സ്ഫടികം എന്ന സിനിമയില്‍ എന്നെ നീയിനി പൊന്നുകൂട്ടി വിളിക്കരുതെന്ന് കെ.പി.എ.സി ലളിത അവതരിപ്പിച്ച പൊന്നമ്മ എന്ന കഥാപാത്രം മകനായ ആടുതോമയോട് പറയുന്ന രംഗമുണ്ട്. ഇപ്പോള്‍ ഞാന്‍ നിന്റെ പൊന്നമ്മയല്ല എന്ന് അവര്‍ മകനോട് വ്യംഗ്യമായ സൂചനയോടെ പറഞ്ഞപ്പോള്‍ പ്രേക്ഷകരുടെ ഹൃദയവും വിങ്ങിയിരുന്നു. പക്ഷേ മലയാളിക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ പൊന്നുചേര്‍ത്തല്ലാതെ വിളിക്കാന്‍ കഴിയാത്ത ഒരു നടിയുണ്ടെങ്കില്‍ അത് കവിയൂര്‍ പൊന്നമ്മ എന്ന അനശ്വര പ്രതിഭയാണ്. എറണാകുളം ലിസി ആശുപത്രിയില്‍ നിന്ന് കവിയൂര്‍ പൊന്നമ്മയുടെ ജീവനറ്റശരീരം ശ്മശാനത്തിലെത്തിച്ച് എരിഞ്ഞടങ്ങിയപ്പോള്‍ അതോടൊപ്പം ചാരമായത് മലയാള സിനിമയിലെ സുപ്രധാനമായ ചില ഏടുകള്‍ കൂടിയാണ്. ചരിത്രത്തില്‍ അത് ബാക്കിയാകുമെങ്കിലും അനുഭവതലത്തില്‍ ഒരു മഹാപത്രിഭയുടെ സാന്നിധ്യം നമുക്ക് നഷ്ടമായിരിക്കുന്നു. മലയാളിയുടെ മാതൃഭാവത്തിന് ഈടും പാവും തുന്നിയ ആ മഹാസാന്നിധ്യം ഇനി നമ്മോടൊപ്പമില്ല. അമ്മവേഷങ്ങളുടെ വൃത്തത്തിനുള്ളില്‍ പരിമിതപ്പെട്ടുവെന്ന് പലരം പരിഭവം പറയുന്ന ആ മഹാസപര്യയുടെ ആഴവും പരപ്പും എത്രയെന്ന് അന്വേഷിക്കുന്നത് ഈ സന്ദര്‍ഭത്തിലെങ്കിലും ഉചിതമാണെന്ന് കരുതുന്നു.
ഒരേ കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മങ്ങുകയും വിരസമാകുകയും ചെയ്യുന്നതാണ് മിക്കപ്പോഴും കലയുടെ സൗന്ദര്യശാസ്ത്രം. പുതുമകള്‍ തേടിപ്പോകുന്ന മനുഷ്യമനസ്സിന് ദൃശ്യകലകളിലെ ചില ആവര്‍ത്തനങ്ങളെ പുറന്തള്ളുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. പക്ഷേ ആവര്‍ത്തിക്കുന്തോറും കൂടുതല്‍ പ്രകാശമാനവും ധന്യവും ആകുന്ന നാനൂറിലധികം അമ്മവേഷങ്ങള്‍ ഒരു നടി സുഭദ്രമായി തുടര്‍ച്ചയായി സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് അപൂര്‍വ്വമായ കാര്യമാണ്. അത് സാധിക്കുക വഴി മലയാള സിനിമയില്‍ അഭിനേത്രി എന്ന നിലയില്‍ കവിയൂര്‍ പൊന്നമ്മ ഉറപ്പിച്ചത് അവര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന കിരീടമാണ്. സുകുമാരി, കെ.പി.എ.സി ലളിത ഉള്‍പ്പെടെയുള്ള സമകാലികരായ ശക്തവും ബഹുമുഖവുമായ അഭിനയപ്രതിഭകള്‍ക്കിടയില്‍ പൊന്നമ്മയെ ജ്വലിപ്പിച്ചുനിര്‍ത്തിയതും ഈ സ്ഥിരതയും നൈസര്‍ഗ്ഗികമായ ഭാവചൈതന്യവും ആണ്. മനുഷ്യന്റെ എല്ലാകാലത്തുമുള്ള വിശ്രമസ്ഥാനമാണ് അമ്മയുടെ മടിത്തട്ട്. ജീവിതത്തില്‍ പലഭാവങ്ങളില്‍ പലതരം സ്ത്രീകള്‍ വന്നുപോകുന്നുവെങ്കിലും ഗര്‍ഭപാത്രത്തിലും, അതിനുപുറത്തുവന്നശേഷവും അമ്മയുടെ ആശ്ലേഷവും, തലോടലും നമുക്ക് നല്‍കുന്ന വിശ്രാന്തി ഭൗതികതയില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. പലപ്പോഴും അത് ധ്യാനാവസ്ഥയോളം ഉയര്‍ന്നുനില്‍ക്കുന്ന ആത്മീയമായ അനുഭവവും ആണ്. മാതൃദേവോ ഭവഃ എന്ന വാക്യം അനുഭവതലത്തില്‍നിന്ന് ഉയര്‍ന്നുവന്നത് തന്നെയാണ്. മാതാ പിതാ ഗുരു ദൈവം എന്നതില്‍ മാതാവിന്റെ പ്രഥമസ്ഥാനവും സൂചിപ്പിക്കുന്നത് മറ്റൊന്നല്ലല്ലോ.
