ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം
ഗണപതയേ വര വരദ സര്‍വ്വജനം മേ
വശമാനയ സ്വാഹാ
ഓം സ്വാഹാ
ഭൂ സ്വാഹാ
ഭുവ സ്വാഹാ
സുവ സ്വാഹാ
ഭൂര്‍ ഭുവസ്വ സ്വാഹാ
ഓം ഗണാനാം ത്വാ ഗണപതിം ഹവാ-
മഹേ കവിം കവീനാ മൂപമ ശ്രവസ്തമം
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത
ആനഃ ശ്ര്വണ്വന്നൂതിഭി: സീദ സാദനം
ഓം ഹ്രീം ദും ഉത്തിഷ്ഠ പുരുഷ ഹരി
പിംഗള ലോഹിതാക്ഷ ധനധാന്യരത്‌ന
സമൃദ്ധിം മേ ദേഹി ദദാപയ സ്വാഹാ
ഏകദന്തം മഹാകായം
തപ്ത കാഞ്ചനം സന്നിഭം
ലംബോദരം വിശാലക്ഷം
വന്ദേഹം ഗണ നായകം!
കിഴക്ക് വെള്ള കീറിത്തുടങ്ങിയിട്ടേയുള്ളൂ. ആലുവപ്പുഴയിലെ കുഞ്ഞോളങ്ങള്‍ക്ക് സ്വര്‍ണ്ണഛവി പകര്‍ന്നു നല്‍കി ബാലാര്‍ക്കന്‍ ഭൂമിയെ നോക്കി മന്ദസ്മിതം തൂകി. ആലുവപ്പുഴയും കടന്നെത്തിയ മന്ദമാരുതന്‍ ആലിലകളെ മെല്ലെയിളക്കി. പെരിയാറില്‍ നിന്നും അധികം അകലെയല്ലാതെ തലയെടുപ്പോടെ നില്‍ക്കുന്നു കടുങ്ങല്ലൂര്‍ ശ്രീ ചാറ്റുകുളം മഹാദേവക്ഷേത്രം!
ഹോമകുണ്ഡത്തിനരികില്‍ ചമ്രം പടിഞ്ഞിരിക്കുകയാണ് ബ്രഹ്മശ്രീ മാവല്‍ശ്ശേരി നാരായണന്‍ നമ്പൂതിരി. അദ്ദേഹം സമര്‍പ്പിച്ച നെയ്യില്‍ ഹോമാഗ്നി ഒന്നുകൂടി ആളിക്കത്തി. കണ്ണടയുടെ ചില്ലുകളില്‍ ചുവപ്പും മഞ്ഞയും സ്വര്‍ണ്ണനിറവും വെട്ടിത്തിളങ്ങി. വിനയാന്വിതനായി കൂപ്പുകൈകളോടെ നില്‍ക്കുകയാണ് വേണുഗോപാല്‍ കൈലാസി. അദ്ദേഹം നയിക്കുന്ന, വടക്കുകിഴക്കന്‍ ഭാരതത്തിലേക്കുള്ള യാത്രയില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ ഗണപതിഹോമം നടത്തുകയാണ് തിരുമേനി. എല്ലാവരും പേരും നാളും ‘വാട്ട്‌സ് ആപ്പ്’ വഴി തിരുമേനിയെ അറിയിച്ചിരുന്നു. അധികമാരും സന്ദര്‍ശിക്കാത്ത, എത്തിപ്പെടാന്‍ പ്രയാസമുള്ള, ഹിമവാന്റെയും ബ്രഹ്മപുത്രയുടേയും ഇടയിലുള്ള ഭൂവിഭാഗം – സുന്ദരികളായ എഴു സഹോദരിമാരും ഒരു സഹോദരനും പരസ്പരം സഹായിച്ചും സ്‌നേഹിച്ചും കഴിയുന്ന ഭാരതഭൂമി! അങ്ങോട്ടേയ്ക്കാണ് ഞങ്ങള്‍ 2022 നവംബര്‍ 17- ാം തീയ്യതി, യാത്ര പുറപ്പെടുന്നത്! ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സഹയാത്രികര്‍ക്കുവേണ്ടിയാണ് തിരുമേനി ഗണപതിഹോമം നടത്തുന്നത്! അതില്‍ നിന്നും ഉത്ഭവിച്ച അദൃശ്യമായ പ്രഭയും, അനുഗ്രഹങ്ങളും ഇന്ത്യയുടെ തെക്കേയറ്റത്തെ കൊച്ചു സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നു വരുന്നവരേയും, തമിഴ്‌നാട്, കര്‍ണ്ണാടക, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവരേയും തഴുകി- നിങ്ങള്‍ യാത്ര കഴിഞ്ഞ് സസുഖം തിരിച്ചുവരൂ, യാത്രയ്ക്കിടയില്‍ വിഘ്‌നങ്ങളൊന്നും തന്നെ ഉണ്ടാകാതിരിക്കട്ടെ!!
