ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റായി വിരമിച്ച ഡോ.സി. എ. ജയപ്രകാശ് ശ്രീകാര്യം കരിമ്പൂക്കോണം ക്ഷേത്രത്തിന് സമീപം നവോമി ഗാര്‍ഡന്‍സിലെ ശ്രീപഥം എന്ന സ്വവസതിയില്‍ 2024 സപ്തംബര്‍ 14ന് കാലത്ത് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ സസ്യശാസ്ത്രത്തിന്റെ സംഭാവനയ്ക്ക് മുന്‍തൂക്കം നല്‍കിയ ഒരു ശാസ്ത്ര പ്രതിഭയാണ് വിടവാങ്ങിയത്.
മികച്ച കാര്‍ഷിക ഗവേഷകന്‍
കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ജയപ്രകാശ്, അറിയപ്പെടുന്ന ഒരു എന്‍ഡമോളജിസ്റ്റ് ആയി വളര്‍ന്നതില്‍ സര്‍വ്വകലാശാലയിലെ ജന്തുശാസ്ത്ര അധ്യാപകരായ ഡോ. എം.ഗോകുല്‍ദാസ്, ഡോ. ലാസര്‍, ഡോ. പി.എസ്. ഈസ എന്നിവരുടെ പങ്ക് നിസ്തുലമായിരുന്നു. ദീര്‍ഘകാലം സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സൂപ്രണ്ടായിരുന്ന ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ളയെ പോലുള്ളവരുടെ സൗഹൃദവും ഒരു നല്ല ഗവേഷകനായി ഉയരാന്‍ ഈ യുവ ശാസ്ത്രജ്ഞനെ ഏറെ സഹായിച്ചിരുന്നു. സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ഏറെ സഹായിച്ചു.
മികച്ച കാര്‍ഷിക ഗവേഷകനായിരുന്നു ജയപ്രകാശ്. മരച്ചീനിയില്‍ നിന്ന് വികസിപ്പിച്ചെടുത്ത നന്മ, മേന്മ, ശ്രേയ എന്നീ കീടനാശിനികളിലൂടെ ഡോ. ജയപ്രകാശിനെ കാര്‍ഷിക സമൂഹം എന്നും ഓര്‍മ്മിക്കുന്നതാണ്. വാഴയെ ആക്രമിക്കുന്ന പിണ്ടിപ്പുഴുവിന്റെ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഒരു കീടനാശിനിയാണ് നന്മ. ഇതിന് വേണ്ടി വിക്രം സാരാബായി സ്‌പേസ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ലബോറട്ടറിയും യന്ത്ര സാമഗ്രികളും സസ്യശാസ്ത്രരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മരച്ചീനി ഇലകളുടെ ചണ്ടി ഉപയോഗിച്ച് ഉണ്ടാക്കുന്ന മീതയിന്‍ ഇന്ധനമുപയോഗിച്ച് വാഹനമോടിക്കാമെന്ന ഡോ. ജയപ്രകാശിന്റെ പരീക്ഷണവും വിജയമായിരുന്നു.
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 2023ല്‍ വിരമിച്ച ഡോ.ജയപ്രകാശ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മുപ്പത് വര്‍ഷമായി നൂറോളം തവണ രക്തദാനം നടത്തി രക്തദാനത്തില്‍ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. സമൂഹത്തില്‍ സ്വാഭാവികമായ ആരോഗ്യരീതികളും യോഗയും നല്ല ജീവിതശൈലിയും ശീലമാക്കാന്‍ ഈ യുവശാസ്ത്രജ്ഞന്‍ സാധാരണക്കാരെ പ്രേരിപ്പിച്ചിരുന്നു. വിശ്രമ ജീവിതം ഗുരുവായൂരിലാക്കാന്‍ ഉദ്ദേശിച്ചായിരുന്നു അവിടെ ഒരു പുതിയ വീട് നിര്‍മ്മിച്ചത്. അതിന്റെ പാല് കാച്ച് കര്‍മ്മം ഈ അടുത്ത ദിവസമാണ് നടന്നത്. അപ്പോഴും ഈ ഗവേഷകന്റെ ശാസ്ത്ര ചിന്ത പുന്നയൂര്‍ കോട്ടയിലെ ആനപ്പിണ്ടത്തെ ഏങ്ങനെ ശാസ്ത്രീയമായി സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്താമെന്നായിരുന്നു.
