ഭാരതത്തിലെ ബുദ്ധിജീവികളെന്ന് സ്വയം അഭിമാനിക്കുന്ന വിഭാഗം എല്ലാകാലത്തും പാശ്ചാത്യ ചിന്തകളുടെ അടിമകളും പ്രചാരകന്മാരുമായിരുന്നുവെന്നാണ് ചരിത്രവസ്തുത. 1835ലെ ബ്രിട്ടീഷ് വിദ്യാഭ്യാസ പദ്ധതിയിലൂടെ മെക്കാളെ വിദ്യാസമ്പന്നരുടെ മനസ്സിനെ കോളനിവല്‍ക്കരിച്ചത് സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ട് കഴിയുന്നതുവരെ നിര്‍ബ്ബാധം തുടരുകയായിരുന്നല്ലൊ. അതുകൊണ്ട് നമ്മുടെ ചരിത്രവും, സംസ്‌കാരവും, പാരമ്പര്യവുമെല്ലാം ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടോടെയാണല്ലൊ വിശകലനം ചെയ്തിരുന്നത്.
മാക്‌സ്മുള്ളര്‍ ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക എന്ന സമീപനത്തിന് ശക്തിയേകാന്‍ ആര്യന്‍ ഇന്‍വേഷന്‍ തിയറി രൂപപ്പെടുത്തിയപ്പോള്‍ ഭാരതത്തിലെ പല ബുദ്ധിജീവികളും അത് അതേപടി പ്രചരിപ്പിക്കുകയും രാജ്യത്തെ വടക്കും, തെക്കുമെന്ന രീതിയില്‍ വൈചാരികമായി വിഭജിക്കാനുള്ള അനുകൂല പശ്ചാത്തലം സൃഷ്ടിക്കുകയും ചെയ്തു. ഇടതു ചിന്തകന്മാര്‍ എല്ലാകാലത്തും വൈദേശിക ചിന്തകളുടെ വക്താക്കളായിരുന്നു. മാര്‍ക്‌സിസ്റ്റ് സാഹിത്യത്തിന്റെയും സോവിയറ്റ് പ്രചരണത്തിന്റെയും പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ ചരിത്രത്തെയും അവര്‍ മാറ്റി എഴുതുകയായിരുന്നു. പിന്നീട് പോസ്റ്റ് മോഡേണിസത്തിന്റെ ഭാഗമായ സബാട്ടേനിസത്തിലൂടെ കീഴാളപക്ഷ ഗവേഷണവും ഇവര്‍ ഇറക്കുമതി ചെയ്തു പ്രചരിപ്പിച്ചു. ഇപ്പോള്‍ മറ്റൊരു അപകടമായ സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ ഇറക്കുമതിയിലൂടെ ഭാരതത്തെ സാമൂഹ്യമായി വിഭജിക്കാനുള്ള ശ്രമത്തിലാണവര്‍.
ഭാരതത്തിലെ ജാതിവ്യവസ്ഥയെ വക്രീകരിച്ച് പോര്‍ച്ചുഗീസ് ഭാഷയിലെ ‘കാസ്റ്റ്’ എന്ന പദം കടമെടുത്തു ബ്രിട്ടീഷുകാര്‍ ജാതിയെ ‘കാസ്റ്റ്’ എന്നാക്കി മാറ്റിയത് ഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തില്‍ നിരന്തരമായ അസ്വസ്ഥതകള്‍ക്കും അന്തച്ഛിദ്രങ്ങള്‍ക്കും വിത്തുപാകാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ രാസായുധമായാണ് ഇതിനെ പ്രയോഗിച്ചത്. ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ 1871ല്‍ നടത്തിയ ആദ്യ സെന്‍സ്സസില്‍ തന്നെ ‘കാസ്റ്റ്’ രേഖപ്പെടുത്തുന്ന രീതി നടപ്പാക്കിയത് ആസൂത്രിതമായിരുന്നു. ഹാര്‍വാഡ് കെന്നഡി സ്‌കൂളിലെ ഒരു വിഭാഗം ഗവേഷകര്‍ ‘ക്രിട്ടിക്കല്‍ കാസ്റ്റ് തിയറിയ്ക്കു പതിറ്റാണ്ടുകള്‍ മുന്‍പ് രൂപം കൊടുത്തതും ഫ്രഞ്ച് ഇന്‍ഡോളജിസ്റ്റായ ക്രിസ്റ്റൊഫെജഫ്രിലോട്ട് നിരന്തരമായി ജാതി സെന്‍സസ്സിനുവേണ്ടി വാദിക്കുന്നതുമെല്ലാം വഴിയൊരു വൈചാരിക ഗൂഢാലോചനയുടെ തുടര്‍ച്ചയാണ്. ജഫ്രിലോട്ടിന്റെ സ്വാധീനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ പ്രകടനപത്രികയില്‍ ജാതിസെന്‍സസ്സ് നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, യു.പി, ബീഹാര്‍ സംസ്ഥാനങ്ങളിലെ ദളിത് രാഷ്ട്രീയവും തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയവുമെല്ലാം ഈ ജാതി രാഷ്ട്രീയത്തിന്റെ ഉല്പന്നങ്ങളായിരുന്നല്ലൊ.
