അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പും കേരള മുഖ്യന്‍ വിജയന്‍ സഖാവും തമ്മില്‍ എന്തു ബന്ധം? ഒരാള്‍ പച്ചയായ കാപ്പിറ്റലിസ്റ്റ്, മറ്റെയാള്‍ കറതീര്‍ന്ന കമ്മ്യൂണിസ്റ്റ്. ഇതു മാറ്റിവെച്ചാല്‍ രണ്ടുപേരും ഒരമ്മ പെറ്റ ഇരട്ടകളാണെന്നേ തോന്നു. രണ്ടുപേരും പെരുമാറ്റത്തില്‍ തനി പരുക്കന്‍. ചിരിച്ച മുഖം കാണാന്‍ വലിയ ബുദ്ധിമുട്ടാണ്. നാക്ക് കത്തിക്ക് തുല്യം. എതിരാളികളെ കൊത്തിക്കീറും. ട്രമ്പ് അമേരിക്കയുടെ താല്പര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു എന്ന് അവകാശപ്പെടുന്നു. വിജയന്‍ സഖാവ് കേരളം എന്നു മാത്രമുള്ള ചിന്തയിലാണ്. ഇത് കേരളമാണ് എന്ന അദ്ദേഹത്തിന്റെ പല്ലവി പ്രസിദ്ധമാണ്. രണ്ടുപേരും അധികാരം അടിച്ചേല്പിക്കുന്ന സാമ്രാജ്യത്വ സ്വഭാവക്കാര്‍. തന്നില്‍ മീതെ ആരെയും അംഗീകരിക്കില്ല. ബാക്കിയെല്ലാം തനിക്ക് സേവകര്‍.അഴിമതിയുടെ കാര്യത്തിലും തുല്യര്‍.ബിസിനസ് കൃത്രിമത്തിനു ട്രമ്പിന്റെ പേരില്‍ കേസുണ്ട്. വിജയന്‍ സഖാവിന്റെ കൈതോലപ്പായ കറന്‍സിയും ബിരിയാണി ചെമ്പ് സ്വര്‍ണ്ണവും നാട്ടില്‍ പാട്ടാണ്. മക്കളാണ് ഇരു പേര്‍ക്കും വീക്ക്‌നസ്. ഹിന്ദു വിരോധത്തിലും ഒരേ തൂവല്‍ പക്ഷികള്‍. ഇപ്പോള്‍ ഹിന്ദുകാര്‍ഡ് പയറ്റുമ്പോഴും ഇരട്ടകള്‍ തന്നെ!
ട്രമ്പും വിജയന്‍ സഖാവും ഹിന്ദുവിരുദ്ധതയില്‍ കേമന്മാരാണേ. ട്രമ്പു ഭരിക്കുമ്പോഴും അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ന്യൂനപക്ഷപീഡനം ഭാരതത്തിലെ ഹിന്ദുക്കളുടെ തലയില്‍ കെട്ടിവെച്ചിരുന്നു. അതേ ട്രമ്പ് ഇപ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിന്ദു കാര്‍ഡ് കളിക്കുകയാണ്. ഹിന്ദു സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുമെന്നാണ് വാഗ്ദാനം. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കാര്യത്തിലും അതീവ ജാഗ്രത കാട്ടുന്നു. ഹിന്ദുത്വ വിരുദ്ധതയാണ് തന്റെ മുഖമുദ്ര എന്നവകാശപ്പെടുന്ന കേരള മുഖ്യന്‍ വിജയന്‍ സഖാവ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ ഹിന്ദുകാര്‍ഡുമായി കെട്ടി മറിയുകയാണ്. ശബരിമലയിലെ വെര്‍ച്വല്‍ ക്യു വിഷയത്തില്‍ ഒട്ടും മയമില്ലാത്ത നിലപാടായിരുന്നു വിജയന്‍ സഖാവിന്റേത്. ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കെല്ലാം ദര്‍ശനസൗകര്യം കിട്ടുമെന്ന് പറയുമ്പോഴും ഈ വര്‍ഷം വെര്‍ച്ച്വല്‍ ക്യൂ തന്നെ എഴുപതിനായിരത്തില്‍ ഒതുക്കാനും ശ്രമിച്ചിരുന്നു. ഹിന്ദുക്കള്‍ സംഘടിത പ്രക്ഷോഭത്തിനു തയ്യാറായത് കണ്ടപ്പോള്‍ വിജയന്‍ നിലപാട് മാറ്റുകയായിരുന്നു. വെര്‍ച്ച്വല്‍ ക്യൂവിനു പുറമെ പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നല്‍കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. കാലം മാറി, ലോക രംഗത്തായാലും കേരളത്തിലായാലും ഹിന്ദു താല്പര്യങ്ങള്‍ക്കൊപ്പം നിന്നാലെ രക്ഷയുള്ളു എന്നു ഈ രണ്ടു പേര്‍ക്കും തലയില്‍ വെളിച്ചം വരാന്‍ തുടങ്ങിയിരിക്കുന്നു.