കവിയാത്ത ചലനങ്ങള്‍, ആന്തരിക ചൈതന്യമുള്ള ഉടലും മൊഴിയും
അമ്മവേഷങ്ങളുടെ പരിണതികളില്‍ സ്ഥായിയായ ദുഃഖം നമ്മുടെ സിനിമാ തിരക്കഥകളില്‍ എപ്പോഴും മുന്നിട്ടുനിന്നിരുന്നു. മഹാഭാരതകാലം മുതല്‍ക്ക് യുദ്ധഭൂമിയിലും, അന്തഃപുരങ്ങളിലും സ്ത്രീകളുടെ വിലാപങ്ങള്‍ അറ്റമില്ലാതെ മുഴങ്ങുന്നതാണല്ലോ ജീവിതത്തിന്റെ പ്രതിഫലനം. മകനും,ഭര്‍ത്താവിനും, സഹോദരനും വേണ്ടി അലമുറയിടുകയും തപിക്കുകയും ചെയ്യുന്ന അമ്മവേഷങ്ങളിലേക്ക് പരകായപ്രവേശം നടത്തുമ്പോള്‍ ഒരിക്കലും അത് നാടകീയമായ പ്രകടനങ്ങളിലേക്ക് വഴുതാതിരിക്കാന്‍ പൊന്നമ്മ ശ്രദ്ധിച്ചിരുന്നു. കാമറയ്ക്കുമുന്നില്‍ സാങ്കേതികമായി അംഗചലനങ്ങളില്‍ ഉണ്ടാകേണ്ട മിതത്വം അവര്‍ പാലിച്ചു. പലപ്പോഴും ഒരു നോട്ടത്തിലും, കണ്ണിന്റെ കോണില്‍ ഊറിവന്ന ചെറിയ നനവിലും, തെളിനിലാവ് പോലെ സമൃദ്ധമായ ചിരിയിലും അത് ഭദ്രമായി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന മുഴുനീള ചിരിപ്പടത്തിലെ ആന്‍ഡ്രൂസിന്റെ അമ്മയേയും, അരിസ്‌റ്റോട്ടിലിന്റെ ദുരന്തനാടകസങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണമെന്നോണം ജ്വലിച്ച കിരീടത്തിലെ സേതുമാധവന്റെ അമ്മയേയും അവര്‍ക്ക് തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഈ മിതത്വം കൊണ്ടാണെന്ന് സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാക്കാം. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്ന, തിരിച്ചുകിട്ടില്ലെന്നുകരുതിയ മകനെ ആശ്ലേഷിക്കുന്ന അരയന്നങ്ങളുടെ വീട്ടിലെ അമ്മയും, വാത്സല്യത്തിലെ എന്നെന്നേക്കുമായി വീടുവിട്ടിറങ്ങിപ്പോകുന്ന മേലേടത്ത് രാഘവന്‍നായരുടെ ഒപ്പം ഇറങ്ങുന്ന അമ്മയും മക്കളോടുള്ള വാത്സല്യപൂരത്തിന്റെ പ്രഭയില്‍ ഒരേ നില കൈക്കൊള്ളുന്നത് കാണാം. മരിച്ച മകനെ ഓര്‍ത്ത് ചങ്ങലയില്‍ കിടന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഭാഗീരഥിയും സമൂഹം ഭ്രാന്തനാക്കിയ മകന്‍ ബാലന് വിഷം വാരിക്കൊടുക്കുന്ന തനിയാവര്‍ത്തനത്തിലെ അമ്മയും കവിയൂര്‍ പൊന്നമ്മയുടെ കൈയില്‍ ഇടറാതെ നിന്നത് ഈ ഉള്‍ക്കരുത്തുകൊണ്ടാണ്.