അന്താരാഷ്ട്ര പ്രാധാന്യം നേടിയ നിരവധി പ്രബന്ധങ്ങളും പ്രൊജക്ടുകളും ജയപ്രകാശിന്റെ ശാസ്ത്രനേട്ടങ്ങളായി നിലകൊള്ളുന്നു. നിരവധി ഗവേഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ജയപ്രകാശിന് ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി രാമനാട്ടുകരയില്‍ വെച്ച് നടത്തപ്പെട്ട കര്‍ഷക സെമിനാറില്‍ ജൈവശാസ്ത്ര ഗവേഷണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഐസിഎആര്‍ ശാസ്ത്രജ്ഞന്‍ കൂടിയായ ഡോ.ജയപ്രകാശിനെ ജൈവശ്രീ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. പി.ജെ ട്രസ്റ്റ് ഫോര്‍ നാച്ചുറല്‍ ഹൈജീന്‍ ആണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെറുകിട കിഴങ്ങ് കര്‍ഷകരുടെയും ചെറുധാന്യ പ്രേമികളുടെയും മനസ്സില്‍ ജയപ്രകാശ് എന്ന ശാസ്ത്രജ്ഞന്‍ നിത്യഹരിതമായി നിലകൊള്ളുന്നു.
റിട്ടയര്‍മെന്റിന് ശേഷം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി ജോലി നോക്കുകയായിരുന്ന ഡോ.ജയപ്രകാശിനെ ഏതാനും ദിവസങ്ങള്‍ മുമ്പാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേണിങ് കൗണ്‍സിലിലേയ്ക്ക് കേരള ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്. കേന്ദ്ര സര്‍വ്വകലാശാല എക്‌സിക്ക്യൂട്ടീവ് കൗണ്‍സിലിലും ഡോ. ജയപ്രകാശ് അംഗമായിരുന്നു. കഴിഞ്ഞ പ്രാവശ്യം കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിച്ച മൂന്നു പേരില്‍ ഒരാള്‍ ഡോ. ജയപ്രകാശായിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഏതാനും ശാസ്ത്ര സമിതികളില്‍ അംഗമായിരുന്നിട്ടുണ്ട് ഈ ശാസ്ത്ര പ്രതിഭ.
പൊന്നാനിക്കടുത്ത് എരമംഗലം ഗ്രാമത്തിലെ ആദ്യകാല സംഘ പ്രവര്‍ത്തകനായിരുന്ന ജയപ്രകാശിന്റെ പിതാവ് അറുമുഖന്‍ ആ കാലത്ത് നാഗ്പ്പൂരില്‍ വെച്ച് നടന്ന മൂന്നാം വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുത്തിട്ടുണ്ട്. സുശീല, കോമളം (റിട്ടയഡ് അധ്യാപിക), വിവേകാനന്ദന്‍ (റിട്ടയഡ് സബ് ഇന്‍സ്‌പെക്ടര്‍), ഡോ. ഗീത അസിസ്റ്റന്റ് പ്രൊഫസര്‍ കേന്ദ്ര സര്‍വ്വകലാശാല കാസര്‍ഗോഡ്, ജ്യോതി ബാംഗ്‌ളൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സാമൂഹ്യ പ്രവര്‍ത്തകയായ സഹോദരി ഗീത ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി കൂടിയാണ്. ഭാര്യ ഡോ.ബിന്ദു കേരള ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടറായി ജോലി നോക്കുന്നു. ഏകമകള്‍ ഡോ.രാധികാ ജയപ്രകാശ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.
(ലേഖകന്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനാണ്)