പൂര്‍ബ്ബശ്രീകള്‍ ആരൊക്കെ?
അധികമാരും കടന്നുചെല്ലാത്ത, ദുര്‍ഘടമായ ഒരു ഭൂവിഭാഗമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നു പറഞ്ഞല്ലോ. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നിനു മുമ്പ് ആസാം പ്രോവിന്‍സ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ത്രിപുര, മണിപ്പൂര്‍ എന്നീ നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം അവയും ഭാരതത്തില്‍ ലയിച്ചു. അസം, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്റ്, മിസോറാം, അരുണാചല്‍പ്രദേശ് എന്നിവരാണ് ഏഴു സുന്ദരികള്‍. നമുക്കവരെ അരുമയോടെ പൂര്‍ബ്ബശ്രീകള്‍ എന്നു വിളിക്കാം. സഹോദരിമാരോട് അല്പം പരിഭവിച്ച് മാറി നില്‍ക്കുകയാണ് സഹോദരന്‍ സിക്കിം! ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 8% വരും ഇവരുടെ വിസ്തൃതി.
ഭാരതത്തിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച ജയകുമാറും ഞാനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഞങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റില്‍’ഉള്‍പ്പെടുത്തിയിട്ട് നാളുകളേറെയായി! എറണാകുളത്തെ ‘ആനന്ദ ടൂര്‍സ് ആന്റ് ട്രാവല്‍സി’ ന്റെ കൂടെ അസമിലും മേഘാലയയിലും പോയിരുന്നു. അത് കോവിഡ് മഹാമാരി പെയ്തിറങ്ങുന്നതിനു മുന്‍പായിരുന്നു. കോവിഡ് കാലത്ത് ഇനിയൊരിക്കലും പഴയ സ്വാതന്ത്ര്യം നമുക്ക് തിരിച്ചുകിട്ടില്ലേ, എന്ന് എല്ലാവരേയും പോലെ ഞങ്ങളും ചിന്തിച്ചിട്ടുണ്ട്.
ദൈവാനുഗ്രഹത്താല്‍ കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിക്കുകയും, വൈറസിനെ ഒരു പരിധിവരെ ചെറുത്തുനില്‍ക്കാന്‍ നമുക്കു സാധിക്കുകയും ചെയ്തു.
കടുത്ത വേനലിനുശേഷം പെയ്ത ആദ്യമഴയില്‍ മുളയ്ക്കുന്ന പുല്‍നാമ്പുകള്‍ പോലെ, ലോകമെങ്ങും പ്രതീക്ഷയുടെ പുതുരശ്മികള്‍ പരന്നു. മുഖം മറച്ച് സ്വയം കാരാഗൃഹത്തില്‍ അടച്ചിരുന്ന നാം പതിയെ പുറത്തിറങ്ങിത്തുടങ്ങി. നിര്‍ജീവമായിക്കിടന്നിരുന്ന ടൂറിസം മേഖലയും പച്ചപിടിച്ചു തുടങ്ങി.
അങ്ങനെയിരിക്കെ കൈലാസ് ദര്‍ശന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഞങ്ങളെ കൈലാസത്തിലേക്കു കൂട്ടിക്കൊണ്ടുപോയ വേണുഗോപാല്‍ കൈലാസി നാഗാലാന്റ്, മണിപ്പൂര്‍, ത്രിപുര, മിസോറാം എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നുവെന്ന്! രണ്ടാമതൊന്ന് ആലോചിച്ചില്ല; വേഗം പേര് രജിസ്റ്റര്‍ ചെയ്തു. കേരളം, തമിഴ്‌നാട്, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ സൂം മീറ്റിംഗിലൂടെ പരസ്പരം കണ്ടു. വേണുജിയും സഹായി ശ്രീദേവിയും ഞങ്ങള്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. റെയില്‍വേയുടെ ആപ്തവാക്യം ”ലെസ്സ് ലെഗ്ഗേജ്, മോര്‍ കംഫര്‍ട്ട്”, ഈ യാത്രയ്ക്കും ബാധകമാണെന്നു മനസ്സിലാക്കി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു! നവംബര്‍ 17, വൈകിട്ട് ആറുമണി, നെടുമ്പാശ്ശേരി ആഭ്യന്തര ടെര്‍മിനല്‍ ഒന്നില്‍, പില്ലര്‍ നമ്പര്‍ മൂന്നിനടുത്ത് ഞങ്ങള്‍ ശ്രീദേവിയുടെ നേതൃത്വത്തില്‍ ഒത്തുകൂടി!