തുളുമ്പാത്ത ശബ്ദസൗഭഗം, ഭാവാത്മകമായ മൗനം
വാത്സല്യവും ദുഃഖവും നേരിയ അടരിനപ്പുറം നല്‍ക്കുന്ന രണ്ട് വികാരങ്ങളാണ്. അവ പരസ്പരം എപ്പോഴും പൂരിപ്പിച്ചുകൊണ്ടിരിക്കും. ഇവ രണ്ടും സ്‌ക്രീനില്‍ ആവിഷ്‌കരിക്കുമ്പോള്‍ അഭിനേത്രിയുടെ ശബ്ദം എങ്ങനെയിരിക്കും. ചിലപ്പോള്‍ അത് ഏങ്ങലായി ഒടുങ്ങുന്നത് കാണാം. ചിലപ്പോള്‍ വലിയ ശബ്ദപ്രകടനമായി മാറുന്നതും. എന്നാല്‍ ഈ ഭാവങ്ങളെ കവിയൂര്‍ പൊന്നമ്മ സ്‌ക്രീനില്‍ അവതരിപ്പിച്ചത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. മകന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് രാമായണം വായിച്ച് കേള്‍ക്കുന്ന കിരീടം എന്ന സിനിമയിലെ അമ്മയുടെ ശബ്ദം എത്രമേല്‍ ആര്‍ദ്രമായാണ് നമ്മുടെ ഹൃദയത്തിലേക്ക് ചേര്‍ന്നുനിന്നത്. എന്തിനാ ഭഗവാന്റെ കണ്ണുനിറഞ്ഞത് എന്ന് ഭാവപാരവശ്യത്തോടെ മകനോട് ചോദിക്കുമ്പോള്‍ ശബ്ദത്തില്‍ വാത്‌സല്യമോ ഭക്തിയോ മുമ്പില്‍ നില്‍ക്കുന്നതെന്ന് വേര്‍തിരിച്ചെടുക്കാന്‍ ആസ്വാദകര്‍ക്ക് കഴിയുന്നില്ല. ആ ചോദ്യത്തിന് മറുപടിയായി ”ഭഗവാന്റെ കണ്ണില്‍ പൊടി കയറിയതുകൊണ്ട്” എന്ന് മകന്‍ മറുപടി പറയുമ്പോള്‍ കുറുമ്പുപറഞ്ഞ അവനെ സ്‌നേഹമസൃണമായി ശാസിക്കുന്ന ഭാവത്തിലേക്ക് ശബ്ദം പരിണമിക്കുന്നത് കാണാം. മരിച്ചുപോയ മകനെ കാത്ത് വര്‍ഷങ്ങള്‍ തള്ളിനീക്കുന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഭാഗീരഥിത്തമ്പുരാട്ടിയുടെ ഉണ്ണീ എന്ന ആവര്‍ത്തിച്ചുള്ള വിളിയില്‍ ദുഃഖവും വാത്സല്യവുമാണ് ഒന്നുചേര്‍ന്നിരിക്കുന്നത്. ഇങ്ങനെ സൂക്ഷ്മമായി ശബ്ദവും ഭാവവും കോര്‍ത്തിണക്കുന്ന മാന്ത്രികതയാണ് കവിയൂര്‍ പൊന്നമ്മ എന്ന അഭിനയപ്രതിഭയുടെ ഓര്‍മ്മകളെ കൂടുതല്‍ അനശ്വരമാക്കുന്നത്.