അമേരിക്കന്‍ കമ്യൂണിസം
കുറച്ചു പതിറ്റാണ്ടുകളായി അമേരിക്ക ഒരു പുതിയ ആഗോള ഇടതുപക്ഷത്തിന്റെ വൈചാരിക കേന്ദ്രമായി മാറുകയായിരുന്നു. ജഘ്‌നിയില്‍ നിന്ന് കുടിയേറിയ ചില മാര്‍ക്‌സിസ്റ്റ് ചിന്തകരുടെ സ്വാധീനത്തിലാണ് അമേരിക്കയില്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസം രൂപം കൊണ്ടത്. ജര്‍മ്മന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഹെര്‍ബര്‍ട്ട് മാര്‍ക്കോസും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ എ.എഫ്. ഗ്രാംസ്‌കിയും സാമ്പത്തിക മേഖലയിലെ മര്‍ദ്ദകര്‍ക്കും മര്‍ദ്ദിതര്‍ക്കും പകരം സാമൂഹ്യമേഖലയിലെ മര്‍ദ്ദകരെയും മര്‍ദ്ദിതരേയും കേന്ദ്രീകരിച്ച് കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന് നേതൃത്വം കൊടുത്തു. ഇത് മാര്‍ക്‌സിന്റെ വര്‍ഗ്ഗസമരസിദ്ധാന്തത്തെ സാമൂഹ്യവര്‍ഗ്ഗ സമരമായി രൂപാന്തരപ്പെടുത്തുകയായിരുന്നു. അമേരിക്കയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വെള്ളക്കാരും കറുത്തവര്‍ഗ്ഗക്കാരും തമ്മിലുള്ള വര്‍ഗ്ഗസംഘര്‍ഷത്തെ മാര്‍ക്‌സിസ്റ്റ് തിയറിയുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക മാര്‍ക്‌സിസമായി പുനര്‍സൃഷ്ടിക്കുകയായിരുന്നു. ഇതില്‍ വെള്ളക്കാര്‍ മര്‍ദ്ദകരും കറുത്തവര്‍ഗ്ഗക്കാര്‍ മര്‍ദ്ദിതരുമാണ്. ഇത് ക്രിട്ടിക്കല്‍ റേസ് തിയറി എന്ന (Critical Race Theory) പേരിലാണ് അറിയാന്‍ തുടങ്ങിയത്. അനീതിയ്‌ക്കെതിരെ ഉയര്‍ത്തെഴുന്നേല്‍ക്കുക (woke up) എന്നതിനെ പ്രതിനിധീകരിക്കുന്ന ‘വോക്കിസം'(wokeism) എന്ന പ്രസ്ഥാനത്തിന് ഇത് ജന്മം നല്‍കി.
വോക്കിസത്തിന്റെ പ്രമാണങ്ങള്‍
വോക്കിസത്തിന്റെ അടിസ്ഥാനപ്രമാണം ‘ഇര’ വാദമാണ് (Victim hood) അമേരിക്കന്‍ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ മര്‍ദ്ദനത്തിന്റെയും ചൂഷണത്തിന്റെയും ഇരകളാണ്. ഇത് വംശീയ രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ട് (Identity Politics) ഇരകളെ സംരക്ഷിതവര്‍ഗ്ഗമായി പരിഗണിക്കണം എന്നതാണ് ഇവരുടെ ആവശ്യം. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ ബ്ലാക്ക്‌സ് മാറ്റര്‍ (Blacks matter) എന്ന പ്രസ്ഥാനവും ഉടലെടുത്തു. ഭാരതത്തില്‍ ഇത് ദളിതരുടേയും ന്യൂനപക്ഷത്തിന്റെയും അവകാശസംരക്ഷണത്തിന് ശക്തിപകരുകയും ദളിതരെ ഇവരോടൊപ്പം ചേര്‍ക്കാനായി ‘ദളിത് മാറ്റര്‍’ (Dalit matter) എന്ന പ്രസ്ഥാനം രൂപപ്പെടുകയും ചെയ്തു. ഇരകളുടെ വ്യക്തിപരമായ പ്രതികരണമല്ല, കൂട്ടായ പ്രതികരണമാണ് വോക്കിസത്തിന്റെ മുഖ്യപ്രമാണം. ഇതിന് അക്രമത്തിന്റെ മാര്‍ഗ്ഗവും സ്വീകാര്യമാണ്.