സിയാല്‍ കാഴ്ചകള്‍
ഓരോ തവണ കാണുമ്പോഴും, ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും കേശാലങ്കാരവും നടത്തിയ ഐശ്വര്യാറായിയെപ്പോലെയാണ് നമ്മുടെ സ്വന്തം കൊച്ചി രാജ്യാന്തര വിമാനത്താവളം എന്നു തോന്നാറുണ്ട്. ഇതുപോലെയാണ് സിംഗപ്പൂര്‍ വിമാനത്താവളവും. എത്ര ഭംഗിയായിട്ടാണ് അതിനകത്തെ കാഴ്ചകളും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
‘ചെക്ക് ഇന്‍’ ചെയ്തുകഴിഞ്ഞ്, ഭാരമേറിയ ലഗേജ്ജും ഏല്‍പിച്ചു കഴിഞ്ഞ് ഞാനും ജയകുമാറും കാഴ്ചകള്‍ കാണാനിറങ്ങി. ഇത്തവണ പുതുതായി കണ്ടത് ‘ബാഗേജ് ഡ്രോപ്പ്’കൗണ്ടറുകള്‍ക്കു പിന്നിലുള്ള പെയ്ന്റിംഗുകളാണ്. കേരളത്തിലെ മിക്ക ജില്ലകളിലേയും കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ് പ്രമേയമാക്കിയിരിക്കുന്നത്.
വയനാടന്‍ ചുരം വളരെ ഭംഗിയായി, ആകാശത്തു നിന്നു കാണുന്നതുപോലെ, ചിത്രീകരിച്ചിരിക്കുന്നു. വശങ്ങളിലെ നിബിഡവനവും, ചുരം കയറിവരുന്ന ലോറിയും മനോഹരമായി കാണുന്നുണ്ട്. മലഞ്ചെരിവിലൂടെ ആദിവാസി സ്ത്രീകള്‍ തലയില്‍ കുട്ടയും വിറകുകെട്ടുമായി നഗ്നപാദരായി നടന്നു നീങ്ങുന്നതും കാണാം.
പച്ചപുതച്ച പുല്‍മേടുകളില്‍ മേഞ്ഞു നടക്കുന്ന കറുപ്പും വെളുപ്പും നിറമുള്ള തടിച്ചുകൊഴുത്ത പശുക്കളെയാണ് വേറൊരു ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഹോള്‍സ്റ്റീന്‍ – ഫ്രെയ്‌സിയന്‍ എന്ന ഇനത്തില്‍പെട്ട, ധാരാളം പാല്‍ചുരത്തുന്ന ഈയിനം പശുക്കളെ മൂന്നാറില്‍ ധാരാളമായി കണ്ടിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ കാമധേനുക്കളാണവ. ദൂരെ ഒരു തടാകവും, കായ്ച്ചുനില്‍ക്കുന്ന പപ്പായ തൊട്ടടുത്തുമായി കാണുമ്പോള്‍ ചിത്രത്തിന് ഒരു ”ത്രീഡി” ഇഫക്ട് കൈവന്നതുപോലെ. പപ്പായയിലെ ഒന്നു രണ്ടു പഴങ്ങള്‍ നന്നായി പഴുത്തിട്ടുണ്ട്. നാലഞ്ചെണ്ണം ചെനച്ചു നില്‍ക്കുന്നു. ഒരു തോട്ടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി! ബ്രൗണ്‍ നിറമുള്ള മറ്റൊരു പശുവും, അകിടിനരികിലായി പശുക്കുട്ടിയും ചിത്രത്തിന്റെ ഇടത്തേയറ്റത്തുണ്ട്.
എന്നെ ആകര്‍ഷിച്ച മറ്റൊരു ചിത്രം കുറുവദ്വീപിലേക്ക് (എന്ന് ഞാനൂഹിക്കുന്നു) മുളകള്‍ കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളില്‍ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളാണ്. ടൂറിസ്റ്റുകളുടെ തോളിലൂടെ ഇട്ട ബാക്ക്പാക്കിന്റെ വള്ളികളും, തൊപ്പി, ക്യാമറ എന്നിവയും, വെള്ളത്തില്‍ അവയുടെയൊക്കെ പ്രതിബിംബവും ചിത്രീകരിച്ചയാളെ സമ്മതിക്കണം. ഇതൊന്നും പോരാഞ്ഞ്, പുഴയ്ക്കു മുകളിലൂടെ ധൃതിയില്‍ പറന്നുപോകുന്ന തത്തയേയും കാണാം. തത്തയുടെ ചുണ്ടില്‍ നെല്‍ക്കതിരോ, വയലറ്റ് നിറമുള്ള പയറോ ഉണ്ട്. എന്റെ മൊബൈലിന്റെ ക്യാമറയില്‍ പതിഞ്ഞ ഈ ചിത്രം സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞാനറിയാതെ ചിരിച്ചുപോയി. ഇടത്തേയറ്റത്ത് മുകളിലായി ഒരു മരക്കൊമ്പ്. അതിലൊരു കുട്ടിക്കുരങ്ങനും. ഇടതുകയ്യുകൊണ്ട് ഓറഞ്ച് നിറത്തിലുള്ള പഴം കടിച്ചു തിന്നുകയാണവന്‍. വാല് ‘ശൂ’ ന്ന് തൂങ്ങിക്കിടപ്പുണ്ട്. വലതുകൈകൊണ്ട് മരക്കൊമ്പില്‍ മുറുക്കെപ്പിടിച്ചിട്ടുണ്ട്! ചിത്രകാരന്റെ പേരോ, മറ്റ് വിവരങ്ങളോ എവിടേയും രേഖപ്പെടുത്താത്തത് കഷ്ടമായിപ്പോയി.