കൗമാരം മുതല്‍ക്ക് സിനിമയിലെ അമ്മ
തന്റെ പത്തൊന്‍പതാം വയസ്സില്‍ സമപ്രായക്കാരിയായ ഷീലയുടെ അമ്മവേഷം അഭിനയിച്ചാണ് കവിയൂര്‍ പൊന്നമ്മ അമ്മവേഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനുശേഷം ആയിരത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചപ്പോള്‍ അതില്‍ നാനൂറിലധികം വേഷങ്ങള്‍ അമ്മയുടേതായിരുന്നു. മലയാള സിനിമയില്‍ മാതൃബിംബം വളരെ ശക്തിയായി നിലനിര്‍ത്തുന്നതില്‍ പൊന്നമ്മയുടെ സാന്നിധ്യം വലിയ പങ്ക് വഹിച്ചു. അഞ്ചാംവയസ്സ് മുതല്‍ തുടങ്ങിയ കലാതപസ്യയാണ് അവരെ അഭിനയത്തിലെ ശക്തിദുര്‍ഗ്ഗമായി വളര്‍ത്തിയെടുത്തത്. നാല് വയസ്സ് മുതല്‍ വിവിധ ഗുരുക്കന്മാര്‍ക്ക് കീഴില്‍ സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സുമുതല്‍ പ്രധാന നാടകസംഘങ്ങളിലെ ഗായികയായി മാറി. 1958ല്‍ പ്രതിഭ ആര്‍ട്‌സിനുവേണ്ടി തോപ്പില്‍ ഭാസി സംവിധാനം ചെയ്ത മൂലധനം എന്ന നാടകത്തില്‍ പാടി അഭിനയിച്ച് അരങ്ങിലെത്തി. 1962ല്‍ ശ്രീരാമപട്ടാഭിഷേകം ആണ് ആദ്യ സിനിമ. തുടര്‍ന്ന് 2021 വരെ നീണ്ട 59 വര്‍ഷം അവര്‍ സിനിമയില്‍ ശക്തമായ സാന്നിധ്യമായി നിലനിന്നു. ഒരുപക്ഷേ ഇത്രയും വര്‍ഷക്കാലം തുടര്‍ച്ചയായി സിനിമയില്‍ സജീവമായി നില്‍ക്കുക എന്നത് പുതുതലമുറയിലെ അഭിനേത്രികള്‍ക്ക് അപ്രാപ്യമായ ഒന്നാകാന്‍ സാധ്യതയുണ്ട്. ന്യൂ ജെന്‍ സിനിമകളുടെ കഥാപശ്ചാത്തലങ്ങളില്‍ കുടുംബപശ്ചാത്തലം ദുര്‍ബ്ബലമായതിനെക്കുറിച്ച് വിമര്‍ശിക്കാനും പൊന്നമ്മ തയ്യാറായിരുന്നു. സിനിമയുടെ വിഷയങ്ങള്‍ കൂടുതല്‍ പരുക്കനും, ഹിംസാത്മകവും ആയതോടെ മാതൃസങ്കല്‍പ്പങ്ങളുടെ പ്രാധാന്യം കുറഞ്ഞതിനെ ക്രിയാത്മകമായി വിമര്‍ശിക്കാന്‍ തയ്യാറായ ഒരു അഭിനേത്രി കൂടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 1965 ല്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ സത്യന്റേയും, മധുവിന്റേയും അമ്മയായും അടുത്ത തലമുറയില്‍ മലയാള സിനിമ അടക്കിവാണ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വരെ അമ്മയായും സ്‌ക്രീനില്‍ നിറഞ്ഞ പൊന്നമ്മയ്ക്ക് പകരം വെക്കാന്‍ പതിറ്റാണ്ടുകളോളം മലയാളസിനിമയില്‍ ആരും ഇല്ലായിരുന്നു.
പരമമായ അര്‍ത്ഥത്തിലല്ലാതെ ഒന്നും ആവര്‍ത്തിക്കുന്നില്ല. പരിമിതമായ മനുഷ്യായുസ്സിന്റെ വൃത്തത്തിനുള്ളില്‍ കാലവും സമയവുമെല്ലാം തുച്ഛം. അതുകൊണ്ടുതന്നെ നമ്മുടെ ഓര്‍മ്മകളിലെ മുന്‍തലമുറയിലോ വരാനിരിക്കുന്ന തലമുറയിലോ ഒരു കവിയൂര്‍ പൊന്നമ്മ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പ്. അഭിനയത്തിന്റെ ഫലശ്രുതിയില്‍ പേര്‍ത്തും പേര്‍ത്തും നിറയുന്ന വാത്സല്യത്തിന്റെ പാല്‍ക്കടല്‍ നമ്മുടെ ഓര്‍മ്മകളില്‍ ബാക്കിയാക്കിയാണ് അവര്‍ മടങ്ങുന്നത്. അനന്തതയില്‍ മേഘപാളികള്‍ക്കിടയില്‍ അവരുടെ ചിരിയും നോട്ടവും സ്പര്‍ശവും ഇനിയുമേറെക്കാലം നമ്മുടെ മക്കളുടെ മേല്‍ അനുഗ്രഹവര്‍ഷമായി ചൊരിയട്ടെ.