ആദ്ധ്യാത്മിക ആചാര്യന്മാരും നവോത്ഥാന നായകരുമെല്ലാം സ്വന്തം ജീവനും ജീവിതവും ബലിയര്‍പ്പച്ച് പടുത്തുയര്‍ത്തിയ നവകേരളം ഇന്ന് നരകസാമ്രാജ്യമായി അധഃപതിക്കുകയാണ്. മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത വിധത്തിലുള്ള കുറ്റകൃത്യങ്ങളുടെ കേദാരമായിക്കൊണ്ടിരിക്കുന്ന ഒരു നവകേരളമാണ് നമ്മുടെ മുന്നിലുള്ളത്. മണ്ണ്, ക്വാറി മാഫിയകളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്നു സംഘങ്ങളും സ്വര്‍ണ്ണക്കള്ളക്കടത്തുകാരും വിരാജിക്കുന്ന ഒരു അധോലോകമായി നമ്മുടെ പഴയ സുന്ദരകേരളം മാറിയിരിക്കുന്നു. സാംസ്‌കാരികമായി അധഃപതിച്ച, വിവിധ ലഹരി പദാര്‍ത്ഥങ്ങളില്‍ കുടുങ്ങി ജീവിക്കുന്ന ഒരു സമൂഹമായി നാം മാറുകയാണ്. തൊഴിലില്ലായ്മ, അസ്തിത്വ നഷ്ടം, വിഭവങ്ങളുടെ അമിതോപയോഗം, പരിസ്ഥിതി നാശം, പൗരാവകാശ ധ്വംസനം എന്നിവ ഇവിടെ നടമാടിക്കൊണ്ടിരിക്കുന്നു.
ഇത്തരമൊരു സാംസ്‌കാരിക അപചയത്തിനെതിരെ മുന്‍നിരയില്‍ നിന്നു പ്രതികരിക്കേണ്ട സാംസ്‌കാരിക നായകന്മാര്‍ മൗനം പാലിക്കുകയും ഇതിന്റെയൊക്കെ സൗകര്യങ്ങള്‍ക്ക് അടിമകളായി ജീവിക്കുകയും ചെയ്യുന്നു. സാംസ്‌കാരിക നായകന്മാരാണെന്ന് ഊറ്റംകൊള്ളുന്നവര്‍ സര്‍ക്കാരില്‍ നിന്നും കിട്ടിയ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനായി ദുഷിച്ച നവകേരളം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരെ പാടി പുകഴ്ത്തുകയും ചെയ്യുന്നു. വീണ്ടും സര്‍ക്കാരിന്റെ എല്ലാ നെറികെട്ട പ്രവര്‍ത്തനങ്ങളെയും ഒരു മടിയും കൂടാതെ ന്യായീകരിക്കുന്നവരായി ഇവര്‍ അധഃപതിച്ചിരിക്കുന്നു.
കേരളത്തില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ സര്‍ക്കാര്‍ കൊയ്ത്തുകാലമാക്കി മാറ്റിയെടുക്കുന്നു. സന്നദ്ധസംഘടനകളും, സുമനസ്സുകളും, കൊച്ചുകുട്ടികളും വരെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച്, മനുഷ്യത്വത്തിന്റെ പേരില്‍ സഹായഹസ്തമായി നീട്ടിയ തുകയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. സമൂഹം സന്നദ്ധ സേവനങ്ങളും ധനസഹായങ്ങളുമായും വരുന്നത് അവര്‍ക്ക് സഹജീവിസ്‌നേഹവും സഹാനുഭൂതിയും ഉള്ളതുകൊണ്ടാണെന്ന് ഇടത് ഭരണകൂടം മനസ്സിലാക്കണം. അവിടെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതില്‍ പ്രധാനം ഇഷ്ടക്കാര്‍ക്ക് സൗജന്യങ്ങള്‍ നല്‍കാനും, സര്‍ക്കാര്‍ ധൂര്‍ത്തിനും വകമാറ്റി ചെലവഴിക്കുന്നുവെന്നതാണ്. എന്നാല്‍, ഓഖി, പ്രളയം, കവളപ്പാറ തുടങ്ങിയ ദുരന്ത സമയങ്ങളില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കിയിട്ടുമില്ല. അധികാരത്തിന്റെ മറവില്‍ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായും സ്വന്തം അണികള്‍ക്ക് പണം നേടാനുള്ള അവസരമാക്കിയും മാറ്റിയെടുക്കുന്നു.