വോക്കിസം അര്‍ഹതയെ (merit) വംശവിവേചനത്തിന്റെ അവിഭാജ്യഘടകമായി കാണുന്നതുകൊണ്ട് നിയമനങ്ങള്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലാകരുതെന്ന് നിര്‍ബ്ബന്ധം പിടിക്കുന്നു. തുല്യ അവസരങ്ങള്‍, തുല്യനീതി ഉറപ്പാക്കുന്നില്ല. അതുകൊണ്ട് തുല്യ അവസരമല്ല (Equality) തുല്യനീതിയാണ് (Equity) ഉറപ്പുവരുത്തേണ്ടത് എന്നവര്‍ ആവശ്യപ്പെടുന്നു. അതിനായി ഈ വിഭാഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം (quota) ഉറപ്പാക്കുക തന്നെ വേണം. ഇത് നിയമനങ്ങള്‍ക്ക് ക്വോട്ടാസമ്പ്രദായവും റിസര്‍വേഷനും നടപ്പാക്കുന്നതിനുള്ള ആവശ്യമാണ്.
ഇരകളായവരുടെ ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും തോത് അളക്കാന്‍ ശാസ്ത്രീയ ഉപാധികളോ, റാഷനാലിറ്റിയോ, വസ്തുനിഷ്ഠമായ തെളിവുകളോ ഇവര്‍ക്ക് സ്വീകാര്യമല്ല. മറിച്ച് ഇരകളുടെ ജീവിതാനുഭവങ്ങളെ മാത്രമേ സ്വീകാരിക്കാവൂ എന്നതാണ് വോക്കിസത്തിന്റെ ശക്തമായ നിലപാട്. മാത്രവുമല്ല, ഇവരുടെ ആശയങ്ങളോട് എതിര്‍ പ്പോ വിയോജിപ്പോ പ്രകടിപ്പിക്കാതെ നിശ്ശബ്ദരാക്കുകയോ ഇല്ലാതാക്കുകയോ ആണ് ഇവരുടെ തന്ത്രപരമായ സമീപനം.
നിലവിലുള്ള നിയമസംവിധാനങ്ങളും, സാമൂഹ്യ-ഭരണ വ്യവസ്ഥകളുമെല്ലാം ഇരകളുടെ ചൂഷണത്തിന് സഹായകമായതുകൊണ്ട് നിലവിലുള്ള എല്ലാ വ്യവസ്ഥകളെയും ഉന്മൂലനം ചെയ്യണമെന്നവര്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ കാറല്‍ മാര്‍ക്‌സിന്റെ ഡിക്ടേറ്റര്‍ഷിപ്പ് ഓഫ് ദി പ്രോലിറ്റേറിയറ്റിനു സമാനമായ ഒരു സംവിധാനത്തെക്കുറിച്ചൊന്നും വോക്കിസത്തിന്റെ വക്താക്കള്‍ പ്രതിപാദിക്കുന്നില്ല. ഒരു തരത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന ഒരു പ്രക്രിയയായി ഇതവസാനിക്കുകയാണ്. പുതിയ ബദല്‍ സംവിധാനത്തെ കുറിച്ചവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടില്ല.
ക്രിട്ടിക്കല്‍ റേസ് തിയറിയുടെ ഭാരതവല്‍ക്കരണം
അമേരിക്കയില്‍ ഇടതുചിന്താഗതിക്കാരുടെ പിന്തുണയോടെ ആഫ്രോ-ദളിത് പ്രസ്ഥാനം തൊണ്ണൂറുകളില്‍ ആരംഭിക്കുകയും ഭാരതത്തിലെ ജാതിവ്യവസ്ഥയെ അമേരിക്കയിലെ വര്‍ണ്ണവിവേചനവുമായി ബന്ധപ്പെടുത്തുകയും, ആഫ്രോ-ദളിത് മൂവ്‌മെന്റിന്റെ ഭാഗമായ ഒരു ആഫ്രിക്കന്‍ സ്‌കോളര്‍ ഈ പ്രോജക്ടിനു വേണ്ട വിവരശേഖരണത്തിനായി ഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായും രാജീവ് മല്‍ഹോത്ര ”സ്‌നെയിക്ക്‌സ് ഇന്‍ ദി ഗംഗ; ബ്രെയിക്കിങ്ങ് ഇന്ത്യ2. ”(snakes