ഇടതുപക്ഷ എം.എല്‍.എ കെ.ടി. ജലീല്‍ പാണക്കാട്ട് തങ്ങളെ ഉപദേശിക്കാന്‍ മാത്രം വളര്‍ന്നോ? ലീഗുനേതാക്കള്‍ ഇതെങ്ങനെ സഹിക്കും? തങ്ങളെ മാത്രമല്ല സകല ഖാസിമാരെയും ഉപദേശിക്കാന്‍ ജലീല്‍ തയ്യാറായിരിക്കയാണ്. മാപ്പിളലഹളയെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് സംഘടിപ്പിച്ച അത്ര നിസ്സാരമല്ല ഈ ഉപദേശിപ്പണി എന്ന് ലീഗുനേതാക്കള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. മാപ്പിളലഹള ഗവേഷണത്തിനു ശേഷം ഇയ്യിടെ മുസ്ലിം സമൂഹത്തെ സംബന്ധിക്കുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് ജലീല്‍. അതിലും ലീഗുകാര്‍ക്ക് അത്ര തൃപ്തി തോന്നിയിട്ടില്ല. അതിനു പിന്നാലെയാണ് വലിയൊരു ഗവേഷണം നടത്തി താന്‍ കണ്ടെത്തിയ കാര്യവും അതിനുള്ള പരിഹാരവും ഒരു ചാനല്‍ അഭിമുഖത്തിലും പിന്നെ തന്റെ സമൂഹമാധ്യമ പോസ്റ്റിലും വഴി ജലില്‍ മാലോകരെ അറിയിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ ഉള്‍പ്പെടുന്നവര്‍ മുഖ്യമായും മുസ്ലിങ്ങളാണെന്നതാണ് ജലീലിന്റെ ഗവേഷണ വിഷയമായത്. സ്വര്‍ണ്ണക്കടത്ത് മതവിരുദ്ധമല്ല എന്ന വിശ്വാസമാണ് അതിനു കാരണം എന്ന് അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ഈ ഗവേഷണത്തിന്റെ ഭാഗമായിരുന്നോ ഖുറാന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് എന്ന് ചോദിക്കരുത്. ആത്മാര്‍ത്ഥമായ അന്വേഷണത്തിന് ഇത്തരം വഴികളൊക്കെ സ്വീകരിക്കേണ്ടി വരും. പോക്കറ്റടിയെക്കുറിച്ചു ഗവേഷണം നടത്തുമ്പോള്‍ പോക്കറ്റടിക്കാര്‍ക്കൊപ്പം നടക്കേണ്ടിവരുമല്ലോ. ഏതായാലും ഗവേഷണത്തിലെ കണ്ടെത്തലില്‍ ആര്‍ക്കും അഭിപ്രായ ഭിന്നത ഉണ്ടാവില്ല അതിനു ജലീല്‍ നിര്‍ദ്ദേശിച്ച പരിഹാരമാണ് ലീഗ് നേതാക്കള്‍ക്ക് പിടിക്കാതെ പോയത്.
സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടും ഇസ്ലാമിക വിരുദ്ധമാണെന്ന് പാണക്കാട്ട് തങ്ങള്‍ ഫത്വ പുറപ്പെടുവിക്കണം എന്നതാണ് ജലീലിന്റെ ഒരു നിര്‍ദ്ദേശം ഇസ്ലാമിക വിരുദ്ധമായത് മുസ്ലിങ്ങള്‍ ചെയ്യില്ലല്ലോ. മാത്രമല്ല ഖാസിമാര്‍ സ്വര്‍ണ്ണക്കടത്തു നടത്തുന്നവരെ വിളിച്ചു കൂട്ടി സ്വര്‍ണക്കടത്തിനെതിരെ ഒരു ബോധവല്‍ക്കരണക്ലാസ്സും നടത്തണം. ഇതോടെ സ്വര്‍ണ്ണക്കടത്തിന് മുകളിലെ ഹലാല്‍ മുദ്ര എടുത്തു മാറ്റപ്പെടുമെന്നും ഇസ്ലാംമതത്തിന് സ്വര്‍ണ്ണക്കടത്തിന്റെ പാപഭാരത്തില്‍ നിന്നും ഒഴിഞ്ഞു മാറാമെന്നുമാണ് ജലീലിന്റെ തിയറി. ജലീലിന്റെ സമുദായ സ്‌നേഹം കൊള്ളാം. എന്നാല്‍ ലീഗ് നേതൃത്വത്തിന് ഇത് തൊണ്ടയില്‍ കുടുങ്ങിയ മുള്ളാകും. മുസ്ലിങ്ങളാണ് സ്വര്‍ണ്ണക്കടത്ത് നടത്തുന്നവര്‍ എന്നു സമ്മതിക്കുന്നതിനു തുല്യമല്ലേ ഇത്തരം ഫത്വ ഇറക്കല്‍. അതോടെ സ്വര്‍ണ്ണക്കടത്തിന് മതമില്ല എന്ന ലീഗ് സ്ഥിരം പല്ലവി പൊളിഞ്ഞു പോയില്ലേ? അതുകൊണ്ട് ജലീലിന്റെ ഗവേഷണകണ്ടെത്തലിനെതിരെയാവും പാണക്കാട്ട്തങ്ങള്‍ ഫത്വ ഇറക്കാന്‍ സാധ്യത.