മൂന്നാം തവണയും ഭരണമെന്ന ലക്ഷ്യത്തിലെത്താന്‍ അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു ദുരന്തം കൂടി വന്നാല്‍ മതിയെന്ന പ്രത്യാശയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. കിറ്റുകൊടുത്ത് കേരള ജനതയെ പറ്റിക്കാനാവുമെന്ന ശുഭാപ്തിവിശ്വാസത്തിലധിഷ്ഠിതമായാണ് ഈ സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇവരുടെ ഇത്തരം തട്ടിപ്പു വേലകളില്‍ ചെന്നുവീഴുന്ന ഒരു കേരള ജനതയാണ് ഈ സര്‍ക്കാരിന്റെ അടിത്തറ. കിറ്റ് കിട്ടുന്നത് തങ്ങള്‍ കൊടുക്കുന്ന നികുതി പണം എടുത്ത് ചെലവഴിച്ചിട്ടാണെന്ന് ചിന്തിക്കാനുള്ള ബോധശേഷി നഷ്ടപ്പെട്ട ഒരു ജനതയെ തെറ്റിദ്ധരിപ്പിച്ച് വശത്താക്കാന്‍ എളുപ്പമാണ്.
കേരള ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയായിരിക്കുന്നു. ആഭ്യന്തരവകുപ്പിനെതിരെ ഭരണപക്ഷത്തെ പി.വി. അന്‍വര്‍ എം.എല്‍.എ കൊട്ടാരവിപ്ലവം നടത്തുമ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. ”മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെയും ക്രമസമാധാന പരിപാലന ചുമതല വഹിക്കുന്ന എ.ഡി.ജി.പിയുടെയും നേതൃത്വത്തില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകള്‍ വളരുന്നു. എ.ഡി.ജി.പിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഒത്താശയോടെ ഡി.ജി.പിയെ നോക്കുകുത്തിയാക്കി, ദാവൂദ് ഇബ്രാഹിമിനെ റോള്‍ മോഡലാക്കിക്കൊണ്ട്, എ.ഡി.ജി.പി. ആഭ്യന്തര വകുപ്പ് ഭരിക്കുന്നു. സൈബര്‍ സെല്ലിനെ ഉപയോഗിച്ച് എ.ഡി.ജി.പി മന്ത്രിമാരുടെയും എം.എല്‍എമാരുടെയും മാ ധ്യമ പ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നു. എസ്.പി.സുജിത് ദാസ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ 60 ശതമാനവും കൈക്കലാക്കി. പോലീസ് ക്യാമ്പിലെ വളപ്പിനുള്ളില്‍ നിന്നും തേക്കുമരം മുറിച്ചുകൊണ്ടുപോയി” ഇങ്ങനെ തുടരുന്നു അന്‍വറിന്റെ ആരോപണങ്ങള്‍. ഈ ആരോപണങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ വേണ്ടപ്പെട്ടവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമുള്ള കളികളായി മാത്രം കണ്ടാല്‍ മതി. ക്രിമിനലുകളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കേണ്ട പോലീസ് തന്നെ ക്രിമിനലുകളായി അധഃപതിച്ചിരിക്കുന്നു. ഒരു ഭരണത്തിനു കീഴിലും പോലീസ് ഇത്രത്തോളം അധഃപതിച്ചിട്ടില്ല. രാജാവ് എങ്ങനെയായിരിക്കുമോ; അതായിരിക്കും പ്രജകളെന്ന ചൊല്ലിനെ ഇത് അന്വര്‍ത്ഥമാക്കുന്നു.
പുരാവസ്തുത്തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി അന്നത്തെ ഡി.ജി.പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടുപ്പം പുലര്‍ത്തിയിരുന്നത് മുന്‍പ് വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ നയതന്ത്രചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലും ലൈഫ്മിഷന്‍ കേസിലും പ്രതിയാണ്. സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ സ്വര്‍ണ്ണ-ഡോളര്‍ കടത്ത് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നു. പാര്‍ട്ടി ചില സ്വര്‍ണ്ണക്കടത്തു മുതലാളിമാരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനമായി മാറിയിരിക്കുന്നു. കരുവന്നൂര്‍ സംഘത്തില്‍ നിന്നും സഖാക്കള്‍ കോടികള്‍ മുക്കിയതും, മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസും ജനങ്ങളുടെ മനസ്സില്‍ സര്‍ക്കാരിനുമേല്‍ കറുത്ത പ്രതിച്ഛായ തീര്‍ത്തിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു. മാളുകളിലും നടുറോഡിലും വാഹനങ്ങളിലും സ്ത്രീകള്‍ ആക്രമണത്തിനു വിധേയരാകുന്നു. ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ 19 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുന്‍ മിസ് കേരള ആന്‍സി കബീറടക്കം മൂന്നുപേരുടെ അപകട മരണത്തിനിടയാക്കിയത് അവരെ പിന്തുടര്‍ന്നു നടത്തിയ ആക്രമണമാണ്. പരാതി നല്‍കാനെത്തിയ യുവതിയെ സി.ഐ മുതലുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായി ഈ യുവതി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വാളയാറിലും വണ്ടിപ്പെരിയാറിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് ഭരണപക്ഷം സംരക്ഷണം നല്‍കി.
