ഭാരതീയ സംസ്‌കാരത്തിലും ഹൈന്ദവ വിശ്വാസത്തിലും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പുണ്യനദികളായ സപ്തനദികള്‍ എന്ന് വിളിക്കുന്ന ഗംഗ, യമുന, സരസ്വതി, നര്‍മ്മദ, ഗോദാവരി, കാവേരി, സിന്ധു എന്നിവയുടെ ആരാധന. ഇതില്‍ ഏറ്റവും പ്രാചീന നദിയായ നര്‍മ്മദ കിഴക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന ഭാരതത്തിലെ ഒരേയൊരു മഹാനദിയാണ്. ഋഷ പര്‍വ്വതത്തില്‍ തപസ്സനുഷ്ഠിക്കുമ്പോള്‍ ഭഗവാന്‍ ശ്രീ പരമേശ്വരന്റെ വിയര്‍പ്പില്‍ നിന്നും പിറവിയെടുത്ത ഈ നദിയെ ശിവപുത്രിയായി കാണുന്നു. നര്‍മ്മദാ തീരങ്ങളില്‍ നര്‍മ്മദാദേവിയുടെ സ്പന്ദനത്തോടും സാന്നിധ്യത്തോടുമൊപ്പം ശ്രീപരമേശ്വരന്റെ പ്രഭാവലയവുമുണ്ട്.
നര്‍മ്മദാനദിയുടെ മടിത്തട്ടിലുള്ള ഓരോ കല്ലുകളും ശിവലിംഗമായി (നര്‍മ്മദേശ്വര്‍ ശിവലിംഗം) കണക്കാക്കുന്നു. നര്‍മ്മദാതീരത്ത് ഇരുകരകളിലുമായി ധാരാളം ശിവക്ഷേത്രങ്ങളുണ്ട്. പല പ്രളയങ്ങളെയും അതിജീവിച്ച നര്‍മ്മദയുടെ തീരത്തുനിന്നുമാണ് ജീവന്റെ അംശം വീണ്ടും ആരംഭിച്ചത്. പുണ്യവും മോക്ഷവും ലഭിക്കുവാന്‍ ഗംഗയില്‍ ഒരു നേരവും യമുനയില്‍ മൂന്നു ദിവസവും സരസ്വതിയില്‍ ഏഴ് ദിവസവും സ്‌നാനം ചെയ്യണം. എന്നാല്‍ നര്‍മ്മദയുടെ ദര്‍ശന മാത്രയില്‍ത്തന്നെ പുണ്യവും മോക്ഷവും ലഭിക്കുന്നു. തപോഭൂമിയായ നര്‍മ്മദയുടെ തീരത്തെ ഓരോ സ്ഥലവും പവിത്രവും പാവനവുമാണ്. ദേവനും അസുരനും ഋഷിയും മഹര്‍ഷിയും താപസന്മാരും നര്‍മ്മദാ തീരത്ത് പരമേശ്വരനെ തപസ്സിലൂടെ പ്രസാദിപ്പിച്ചു അനുഗ്രഹവും സിദ്ധിയും കരസ്ഥമാക്കിയിരുന്നു. നദിയുടെ മഹത്ത്വങ്ങളിലൊന്ന് ഈ നദിയെ മാത്രമേ പൂര്‍ണ്ണമായി പ്രദക്ഷിണം ചെയ്യുന്നുള്ളൂ എന്നതാണ്.
നദിയുടെ ഒരുവശത്തെ നീളം 1312 കിലോമീറ്ററാണ്. നദിയോട് ചേര്‍ന്നുള്ള ഘോരവനങ്ങളുടെയും പാറമലകളുടെയും അണക്കെട്ടുകളുടെയും അരികിലൂടെ യാത്ര സാധ്യമല്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ നദിയില്‍ നിന്നും കുറച്ച് ദൂരെ മാറി സഞ്ചരിക്കേണ്ടിവരും. അപ്പോള്‍ ഒരു വശത്തേക്കുള്ള ദൂരം ഏകദേശം 1600 കിലോമീറ്റര്‍ വരും, ഇരുവശവുമായി 3200 കിലോ മീറ്റര്‍. നര്‍മ്മദാനദിയുടെ അനുഗ്രഹത്താല്‍ നൂറ്റിപ്പതിനാല് ദിവസം ആരോ ഗ്യത്തിനു യാതൊരു ഹാനിയുമില്ലാതെ ഏകനായി നടന്ന് നര്‍മ്മദ പ്രദക്ഷിണം പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. നദിയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ പര്‍വ്വതത്തെയും വൃക്ഷങ്ങളെയും സാക്ഷാല്‍ മഹാദേവനേയും സകല ചരാചരങ്ങളെയും പ്രദക്ഷിണം ചെയ്യുന്നു.
നദിയുടെ തീരത്തും തീരത്തിനടുത്തുമായി ചെറുതും വലുതുമായ ശിവലിംഗമുള്ള നൂറുകണക്കിനു ശിവക്ഷേത്രങ്ങളുണ്ട്. എന്റെ നര്‍മ്മദാപരിക്രമണ വേളയില്‍ ഞാന്‍ സന്ദര്‍ശിച്ച നര്‍മ്മദാ തീരത്തെ പ്രധാന ക്ഷേത്രങ്ങളില്‍ പതിനെട്ടു ശിവക്ഷേത്രങ്ങള്‍ ലഘുവായി വിവരിക്കുന്നു.
ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം
ഭാരതത്തില്‍ ഭഗവാന്‍ ശിവനെ ജ്യോതിര്‍ലിംഗ രൂപത്തില്‍ ആരാധിക്കുന്ന പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളാണുള്ളത്. സാധാരണ ശിവലിംഗം മനുഷ്യനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം സ്വയംഭൂവാണ്. ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഈ ക്ഷേത്രങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും പല സവിശേഷതകളുമുണ്ട്. അപൂര്‍വ്വമായ ചൈതന്യവും ഊര്‍ജ്ജവും അവിടെ പ്രസരിക്കുന്നു. ജ്യോതിര്‍ലിംഗ ദര്‍ശനവും പ്രാര്‍ത്ഥനയും മനുഷ്യജന്മത്തില്‍ മോക്ഷപ്രാപ്തി ലഭ്യമാക്കും.
മധ്യപ്രദേശിലെ ഖണ്ട്വാ ജില്ലയില്‍ നര്‍മ്മദാനദിയുടെ വടക്കുഭാഗത്തെ മാന്ധാത പര്‍വ്വതത്തിലാണ് ആത്മീയ പ്രാധാന്യമുള്ളതും സാംസ്‌കാരിക പൈതൃകവുമായ നര്‍മ്മദാ തീരത്തെ ഏക ജ്യോതിര്‍ലിംഗം, ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. മണലിലും കളിമണ്ണിലുമായി നിര്‍മ്മിതമായ ശിവലിംഗം സ്വാഭാവികമായി സ്ഥാപിക്കപ്പെട്ടതാണ്. പൗരാണിക വാസ്തുവിദ്യയില്‍ അധിഷ്ഠിതമായ ഈ ക്ഷേത്രം മനോഹരമായ കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഗര്‍ഭഗൃഹത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്. ഒരു പ്രാചീന ഹനുമാന്‍ വിഗ്രഹവും ഇവിടെയുണ്ട്. രാവിലെ നാലരമണിക്ക് തുറക്കുന്ന ക്ഷേത്രം രാത്രി ഒമ്പത് മണിക്ക് അടയ്ക്കുന്നു. മാന്ധാത പര്‍വ്വതം നദിയിലുള്ള ഒരു ദ്വീപ് ആണ്. മാന്ധാത രാജാവ് ശ്രീപരമേശ്വരനെ തപസ്സ് ചെയ്തു പ്രത്യക്ഷപ്പെടുത്തിയ സ്ഥലമായതിനാലാണ് പര്‍വ്വതത്തിനു മാന്ധാത എന്ന പേര് വന്നത്. ശിവപുരി എന്നാണ് ഈ സ്ഥലത്തിന്റെ പഴയ നാമം.
മാമലേശ്വര്‍ മഹാദേവ ക്ഷേത്രം
ഓംകാരേശ്വറില്‍ നദിയുടെ ദക്ഷിണ ഭാഗത്ത് വിഷ്ണുപുരിയിലാണ് മാമലേശ്വര്‍ മഹാദേവക്ഷേത്രം. അമരേശ്വര്‍ എന്നുകൂടി വിളിക്കുന്ന ഈ ക്ഷേത്രം ജ്യോതിര്‍ലിംഗ ക്ഷേത്രമായി കണക്കാക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നദി നിറഞ്ഞുകവിഞ്ഞപ്പോള്‍ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. നദിയില്‍ ജലം ഉയര്‍ന്നാല്‍ ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗം വെള്ളത്തിനടിയിലാവുകയും നിത്യപൂജ മുടങ്ങുകയും ചെയ്യും. അതിനൊരു പരിഹാരമായാണ് മാമലേശ്വര്‍ ക്ഷേത്രം പ്രതിഷ്ഠിച്ചത്. അതിനെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നു. ഈ പുരാതന ക്ഷേത്രം സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇതിനടുത്തായി ഒരു പ്രാചീന വിഷ്ണുക്ഷേത്രവുമുണ്ട്. ക്ഷേത്രത്തിനു താഴെയുള്ള ഗോമുഖ്ഘാട്ടില്‍ നിന്നുമാണ് കൂടുതല്‍ ഭക്തരും നര്‍മ്മദാ പരിക്രമണം ആരംഭിക്കുന്നത്.
ഗൗരി സോമനാഥ് ക്ഷേത്രം
ഓംകാരേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന മാന്ധാത പര്‍വ്വതത്തില്‍ പ്രാചീന ക്ഷേത്രങ്ങളടക്കം ഒട്ടനവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഇതില്‍ ഗൗരി സോമനാഥ് ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ പര്‍മാര്‍ കാലഘട്ടത്തില്‍ നിര്‍മ്മിതമായ ക്ഷേത്രമാണ്. ഏകദേശം മുന്നൂറോളം പടികള്‍ കയറി വേണം ഇവിടെ എത്തുവാന്‍. മൂന്ന് നിലകളുള്ള ഈ ക്ഷേത്രം ഭൂമിജ വാസ്തുവിദ്യ പ്രകാരമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ക്ഷേത്രഗോപുരം അത്യന്തം ആകര്‍ഷണീയമാണ്. ഒരാള്‍ക്ക് മാത്രം പോകാവുന്ന ഇടുങ്ങിയ പടികളിലൂടെയാണ് മുകളിലേക്ക് കുത്തനെ കയറേണ്ടത്. മുകളില്‍ നിന്നും മാന്ധാതാ പര്‍വ്വതം കൂടുതല്‍ ഭംഗിയായി ദര്‍ശിക്കാവുന്നതാണ്. ഗര്‍ഭഗൃഹത്തില്‍ തിളങ്ങുന്ന ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച ആറടി ഉയരമുള്ള ജലധരി ശിവലിംഗം. നാലു കൈകളുള്ള അപൂര്‍വ ഗൗരി പ്രതിഷ്ഠ ഭക്തര്‍ക്ക് ദര്‍ശന സുഖമേകുന്നു. നന്ദിയുടെ വലിയ പ്രതിമയും പ്രാചീന ഗണപതി പ്രതിമയും ക്ഷേത്രത്തിനടുത്തുണ്ട്.