ഒരു കാലത്ത് കപ്പല്‍ വഴികൊണ്ടുവന്നിരുന്ന ചരക്കുകള്‍ നേരിട്ട് ‘കോയ്‌ക്കോട്ടെ ബല്യങ്ങാടി’യിലെത്തിക്കാന്‍ ഉപയോഗിച്ചിരുന്ന കടല്‍പ്പാലം – ഇന്നത് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. അതിന്റെ അവശിഷ്ടത്തില്‍, കാലുകളും തൂക്കിയിട്ട് കാറ്റുകൊള്ളാനിരിക്കുന്ന മൂന്നു ചെറുപ്പക്കാര്‍. അതിലൊരുത്തന്‍ മൊബൈല്‍ ഫോണ്‍ ഇടതുചെവിയോടു ചേര്‍ത്തു സംസാരിക്കുന്നു. പാലം അവസാനിക്കുന്നിടത്ത് അങ്ങേയറ്റം ഹതാശനായി ഒരുത്തന്‍ കൂനിക്കൂടി ഇരിക്കുന്നു. മുടിയിഴകള്‍ നെറ്റിയില്‍ വീണുകിടക്കുന്നു. കടലില്‍ ചാടി ആത്മഹത്യ ചെയ്താലോ എന്നു തോന്നിക്കുന്ന ശരീരഭാഷ. ദൂരെയായി ലൈറ്റ് ഹൗസ് അവ്യക്തമായി കാണാം. പാലത്തിനു താഴെ തിരമാലകളോട് മല്ലിട്ട് ഒരു അവ്യക്തരൂപം.
അടുത്ത ദൃശ്യം ബേപ്പൂരിലെ നീണ്ടകരയിലോ കേരളത്തിലെ ഏതു കടല്‍ത്തീരത്തോ കാണുന്ന കാഴ്ചയാണ്. വലിയ കരിങ്കല്ലുകള്‍ അടുക്കിവച്ച് ചെറിയൊരു ഹാര്‍ബര്‍ പണിതിരിക്കുന്നു. 6 വള്ളങ്ങള്‍ കരയോട് അടുപ്പിച്ച് കെട്ടിനിര്‍ത്തിയിരിക്കയാണ്. വെള്ളത്തില്‍ കൊച്ച് അലകള്‍ മാത്രം. വള്ളത്തിന്റെ ഒരറ്റത്ത് നീലനിറത്തിലുള്ള വല അലക്ഷ്യമായി മടക്കിവച്ചിരിക്കുന്നു. കുറച്ചുനേരം വള്ളങ്ങളില്‍ ദൃഷ്ടിയൂന്നി നില്‍ക്കുകയാണെങ്കില്‍ അവ വെള്ളത്തില്‍ ചാഞ്ചാടുന്നുണ്ടോ എന്നു സംശയം തോന്നും.
ചില കൗണ്ടറുകളില്‍ ബാഗേജ് ഏല്‍പ്പിക്കാന്‍ എത്തിയ യാത്രികരുടെ നീണ്ടനിര. ഇനിയും കുറേ ചിത്രങ്ങള്‍ അവിടെയുണ്ടെങ്കിലും എനിക്ക് അവയുടെ ഫോട്ടോയെടുക്കാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വില്പനശാലയും വളരെ മനോഹരമായിരുന്നു. ഇടയ്ക്കയാണ് വിദേശികളെ ആകര്‍ഷിച്ചുകൊണ്ടിരുന്ന താരം. ഊഞ്ഞാലാടുന്ന, പിച്ചളകൊണ്ടു നിര്‍മ്മിച്ച ഗണപതിയും, വലിയൊരു പുസ്തകം മടിയില്‍ വെച്ച് ഗൗരവത്തില്‍ വായിക്കുന്ന ഗണപതിയും, സിഖുകാരനെപ്പോലെ തലേക്കെട്ടണിഞ്ഞ ഗണപതിയും കണ്ണുകള്‍ക്കു വിരുന്നായി. രാധാകൃഷ്ണവിഗ്രഹം, ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാര്‍, മയിലുകള്‍ രണ്ടുവശത്തും കാവലിരിക്കുന്ന ക്ലോക്ക് എന്നിവയും അതിമനോഹരമായിരുന്നു.
