മാതൃശക്തിയെ മറ്റെന്തിനേക്കാളും പ്രാധാന്യത്തിലും വിശ്വാസത്തിലും കൊണ്ടാടിയിരുന്ന ഒരു ജനത ആര്യ-ദ്രാവിഡ കുടിയേറ്റക്കാലത്തു തന്നെ കേരളത്തില്‍ നിലവിലിരുന്നു. ആരാധനാ രീതിയിലും അനുഷ്ഠാനങ്ങളിലും വ്യത്യാസമുണ്ടായിരുന്നുവെങ്കിലും അമ്മദൈവങ്ങളെ വെച്ചാരാധന നടത്തുന്നവരായിരുന്നു കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഹൈന്ദവ ജനത.
നമ്മുടെ പുരാണങ്ങളില്‍നിന്നും ഭാരതീയ കഥാപാത്രങ്ങളുടെ ഇതിഹാസപ്പെരുമകളില്‍ നിന്നും കേരളീയര്‍ക്കും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ഈ വിശ്വാസം നാരീപൂജയുടെ, മാതൃപൂജയുടെ, ‘അമ്മ ദൈവാരാധന’യുടെ വ്യത്യസ്ത ഭാവങ്ങളെ ഈ മണ്ണില്‍ കുടിയിരുത്തി.
‘ആപത്തില്‍ അമ്മയുടെ ചരണാംബുജങ്ങള്‍ തേടുക’ എന്ന വിശ്വാസം അവരുടെ ഉള്ളില്‍ കനത്തു. അതിന്റെ പ്രതിഫലനങ്ങളാണ് നമ്മുടെ കാളിക്കാവുകളും മുടിപ്പുരകളുമെല്ലാം. പ്രകൃതിയുടെ വ്യത്യസ്ത തലങ്ങളെക്കൂടിയാണ് സ്ത്രീശക്തി പ്രതിഫലിപ്പിക്കുന്നത്. നമുക്ക് നദിയും കടലുമെല്ലാം സ്ത്രീഭാവങ്ങളാണ്. കടലമ്മ, ഗംഗാദേവി എന്നിങ്ങനെയാണ് നദികളെയും കടലിനെയും നാം സംബോധന ചെയ്യുന്നത്. ശക്തിയില്ലാതെ ശിവനില്ല എന്ന ബോധമാണ് അര്‍ദ്ധനാരീശ്വര സങ്കല്പത്തിലൂടെ തെളിയുന്നത്.
വേദപുരാണാദികളിലും ഇതിഹാസമഹാകാവ്യങ്ങളിലും വിശിഷ്ട ഉപനിഷത്തുകളിലും മാതൃശക്തിയെ വാഴ്ത്തുന്ന ധാരാളം ഉദാഹരണങ്ങള്‍ കാണാം. നമ്മുടെ മാതൃരാജ്യം, മാതൃഭാഷ എന്നിങ്ങനെ പ്രകൃതിയിലെ സകലതിനെയും അമ്മയായ്കണ്ട് ചേര്‍ത്തുനിര്‍ത്തി സ്‌നേഹിക്കാനാണ് ഋഷിപ്രോക്തങ്ങളായ വേദോപനിഷത്തുകള്‍ പഠിപ്പിക്കുന്നത്.