ഇതിനടുത്തായി പ്രാചീന സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രവും ജഗത്ഗുരു ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പഞ്ചലോഹ പ്രതിമയുമുണ്ട്. ഇവിടെയാണ് ശങ്കരാചാര്യര്‍ തപസ്സ് അനുഷ്ഠിച്ചിരുന്നത്.
നര്‍മ്മദാ കാവേരി നദികളുടെ സംഗമസ്ഥാനം കൂടിയാണെന്നതാണ് ഓംകാരേശ്വറിന്റെ മറ്റൊരു സവിശേഷത. മാന്ധാത പര്‍വ്വതത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തായി വടക്ക് നിന്നും ഒഴുകിവരുന്ന കാവേരിയും കിഴക്ക് നിന്നും ഒഴുകുന്ന നര്‍മ്മദാനദിയും സംഗമിക്കുന്നു. കുബേരന്‍ ഇവിടെ മഹാദേവനെ തപസ്സ് ചെയ്താണ് സകല ഐശ്വര്യവും നേടിയതെന്നു സ്‌കന്ദപുരാണത്തില്‍ പറയുന്നു. മകര സംക്രാന്തി, ശിവരാത്രി, നര്‍മ്മദാജയന്തി തുടങ്ങിയ പുണ്യദിവസങ്ങളില്‍ പതിനായിരക്കണക്കിനു ഭക്തര്‍ ഇവിടെ ആരാധനയ്ക്കായി എത്തിച്ചേരുന്നു.
സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രം
നദിയുടെ നാഭിസ്ഥാനമാണ് മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ നെമോവര്‍. നദിയുടെ ഉത്തരഭാഗം നെമോവറും ദക്ഷിണഭാഗം ഹര്‍ദ്ദ ജില്ലയിലെ ഹണ്ടിയയും. നെമോവറിലെ പ്രാചീന സിദ്ധേശ്വര്‍ മഹാദേവക്ഷേത്രം ദ്വാപരയുഗത്തില്‍ പാണ്ഡവര്‍ നിര്‍മ്മിച്ചതാണെന്നു പറയുന്നു. ക്ഷേത്രത്തിനകവും പുറവും മനോഹരമായ കൊത്തുപണികളാല്‍ അലങ്കരിച്ചിരിക്കുന്നു. നദിയുടെ മധ്യഭാഗത്ത് നാഭിസ്ഥാനം കാണാം. ഭക്തര്‍ വഞ്ചിയില്‍ നാഭിസ്ഥാനത്ത് ദര്‍ശനവും അര്‍പ്പണവും നടത്തുന്നു. ജമദഗ്‌നി ഋഷി വസിച്ചിരുന്നതും പരശുരാമന്റെ ജന്മസ്ഥാനവും നെമോവറിലാണ്. ഗ്രാമത്തില്‍ പരശുരാമന്റെ മാതാവ് രേണുകാ ദേവിയുടെ ക്ഷേത്രവുമുണ്ട്. സിദ്ധേശ്വര്‍ ക്ഷേത്രത്തിനു എതിര്‍വശത്തുള്ള ഹണ്ടിയയിലെ പൗരാണിക റിദ്ധേശ്വര്‍ മഹാദേവക്ഷേത്രം കുബേരന്‍ പ്രതിഷ്ഠിച്ച ക്ഷേത്രമാണെന്ന് പറയുന്നു.
വിമലേശ്വര്‍ മഹാദേവക്ഷേത്രം
ഗുജറാത്തില്‍ നദിയുടെ ദക്ഷിണഭാഗം പടിഞ്ഞാറു അവസാനിക്കുന്നിടത്താണ് ഈ ക്ഷേത്രം. നര്‍മ്മദാ പരിക്രമണത്തില്‍ ഇവിടെ നിന്നുമാണ് സമുദ്രം വഴി പരിക്രമവാസികള്‍ (നര്‍മ്മദാ നദിയെ പരിക്രമം ചെയ്യുന്നവര്‍) നദിയുടെ ഉത്തരഭാഗത്ത് വഞ്ചിയിലൂടെയും ബോട്ടിലൂടെയും എത്തിച്ചേരുന്നത്. വിമലേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിനു മുകളില്‍ ഒരു ചെറിയ കുഴിയുണ്ട്. സര്‍പ്പ വിഗ്രഹം ശിവലിംഗത്തിനു മുകളിലുള്ളപ്പോള്‍ കുഴി കാണുവാന്‍ കഴിയില്ല. ചിലസമയം അതില്‍ നിന്നും ഭക്തര്‍ക്ക് തീര്‍ത്ഥം നല്‍കുന്നു. ഇതിനടുത്തായി സോമേശ്വര്‍, രത്‌നേശ്വര്‍, പുലസ്‌തേശ്വര്‍, ഗോകര്‍ണ്ണേശ്വര്‍ എന്നീ ശിവക്ഷേത്രങ്ങളും കൂടിയുണ്ട്. ഇന്ദ്രന്‍ ബ്രഹ്മഹത്യാപാപം തീര്‍ക്കുവാന്‍ ഇവിടെ തപസ്സ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ശിവന്‍ ദാരുവനത്തില്‍ വച്ച് മുനിപത്‌നിമാരെ മോഹിപ്പിച്ച പാപം തീര്‍ന്നു വിമലനായി തീര്‍ന്നത് ഇവിടുത്തെ സ്‌നാനത്തിലൂടെ ആയതിനാലാണ് ഈ ക്ഷേത്രത്തിനു വിമലേശ്വര്‍ എന്ന പേരുവന്നത്.