in the Ganga; Breaking India 2) എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.1 ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ കെന്നഡി സ്‌കൂളുമായി ബന്ധപ്പെട്ട ഭാരത വംശജരായ ചില പ്രൊഫസര്‍മാര്‍, ഗവേഷകര്‍, ഗവേഷണവിദ്യാര്‍ത്ഥികള്‍, ചില ആഫ്രിക്കന്‍-അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍, ജേണലിസ്റ്റുകള്‍, ഗവേഷകര്‍ എന്നിവരടങ്ങുന്ന ഒരു സംഘമാണ് അമേരിക്കന്‍ ക്യാമ്പസ്സുകളിലും മറ്റും പ്രചാരത്തിലുള്ള ക്രിട്ടിക്കല്‍ റേസ് തിയറിയെ വളച്ചൊടിച്ച് ‘ക്രിട്ടിക്കല്‍ കാസ്റ്റ്’ തിയറിയാക്കി രൂപാന്തരപ്പെടുത്തിയത്. ഭാരതത്തില്‍ ബ്രാഹ്മണര്‍ മര്‍ദ്ദകരും, ദളിതര്‍, മുസ്ലിംകള്‍, എല്‍.ജി.ബി.ടി വിഭാഗങ്ങള്‍ തുടങ്ങിയവര്‍ മര്‍ദ്ദിതരുമാണെന്നാണ് അവരുടെ വിലയിരുത്തല്‍. ഭാരതത്തിലെ ജാതിവ്യവസ്ഥയാണ് ലോകത്തുടനീളമുള്ള വര്‍ണ്ണ-വംശീയ വിവേചനങ്ങള്‍ക്ക് അടിസ്ഥാനകാരണമെന്നവര്‍ സമര്‍ത്ഥിക്കുന്നു. ഭാരതത്തിലെ ജാതിവ്യവസ്ഥ സനാതനധര്‍മ്മത്തിന്റെ അവിഭാജ്യഘടകമാണെന്നും അതുകൊണ്ട് ദളിതര്‍, മുസ്ലിങ്ങള്‍, എല്‍ജിബിടി വിഭാഗങ്ങള്‍ തുടങ്ങിയവരുടെ മോചനത്തിനായി സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്നുമവര്‍ ശക്തിയുക്തം പ്രഖ്യാപിക്കുന്നു.
ക്രിട്ടിക്കല്‍ കാസ്റ്റ് തിയറിയിലൂടെ ഹിന്ദുഫോബിയ
പുലിസ്റ്റര്‍ സമ്മാനം നേടിയ ആഫ്രിക്കന്‍ -അമേരിക്കന്‍ ജേണലിസ്റ്റായ ഇസബെല്‍ വില്‍ക്കേഴ്‌സണ്‍ 2020ല്‍ ‘കാസ്റ്റ്: ദി ഓറിജിന്‍ ഓഫ് ഡിസ്‌ക്കണ്ടന്റ് (Caste: The origin of Discontent) എന്ന പ്രസിദ്ധീകരണത്തില്‍ വംശീയതയ്ക്കുള്ള അടിസ്ഥാന കാരണം ഭാരതത്തിലെ ജാതീയത(caste) ആണെന്നാണ് സമര്‍ത്ഥിക്കുന്നത്.2 മാത്രവുമല്ല, ഹിന്ദു ധര്‍മ്മത്തെ അവര്‍ ‘ഫ്രോസണ്‍ അബ്യൂസീവ് സിസ്റ്റം’ (Frozen Abusive system) എന്നു വിളിച്ചാണ് അധിക്ഷേപിക്കുന്നത്. അതുകൊണ്ട് താഴ്ന്ന ജാതിക്കാരെയും ദളിതരേയും മോചിപ്പിയ്ക്കാന്‍ ഹിന്ദുധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്നവര്‍ ആഹ്വാനം ചെയ്യുകയാണ്. ഇസബെല്ലിന്റെ വിശദീകരണത്തെ വിമര്‍ശിച്ച് അര്‍ജുന്‍ അപ്പാദുരൈ 2020 സപ്തംബര്‍ 12ന് ‘വയര്‍’ (Wire) എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെഴുതിയത് അവര്‍ക്ക് കാസ്റ്റും റേസും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലുമറിയില്ല എന്നാണ്.