വിശന്നു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ”എര്‍ത്ത് ലോഞ്ചി”ലേക്കു നടന്നു. ബോര്‍ഡിംഗ് തുടങ്ങാന്‍ ഇനിയും ഒരു മണിക്കൂര്‍ സമയമുണ്ട്. ബാങ്ക് കാര്‍ഡുകള്‍ (ക്രെഡിറ്റ് / ഡെബിറ്റ്) ഉള്ളവര്‍ക്ക് പ്രവേശനം കിട്ടുന്ന വിശ്രമകേന്ദ്രങ്ങളാണ് എയര്‍പോര്‍ട്ടിലെ ലോഞ്ചുകള്‍. ഭക്ഷണം, വിശ്രമം, ശുചിമുറി സൗകര്യം, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവ ചാര്‍ജ് ചെയ്യാനും ഇന്റര്‍നൈറ്റ് ഉപയോഗിക്കാനുമൊക്കെ അവിടെ സൗകര്യമുണ്ട്. ഞങ്ങള്‍ വെജിറ്റബിള്‍ ബിരിയാണിയും, പനീര്‍മട്ടര്‍ മസാലയും നാരാങ്ങാ അച്ചാറും സലാഡും കഴിച്ചു. നല്ല രുചി!
എസ്‌കലേറ്ററിനടുത്തായി ഓര്‍ക്കിഡുകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. സിംഗപ്പൂരിന്റെ മുഖമുദ്രയാണ് ഈ പൂക്കള്‍. അവ സിയാലിനേയും മനോഹരമാക്കുന്നുണ്ട്.
ബോര്‍ഡിംഗ് സമയം അടുത്തതോടെ ഞങ്ങള്‍ സഹായയാത്രികരോടൊപ്പം കൂടി. ഗേറ്റ് നമ്പര്‍ അഞ്ചിലൂടെ, കൊച്ചി-ബാംഗ്ലൂര്‍-കൊല്‍ക്കത്ത എയര്‍ ഏഷ്യ ഫ്‌ളൈറ്റിലേക്ക് സന്തോഷത്തോടെ നടന്നു.
പറന്നു, പറന്ന്, പറന്ന്!
പെട്ടെന്നൊന്നും സുന്ദരികളായ പൂര്‍ബ്ബശ്രീകളുടെ അടുത്തെത്താന്‍ കഴിയില്ല. നേരിട്ടുള്ള വിമാനങ്ങള്‍ ആ ഭാഗത്തേക്കില്ല എന്നതുതന്നെ കാരണം. അസം വരെ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെങ്കിലും, പിന്നീടങ്ങോട്ട് എയര്‍പോര്‍ട്ടുകളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞുവരുന്നതുകൊണ്ട്, ചെറിയ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.
25 പേര്‍ അടങ്ങിയ ഞങ്ങളുടെ സംഘത്തിലെ 14 പേരാണ് എറണാകുളത്ത് ഒത്തുകൂടിയത്. കൈലാസ് ദര്‍ശന്റെ ടാഗും, ത്രിവര്‍ണ്ണപതാകയുടെ വര്‍ണ്ണങ്ങളോടുകൂടിയ തൊപ്പിയും ഞങ്ങള്‍ക്ക് കിട്ടി.
രാത്രി 8.30ന് എയര്‍ ഏഷ്യയുടെ വിമാനം ഞങ്ങളേയും കൊണ്ട് പറന്നുയര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി! ഏതാണ്ട് ഒന്നരമണിക്കൂറിനുശേഷം ഞങ്ങളുടെ വിമാനം ബാംഗ്ലൂരിലെ കെംപെഗൗഡ വിമാനത്താവളത്തിലിറങ്ങി. ഞങ്ങള്‍ ഇതേ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്കു പോകുന്നതുകൊണ്ട് ബാംഗ്ലൂരിലിറങ്ങേണ്ട ആവശ്യമില്ല. സെക്യൂരിറ്റിക്കാര്‍ ഞങ്ങളുടെ ബോര്‍ഡിംഗ് പാസ്സുകളും കാബിന്‍ ബാഗുകളും പരിശോധിച്ച് തൃപ്തരായി. മറ്റു ജോലിക്കാര്‍ സീറ്റുകളും ശുചിമുറികളും വൃത്തിയാക്കി.
രാത്രി 10.50ന് വിമാനം ബാംഗ്ലൂരില്‍ നിന്നും കൊല്‍ക്കത്ത ലക്ഷ്യമാക്കി പറന്നു. വൈദ്യുത ദീപങ്ങളുടെ പ്രഭയില്‍ ബാംഗ്ലൂര്‍ നഗരം അതിസുന്ദരമായി കാണപ്പെട്ടു. വിണ്ണില്‍ നിന്നും മണ്ണിലേക്കു വിരുന്നുവന്ന താരകങ്ങളാണോ ഈ കാണുന്നത് എന്നു തോന്നി. ”സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ”? എന്ന് അറിയാതെ മൂളിപ്പോയി.