ശിവലിംഗവും സര്‍പ്പവിഗ്രഹവും
കാര്‍ത്തികേശ്വര്‍ മഹാദേവക്ഷേത്രം
ഗുജറാത്തില്‍ നദിയുടെ ദക്ഷിണ ഭാഗത്ത് കന്ദ്രോജ് ഗ്രാമത്തിലാണ് പ്രശസ്തമായ കാര്‍ത്തികേശ്വര്‍ മഹാദേവക്ഷേത്രവും മുനിബാബ ആശ്രമവും. വളരെ പുരാതന ക്ഷേത്രമാണിത്. കാര്‍ത്തികേയന്‍ മാതാപിതാക്കളോട് പിണങ്ങിയതിനു ശേഷം ഇവിടെയിരുന്നു മഹാദേവനെ പ്രാര്‍ത്ഥിച്ചു തപസ്സ് ചെയ്തു അഭീഷ്ടസിദ്ധി കരസ്ഥമാക്കി. ഇവിടുത്തെ ശിവലിംഗം കല്ല് രൂപത്തിലാണ്. പാര്‍വതി, ഗണപതി, നന്ദി, വാസുകി തുടങ്ങി ആരുടേയും പ്രതിഷ്ഠ ഈ ക്ഷേത്രത്തില്‍ ഇല്ല.
ഹനുമന്തേശ്വര്‍ മഹാദേവക്ഷേത്രം
ഗുജറാത്തിലെ നര്‍മ്മദാ ജില്ലയില്‍ കോഠാര ഗ്രാമത്തില്‍ നദിയുടെ ദക്ഷിണ തീരത്ത് ഏകദേശം മുപ്പതു മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം. ഹനുമാന്‍ തപസ്സ് ചെയ്തു ഭഗവാനെ പ്രസാദിപ്പിച്ചതിനു ശേഷം പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഹനുമന്തേശ്വര്‍. രാമരാവണ യുദ്ധത്തിനുശേഷം കൈലാസത്തിലെത്തിയ ഹനുമാന് ബ്രഹ്മഹത്യാ പാപമുള്ളതിനാല്‍ പരമേശ്വരനെ ദര്‍ശിക്കുവാന്‍ കഴിയാതെ പോയി. നന്ദിയുടെ നിര്‍ദ്ദേശമനുസരിച്ച് തപസ്സ് ചെയ്തു പരമേശ്വരനെ പ്രീതിപ്പെടുത്തി ബ്രഹ്മഹത്യാ പാപത്തില്‍ നിന്നും മോചിതനായി. ഈ ക്ഷേത്രത്തോടുചേര്‍ന്ന് സ്വയംഭൂ ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. പ്രകൃതിരമണീയവും ശാന്തവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഈ ഭാഗങ്ങളില്‍ നര്‍മ്മദമയ്യയുടെ വാഹനമായ മുതല ധാരാളമായി ഉണ്ട്.
കപിലേശ്വര്‍ മഹാദേവക്ഷേത്രം
ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ ഡഗ്ജൂ മഹാരാജിന്റെ രാമധൂണ്‍ ആശ്രമത്തിനു സമീപമാണ് കപിലേശ്വര്‍ മഹാദേവക്ഷേത്രം. ഇവിടുത്തെ ശിവ ലിംഗം സ്വയംഭൂവാണ്. കപിലമുനി തപസ്സു ചെയ്ത് ശിവനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണിത്. കൂടാതെ സപ്തര്‍ഷികളുടെ യാഗം രാക്ഷസര്‍ ഭംഗം വരുത്തിയപ്പോള്‍ മഹാദേവനെ അഭയം പ്രാപിച്ചതും ഇവിടെയാണ്.
