ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ 1964 പ്രധാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘ഐ’യും ‘എം’ ഉം ആയി രണ്ടായത് ആ വര്‍ഷമാണ്. 1945 മുതല്‍ കമ്മ്യൂണിസ്റ്റ് വിശ്വാസമുള്ള എനിക്ക്, പാര്‍ട്ടിയെപ്പറ്റി ഏക ശിലാസ്തംഭം എന്ന ധാരണയാണ് ഉണ്ടായിരുന്നത്. 1949-ല്‍, 1948 മുതല്‍ക്കുള്ള ഒളിവ് (യു.ജി) പ്രവര്‍ത്തനത്തില്‍ പങ്കാളിയായി, അറസ്റ്റ് ചെയ്യപ്പെട്ട്, മര്‍ദ്ദനമേല്‍ക്കുകയും രണ്ടു കൊല്ലത്തെ തടവിനു ശിക്ഷിക്കപ്പെടുകയും അത്രയും കാലത്തെ നല്ല നടപ്പ് ആയി കോടതി ശിക്ഷ മാറ്റിത്തരികയും ചെയ്തതിനെത്തുടര്‍ന്ന്, അഭയാര്‍ത്ഥിയായി ബോംബെയിലേക്ക് പോയ എനിക്ക് അവിടെ ക മ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡാങ്കേ, രണദിവേ വിഭാഗങ്ങളായി ഭിന്നിച്ചു നില്‍ക്കുന്നത് കാണേണ്ടി വന്നു. രാജേശ്വരറാവു സി.സി. ആണ് പാര്‍ട്ടി നേതൃത്വത്തില്‍ വര്‍ത്തിച്ചിരുന്നത്. സിറ്റിയുടെ സിവ്‌റി ഭാഗത്ത്, വിളക്ക് കത്തിക്കാത്ത, സിറ്റിയുടെ സിവ്‌റി ഭാഗത്ത്, വിളക്ക് കത്തിക്കാത്ത, ഒരു രാത്രിയോഗത്തില്‍, സ: ഡാങ്കേ സംസാരിച്ചു. അദ്ദേഹം പറഞ്ഞു:
‘കല്‍ക്കത്തയിലെ പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത സി.സിയില്‍ ഞാന്‍ അംഗമാണ്. രാജേശ്വരറാവു സി.സിയില്‍ ഞാനില്ല. രണദിവേയുടെ ആളുകളേ ഉള്ളൂ. ഞാന്‍ ആ സി.സി.യെ അംഗീകരിക്കുന്നില്ല.’ ബോംബെയില്‍ ഗവണ്‍മെന്റ്പാര്‍ട്ടിയിലെ ഡാങ്കേ പക്ഷക്കാരെ ജയില്‍ കവാടം തുറന്നുവിട്ടു. രണദിവേ പക്ഷക്കാരോട് ഗവണ്‍മെന്റിനു വിരോധം. പാര്‍ട്ടിയിലെ ഭിന്നിപ്പ് വളര്‍ത്താന്‍ ഗവണ്‍ മെന്റ് അധികാരം ഉപയോഗപ്പെടുത്തുകയായിരുന്നു. 1964-ലെ പാര്‍ട്ടി ഭിന്നിപ്പ് ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് ആണെന്നു കരുതാന്‍ ന്യായമുണ്ട്. 1964-ലെ ഭിന്നിപ്പുകൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ ശോഭ കെട്ടു. തുടര്‍ന്നുണ്ടായ നക്‌സല്‍ ഭിന്നിപ്പ് സി.പി.ഐ.യേക്കാളധികമായി സി.പി.എമ്മിനെ ബാധിച്ചിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ ആദ്യതറവാടായ ആന്ധ്രയില്‍ പാര്‍ട്ടി തകര്‍ന്നുപോയി. പടിഞ്ഞാറന്‍ ബംഗാളില്‍ ആയിരത്തിലധികം കമ്മ്യൂണിസ്റ്റുകാര്‍ക്ക് നക്‌സല്‍ ആക്രമണത്തില്‍ ജീവഹാനി ഉണ്ടായെന്ന് ജ്യോതി ബസു പറഞ്ഞു. അതുകൊണ്ടല്ല, മമതബാനര്‍ജിയുടെ ഉദയത്തോടെയാണ് 2009-ല്‍ പാര്‍ട്ടിക്ക് ക്ഷതമുണ്ടായത്.