അമേരിക്കന്‍ ഇന്ത്യക്കാരുടെ ഇടയില്‍ ജാതിവിവേചനത്തിനെതിരെ പോരാടുന്ന പ്രസ്ഥാനത്തിന്റെ മുന്‍നിരപടയാളിയാണ് തേന്‍മൊഴി സൗന്ദരരാജന്‍. ഇന്ത്യന്‍ അമേരിക്കക്കാരെ വെള്ളക്കാര്‍ക്കു സമാനമായാണ് ഇവരെല്ലാം ചിത്രീകരിക്കുന്നത്.3 അമേരിക്കയിലുള്ള ഭാരതീയരുടെ ഇടയിലുള്ള ജാതീയതയേയും ജാതിവിവേചനങ്ങളെയും കുറിച്ച് പഠനങ്ങളും ബോധവല്‍ക്കരണവും നടത്തുന്നതോടൊപ്പം ”ഇക്വാലിറ്റിലാബ്” സ്ഥാപിച്ച് അമേരിക്കന്‍ അക്കാദമിക് സ്ഥാപനങ്ങളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും കാസ്റ്റ് സെന്‍സസ്സും കാസ്റ്റ് സെന്‍സിറ്റിവിറ്റി പരിശീലനവും സംഘടിപ്പിക്കുകയുമാണ് അവരുടെ പ്രധാനപ്രവര്‍ത്തനം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ കാസ്റ്റ് സെന്‍സിറ്റിവിറ്റി ഓറിയന്റേഷന്‍ നടത്തുന്നതിന് മണിക്കൂറില്‍ 75000 ഡോളറാണ് അവരുടെ ഇക്വാലിറ്റി ലാബ് ഈടാക്കുന്നത്. അമേരിക്കയിലേക്കുള്ള ഒ1 വിസയ്ക്ക് കാസ്റ്റ് ക്വോട്ട നിശ്ചയിക്കണമെന്നും കോര്‍പ്പറേറ്റ് മേഖലയില്‍ ഭാരതീയര്‍ക്ക് തുല്യനീതി, വൈവിദ്ധ്യം, ഉള്‍ക്കൊള്ളല്‍ (equality, diversity and inclusion)- എന്നീ മാനദണ്ഡങ്ങള്‍ നിര്‍ബ്ബന്ധമായും പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മാത്രവുമല്ല, ഭാരതത്തിന് ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കുമ്പോള്‍, കാസ്റ്റ് സെന്‍സിറ്റിവിറ്റിയും ഈ പ്രോജക്ടുകള്‍ ദളിതര്‍, മുസ്ലിം വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഏതുവിധം പ്രയോജനകരമാകുമെന്ന് പരിഗണിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന അമേരിക്കന്‍ ഡെമോക്രാറ്റിക് മെമ്പര്‍മാരുടെ പിന്‍ബലത്തില്‍ ജാതിവിവേചനത്തിനെതിരായ നിയമനിര്‍മ്മാണത്തിനായി അമേരിക്കന്‍ കോണ്‍ഗ്രസ്സിനേയുമവര്‍ സമീപിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2024 മെയ് മാസത്തില്‍ ന്യൂജഴ്‌സിയില്‍ നിന്നുള്ള ഇന്തോ-അമേരിക്കന്‍ സെനറ്ററായ വിന്‍ ഗോപാല്‍ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന ഹിന്ദു ഫോബിയയ്‌ക്കെതിരായ ഒരു പ്രമേയം അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിക്കാനായി സമര്‍പ്പിച്ചത്. നേരത്തെ മറ്റൊരു ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കോണ്‍ഗ്രസ് മെമ്പറായ താനേദാര്‍ ഇത്തരമൊരു പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ്സിനും സമര്‍പ്പിച്ചിരുന്നു. അമേരിക്കയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ക്ഷേത്രധ്വംസനങ്ങളും അതിക്രമങ്ങളും, അക്കാദമിക് കാമ്പസ്സുകള്‍, മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ നിരന്തരമായ ഭീഷണികളും വാചാടോപവുമാണ് ഇത്തരം ഒരു പ്രമേയം സെനറ്റിലും കോണ്‍ഗ്രസ്സിലും സമര്‍പ്പിക്കാന്‍ അവരെ നിര്‍ബ്ബന്ധിതരാക്കിയതെന്ന് അവര്‍ വിശദീകരിക്കുകയുണ്ടായി. ഈ പ്രമേയങ്ങളുടെ പകര്‍പ്പ് അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷനും നല്‍കിയിട്ടുണ്ട്.
തേന്‍മൊഴിയുടെ നിരവധി അപകടകരവും തെറ്റിദ്ധാരണപരവുമായി പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റ് മല്‍ഹോത്രയുടെ പുസ്തകത്തില്‍ ലഭ്യമാണ് (PP 648-651). അവരുടെ ഒരു പ്രധാന പ്രസിദ്ധീകരണമാണ് The Trauma of caste: A Dalit Feminist Meditation on Survivorship, Healing and Abolition; 2022, North Atlantic Books). . അവരുടെ ജാതിവിമോചന പ്രവര്‍ത്തനങ്ങള്‍ക്കും, പ്രസിദ്ധീകരണങ്ങള്‍ക്കുമെല്ലാം ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, വാഷിങ്ടണ്‍ പോസ്റ്റ്, ബ്ലും ബര്‍ഗ് തുടങ്ങിയ മാദ്ധ്യമങ്ങള്‍ വലിയ പിന്തുണയും പ്രചരണവും നല്‍കുന്നത് അവരുടെ ഭാരതവിരുദ്ധ അജണ്ടയുടെ ഭാഗമാണ്.