നാഗേശ്വര്‍ മഹാദേവക്ഷേത്രം
നദിയുടെ തീരത്ത് നിന്നും കുറച്ചു മാറി മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബര്‍വാഹ് മുനിസിപ്പാലിറ്റിയിലാണ് പ്രാചീനമായ നാഗേശ്വര്‍ മഹാദേവക്ഷേത്രം. ഭൂമിനിരപ്പില്‍ നിന്നും താഴെയാണ് ക്ഷേത്രം. ക്ഷേത്ര ത്തിലെ കുളത്തിനു നടുവിലാണ് ശ്രീകോവില്‍. പ്രകൃതിദത്തമായ നര്‍മ്മദ നദിയിലെ ജലമായതിനാല്‍ ഈ കുളത്തെ രേവാകുണ്ഡ് എന്ന് വിളിക്കുന്നു. ശ്രീകോവിലിലേക്ക് പോകുവാന്‍ ചെറിയ പാലമുണ്ട്. നാഗേശ്വര്‍ ശിവലിംഗത്തിനടിയില്‍ സ്വര്‍ണ്ണവര്‍ണ്ണമുള്ള രണ്ടു സര്‍പ്പങ്ങളെ കാണാം. ശിവനും പാര്‍വതിയും നാഗരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ക്ഷേത്രത്തില്‍ ശിവലിംഗം കല്ല് രൂപത്തിലുള്ളതാണ്. കുളത്തില്‍ വലുതും ചെറുതുമായ വര്‍ണ്ണ മത്സ്യങ്ങളും ആമകളും ധാരാളമുണ്ട്. ക്ഷേത്രത്തിനടുത്ത് പുരാതന ദത്താത്രേയക്ഷേത്രവും അഷ്ടഭുജ ഗണപതി ക്ഷേത്രവുമുണ്ട്.
ധര്‍മ്മേശ്വര്‍ മഹാദേവക്ഷേത്രം
മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ പോഖര്‍ ഗ്രാമത്തിലാണ് നദിയുടെ ഉത്തര ഭാഗത്തുള്ള ധര്‍മ്മേശ്വര്‍ മഹാദേവക്ഷേത്രം. ഈ ക്ഷേത്രം പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരന്‍ സ്ഥാപിച്ചതായി കരുതുന്നു. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ ക്ഷേത്രം മുങ്ങിപ്പോവുകയും ശിവലിംഗം പുതിയ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമുണ്ടായി. ഈ ശിവലിംഗത്തിനു നര്‍മ്മദാ തീരത്തുള്ള മറ്റു ശിവലിംഗങ്ങളേക്കാള്‍ കാന്തിക ശക്തി കൂടുതലാണെന്ന് പറയുന്നു. വളരെ ശാന്തമായ അന്തരീക്ഷമുള്ള ക്ഷേത്രത്തോട് ചേര്‍ന്ന് കാശിമുനി ഉദാസിന്‍ജി മഹാരാജിന്റെ ആശ്രമവു മുണ്ട്. അദ്ദേഹമാണ് ഗ്രാമവാസികളുടെ സഹകരണത്തോടെ ക്ഷേത്രം പുന:പ്രതിഷ്ഠിച്ചത്. ഈ ക്ഷേത്രത്തിലെ ദര്‍ശനം കഴിയുമ്പോള്‍ കുറച്ചു സമയംകൂടി അവിടെ ശാന്തമായി ഇരിക്കുവാന്‍ തോന്നിപ്പോകും.
അഹല്യേശ്വര്‍ മഹാദേവക്ഷേത്രം
മധ്യപ്രദേശിലെ നദിയുടെ ഉത്തര ഭാഗത്തെ മഹേശ്വറിലെ ഘാട്ടും പരിസരവും പൗരാണികവും ചരിത്രപരവും ആദ്ധ്യാത്മികവുമായ തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രമാണ്. മഹിഷ്മതി എന്നായിരുന്നു മഹേശ്വറിന്റെ പഴയ നാമം. ഇവിടെ അനവധി ശിവക്ഷേത്രങ്ങളുണ്ട്. പ്രധാനപ്പെട്ടവ രാജരാജേശ്വര്‍, കാശിവിശ്വനാഥ്, അഹല്യേശ്വര്‍, ജ്വാലേശ്വര്‍, ബാണേശ്വര്‍ എന്നിവ.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹേശ്വര്‍ കോട്ട ഹോള്‍ക്കാര്‍ വംശജര്‍ നവീകരിച്ചു. ഈ കോട്ടയ്ക്ക് അകത്തു കൂടിയും മഹാറാണി അഹല്യാഭായി ഹോള്‍ക്കറുടെ കൊട്ടാരത്തിലേക്കും അഹല്യേശ്വര്‍ മഹാദേവക്ഷേത്രത്തി ലേക്കും പോകാവുന്നതാണ്. മനോഹരമായ കോട്ടയില്‍ നിന്നും അതിമനോഹരമായ നദിയുടെ കാഴ്ചകള്‍. അഹല്യാ കൊട്ടാരത്തിനു മുമ്പിലായി അഹല്യാഭായിയുടെ വലിയ പ്രതിമ ഉയര്‍ന്നു നില്‍ക്കുന്നു. കൊട്ടാരത്തിനകത്തുള്ള സ്വര്‍ണ്ണ പ്രതിമയും ചെറുതും വലുതുമായ ശിവലിംഗ ശേഖരവും കണ്ണിനും മനസ്സിനും കുളിര്‍മയേകും. അഹല്യാഭായിയുടെ കാലം മുതലുള്ള പ്രത്യേക ശിവലിംഗ പൂജ ഇപ്പോഴും മുടങ്ങാതെ ഇവിടെ നടക്കുന്നു.