ഇന്ത്യയില്‍ ബംഗാള്‍, ത്രിപുര, കേരളം എന്നീ മൂന്നു സ്റ്റേറ്റുകളില്‍ ആണ് സി.പി.എം. പ്രഭാവം നിലനിന്നിരുന്നത്. ഇപ്പോള്‍ അത് കേരളത്തില്‍ മാത്രമേ ഉള്ളൂ.
1964-ലെ പാര്‍ട്ടി ഭിന്നിപ്പിനെ തുടര്‍ന്ന് ഐ-എം കാര്‍ മത്സരിച്ച് പാര്‍ട്ടിയിലുണ്ടായിരുന്നവരെ തങ്ങളുടെ വശത്തേക്ക് കൊണ്ടുവരാന്‍ യത്‌നിച്ചു. പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കലും പത്രങ്ങള്‍ പിടിക്കലും പാര്‍ട്ടി കേഡര്‍മാരെ പ്രലോഭിപ്പിച്ചു വശത്താക്കുകയും ചെയ്യുന്നത് വ്യാപകമായി. ആ മത്സരത്തില്‍ എം. വിഭാഗമാണ് നേട്ടമുണ്ടാക്കിയത്.
ഞാന്‍ സി.പി.എമ്മിന്റെ ഭാഗം ചേര്‍ന്നത് ആശയപരമായിട്ടാണ്. 1956-ല്‍ കോഴിക്കോട്ട് കോളേജില്‍ അദ്ധ്യാപകനായ ശേഷം പാര്‍ട്ടിയോടകന്നു നില്‍ക്കുകയായിരുന്നു. സാഹിത്യത്തില്‍ മാത്രമായിരുന്നു എനിക്കു താത്പര്യം. എന്നാല്‍ സി.പി.ഐ. കോണ്‍ഗ്രസ്സിനോടും ഗാന്ധിയോടും ചാഞ്ഞുനില്‍ക്കുന്നതായി കണ്ടപ്പോള്‍, ഞാന്‍ മനസ്സുകൊണ്ട് അവര്‍ക്കെതിരായി. ഗാന്ധിയും നെഹ്‌റുവും കോണ്‍ഗ്രസ്സും എനിക്ക് ചതുര്‍ത്ഥിയായിരുന്നു. എന്റെ കമ്മ്യൂണിസ്റ്റ് പഠിപ്പ് അതായിരുന്നു. ഞാന്‍ പാര്‍ട്ടി ഓഫീസില്‍ പോയിരുന്നു. കമ്മ്യൂണിസം പഠിച്ചിരുന്നില്ല. നവോത്ഥാന കഥാസാഹിത്യം ആണ് എന്നില്‍ വിപ്ലവചിന്ത ഉണ്ടാക്കിയത്. ദേവിന്റെയും ബഷീറിന്റെയും വര്‍ക്കിയുടെയും കൃതികളാണ് അതില്‍ എനിക്ക് വഴികാട്ടിയായത്. കൂടാതെ എന്റെ വ്യക്തിപരമായ അനുഭവങ്ങളും. ധനികം എന്നു പറയാവുന്ന ഒരു കുടുംബത്തില്‍ ജനിച്ചിട്ട്, ധനമാകെ നഷ്ടപ്പെട്ട അതിദരിദ്രമായ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. 