ഹാര്‍വാഡിലെ പ്രൊഫസ്സറായ
സിലിക്കന്‍ വാലിയിലെ ഭാരതീയവംശജരായ ഉയര്‍ന്ന ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെ അവഹേളിക്കുകയും അവര്‍ക്കെതിരായി ജാതി വിവേചനം ആരോപിക്കുകയുമാണ്. അവര്‍ക്കും നിരവധി പ്രസിദ്ധീകരണങ്ങളുള്ളത് മല്‍ഹോത്ര ചൂണ്ടിക്കാണിച്ചിട്ടുണ്ട് (pp 651-653). അതില്‍ പ്രധാനമായതാണ്The caste of Merit: Engineering Education in India എന്ന പുസ്തകം.4 ഭാരതത്തിലെ ഐ.ഐ.ടികള്‍ ജാതീയതയും വംശീയതയും സ്ഥാപനവല്‍ക്കരിക്കുകയാണെന്നതാണ് അവരുടെ പ്രധാന ആരോപണം. ഐ.ഐ.ടികളില്‍ ബ്രാഹ്മണ മേധാവിത്വമാണ് നിലനില്‍ക്കുന്നതെന്നും, ദളിതരേയും മുസ്ലിം വിഭാഗങ്ങളെയും അടിച്ചമര്‍ത്തുകയാണെന്നും ആരോപിക്കുന്നു. അതുകൊണ്ട് ഐ.ഐ.ടികളെ ”അയ്യര്‍-അയ്യങ്കാര്‍-ടെക്‌നോളജി” എന്നു വിളിച്ചാണവര്‍ പരിഹസിക്കുന്നത്. അതോടൊപ്പം നിരവധി ഐ.ഐ.ടി ബിരുദധാരികള്‍ ജോലിചെയ്യുന്ന അമേരിക്കന്‍ സിലിക്കണ്‍ വാലിയെ ”അഗ്രഹാരം വാലി” എന്നു വിളിച്ചാണവര്‍ അപമാനിക്കുന്നത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ഹിന്ദുഫോബിയ പ്രകടിപ്പിക്കുന്നത് ഹാര്‍വാഡ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ സീനിയര്‍ ഫെലോ ആയ സൂരജ് യങ്ങ്‌ഡെയാണ്.5 ഇദ്ദേഹം തീവ്രഹിന്ദുഫോബിയക്കാരനും ഒരു തരത്തിലും വീട്ടുവീഴ്ച ചെയ്യാത്ത കടുംപിടുത്തക്കാരനുമാണ്. ഹാര്‍വാഡിലെ ഏറ്റവും സ്വാധീനമുള്ള കറുത്ത വര്‍ഗ്ഗക്കാരനായ കോര്‍ത്തല്‍വെസ്റ്റാണ് തീവ്ര ഹിന്ദുഫോബിയയുടെ മറ്റൊരു വക്താവ്. ദളിതരോടൊപ്പം, മുസ്ലിംങ്ങളെയും ട്രാന്‍സ് ജെന്ററുകളും ലെസ്ബിയന്‍സ് അടക്കമുള്ള എല്‍.ജി.ബി.ടി. വിഭാഗങ്ങളെയും ഇരകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ശക്തിയുക്തം വാദിക്കുന്നു. ദളിതരുടെയും മറ്റ് ഇരകളുടേയും മോചനത്തിനുള്ള ഒറ്റമൂലിയായി അയാള്‍ നിര്‍ദ്ദേശിക്കുന്നത് സനാതനധര്‍മ്മത്തിന്റെ ഉന്മൂലനമാണ്.
ഹൈന്ദവ ഉന്മൂലനത്തെ വെറും വര്‍ഗ്ഗപരമായി ഇല്ലായ്മ ചെയ്യലല്ല ഇവരെല്ലാം പ്രബോധിപ്പിക്കുന്നത്. ഇവരുടെ ഇടയിലുള്ള പല ആക്ടിവിസ്റ്റുകളും ഹൈന്ദവ സംസ്‌കാരത്തിന്റെ എല്ലാ അടിസ്ഥാന അടയാളങ്ങളും ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്. വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, സംസ്‌കൃതം, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ക്ഷേത്രങ്ങളും ദൈവികമൂര്‍ത്തികളും, എല്ലാ ഹൈന്ദവ പ്രതീകങ്ങളും, സന്യാസി സമൂഹവും സന്യാസിമഠങ്ങളും മറ്റെല്ലാ ഹൈന്ദവ സാംസ്‌കാരിക സ്ഥാപനങ്ങളും ഉന്മൂലനം ചെയ്യണമെന്നാണവര്‍ ആഹ്വാനം ചെയ്യുന്നത്. ഇവര്‍ക്ക് ഭാരതത്തിലും വലിയ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനായിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് തമിഴ്‌നാട്ടില്‍ ഉദയനിധിസ്റ്റാലിന്‍ ഹൈന്ദവത്വത്തെ പകര്‍ച്ചവ്യാധി പോലെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന നടപടികളിലേര്‍പ്പെട്ടതും പശ്ചിമബംഗാളില്‍ സന്യാസിമഠങ്ങള്‍ക്കെതിരായ നടപടികളുമെല്ലാം ഈ കൂട്ടായ്മയുടെ പരിണതഫലമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല മേഖലകളിലും പൂര്‍വ്വാധികം ശക്തമാക്കാനും ഈ നെറ്റ്‌വര്‍ക്കുകളെ ഉപയോഗപ്പെടുത്തിയേക്കും.