രാജരാജേശ്വര്‍ മഹാദേവക്ഷേത്രം (വളരെ പ്രാചീന ക്ഷേത്രമാണ്) കാര്‍ത്തവീര്യാര്‍ജുനന്റെ കാലം മുതലുള്ളതാണ്. ബാണേശ്വര്‍ മഹാദേവക്ഷേത്രം നദിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. സഹസ്രധാര ഇവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ്.
നീലകണ്‌ഠേശ്വര്‍ മഹാദേവക്ഷേത്രം
മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരമുള്ള വിന്ധ്യാചല്‍ പര്‍വ്വതത്തിന്റെ ഭാഗമായ മാണ്ഡവ്ഗഡിലെ നീലകണ്‌ഠേശ്വര്‍ മഹാദേവക്ഷേത്രം. ഈ പുരാതന ക്ഷേത്രം നര്‍മ്മദാ പരിക്രമ പാതയിലാണ്. ശിവന്‍ കാളകൂട വിഷം കഴിച്ചു കഴുത്ത് നീലയായതിനാലാണ് ഈ ക്ഷേത്രത്തിനു നീല്‍കണ്‌ഠേശ്വര്‍ എന്ന പേര് വന്നത്. റോഡില്‍നിന്നും അനവധി പടികള്‍ കുത്തനെ ഇറങ്ങി വേണം ക്ഷേത്രത്തിലെത്തുവാന്‍. പ്രകൃതി ഒരുക്കിയിരിക്കുന്ന മതില്‍ക്കെട്ടിനകത്ത് വലിയ ചുമന്ന പാറക്കല്ലുകള്‍കൊണ്ട് നിര്‍മ്മിതമായ ഈ ക്ഷേത്രത്തിന്റെ മുകളില്‍ നിന്നും താഴ്‌വാരത്തെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കാലഘട്ടത്തില്‍ പുനര്‍നിര്‍മ്മിച്ചു. ക്ഷേത്രത്തില്‍ മുഗള്‍ രൂപകല്‍പന കാണാവുന്നതാണ്. ഗര്‍ഭഗൃഹത്തില്‍ ശിവലിംഗത്തിനു പുറകില്‍ മുകള്‍ഭാഗത്ത് നിന്നും ജലം നൂല്‍ധാരയായി പ്രവഹിക്കുന്നു. ഭക്തര്‍ ഇരുകൈകളും ചേര്‍ത്ത് ഈ ജലം ശേഖരിച്ചു ഭഗവാന് അഭിഷേകം ചെയ്യുന്നു. ഈ ജലം ക്ഷേത്രത്തിനു മുമ്പിലുള്ള ടാങ്കിലും അവിടുന്ന് വളഞ്ഞുതിരിഞ്ഞു സങ്കീര്‍ണ്ണമായ നാഗചക്രത്തിലൂടെ താഴോട്ടും ഒഴുകുന്നു. ചക്രത്തിലൂടെ ഒഴുകുന്ന ജലത്തില്‍ ഇലയോ പൂവോ സമര്‍പ്പിച്ചു ഭക്തര്‍ തങ്ങളുടെ ആഗ്രഹം സഫലമാകുമോ എന്ന് പരിശോധിക്കുന്നു.
ശൂല്‍പാണേശ്വര്‍ മഹാദേവക്ഷേത്രം
നര്‍മ്മദാ തീരത്ത് മഹാരാഷ്ട്ര നംധൂര്‍ബാര്‍ ജില്ലയിലായിരുന്നു പ്രാചീന ശൂല്‍പാണേശ്വര്‍ മഹാദേവക്ഷേത്രം. ഈ ക്ഷേത്രം സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ മുങ്ങിപ്പോയി. ഗുജറാത്തിലെ ഗോര ഗ്രാമത്തിലെ ഒരു കുന്നിന്‍ മുകളില്‍ ക്ഷേത്രം പുനഃസ്ഥാപിച്ചു. പഴയ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന രണ്ടു ശിവലിംഗങ്ങളില്‍ ഒന്നു മാത്രമാണ് പുതിയ ക്ഷേത്രത്തിലേക്ക് പുനഃസ്ഥാപിക്കാന്‍ സാധിച്ചത്. ക്ഷേത്രത്തിന്റെ മുകളില്‍ നിന്നും നദിയും നര്‍മ്മദാ ഘാട്ടും സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ പ്രതിമയും (ഐക്ത്യത്തിന്റെ പ്രതിമ) ദര്‍ശിക്കുവാന്‍ കഴിയും. ഇവിടുത്തെ നര്‍മ്മദാ ഘാട്ടില്‍ നിത്യവും നര്‍മ്മദാ മഹാ ആരതി നടക്കുന്നു. അതില്‍ പങ്കെടുക്കുവാനും ദര്‍ശനത്തിനായും ധാരാളം ഭക്തരും എത്തിച്ചേരുന്നു.
ശിവന്‍ ബ്രാഹ്മണനായ അന്ധകാസുരനെ ത്രിശൂലത്താല്‍ കൊന്നതിനാല്‍ ബ്രഹ്മഹത്യാപാപമുണ്ടായി. ത്രിശൂലത്തിലെ രക്തക്കറ പോകാത്തതിനാല്‍ നര്‍മ്മദാ നദിയുടെ തീരത്ത് ത്രിശൂലം കുത്തിയപ്പോള്‍ അത് താഴ്ന്നുപോയി താഴെ നിന്നും നര്‍മ്മദാ ജലം പ്രവഹിക്കുകയും ഒരു കുണ്ഡ് രൂപപ്പെടുകയും ചെയ്തു. ത്രിശൂലത്തിലെ രക്തക്കറ നിശ്ശേഷം നീങ്ങി. ശൂലം സ്ഥാപിച്ചതിനാല്‍ ഈ പ്രദേശം ശൂല്‍പാണി എന്ന പേരിലും ക്ഷേത്രം ശൂല്‍പാണേശ്വര്‍ മഹാദേവക്ഷേത്രം എന്ന പേരിലും അറിയപ്പെട്ടു.