1936-ല്‍, മൂന്നാം ക്ലാസ്സില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴായിരുന്നു സ്ഥിതിയില്‍ മാറ്റം വന്നത്. ധനമുണ്ടായിട്ടും കാര്യമില്ല. ധനം നഷ്ടപ്പെടാം. കമ്മ്യൂണിസത്തില്‍ അതുണ്ടാവില്ല. അങ്ങനെ സ്വാനുഭവനിഷ്ഠമായിട്ടാണ് ഞാന്‍ കമ്മ്യൂണിസത്തോട് അനുഭാവം വളര്‍ത്തിയത്. സി.പി. എമ്മുകാര്‍ കലര്‍പ്പു കൂടാതെ, മാര്‍ക്സിസം-ലെനിനിസം എന്നിവയെ ഉപാസിച്ചതൊന്നും ഞാന്‍ കാര്യമാക്കിയില്ല. അവരുടെ കോണ്‍ഗ്രസ്-ഗാന്ധിവിരോധത്തോട് എനിക്ക് യോജിപ്പായിരുന്നു. ഡാങ്കേ ആയിരുന്നു ‘ഐ’ പക്ഷത്തെ ആചാര്യന്‍, ബോംബെയിലെ ഡാങ്കെയുടെ പ്രസംഗം, എന്നില്‍ ഡാങ്കെയോട് എതിര്‍പ്പുണ്ടാക്കിയിരുന്നു.
ഞാന്‍ സി.പി.എം. പക്ഷക്കാരന്‍ ആണെന്ന് അറിഞ്ഞിട്ടോ എന്തോ, അക്കാലത്ത് കോഴിക്കോട്ട് ഉണ്ടായിരുന്ന സ: ഇ.കെ. നായനാര്‍, ‘ഡാങ്കേ കത്തുകള്‍’ തര്‍ജ്ജമ ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. സ: ഡാങ്കേ സാമ്രാജ്യ ദാസ്യം കൈക്കൊണ്ടെന്നാണ് സി.പി.എമ്മുകാര്‍ പറഞ്ഞിരുന്നത്. ആ കത്തുകള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിന്മേലാണ് പാര്‍ട്ടി ഭിന്നിച്ചത്. ഞാന്‍ ഡാങ്കേ കത്തുകള്‍ തര്‍ജ്ജമ ചെയ്യാന്‍ തുടങ്ങി. രണ്ടോ മൂന്നോ കത്തുകള്‍ തര്‍ജ്ജമ ചെയ്തു. തര്‍ജ്ജമ ദേശാഭിമാനിയില്‍ കൊണ്ടുകൊടുത്തു. തര്‍ജ്ജമ പത്രം പ്രസിദ്ധീകരിച്ചോ എന്തോ എനിക്കറിയില്ല. കത്ത് എന്നെ ചൊടിപ്പിച്ചു. അര്‍ത്ഥമില്ലാത്ത സംഗതിയാണതെന്ന് എനിക്ക് തോന്നി. പിന്നീട് സ: നായനാരെ കണ്ടപ്പോള്‍, ഡാങ്കേ കത്തുകളെ സംബന്ധിച്ചുള്ള എന്റെ അനിഷ്ടത്തെപ്പറ്റി പറഞ്ഞു. ബാക്കി കത്തുകള്‍ ദേശാഭിമാനിയിലെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുകൊടുക്കാനാണ് എന്നോട് നായനാര്‍ പറഞ്ഞത്. കത്തുകള്‍ എവിടെ പോയ് മറഞ്ഞു. എനിക്കറിയില്ല. ഇപ്പോള്‍ ഞാന്‍ മാത്രമാകും ആ കത്തുകളെപ്പറ്റി ഓര്‍മ്മിക്കുന്നത്.