സ്ത്രീയ്ക്ക് അമ്മ, ഭാര്യ, സഹോദരി, പോറ്റമ്മ, ഉത്തമസുഹൃത്ത് എന്ന രീതിയിലെല്ലാം പുരുഷശക്തിയായി പ്രവര്‍ത്തിയ്ക്കാന്‍ കഴിവുള്ള വ്യക്തിത്വമുണ്ട്. ഋഗ്വേദകാലത്തെ പൂജകളില്‍ യാഗപൂര്‍ത്തിയ്ക്ക് പൂജകന്‍ പത്‌നീസമേതനായി ഇരുന്നെങ്കിലേ പൂജ പൂര്‍ത്തിയായതായി സങ്കല്പിച്ചിരുന്നുള്ളൂ. ഭൂമിയിലേക്ക് അന്തര്‍ദ്ധാനം ചെയ്ത സീതാദേവിയുടെ അഭാവത്തില്‍ കാഞ്ചനസീതയെ വെച്ചാണ് ശ്രീരാമന്‍ യജ്ഞം നടത്തിയത്. ജനകന്റെ രാജധാനിയില്‍ മഹാപണ്ഡിതനും ആര്യവംശത്തെ ഹരിശ്രീ പഠിപ്പിച്ച ഗുരുവുമായ യാജ്ഞവല്ക്യനെ ഗാര്‍ഗിയെന്ന സ്ത്രീരത്‌നമാണ് വാദപ്രതിവാദത്തില്‍ തോല്‍പ്പിച്ചത്. വൈദിക കാലത്തെ സ്ത്രീശക്തിയ്ക്കും അറിവിനും ഉത്തമോദാഹരണങ്ങളായിരുന്നു ലോപമുദ്ര, ഊര്‍മ്മിള, അനസൂയ, മൈത്രേയി, പുലോമ എന്നിവര്‍.
ഭാരതീയ പൈതൃകവും സാംസ്‌കാരികത്തനിമയും സ്‌ത്രൈണതയുടെ ഉദാത്തഭാവങ്ങളെ നമുക്ക് വെളിവാക്കിത്തരുന്നു. പാതിവ്രത്യവും ആദര്‍ശനിഷ്ഠയും നമുക്ക് കാട്ടിത്തരുന്ന സത്രീരത്‌നങ്ങളാണ്, സീതയും ഗാന്ധാരിയും ശീലാവതിയുമെല്ലാം. തന്റെ ഭര്‍ത്താവായ സത്യവാനെ വീണ്ടെടുക്കാന്‍ യമലോകം വരെ യാത്രചെയ്യാന്‍ തയ്യാറായവളാണ് സാവിത്രി. സൂര്യന് നേരെ ആ പവിത്രത കൈചൂണ്ടിയപ്പോള്‍ ഒരു നിമിഷം ആ സൂര്യദേവന് പോലും നിശ്ചലനാകേണ്ടി വന്നു!
നളനെ വേര്‍പെട്ട ദമയന്തി ഉടുവസ്ത്രം പോലും നഷ്ടപ്പെട്ടവളായി. പിതാവിന്റെ (ഭീമ രാജാവ്) അടുത്തെത്തി തന്റെ പ്രത്യുല്‍പ്പന്നമതിത്വത്തിലൂടെ ഒരു പുനര്‍വിവാഹം വിളംബരം ചെയ്ത് തന്റെ ഭര്‍ത്താവായ നളനെ വീണ്ടെടുക്കുന്ന ബുദ്ധി നളചരിതം വ്യക്തമാക്കുന്നു. പതിയായ പാണ്ഡുവിന്റെയും സപത്‌നിയായ മാദ്രിയുടെയും മരണശേഷം അഞ്ചുപുത്രന്മാരെ പോറ്റിയ കുന്തീദേവി ത്യാഗത്തിന്റെ മകുടോദാഹരണമാണ്.
ഭര്‍ത്താവ് അനുഭവിക്കാത്ത സുഖങ്ങള്‍ വേണ്ടെന്നുവെച്ച് സ്വയംവരപ്പന്തലില്‍ത്തന്നെ സ്വന്തം കണ്ണുകള്‍ മൂടിക്കെട്ടിയ ഗാന്ധാരീദേവി സഹനത്തിന്റെ സര്‍വോല്‍കൃഷ്ട പ്രതീകമാണ്. പാഞ്ചാലിയാകട്ടെ വനമധ്യത്തില്‍പ്പോലും തന്റെ കാന്തന്മാരെ ഭക്തിപൂര്‍വ്വം പരിപാലിച്ചുപോന്നു. താര, മണ്ഡോദരി, സുഭദ്ര, അരുന്ധതീദേവി ഇവരൊക്കെത്തന്നെ ഭാവശുദ്ധിയുടെ പ്രതീകങ്ങളാണ്.