ജബ്രേശ്വര്‍ മഹാദേവക്ഷേത്രം
മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയില്‍ നദിയുടെ ദക്ഷിണ തീരത്ത് പിപ്പിരിയ ഘാട്ടിലാണ് വിശാലമായ ശിവലിംഗമുള്ള ജബ്രേശ്വര്‍ മഹാദേവക്ഷേത്രം. നദിയില്‍ നിന്നും ക്ഷേത്രം ഉയരത്തിലാണുള്ളത്. ഇവിടുത്തെ ശിവലിംഗത്തിനു ഉയരം നാലര അടി. ഏകദേശം ഇരുനൂറു വര്‍ഷം പഴക്കമുള്ള ഈ ശിവലിംഗത്തിന്റെ ഉയരം എല്ലാ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നു. നര്‍മ്മദാ ജലത്തില്‍ നിന്നും ജലം ശേഖരിച്ചു ഭക്തര്‍ ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നു. കൈപ്പത്തികള്‍ മഞ്ഞപ്പൊടിയില്‍ മുക്കി മതിലില്‍ പതിപ്പിക്കുക ഇവിടുത്തെ ഒരു ആചാരമാണ്. ശിവക്ഷേത്രത്തിനു നേരെ എതിര്‍വശം പാര്‍വതി ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പില്‍ നന്ദിയുടെ രണ്ടു പ്രതിമ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ നദി വളരെ ശാന്തവും സുന്ദരവുമാണ്. നദിയുടെ എതിര്‍വശത്ത് ദൂരെയായുള്ള ചെറിയ മലകള്‍ നദിയുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു.
അമര്‍കണ്‌ഠേശ്വര്‍ മഹാദേവ ക്ഷേത്രം
മധ്യപ്രദേശില്‍ അന്നുപ്പൂര്‍ ജില്ലയിലെ നര്‍മ്മദാ ഉദ്ഗം സ്ഥാനത്താണ് അമര്‍കണ്‌ഠേശ്വര്‍ മഹാദേവക്ഷേത്രം. നദിയുടെ ഉത്ഭവസ്ഥാനമാണിവിടെ. ഈ ക്ഷേത്രത്തിനു മദ്ധ്യത്തിലുള്ള നര്‍മ്മദാകുണ്ഡിനു ചുറ്റുമായി നര്‍മ്മദാദേവിയുടേതുള്‍പ്പടെ പതിനാറു പ്രതിഷ്ഠകളുണ്ട്. മുഖ്യ ക്ഷേത്രത്തിനു പുറമേ കുണ്ഡിനു ചുറ്റും പലയിടത്തായി ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ട്. അമര്‍കണ്ടക്കില്‍ വരുന്നവരുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടന സ്ഥാനമാണിത്. രാം നായക്ക് പണികഴിപ്പിച്ച ഈ ക്ഷേത്രം പില്‍ക്കാലത്ത് മഹാറാണി അഹല്യാഭായി ഹോള്‍ക്കാര്‍ നവീകരിച്ചു. പരിക്രമവാസികളെ സംബന്ധിച്ചിടത്തോളം ഒരു കിലോമീറ്റര്‍ ദൂരെയുള്ള മയ്യയുടെ ബഗിയയാണ് ഉത്ഭവസ്ഥാനം.
ക്ഷേത്രത്തിനു സമീപം കാലചുരി കാലഘട്ടത്തിലെ പാതാളേശ്വര്‍, പഞ്ചമത്, ജോഹില, കര്‍ണ്ണ തുടങ്ങിയ പ്രാചീന ക്ഷേത്രങ്ങളുള്ള ക്ഷേത്ര സമുച്ചയം ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കീഴിലാണ്.
ബഡേശ്വര്‍ മഹാദേവക്ഷേത്രം
ഗുജറാത്തില്‍ നദിയുടെ ഉത്തര തീരത്തെ ഭഡഭൂത് ഗ്രാമത്തിലാണ് പ്രസിദ്ധമായ ബഡേശ്വര്‍ മഹാദേവക്ഷേത്രം. ഒരിക്കല്‍ പരമശിവന്‍ ബാലരൂപ ത്തില്‍ ഇവിടുത്തെ ഗുരുകുലത്തില്‍ വിദ്യാര്‍ത്ഥിയായി വന്നു. ഒരു ദിവസം ഗുരുകുലത്തിലെ ഭക്ഷണം ഉണ്ടാക്കുവാനുള്ള ചുമതല ബാലശിവന് ആയിരുന്നു. ഭക്ഷണം ഉണ്ടാക്കി നര്‍മ്മദയില്‍ സ്‌നാനത്തിന് എത്തിയപ്പോള്‍ മറ്റു കുട്ടികള്‍ ഭക്ഷണം തയ്യാറാക്കാതെ വന്നെന്നു പറഞ്ഞ് ബാലശിവനെ കളിയാക്കി. അതുകേട്ട് ശിവന്‍ കുട്ടികളെ വെള്ളത്തില്‍ കെട്ടിയിട്ടു. ഗുരു കുട്ടികളെ അന്വേഷിച്ചപ്പോള്‍ ശിവന്‍ ഉണ്ടായ സംഭവം അറിയിച്ചു. കുട്ടിക ളുടെ മാതാപിതാക്കള്‍ വിഷമിക്കുമെന്നും അവരെ അഴിച്ചുവിടാനും ഗുരു ആവശ്യപ്പെടുകയും അതുപ്രകാരം അഴിച്ചു വിടുകയുമുണ്ടായി. പരമശിവന്റെ ഗുരുകുല വാസത്തിനാല്‍ പവിത്രമായ ഭൂമിയാണിത്. ഇവിടെ തന്നെയുള്ള മറ്റൊരു ക്ഷേത്രമാണ് സോമേശ്വര്‍ മഹാദേവക്ഷേത്രം.