ഞങ്ങളുടെ ടീമിലെ എല്ലാവര്‍ക്കും മാംഗോ ജ്യൂസും ഹെര്‍ബ് റോസ്റ്റ് വെജിറ്റബിള്‍ റോള്‍സും കിട്ടി. അല്‍ഫോണ്‍സോയുടെ നിറവും മണവും രുചിയുമുള്ള ജ്യൂസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വെജിറ്റബിള്‍ റോള്‍ ‘ഹോപ്‌ലെസ്സ്’! രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സുഖകരമായ യാത്രയ്ക്കിടയില്‍ ഒരു ചെറിയ ഉറക്കം. വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടപ്പോഴാണ് ഉണര്‍ന്നത്.
കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇതാദ്യമായാണ് ഞങ്ങള്‍ രണ്ടുപേരും കാലുകുത്തുന്നത്. പശ്ചിമബംഗാളിലെ ”ഡം ഡം” എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം 1924ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ”ഡംഡം” എന്ന വാക്ക് ”ഡംഡമ” എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. ഉയരമുള്ള സ്ഥലം, കുന്ന് എന്നൊക്കെയാണ് അര്‍ത്ഥം. 1995 മുതല്‍ ഡംഡം വിമാനത്താവളം നേതാജി സുഭാഷ് ചന്ദ്രബോസ് എയര്‍പോര്‍ട്ട് എന്ന് അറിയപ്പെട്ടു തുടങ്ങി.
ഞങ്ങളുടെ അടുത്ത ലക്ഷ്യം അസമിന്റെ തലസ്ഥാനം ഗുവാഹത്തിയാണ്. 2022 നവംബര്‍ 18 വെള്ളിയാഴ്ച വെളുപ്പിന് 5.30നാണ് അടുത്ത വിമാനം. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടാനും, വാഷ്‌റൂം സൗകര്യം ഉപയോഗിക്കാനും ഈ സമയം പ്രയോജനപ്പെടുത്തി.
ധാരാളം കൗതുകവസ്തുക്കള്‍ കണ്ണാടിക്കൂടുകള്‍ക്കുള്ളില്‍ പ്രദര്‍ശിപ്പിച്ചുവച്ചിരുന്നു. എയര്‍ പോര്‍ട്ടിന്റെ സീലിംഗ് നിറയെ ബംഗാളി അക്ഷരങ്ങള്‍!
കണ്ണാടിക്കൂട്ടിലെ ചില ശില്‍പ്പങ്ങള്‍ ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. അറക്കപ്പൊടി കൊണ്ടുണ്ടാക്കിയ ദുര്‍ഗ്ഗയും, ലക്ഷ്മിയും, സരസ്വതിയും, ഗണേശനും, സുബ്രഹ്മണ്യനും – അമ്മയായ ദുര്‍ഗ്ഗയുടെ മുഖത്ത് കൂടെയുള്ളവരോടുള്ള അതിരറ്റ വാത്സല്യം. ഒന്നര രണ്ട് അടിയോളം ഉയരമുള്ള ശില്‍പത്തിന് സാധാരണയുള്ള രൂപമല്ല. വനവാസി വിഭാഗക്കാരുടെ രൂപമാണ് എല്ലാവര്‍ക്കും. ഇല-പഴച്ചാറുകള്‍ തുടങ്ങിയ പ്രകൃതിദത്തമായ വര്‍ണ്ണങ്ങളാണ് ശില്‍പത്തിന് നല്‍കിയിരിക്കുന്നത്.
ഒരിടത്ത് ”മസ്‌ലിന്‍” എന്ന തുണിയുടെ കഷ്ണം പ്രദര്‍ശിപ്പിച്ചുവച്ചിട്ടുണ്ട്. കോട്ടണില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മസ്‌ലിന്‍ ആദ്യമായി നിര്‍മ്മിച്ചത് ബംഗാളിലാണ്. 17-ാം നൂറ്റാണ്ടില്‍ മസ്‌ലിന്‍ കടല്‍ക്കടന്ന് യൂറോപ്പിലെത്തി. ഇന്ത്യയിലെ ആകെ മസ്‌ലിന്‍ ഉല്പാദനത്തിന്റെ 55 ശതമാനവും പശ്ചിമബംഗാളില്‍ നിന്നാണ് വരുന്നത്.