സ്ത്രീ ഐശ്വര്യദേവതയും കുടുംബത്തിന്റെ വിളക്കുമാണ്. അതിനാല്‍ത്തന്നെ ഓരോ സ്ത്രീയിലും ദേവാംശമുണ്ട്. ഈ ശക്തി തിരിച്ചറിഞ്ഞിട്ടായിരിക്കണം നാലായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കേരളത്തില്‍ മാതൃപൂജ നിലവിലിരുന്നതായി ചരിത്രരേഖകളില്‍ നിന്ന് തെളിയുന്നത്. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങള്‍ വിപുലമാകുന്നതിനു മുന്‍പ് ദേവീപൂജ കേരളത്തില്‍ നിലവിലുണ്ടായിരുന്നു.
ഇന്നത്തെപ്പോലെ കൊത്തുപണികളാല്‍ അലംകൃതമായ ക്ഷേത്രങ്ങളും സ്വര്‍ണധ്വജങ്ങളും നാലും അഞ്ചും നേരം കൃത്യനിഷ്ഠയോടുള്ള പൂജയും ഇല്ലായിരുന്നെങ്കിലും കാടുകളിലും വള്ളിക്കുടിലുകളിലും ‘വനദുര്‍ഗ്ഗ’യെന്ന പേരില്‍ ആദിമകാലത്തും ദേവിയെ പൂജിച്ചാരാധിച്ചുപോന്നിരുന്നു. ദുര്‍ഗ്ഗാദേവി കേരളീയര്‍ക്ക് ആദിപരാശക്തിയാണ്. ഭദ്രകാളി, ചാമുണ്ഡി, അംബിക എന്നിങ്ങനെയുള്ള വിളിപ്പേരുകളില്‍ നിലകൊണ്ട ദേവീഭാവം പിന്നീട് ഒന്‍പതു രൂപഭാവങ്ങളില്‍ ശക്തിസ്വരൂപിണികളായി ആരാധിക്കപ്പെട്ടു.
പഞ്ചകന്യകളെ സ്മരിച്ചാല്‍ പാപംതീരും എന്ന വിശ്വാസം ‘പവിത്രമായ’സ്‌ത്രൈണതയുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതാണ്. നമ്മുടെ ഉപനിഷത്തുകളിലൊന്നായ ‘ബൃഹദാരണ്യക’ത്തിലാണ് പുത്രിയുടെ ജനനം പുത്രനെക്കാള്‍ അഭികാമ്യമെന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ സകല ജീവജാലങ്ങളെയും പ്രസവിക്കുന്നത് അഥവാ ജീവന്‍ നല്‍കുന്നത് സ്ത്രീയാണെന്ന അനിഷേധ്യ സത്യമാണ് സ്ത്രീയെ മഹതിയും മഹിതയുമാക്കുന്നത്. ഏതു ജാതിയും മതവുമെടുത്താലും അവിടെയെല്ലാം അമ്മയ്ക്ക് വിശിഷ്ടമായ പദവിയുണ്ട്. ആ പദവിയ്ക്ക് സ്ത്രീ അര്‍ഹയുമായിരിയ്ക്കണം! സ്ത്രീ പൂജിക്കപ്പെടുന്നിടത്തേ ഈശ്വരസാന്നിധ്യവും ഫലസമൃദ്ധിയും സമാധാനവും ഉണ്ടാകൂ.
‘യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ’ എന്ന വചനം പുതിയ തലമുറ, പുതിയ സംസ്‌കാരം തമസ്‌ക്കരിക്കുകയുമരുത്.
പൊങ്കാല, തെയ്യം, കോലം, പടയണി എന്നീ ആചാരങ്ങള്‍, ദേവീശക്തിയുടെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ദേവിയെ ആരാധിക്കുന്നതിലൂടെ, മാതൃശക്തിയുടെ സംസ്ഥാപനത്തിലൂടെ സംസ്‌കാര പൂര്‍ണ്ണമാകുന്നത് നമ്മുടെ സമൂഹവും രാജ്യവുമാണ്. അതിനാല്‍ ദേവീപൂജ സ്ത്രീശാക്തീകരണത്തിന്റെ ഉദാത്തമായ ഉദാഹരണം തന്നെയാണ്. മാത്രമല്ല, അത് നന്മയുടെ പ്രതിഷ്ഠാനം കൂടിയാണ്.