കോര്‍പ്പറേറ്റുകള്‍ക്ക് നല്ല നടപ്പ്
ജാതിസെന്‍സ്സസ്സിനും ജാതിസെന്‍സിറ്റിവിറ്റി പരിശീലനത്തിനും പുറമെ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ‘സാമൂഹ്യ’ പ്രതിബദ്ധതയുടെ തോത് കണക്കാക്കാന്‍ ലക്ഷ്യമിട്ട് ചില പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ മുന്നോട്ടുവെയ്ക്കാനും കെന്നഡി സ്‌കൂളിലെ ആക്ടിവിസ്റ്റും മുന്‍പന്തിയിലുണ്ട്. ഇവ എത്രമാത്രം കോര്‍പ്പറേറ്റുകള്‍ പാലിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കുന്നതിന് ഒരു സാമൂഹ്യ ഓഡിറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റുകള്‍ ഇരകളായി ചിത്രീകരിക്കപ്പെട്ട വിഭാഗങ്ങളോട് എത്രമാത്രം നീതി ചെയ്തു എന്ന് അറിയാനുള്ള പ്രക്രിയയാണിത്. പരിസ്ഥിതി, സാമൂഹ്യനീതി, സദ്ഭരണം(Environmental, Social and Government impact: ESG) എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ സോഷ്യല്‍ ക്രഡിറ്റ് സിസ്റ്റം ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതുപോലെ വ്യക്തികള്‍ക്കും ഇ.എസ്.ജി. സ്‌കോര്‍ ലഭിക്കും. ഉയര്‍ന്ന ഇ.എസ്.ജി ക്രെഡിറ്റ് സ്‌കോറുകളുള്ള വ്യക്തികളെ മാത്രമേ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാവൂ എന്നാണവരുടെ വാദം. 2023ലെ യൂറോപ്യന്‍ യൂണിയന്റെ കോര്‍പ്പറേറ്റ് റസ്‌പോന്‍സിബിലിറ്റി റിപ്പോര്‍ട്ടില്‍ (CSRD), 2025 മുതല്‍ 50,000 കമ്പനികളില്‍ ഇ.എസ്.ജി. മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തിലും ഇതിന് തുടക്കമായതിന്റെ തെളിവാണ് 2023ല്‍ തൃശ്ശൂരിലെ ഇസാഫ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ അവര്‍ക്ക് ഉയര്‍ന്ന ഇ.എസ്.ജി റാങ്ക് ലഭിച്ചു എന്ന വെളിപ്പെടുത്തല്‍.
ഹാര്‍വാഡിന്റെ ബ്രെയ്ക്ക് ഇന്ത്യാ പാക്കേജ്
തൊണ്ണൂറുകളില്‍ ഹാര്‍വാഡിലെ കെന്നഡി സ്‌കൂള്‍ കേന്ദ്രമായി ആരംഭിച്ച ആഫ്രോ-ദളിത് പ്രസ്ഥാനം വളര്‍ന്ന് വികസിച്ചാണ് ഭാരതവിരുദ്ധ പഠനങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കും തുടര്‍ന്ന് ഹിന്ദുഫോബിയക്കും കരുത്തേകുന്നത്. ഇവരുടെ പ്രവര്‍ത്തനത്തിനാവശ്യമായ വളച്ചൊടിച്ചതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായ വാര്‍ത്തകളും ആഖ്യാനങ്ങളും ശേഖരിച്ചു നല്‍കിയിരുന്നത് അക്കാദമിക രംഗത്തും മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള ഇവരുടെ ഏജന്റുമാരാണ്. അര്‍ബന്‍ നക്‌സലൈറ്റുകളും ചില ജിഹാദി ഗ്രൂപ്പുകളും ഇവര്‍ക്ക് സ്‌ഫോടകാത്മകമായ വിവരങ്ങള്‍ എന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി സഹായിച്ചിരുന്നു. ഒരു സാധാരണ കൊലപാതകമോ, ആത്മഹത്യയോ, ബാലാല്‍സംഘമോ, അഴിമതിയാരോപണത്തിന്റെ ഫലമായുള്ള അറസ്റ്റോ, ഔദ്യോഗികതലത്തില്‍ നിയമപരമായി സ്വീകരിച്ച ശിക്ഷാ നടപടികളുമൊക്കെ വളച്ചൊടിച്ച് ദളിത് പീഡനമോ, മുസ്ലിം പീഡനമോ ആയി ചിത്രീകരിച്ച് ഇരവാദം ശക്തിപ്പെടുത്തി, സാമൂഹ്യ സംഘര്‍ഷം സൃഷ്ടിച്ച് പരസ്പര വിശ്വാസം നഷ്ടപ്പെടുത്തി സാമൂഹ്യ വിഭജനം ശക്തിപ്പെടുത്തുകയാണ് ഇവരുടെ തന്ത്രം.
