത്തു നില്‍ക്കുന്നു കാടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുന്നവരെ ആക്രമിക്കാന്‍. മനുഷ്യന്‍ കാടിനുമുന്നില്‍ നിസ്സഹായനായിപ്പോയ നിമിഷങ്ങള്‍. ചുറ്റുപാടുകളെ ആസ്വദിക്കുന്നതില്‍ നിന്ന് സ്വന്തം കാലിലേക്ക് ഞങ്ങളുടെ ശ്രദ്ധ ചുരുങ്ങിപ്പോയ കുറെ സമയം. പലരുടെയും വസ്ത്രങ്ങള്‍ക്കുള്ളിലൂടെ കടന്ന് അട്ടകള്‍ രക്തപാനം നടത്തി. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും ഞങ്ങള്‍ അവസാനമെത്തിച്ചേര്‍ന്ന മലമുകളില്‍ നിന്ന് ചുറ്റും നോക്കിയപ്പോള്‍ കണ്ട കാഴ്ച അതീവ മനോഹരമായിരുന്നു. സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ എന്നു പാടാന്‍ തോന്നിപ്പോയി. ചുറ്റും കാണുന്ന പച്ചത്തഴപ്പിനിടയിലേക്ക് നുഴഞ്ഞിറങ്ങുന്ന കോടമഞ്ഞ്. ആ കോടമഞ്ഞിനാല്‍ പകുതിമറഞ്ഞ മാമലകള്‍. ഹരിതിമയുടെ ക്ഷേത്രഗോപുരങ്ങള്‍ പോലെ. അതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഒരു നിമിഷം കൊണ്ട് വിസ്മൃതമായി. പ്രകൃതിയുടെ അമേയസൗന്ദര്യത്തില്‍ ഞങ്ങള്‍ ആണ്ടു മുങ്ങി.
അടുത്ത ദിവസത്തെ യാത്ര സൈരന്ധ്രിയിലേക്ക്. അപ്പുവേട്ടന്റെ കൈപ്പുണ്യമുള്ള ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഞങ്ങള്‍ രാവിലെ തന്നെ തയ്യാറായി നിന്നു, വനം വകുപ്പിന്റെ വാഹനത്തിനായി. സൈലന്റ് വാലിയിലെ മറ്റൊരാകര്‍ഷണമാണ് സൈരന്ധ്രിയിലെ വാച്ച് ടവര്‍. 12 പേര്‍ക്കാണ് ഒരു സമയത്ത് അതില്‍ കയറാന്‍ കഴിയുക. മൂന്നു തട്ടായി കാണപ്പെടുന്ന മുന്നൂറടിയിലേറെ ഉയരമുള്ള ടവറിന്റെ ആദ്യനിലയിലെത്തുമ്പോള്‍ മുതല്‍ സാമാന്യം ശക്തമായ കാറ്റ് നമുക്ക് അനുഭവപ്പെടും. മുകളിലേക്കു പോകുംതോറും കാറ്റിന് ശക്തികൂടും ചുറ്റുപാടും പച്ചപ്പ് നിറഞ്ഞ മലകളും, അവയെ തഴുകിനീങ്ങുന്ന കോടമഞ്ഞും ഹരിതഗിരികള്‍ക്കു മകുടം ചാര്‍ത്തുന്ന വെണ്‍മേഘങ്ങളും താഴെ നീര്‍ച്ചാലുപോലെ ഒഴുകി നീങ്ങുന്ന കുന്തിപ്പുഴയുമെല്ലാം മിഴികള്‍ക്ക് ഹൃദ്യോത്സവമാകും. തിരിച്ചിറങ്ങാന്‍ തോന്നാത്ത വിധം ആ മനോഹാരിതകള്‍ നമ്മുടെ പ്രജ്ഞയെ ഭരിക്കും. അവയെല്ലാം കോരിനിറയ്ക്കാന്‍ രണ്ടു കണ്ണുകള്‍ പോരെന്നു തോന്നും.