പാര്‍ട്ടിയിലെ അനുഭവങ്ങള്‍ അത്ര നല്ലതല്ലാതിരുന്നിട്ടും ഞാന്‍ ബോംബെയില്‍ നിന്ന് നാട്ടില്‍ (തൃശൂര്‍) വന്നപ്പോള്‍, പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി. 1951-ലെ പൊതുതിരഞ്ഞെടുപ്പ്. എന്റെ വീടുള്ള വിയ്യൂര് നിയമസഭാമണ്ഡലത്തില്‍ സ: കെ.കെ. വാരിയര്‍ ആയിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റ്ആയി പാര്‍ട്ടി എന്നെ നിയോഗിച്ചു. തിരഞ്ഞെടുപ്പില്‍ സ: വാരിയര്‍ തോറ്റു. സി. അച്യുതമേനോന്‍ തൃശൂര്‍ മണ്ഡലത്തില്‍ ജയിച്ചു.
ആ പൊതുതിരഞ്ഞെടുപ്പ്, രണദിവേ പരീക്ഷണത്തില്‍ തകര്‍ന്ന പാര്‍ട്ടിക്ക് ജീവന്‍ വെപ്പിച്ചു. ഗണ്യമായ വിജയം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായി.
വിദ്യാര്‍ത്ഥി ഫെഡറേഷന്‍
എനിക്ക് പാര്‍ട്ടി ഏല്‍പിച്ചു തന്ന ജോലി, പ്രവര്‍ത്തനം നിലച്ചുപോയ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പുനഃസംഘടന ആയിരുന്നു. ഞാന്‍ തോറ്റ ഇന്റര്‍ പരീക്ഷ വീണ്ടും എഴുതി വിജയിച്ച് തൃശൂരിലെ ശ്രീ കേരളവര്‍മ്മ കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിയായി ചേര്‍ന്നിട്ടുണ്ടായിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തനം തൃശൂര്‍ ജില്ലയില്‍ കുറെ നടന്നു. വിപുലമായ ജില്ലാ സമ്മേളനം തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. ഞാന്‍ സംഘടനയുടെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ കൂടെ പാര്‍ട്ടിയുടെ തൃശൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ അംഗത്വവും. 1954-ല്‍ ഞാന്‍ ബിരുദപരീക്ഷ പാസ്സായി. 1958ല്‍ ജോസഫ് മുണ്ടശ്ശേരി പത്രാധിപരായി തൃശൂരില്‍ ആരംഭിച്ച ‘നവജീവന്‍’ ദിനപ്പത്രത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചു അതിന്റെ തുടര്‍ച്ചയായി, കോഴിക്കോട് മാതൃഭൂമി പത്രത്തില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ എനിക്ക് ജോലി കിട്ടി. കോണ്‍ഗ്രസ് പത്രത്തില്‍ കമ്മ്യൂണിസ്റ്റായി അറിയപ്പെട്ട എനിക്ക് നിലനില്‍പ്പുണ്ടായില്ല. എന്നാല്‍, ആ പത്രബന്ധത്തിന്മേല്‍ എനിക്ക് കോഴിക്കോട്ടെ മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ ട്യൂട്ടര്‍ ആയി നിയമനം കിട്ടി. മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി എന്‍.വി. കൃഷ്ണവാരിയര്‍ ഉണ്ടാ യിരുന്നു. കൃഷ്ണാവാരിയര്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അദ്ധ്യാപകനായിരുന്നു. ഞാന്‍ അവിടെ ഇന്റര്‍ മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, കൃഷ്ണവാരിയര്‍ സാഹിത്യ വിമര്‍ശനത്തില്‍ എന്നെ പ്രോത്സാഹിപ്പിച്ചു. കോളേജദ്ധ്യാപകനെന്ന നിലയില്‍ ഞാന്‍ അദ്ധ്യാപക സംഘടനയില്‍ പ്രവര്‍ത്തിച്ചു. സംഘടനയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു ഞാന്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധികാര സമിതികളായ സെനറ്റിലും സിന്റിക്കേറ്റിലും ഞാന്‍ അംഗമായിരുന്നു. അദ്ധ്യാപകസംഘടനയായ എ. കെ.