വാല്മീകേശ്വര്‍ മഹാദേവക്ഷേത്രം
ഗുജറാത്തില്‍ കന്ത്രോജില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി വരാച്ചയില്‍ നദിയുടെ ദക്ഷിണ തീരത്താണ് വാല്മീകി പ്രതിഷ്ഠിച്ച വാല്മീകേശ്വര്‍ മഹാദേവ ക്ഷേത്രം. വാല്മീകി തപസ്സ് ചെയ്ത സ്ഥാനങ്ങളില്‍ ഒന്നാണിത്. ഇവിടെ പുരാതനമായ ഒരു ദത്താത്രേയ ക്ഷേത്രവും തൊട്ടടുത്ത് താഴെയായി ഒരു മാതാ മന്ദിറും കൂടിയുണ്ട്. നര്‍മ്മദാ നദിയുടെ തീരത്ത് ശാന്തമായ, മനോഹരമായ അന്തരീക്ഷമാണ് ഈ പൗരാണിക ക്ഷേത്രത്തിലുള്ളത്.
ശുക്ലേശ്വര്‍ മഹാദേവ ക്ഷേത്രം
ഗുജറാത്തിലെ ബറൂച്ചില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറി നദിയുടെ ഉത്തര ഭാഗത്ത് ഭഗവാന്‍ വിഷ്ണു തപസ്സ് അനുഷ്ഠിച്ചു മഹാദേവനെ പ്രസാദിപ്പിച്ചു പ്രത്യക്ഷപ്പെടുത്തിയ സ്ഥാനമാണ് ശുക്ലതീര്‍ത്ഥം. പ്രാചീനമായ ഈ ക്ഷേത്രത്തില്‍ അടുത്തടുത്തായി മൂന്ന് ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നദിയുടെ ഈ ഭാഗം അര്‍ദ്ധചന്ദ്രാകാര രൂപത്തിലാണ്. ഇവിടുത്തെ ഒരു ദിവസത്തെ വാസം കൊണ്ട് യൗവനത്തില്‍ ചെയ്ത പാപങ്ങള്‍ നശിക്കുന്നു. ഇവിടെ സ്‌നാനം ചെയ്തു ശിവനെ പൂജിക്കുന്ന ഭക്തര്‍ക്ക് അശ്വമേധയാഗ ഫലം ലഭിക്കുന്നു. ശ്രേഷ്ഠമായ തീര്‍ത്ഥങ്ങളില്‍ പെടുന്ന ഇവിടുത്തെ മഹാത്മ്യം ഭക്തര്‍ ശരിക്കും അറിയുന്നില്ല.
നദിയുടെ ദക്ഷിണതീരത്തുള്ള ബക്കാവോ ഗ്രാമത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള നര്‍മദേശ്വര്‍ ശിവലിംഗങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും വന്‍തോതില്‍ നടക്കുന്നു. ശിവലിംഗവും നന്ദിയും മാത്രമേ ഇവിടെ നിര്‍മ്മിക്കുന്നുള്ളൂ. ഗ്രാമവാസികള്‍ കൃഷിക്ക് പുറമേ ശിവലിംഗ നിര്‍മ്മാണത്തിലും മുഴുകിയിരിക്കുന്നു. ആവശ്യമനുസരിച്ച് ഏത് വലുപ്പത്തിലുള്ള ശിവലിംഗവും ഇവിടെ ലഭ്യമാണ്. ഏതു കാലഘട്ടത്തിലാണ് ഇവിടെ ശിവലിംഗ നിര്‍മ്മാണം തുടങ്ങിയതെന്ന് ആര്‍ക്കുമറിയില്ല. കാലാകാലങ്ങളായി തുടരുന്നു എന്നുമാത്രം.
നര്‍മ്മദാ നദിയിലെ സ്‌നാനവും തീര്‍ത്ഥജലപാനവും ക്ഷേത്രങ്ങളിലെ ഊര്‍ജ്ജസ്വലതയുള്ള ദര്‍ശനവും ശുദ്ധമായ പ്രാണവായുവും ശാന്തമായ അന്തരീക്ഷവും കൂടിച്ചേരുമ്പോള്‍ പഞ്ചഭൂതങ്ങളെ തിരിച്ചറിഞ്ഞു മനസ്സ് ശാന്തമായി ഒഴുകുന്ന പുഴയായി മാറുന്നു.