സൈരന്ധ്രിയില്‍ ഒരു മിനി മ്യൂസിയം ഉണ്ട്. ഒട്ടേറെ ചിത്രങ്ങളിലൂടെ അത് കേരളത്തിലെ വനത്തെക്കുറിച്ച് അറിവു പകരുന്നു. സൈരന്ധ്രിയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ ദൂരമേയുള്ളു കുന്തിപ്പുഴയിലേക്ക്. സൈരന്ധ്രിയിലെത്തുന്ന ആരും കുന്തിപ്പുഴയിലേക്കുള്ള യാത്ര ഒഴിവാക്കാറില്ല. സൈരന്ധ്രിയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ കുന്തിപ്പുഴയിലേക്കുള്ള പ്രയാണമാരംഭിച്ചു. കാട്ടിലെ ജൈവസമ്പുഷ്ടമായ മഴക്കാടുകളുടെ മകളായി ഉത്ഭവിക്കുന്നതിനാലാവാം നേര്‍ത്ത നിറഭേദമുണ്ട് കുന്തിപ്പുഴയിലെ ജലത്തിന്. ഈ നദി കാടിനെത്തഴുകിക്കൊണ്ട് കുറെ ദൂരമൊഴുകി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്കു നിഷ്‌ക്രമിക്കുന്നതും പിന്നീട് ഏറെ ദൂരമൊഴുകി ഭാരതപ്പുഴയിലേക്കു വിലയം പ്രാപിക്കുന്നതുമാണ്.
മൂന്നു ദിവസത്തെ നേച്ചര്‍ക്യാമ്പിനു ശേഷം ഞങ്ങള്‍ മടങ്ങി. അതിനോടകം. അതിജീവനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും കഥകള്‍ പറഞ്ഞ് കാടകം ഞങ്ങളെ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചു പഠിപ്പിച്ചുകഴിഞ്ഞിരുന്നു. കുളിരും ഉന്മേഷവും പകര്‍ന്ന് കാട്ടരുവികള്‍ ഞങ്ങളെ ഉത്തേജിതരാക്കിയിരുന്നു. അന്യാദൃശമായ സൗന്ദര്യക്കാഴ്ച്ച പകര്‍ന്നു തന്ന് മഞ്ഞണിഞ്ഞ ഹരിതഗിരിനിരകള്‍ ഞങ്ങളുടെ അകം കുളിര്‍പ്പിച്ചിരുന്നു. കാത്തുവയ്‌ക്കേണ്ട കാനനങ്ങളുടെ കഥചൊല്ലി ദലമര്‍മ്മരങ്ങള്‍ ഞങ്ങളെ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് പ്രബുദ്ധരാക്കിയിരുന്നു. മനസ്സില്ലാ മനസ്സോടെയായിരുന്നു ഞങ്ങള്‍ യാത്ര തിരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരായ ഷണ്‍മുഖന്‍ സാറും മണികണ്ഠനും പിന്നെ ധര്‍മ്മരാജും അത്യധികമായ പ്രിയത്തോടെ പരിചയപ്പെടുത്തിത്തന്ന സൈലന്റ് വാലി കണ്ണുകള്‍ക്കു മുമ്പില്‍ പ്രിയതരമായ ഒരു യാഥാര്‍ത്ഥ്യമായി വെളിച്ചപ്പെട്ടതിലുള്ള ആനന്ദവുമായിട്ടായിരുന്നു ഞങ്ങളുടെ മടക്കയാത്ര. നിശ്ശബ്ദമായി സൈലന്റ് വാലി ഞങ്ങളോടു വിടചൊല്ലി. അപ്പോഴും തന്റെ ഹരിതത്തഴപ്പിനാല്‍ ചാമരം വീശി ഞങ്ങളെ ഉപചരിക്കുവാന്‍ ആ നിശ്ശബ്ദതാഴ്‌വര മറന്നിരുന്നില്ല.