പി.സി.ടി.എ (അഹഹ ഗലൃമഹമ ജൃശ്മലേ ഇീഹഹലഴല ഠലമരവലൃ െഅീൈരശമശേീി) രാഷ്ട്രീയമുളളവരും രാഷ്ട്രീയമില്ലാത്തവരും ആയ പ്രൊഫസര്‍മാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ഒരു സംഘടന ആയിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള ഒരു പ്രസിഡണ്ടും സെക്രട്ടറിയും സംഘടനയ്ക്കുണ്ടായത് പില്‍ക്കാലത്താണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സമരങ്ങളില്‍ നിന്നു എ.കെ.പി.സി.ടി.എ. വിട്ടു നിന്നു. അതനുവദനീയമല്ലെന്ന് പാര്‍ട്ടി നിശ്ചയിച്ചപ്പോള്‍ സംഘടനയും പാര്‍ട്ടിയും തമ്മില്‍തെറ്റി. 1983-ല്‍ പാര്‍ട്ടി നിശ്ചയിച്ച ഒരു പണിമുടക്കു തീരുമാനത്തോട് യോജിക്കാതിരുന്നതിന്റെ പേരില്‍ പാര്‍ട്ടിയിലെ എന്റെ അംഗത്വം സസ്‌പെന്റ് ചെയ്തു. ആ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. സി.പി.എം. എന്നെ ശത്രുവായി കരുതുന്നു. ഉപദ്രവിക്കാവുന്നിടത്തോളം അവരെന്നെ ഉപദ്രവിക്കുന്നുണ്ട്.
മാനസികമായി ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് വളരെയകലെയാണ്. പാര്‍ട്ടിയില്‍ മുമ്പ് ഞാന്‍ ‘സ്റ്റാലിന്‍ പ്രേമി’ ആയിരുന്നു. 1956-ല്‍ സി. പി.എസ്.യുവിന്റെ 20-ാം കോണ്‍ഗ്രസ്സില്‍ നികിത ക്രൂഷ്ചേവ് ചെയ്ത പ്രസംഗം സ്റ്റാലിനെ സംബന്ധിച്ച് മറച്ചുവെച്ചിരുന്ന ക്രൂരചരിതങ്ങള്‍ പുറത്തുവിട്ടു. 1985-ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ക്രൂഷ്ചേവ് തുടങ്ങിവെച്ച തുറന്നു പറച്ചില്‍ ഗോര്‍ബച്ചേവിന്റെ കീഴില്‍ വിപുലമായി. പെരിസ്‌ട്രോയിക്ക, ഗ്ലാസ്സ്നോസ്റ്റ് എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് പുതിയ കാലത്ത് സോവിയറ്റ് റഷ്യയുടെ ചരിത്രമാകെ തിരുത്തിയെഴുതപ്പെട്ടു. റഷ്യയില്‍ മുമ്പും കഠിനക്കയ്യുകള്‍ ഉണ്ടായിരുന്നു. അവയെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സാമ്രാജ്യഅപവാദ പ്രചരണമായി വിശ്വസിക്കപ്പെട്ടു. അപ്പറഞ്ഞതത്രയും പരമാര്‍ത്ഥമായിരുന്നു എന്ന അറിവില്‍ എന്റെ കമ്മ്യൂണിസ്റ്റു വിശ്വാസത്തിന്റെ അടിത്തറ തകര്‍ന്നു. എനിക്ക് കോണ്‍ഗ്രസ്സ് ഭരണത്തോടുള്ള അപ്രിയം, അഹിംസയെ ആദര്‍ശമാക്കിയ ഗാന്ധിജി വളര്‍ത്തിയ കോണ്‍ഗ്രസ് പ്രസ്ഥാനം ഭരണത്തില്‍ കൊടുംക്രൂരത അഴിച്ചുവിട്ടതിലായിരുന്നു. അതിന്റെ ഒരു ഡോസ് എനിക്കും കിട്ടിയിരുന്നല്ലോ. 1989-ല്‍ റഷ്യന്‍ ക്രൂരതയുടെ കഥകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തപ്പോള്‍ നമുക്ക് അനുഭവിക്കേണ്ടി വന്ന കഠിനതകള്‍ നിസ്സാരമായിരുന്നല്ലോ എന്ന വിചാരമുണ്ടായി. കമ്മ്യൂ ണിസത്തിന്റെ പേരില്‍ റഷ്യയിലും ചൈനയിലും കംബോഡിയയിലും യൂറോപ്പിലെ ജനകീയ ജനാധിപത്യരാജ്യങ്ങളിലും അറുതിയില്ലാത്ത നിയമരാഹിത്യവും കരാളഭീകരമായ മനുഷ്യവേട്ടയുമാണ് നടന്നത്.
