മാര്‍ക്സിയന്‍ ഗുണ്ടായിസം കണ്ണൂര്‍ സഖാക്കളുടെ തലയില്‍ കെട്ടിവെച്ച് ആരും അധികം സമാധാനിക്കണ്ട. ദിവസങ്ങളോളം കേരളം ചര്‍ച്ച ചെയ്ത നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മുകാരിയുമായ പി.പി.ദിവ്യയുടെ അഹമ്മതി കണ്ട് ഇതു കണ്ണൂര്‍ സഖാക്കളുടെ സ്വഭാവമല്ലേ എന്നു നിസ്സാരമാക്കി കാണുന്നവരുണ്ട്. വിജയന് സഖാവ് മുതല്‍ മരിച്ചു പോയ കോടിയേരി ഉള്‍പ്പെടെ ജയരാജന്മാര് വഴി ലോക്കല്‍ സെക്രട്ടറി വരെയുള്ള കണ്ണൂര്‍ സഖാക്കളില്‍ തിളയ്ക്കുന്ന ചെമ്പന്‍ രക്തം ഇങ്ങനെയാണെന്നു ന്യായീകരണം കണ്ടെത്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന മഹാപ്രസ്ഥാനം അങ്ങനെയല്ല അതു മനുഷ്യത്വത്തിന്റെ സാകാരരൂപമാണ് എന്ന് സമാധാനിക്കുന്നവര്‍ക്ക് തെക്ക് തിരുവനന്തപുരത്ത് മേയര്‍ ആര്യരാജേന്ദ്രന്‍ ഒറ്റപ്പെട്ട സംഭവമാണ് എന്നും പറഞ്ഞു നില്ക്കും. അവിടെയൊന്നും ഒതുങ്ങുന്നില്ല പാര്‍ട്ടി ഗുണ്ടായിസത്തിന്റെ ചെമ്പന്‍ ചോരത്തിളപ്പ്. അതങ്ങ് വടക്ക് കാശ്മീര്‍ വരെയുള്ള സഖാക്കളുടെ ചോരയിലുള്ളതാണ്. അതിനു സാക്ഷി പറയാന്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുപ്ഫ്തി മുന്നോട്ടു വന്നിരിക്കുന്നു
ഇക്കഴിഞ്ഞ കാശ്മീര്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം നാഷണല്‍ ഫ്രണ്ടിന്റെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ഗുണ്ടായിസം അഴിച്ചുവിട്ട് തന്റെ പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് റോഡിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാക്കി എന്നാണ് ഇല്‍ത്തിജ പത്രക്കാരോട് പറഞ്ഞത്. കുല്‍ഗാമില്‍ സി.പി.എമ്മും തെക്കന്‍ കാശ്മീരില്‍ സി.പി.എമ്മും നാഷണല്‍ ഫ്രണ്ടും കൂട്ടായും അക്രമം അഴിച്ചു വിട്ടതുകൊണ്ടാണ് തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും പി.ഡി.പിയ്ക്ക് സീറ്റ് കുറയാന്‍ കാരണമാവുകയും ചെയ്തതെന്ന് ഇല്‍ത്തിജ പറയുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള പാകിസ്ഥാന് അനുകൂല തീവ്രവാദ സംഘടനകളെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരം സംഘടനകള്‍ നേര്‍വഴിക്ക് വരാന്‍ പാടില്ല എന്നു മാത്രമല്ല മുസ്ലിം സമുദായം മുഖ്യധാരയോട് ചേര്ന്നുനില്ക്കാന് തയ്യാറാവുന്നതു പോലും സഹിക്കാത്തവരാണ് മാര്‍ക്സിസ്റ്റു പാര്ട്ടിക്കാര്. അതിനാല്‍ അവരെ ഗുണ്ടായിസത്തിലൂടെയും കള്ളപ്രചരണത്തിലൂടെയും വിരട്ടി തങ്ങളുടെ അജണ്ടയുടെ ഭാഗമാക്കുക എന്നത് മാര്‍ക്സിയന്‍ അടവുനയമാണ്. പാവം ഇല്‍ത്തിജ മുഫ്തിക്ക് ഈ രാഷ്ട്രീയ തന്ത്രം അറിയില്ലല്ലോ.