നിരാഹാരവ്രതത്തിലേര്‍പ്പെട്ടിരിക്കുന്ന ബുദ്ധപ്രതിമ കണ്ടു. കവിളെല്ലുകളും വാരിയെല്ലുകളും എഴുന്നുനില്‍ക്കുന്നു. കുഴിയിലാണ്ടു പോയ കണ്ണുകള്‍. ഒട്ടിയ വയര്‍. ഇത്രയും പരിതാപകരമായ ഒരവസ്ഥയില്‍ ഒരു ബുദ്ധപ്രതിമ ഞാന്‍ കണ്ടിട്ടില്ല. ‘ഗാന്ധാര’എന്ന കലയാണ് കല്ലില്‍ കൊത്തിവച്ചിരിക്കുന്ന ബുദ്ധനിലൂടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ബോധോദയം ഉണ്ടായതിനു ശേഷം 49 ദിവസം തുടര്‍ച്ചയായി നിരാഹാരവ്രതം അനുഷ്ഠിച്ച ബുദ്ധനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മനസ്സിന് ഇന്ദ്രിയങ്ങളിലും ശരീരത്തിലുമുള്ള നിയന്ത്രണം സാധാരണ ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഈ തപസ്യ. ‘കുശം’ എന്ന പുല്ലിലാണ് ബുദ്ധന്‍ ഉപവിഷ്ഠനായിരിക്കുന്നത്.
ഏതോ മൃഗത്തിന്റെ കൊമ്പില്‍ കൊത്തിവച്ചിരിക്കുന്ന സരസ്വതി ദേവിയുടെ ശില്പവും കൊള്ളാം. പറന്നുകൊണ്ടിരിക്കുന്ന ഹംസത്തിന്റെ പുറത്താണ് സരസ്വതി ഇരിക്കുന്നത്. ഇരുചക്രവാഹനത്തിന്റെ ബാക്ക് സീറ്റില്‍, രണ്ടുകാലുകളും ഒരേ വശത്തേക്ക് തൂക്കിയിട്ട് ഇരിക്കുന്നതുപോലെ. ഇടതുകൈ കൊണ്ട് വീണയും പിടിച്ചിട്ടുണ്ട്; വലതുകൈകൊണ്ട് അനുഗ്രഹിക്കുന്നുമുണ്ട്. എന്തൊരു ബാലന്‍സ്! രാജാരവിവര്‍മ്മ വിഭാവന ചെയ്ത ദിവ്യതേജസ്സാര്‍ന്ന സരസ്വതിയെ കണ്ടുശീലിച്ച നമുക്ക് ഈ സരസ്വതിയുടെ മുഖം വികൃതമായിത്തോന്നും.
വിശാലമായ ഒരു ചുമര്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന, കാളീഘട്ടിന്റെ ഐശ്വര്യമായ കാളീമാതയുടെ ചിത്രം അതിമനോഹരമായിരിക്കുന്നു. ആ ചിത്രം മുഴുവനായി നമ്മളുടെ ക്യാമറയില്‍ പതിയണമെങ്കില്‍ കുറേ ദൂരെ മാറി നില്‍ക്കണം.
എയര്‍പോര്‍ട്ടില്‍ ഒരിടത്ത് ”Welcome to the city of Joy” എന്ന് ഹൗറാ പാലത്തിന്റെ ചിത്രത്തിനടുത്തായി എഴുതിവച്ചിരിക്കുന്നു. മദര്‍ തെരേസ, നേതാജി എന്നിവരുടെ കൂറ്റന്‍ ”ബ്ലാക്ക് ആന്റ് വൈറ്റ്” ഫോട്ടോകളും കണ്ടു.
ത്രികോണാകൃതിയുള്ള, മുളകൊണ്ടു നിര്‍മ്മിച്ച വലിയൊരു സ്തൂപം കണ്ടു. മൂന്നുവശങ്ങളിലും പലതരത്തിലുള്ള മുഖം മൂടികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതിസുന്ദരിയായ കാളീമാതയും, ദംഷ്ട്രകള്‍ കാട്ടിക്കൊണ്ട് തുറിച്ചു നോക്കുന്ന രാക്ഷസന്മാരും അക്കൂട്ടത്തിലുണ്ട്.
ഇങ്ങനെ കറങ്ങിനടക്കുന്നതിനിടയിലാണ് ഞാനാ കാഴ്ചകണ്ടത്. ”Qatar Airways, FIFA world cup FAN dedicated counter”! എടികെ മോഹണ്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് എന്നിവയുടെ ഈറ്റില്ലമായ ബംഗാളില്‍ നിന്നും കുറേയേറെ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ഖത്തറിലേക്കു പറക്കുമെന്നുറപ്പാണ്. അതുകൊണ്ട് ഖത്തര്‍ എയര്‍വേയ്‌സ് ഒരു പ്രത്യേക കൗണ്ടര്‍ തുറന്നിരിക്കുന്നു. ”ഫുട്‌ബോള്‍ ഫാന്‍സ്, ദിസ് വേ”!
കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മിക്കവരും ചാരിക്കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്തുനിന്നും നേരെ കൊല്‍ക്കത്തയിലെത്തിയ മിനിയേയും ഗോപകുമാറിനേയും ശിവരാജന്‍ പിള്ളയേയും പരിചയപ്പെട്ടു.
രബീന്ദ്രനാഥ ടാഗോര്‍ പെട്ടെന്ന് കണ്‍മുന്‍പില്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കും? എയര്‍പോര്‍ട്ടിലെ ഇരുമ്പുകസേരയില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു വൃദ്ധനെക്കണ്ട് ഞാന്‍ ഞെട്ടിപ്പോയി! മൊബൈലിന്റെ ഇയര്‍ഫോണുകള്‍ തലയ്ക്കിരുവശത്തുമായി തൂക്കിയിട്ടതു കണ്ടപ്പോള്‍ ഉറപ്പായി, ഇത് പഴയ ടാഗോര്‍ അല്ലെന്ന്!
ഇങ്ങനെ കാഴ്ചകളൊക്കെ കണ്ട് നേരം വെളുപ്പിച്ചു. ബോര്‍ഡിംഗിന്റെ അറിയിപ്പു വന്നു. ‘അലയന്‍സ് എയറി’ന്റെ ATR72 Turbo Propeller വിമാനത്തിലാണ് ഗുവാഹത്തിയിലേക്കുള്ള യാത്ര.
ഫ്രാന്‍സും ഇറ്റലിയും കൂടി വികസിപ്പിച്ചെടുത്ത ചെറിയ വിമാനമാണ് Average True Ranger (ATR). ചെറിയ ദൂരം താണ്ടാന്‍ അത്യുത്തമം; നല്ല ഇന്ധനക്ഷമത; പരമാവധി വേഗം 518KMPH.
ഞാനിരിക്കുന്ന സീറ്റില്‍ നിന്നും വിമാനത്തിന്റെ പ്രൊപ്പല്ലര്‍ കറങ്ങുന്നതു കാണാം. മനുഷ്യരോ പക്ഷികളോ അതിനകത്തു കുടുങ്ങിയാല്‍ അനേകായിരം കഷ്ണങ്ങളായി തെറിച്ചുവീഴും. കേവലം 60-65 സീറ്റുള്ള ആ വിമാനത്തിലെ യാത്ര ഞങ്ങള്‍ നന്നായി ആസ്വദിച്ചു. സൂര്യന്‍ നേരത്തെ ഉദിച്ചിരുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 4.30ന് തന്നെ മൂപ്പര്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയിട്ടുണ്ടാവും!
രാവിലെ 7 മണിയോടെ ഞങ്ങളുടെ ഇത്തിരിക്കുഞ്ഞന്‍ വിമാനം അസമിലെ ലോക്പ്രിയ ഗോപിനാഥ് എയര്‍പോര്‍ട്ടില്‍ ഒരു പൂത്തുമ്പി പുല്ലിലിരിക്കുന്ന ലാഘവത്തോടെ നിലംതൊട്ടു. വെറും അര മണിക്കൂറിനകം അസമില്‍ ഇറങ്ങേണ്ടവരൊക്കെ ഇറങ്ങുകയും, ദിമാപ്പൂരിലേക്കുള്ളവര്‍ കയറുകയും ചെയ്തു. വാരാണസിയില്‍ വേറൊരു ടൂര്‍ നടത്തിക്കഴിഞ്ഞ വേണുജി ഞങ്ങളോടൊപ്പം കൂടി. ഞങ്ങള്‍ക്ക് വിമാനത്തില്‍ നിന്നിറങ്ങേണ്ട ആവശ്യമില്ലായിരുന്നു.
അസമിന്റെ തലസ്ഥാനമായ ഗുവാഹത്തി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായും, വിമാന സര്‍വ്വീസുകളുടെ ‘ഹബ്ബ്’ ആയും പ്രവര്‍ത്തിച്ചുവരുന്നു. ‘ഗുവ’യുടെ (അടയ്ക്ക) വില്‍പ്പന നടക്കുന്ന ‘ഹാട്ട്’ (മാര്‍ക്കറ്റ്) ആയതുകൊണ്ടാണ് ഗുവാഹത്തിക്ക് ആ പേരു കിട്ടിയത്. ഗാന്ധിയനും, സ്വാതന്ത്ര്യസമരസേനാനിയും, അസമിന്റെ ആദ്യത്തെ മുഖ്യമന്ത്രിയും ‘ഭാരതരത്‌നവു’മായിരുന്ന, ‘ലോകപ്രിയ’നായകന്‍ ഗോപിനാഥ് ബൊര്‍ദൊളോയിയുടെ പേരാണ് ഈ വിമാനത്താവളത്തിനു നല്‍കിയിരിക്കുന്നത്.
(തുടരും)