ഇപ്പോള്‍ എനിക്ക് ഗാന്ധിവിരോധമില്ല. നെഹ്റുവിനോട് ആദരമുണ്ട്. പട്ടേലും ബോസും ആദരണീയരാണ്. 1950-ല്‍ ബോംബെയില്‍ ഞാനുമുണ്ടായിരുന്നു. പട്ടേല്‍ മരിച്ചപ്പോള്‍ ബോംബെ നഗരമങ്ങനെത്തന്നെ ആ മരണത്തില്‍ അനുശോചിച്ചതിന് ഞാന്‍ സാക്ഷിയാണ്, കൊളാബ മുതല്‍ മാട്ടുംഗ വരെ നഗരവീഥിയാകെ പട്ടേലിന്റെ മരണത്തില്‍ അനുശോചിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു. അന്നത്തെ ആ ദൃശ്യം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
ഇന്ത്യയിലെ നേതാക്കളൊക്കെ ദയാലുക്കളും മഹാമനസ്‌കരും ആയിരുന്നു. അവരങ്ങനെ ആയത് ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും സ്വാധീനത്തില്‍ കീഴിലാണ്. സ്വാതന്ത്ര്യലബ്ധിയുടെ നാളുകളില്‍ ഇന്ത്യയില്‍ വന്‍തോതില്‍ നശീകരണങ്ങളും ചോര ചിന്തലുമുണ്ടായി. അതില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പങ്കില്ല. അത് ചരിത്രത്തിന്റെ ബാക്കിപത്രമായിരുന്നു. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഉദാരഭാവത്തില്‍ സ്വീകരിച്ചു നമ്മുടെ രാജ്യം. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രദര്‍ശനാലയമാണ് ഇന്ത്യ. അതിനോട് രാജിയാവാന്‍ തയ്യാറാവാത്തവരാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യാന്തരീക്ഷത്തെ കലുഷമാക്കിയത്. അവരില്‍ ദ്വേഷത്തിന്റെ തത്വചിന്ത ഉള്‍ക്കൊണ്ടവരില്‍ നിന്ന് ഉരുണ്ടുകൂടിയ ആശയങ്ങളെ എതിരിടാന്‍ നമുക്കുള്ളത് നമ്മുടെ ദേശീയനേതാക്കന്മാരുടെ സ്മരണയാണ്. എന്റെ ഭാഗത്ത്, ഇതൊരു തെറ്റുതിരുത്തലാണ്.
(ഇന്ത്യാ ബുക്‌സ് പ്രസിദ്ധീകരിക്കാനിരിക്കുന്ന എം.ആര്‍.ചന്ദ്രശേഖരന്റെ ‘ചതുര്‍സ്സാരഥികള്‍’ (ഗാന്ധി, നെഹ്‌റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്) എന്ന പുസ്തകത്തിന്റെ അവതാരികയില്‍ നിന്ന് എടുത്തത്.)