എം.എം.ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം തള്ളി മെഡിക്കല്‍ കോളേജിന് നല്‍കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതു സി.പി.എമ്മിന്റെ തന്ത്രം. പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നു പറയാമെങ്കിലും കളി പാര്‍ട്ടിയുടെതാണ്. അന്‍വറിന്റെ ‘കെട്ടുപോയ സൂര്യന്‍’ ചില്ലറ ക്ഷീണമല്ലല്ലോ പാര്‍ട്ടിക്ക് ഉണ്ടാക്കിയത്. അങ്ങനെയിരിക്കെ സ്വല്പമെങ്കിലും പ്രതിച്ഛായ ഉയര്‍ത്താന്‍ ലോറന്‍സിന്റെ മൃതദേഹത്തിനെ കൊണ്ടു സാധിച്ചാല്‍ നല്ലതല്ലേ? ദില്ലിയില്‍ യച്ചൂരി മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയ പോലെ കേരളത്തിലും ഒരു പാര്‍ട്ടി നേതാവ് നല്‍കി എന്നത് പാര്‍ട്ടിക്കല്ലേ തിളക്കം ഉണ്ടാക്കുക? എന്നാല്‍ മൃതദേഹം പഠിക്കാന്‍ നല്‍കുന്ന കീഴ്‌വഴക്കം ഇ.എം.എസ്സോ നായനാരോ എ.കെ.ജിയോ സ്വീകരിച്ചിട്ടില്ല. അവരുടെ കുടുംബവും അതിന് തയ്യാറില്ലായിരുന്നു. പാര്‍ട്ടി ഒതുക്കി മൂലക്ക് ഇരുത്തിയ ലോറന്‍സിന് സെമിത്തേരിയിലും സമാധാനം നല്‍കരുത് എന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ബ്ബന്ധമുള്ളതു കൊണ്ടായിരുന്നോ ആദര്‍ശധീരത കൊട്ടിഘോഷിച്ചു കൊണ്ടുള്ള ഈ നക്കിക്കൊല്ലല്‍ തന്ത്രം.
ഇ.എം.എസ്സിനും നായനാര്‍ക്കും എ.കെ.ജിക്കും വിളമ്പിയ പന്തിയിലല്ല പാര്‍ട്ടിയില്‍ ലോറന്‍സിന് ഇല കിട്ടിയത്. വിഭവങ്ങളും വേറെയായിരുന്നു. പള്ളിയില്‍ വെച്ചു വിവാഹം വേണ്ട എന്നു ശഠിച്ച കമ്മ്യൂണിസ്റ്റായിരുന്നു ലോറന്‍സ്. അദ്ദേഹത്തിന് പാര്‍ട്ടിയുടെ നിര്‍ബ്ബന്ധം മൂലം പള്ളിച്ചട്ട പ്രകാരം വിവാഹിതനാകേണ്ടിവന്നു. സേവ് സി.പി.എം ഫോറത്തിന്റെ പേരില്‍ പാര്‍ട്ടി മൂലക്കിരുത്തിയതും ലോറന്‍സ് സഹിച്ചു. സി. പി.എമ്മിന് നേതൃത്വവുമായി വിയോജിക്കുന്നവരൊക്കെ ശത്രുക്കളാണ്. ശത്രുവിനെ നശിപ്പിക്കാന്‍ ഏതു വഴിയും പാര്‍ട്ടി സ്വീകരിക്കും. എം.വി.രാഘവന്‍ ബദല്‍ രേഖ കൊണ്ടു വന്നതോടെ പാര്‍ട്ടിക്ക് ശത്രുവായി. വധശ്രമത്തില്‍ നിന്നു പല തവണ രക്ഷപ്പെട്ടെങ്കിലും രോഗബാധിതനായി കഴിയുമ്പോഴും അദ്ദേഹത്തെ പാര്‍ട്ടി വെറുതെവിട്ടില്ല. മകനെ ഉപയോഗിച്ച് നക്കിക്കൊല്ലല്‍ തന്ത്രം വഴി അദ്ദേഹത്തെ മരണം വരെ പാര്‍ട്ടിയുടെ നുകത്തില്‍ തളച്ചിട്ടു. ഇതുപോലെ ലോറന്‍സിന് സെമിത്തേരിയിലും സമാധാനം നല്‍കാതെ മൃതദേഹത്തെ മെഡിക്കല്‍ കോളേജിന്റെ പഠനവസ്തുവാക്കി മാറ്റാന്‍ ശ്രമിക്കുന്നു.