ഹാര്‍വാഡിലെ പ്രസ്തുത ഭാരത വിരുദ്ധ പ്രസ്ഥാനം ഭാരതത്തില്‍, അവരുടെ ആരോപണങ്ങളും ആഖ്യാനങ്ങളും പ്രചരിപ്പിക്കാനും അവരുടെ പഠനങ്ങള്‍ക്കുവേണ്ട വിവരശേഖരം നടത്തുന്നതിനും അക്കാദമിക മാദ്ധ്യമ-രാഷ്ട്രീയ-സന്നദ്ധസംഘങ്ങളുടെ വിപുലമായ നെറ്റ്‌വര്‍ക്കുകളും കൂട്ടായ്മകളും സ്ഥാപിച്ചിട്ടുണ്ട്. അവയ്ക്ക് അഞ്ചു പ്രധാന തലങ്ങളാണുള്ളത്.
(1) ഭാരതത്തിലെ അക്കാദമിക് മേഖലയിലുള്ളവര്‍ക്ക് ഭാരത വിരുദ്ധ വിഷയങ്ങളിലും ആഖ്യാനങ്ങളിലും ഗവേഷണം നടത്തുന്നതിന് ഹാര്‍വാഡിലും മറ്റും ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും നല്‍കി ആപല്‍ക്കരമായ ഭാരതവിരുദ്ധ ആഖ്യാനങ്ങള്‍ (Atrocious Literature)സൃഷ്ടിക്കാനും ശേഖരിക്കാനും ഇവരെ ഉപയോഗിക്കുകയാണ്. അതോടൊപ്പം ഹാര്‍വാഡിന്റെ ഭാരതവിരുദ്ധ പഠനങ്ങളുടേയും ആഖ്യാനങ്ങളുടേയും പ്രചാരണത്തിനുള്ള കൂലിപ്പടയാളികളായും ഇവരെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഭാരതത്തിലെ ഗവേഷകര്‍ക്ക് ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ക്ക് പരിശീലനം നല്‍കുകയും അവ ഏറ്റെടുക്കുന്നതില്‍ വിദേശ ഫണ്ടിങ്ങ് ലഭ്യമാക്കുകയും ചെയ്ത് ഇവരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ്.
(2) ക്രിട്ടിക്കല്‍ കാസ്റ്റ് തിയറിയും അതുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളും പഠനങ്ങളും ഭാരതത്തിലേക്ക് കയറ്റുമതി ചെയ്യാന്‍ അക്കാദമിക് സ്ഥാപനങ്ങളുമായി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയാണ് മറ്റൊരു തന്ത്രം. അശോക യൂണിവേഴ്‌സിറ്റി, അസിംപ്രേംജി യൂണിവേഴ്‌സിറ്റി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്നിവയാണ് പ്രധാനപങ്കാളികള്‍. ഇതില്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റും സി.ഇ.ഓയുമായ യാമിനി അയ്യര്‍ വിവാദ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകളാണ്.
കുറിപ്പുകള്‍
1.Rajiv Malhotra, and Vijaya Viswanathan, (2022) Snakes in the Ganga: Breaking India 2.0. Blue Ink LLP. Noida. 812 പേജുകളുള്ള ബൃഹദ് ഗ്രന്ഥത്തില്‍ Bibliography മാത്രം 58 പേജുകളുണ്ട്. ഇതില്‍ ഉന്നയിച്ച ഓരോ കാര്യത്തിനും ആധികാരികത വരുത്താന്‍ കൃത്യമായി റഫറന്‍സുകള്‍ നല്‍കിയിട്ടുണ്ട്.
2. 2. Isabel Wilkerson (2020) (a)Caste:The Origin of our Disconterts, Random House, (b) “Americas’ Enduring Caste System” Published in New York Times, July 1, 2020. (www. nytimas.com)
3. Thenmozhi Soundara rajan, (2022)(a) The Treama of caste: A Dalit Feminist Meditation on Surviviorship, Healing and Abolition, North Altantic Books, California. (b) “Has India’s Caste system Migrated to US? BBC News. (c) “India’s Engineers have thrired ub Silicon Valley: Social its caste system.” The washington Post 27-10-2020. https://www. washingtonpost.com.
4. Ajantha Subramanian, The Caste of Merit Engineering Education in India (2019) Harward University Press.
5.Suraj Yengde, (a) 2020 Brahminical Partriarcley Upenn/Suraj Yengde, 28th Feb. https://www.youtube.com. (b) (2021) caste of Mind, 24 March, https:// the baffler com/latest/caste-of-mind.
മല്‍ഹോത്രയുടെ പുസ്തകത്തില്‍ 4-ാം അദ്ധ്യായത്തിന്റെയും 5-ാം അദ്ധ്യായത്തിന്റെയും End Notesല്‍ ഇവര്‍ 4 പേരുടേയും പ്രധാന പ്രസിദ്ധീകരണങ്ങളെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
(തുടരും)