സ്ത്രീത്വത്തിനു വില പേശുന്ന സിനിമാമേഖലയിലെ വെളിപ്പെടുത്തലുകള്‍ നമ്മെ ലജ്ജിപ്പിക്കുന്നതാണ്. പീഡനം നടത്തിയവരെ രക്ഷിക്കാനായി ഹേമ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാലരവര്‍ഷം പൂഴ്ത്തിവച്ചു. വിവരാവകാശ കമ്മീഷണര്‍ മൂന്നു പ്രാവശ്യം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഓരോ കാരണങ്ങള്‍ നിരത്തി സാംസ്‌കാരികവകുപ്പ് ഈ റിപ്പോര്‍ട്ട് കൈമാറാന്‍ തയ്യാറായില്ല. വ്യക്തികളുടെ സ്വകാര്യതയും മൊഴികളും സംരക്ഷിച്ചുകൊണ്ട് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടും അതിനു തയ്യാറാകാതെ വന്നതോടെയാണ് വിവരാവകാശ നിയമപ്രകാരം വാറന്റ് പുറപ്പെടുവിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ക്ക് പറയേണ്ടി വന്നത്. അതിനുശേഷമാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് ഭാഗികമായെങ്കിലും പുറത്തു വിടാന്‍ തയ്യാറായത്.
ഇത്തരത്തിലെല്ലാം കേരളത്തില്‍ നിയമവാഴ്ചയും ജനാധിപത്യമൂല്യങ്ങളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ക്വാറി-മദ്യമാഫിയകള്‍, ഗുണ്ടാസംഘങ്ങളുമായുള്ള കൂട്ടുകെട്ടുകള്‍ പല കേസുകളിലും പുറത്തു വരുന്നു. മദ്യമുക്തകേരളമെന്നു പറഞ്ഞ് വിവിധ പരസ്യങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പൂട്ടിയിരുന്ന എല്ലാ ബാറുകളും തുറക്കുക മാത്രമല്ല ചെയ്തത്, പുതിയവയ്ക്ക് ലൈസന്‍സ് കൊടുക്കുകയും ചെയ്യുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തം തുടരുമ്പോഴും സര്‍ക്കാര്‍ പുതിയ ക്വാറികള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് തുടരുന്നു. ഭരണകൂട ഭീകരതയും ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ തേര്‍വാഴ്ചയും കേരളത്തെ ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെട്ടിരുന്ന നമ്മുടെ കേരളത്തെ ഗുണ്ടകളും മാഫിയകളും പാര്‍ട്ടി സഖാക്കളും അടക്കി വാഴുന്ന ഒരു ക്രിമനല്‍ നവകേരളമാക്കി ഈ സര്‍ക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നു. അധികാരത്തിന്റെ തണലില്‍ പണം നേടുന്നവര്‍ ഇത്തരമൊരു ഭരണസംവിധാനത്തെ നിലനിര്‍ത്താനായി കൊല്ലാനും ചാകാനും തയ്യാറെടുത്തു നില്‍ക്കുന്നു. ഇവര്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയും സമൂഹത്തെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഇവര്‍ സര്‍ക്കാരിന്റെ സാമ്പത്തിക ദുര്‍വിനിയോഗത്തെയും അഴിമതിയെയും ന്യായീകരിച്ച് ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ കേരളത്തിലെ സമസ്ത മേഖലകളിലെയും ജനജീവിതം ദുഃസ്സഹാവസ്ഥയിലേക്ക് മാറ്റപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും, പൗരജനങ്ങളായ നാം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഈ മാഫിയാസംഘങ്ങളുടെ അടിവേരിളക്കേണ്ടിയിരിക്കുന്നു.