കാശ്മീര്‍ വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഇടപെടലുകളക്കുറിച്ച്, പിന്നീട് കേന്ദ്രമന്ത്രിയായി അധികാരമേറ്റ കോണ്‍ഗ്രസ്സുകാരനായ നട്‌വര്‍ സിങ്ങ് പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്: ‘കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിലാണ് നെഹ്രു ഉന്നയിച്ചത്. അതിര്‍ത്തിത്തര്‍ക്കങ്ങളും കടന്നുകയറ്റങ്ങളും ചര്‍ച്ചചെയ്യുന്ന, ഐക്യരാഷ്ട്രസഭയുടെ ഏഴാം ചാപ്റ്റര്‍ പ്രകാരമായിരുന്നു യഥാര്‍ത്ഥത്തില്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. അതുപോലെത്തന്നെ കശ്മീരില്‍ ജനഹിതപരിശോധന നടത്താമെന്ന നെഹ്രുവിന്റെ വാഗ്ദാനവും വലിയൊരബദ്ധമായിരുന്നു. ആത്യന്തികമായിപ്പറഞ്ഞാല്‍, കശ്മീരിനെ വ്യക്തിപരമായ ഒരു വിഷയമായാണ് നെഹ്രു കൈകാര്യം ചെയ്തത്. 1950 ഡിസംബര്‍ 15-ന് പട്ടേല്‍ മരിച്ചു. പട്ടേല്‍ ചെറുപ്പക്കാരനായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു’ (മാതൃഭൂമി 10- 12- 2019. വാരാന്തപ്പതിപ്പ്. ‘അരികെ ആദരവോടെ’ എന്ന ശീര്‍ഷകത്തില്‍ മനോജ് മേനോന്‍ നട്‌വര്‍സിങ്ങുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്).
പണ്ഡിറ്റ് നെഹ്രുവുമായി ആത്മാര്‍ത്ഥബന്ധം പുലര്‍ത്തിയിരുന്ന ആളാണ് നട്‌വര്‍സിങ്ങ്. നെഹ്രുവാണ് നട്‌വര്‍സിങ്ങിനോട് ഐഎഫ്എസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. അദ്ദേഹത്തെക്കൊണ്ട് ഐഎഫ്എസ് എടുപ്പിച്ച് വിദേശകാര്യവകുപ്പിലെ ഉയരങ്ങളിലേക്ക് കയറ്റിവിട്ടതും നെഹ്രുതന്നെയായിരുന്നു. ആ വിധത്തില്‍ നെഹ്രുവിനോട് കടപ്പാടുള്ള നട്‌വര്‍സിങ്ങ് നെഹ്രുവിന്റെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലെ വാസ്തവികതയുടെ തീക്ഷ്ണത്തിളക്കത്തിന് മാറ്റുകൂടുമല്ലോ.
രണ്ടു രാജ്യങ്ങളോടും സൈന്യങ്ങളെ പിന്‍വലിക്കാന്‍ ഐക്യരാഷ്ട്രസഭ ഉത്തരവിട്ടിരുന്നുവെങ്കിലും പാകിസ്ഥാന്‍ അവരുടെ പടയെ പിന്‍വലിക്കാതിരുന്നത് കരാറിന്റെ ലംഘനമാണെന്ന് ഭാരതവും ഇന്ത്യന്‍ പട്ടാളത്തെ പ്രദേശത്തുനിന്ന് പിന്‍വലിച്ചാലേ തങ്ങള്‍ പിന്മാറുള്ളൂവെന്നും ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യം സുഗമമായ ഹിതപരിശോധനയ്ക്ക് അനുകൂലമാവില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തതിനാലാണ് പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി ദശകങ്ങളെ മറികടന്ന് കശ്മീര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു കീറാമുട്ടിയായി കിടന്നത്. പാകിസ്ഥാന്‍ ദീര്‍ഘകാലമായി തങ്ങളുടെ ‘അലി’യാണെന്ന വസ്തുതയും ആയുധവിപണനത്തിന് അനുകൂലസാധ്യതയുള്ള ലാവണമാണ് കശ്മീര്‍ പ്രശ്‌നം എന്ന വ്യാമോഹവും യുഎന്‍ഒയില്‍ മേല്‍ക്കോയ്മയുള്ള അമേരിക്കയ്ക്കും ഈ പ്രശ്‌നപരിഹാരത്തിനുള്ള താല്പര്യത്തിന്റെ പ്രഭ കുറച്ചു.
ഇതിന്റെ പരിണതിയെന്നോണം പ്രശ്‌നം ഒത്തുതീര്‍പ്പാവുന്നതുവരെ ഇരു സൈന്യങ്ങളും നില്ക്കുന്ന പ്രദേശം നിയന്ത്രണരേഖയായി കണക്കാക്കാന്‍യുഎന്‍ഐസിഐപി ഉത്തരവിട്ടു. അതോടെ കശ്മീരിന്റെ നല്ലൊരു ഭാഗം ‘ആസാദി കശ്മീര്‍’ എന്ന് മാമോദീസ മുക്കിക്കൊണ്ട് പാകിസ്ഥാന്‍ കൈവശപ്പെടുത്തി. നെഹ്രു തന്റെ നേരത്തെയുള്ള പദ്ധതി പ്രകാരം തന്റെ ആത്മസുഹൃത്തായ, ‘ബ്ലഡ് ബ്രദര്‍’ ഷേക്ക് അബ്ദുള്ളയെ ഭാരതത്തിന്റെ കൈവശമുള്ള കശ്മീരിന്റെ ‘പ്രധാനമന്ത്രി’യാക്കി കശ്മീരിന് പല പരിഗണനകളും വാരിക്കോരി കൊടുത്തു. അതിലൊന്നാണ് ‘മുഖ്യമന്ത്രി’ പദവിയെ ‘പ്രധാനമന്ത്രി’ പദവിക്ക് തുല്യമാക്കി ഷേക്ക് അബ്ദുള്ളയ്ക്ക് തുല്യം ചാര്‍ത്തിക്കൊടുത്തത്. ആര്‍ട്ടിക്കിള്‍ 370-ലൂടെ കശ്മീരിന്റെ സ്വയംഭരണാവകാശം നെഹ്രു ഉറപ്പു വരുത്തി. അതിന്റെ കൂടെ, 35-എ അനുച്ഛേദമുണ്ടാക്കി മറ്റു സംസ്ഥാനക്കാര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങി കുടിയേറാനുള്ള അവകാശം നിഷേധിച്ചു. ഭരണഘടനയുടെ അനുച്ഛേദം 368(1) പ്രകാരം പാര്‍ലമെന്റിനു മാത്രമേ ഭരണഘടനയില്‍ ഭേദഗതി വരുത്താനുള്ള അവകാശമുള്ളൂ എന്ന വ്യവസ്ഥയെ മറികടന്നാണ് നെഹ്രു ഈ തന്ത്രം ഒപ്പിച്ചെടുത്തത്.
ഇതിനോടു പ്രതിഷേധിച്ചുകൊണ്ട്, ആര്‍ട്ടിക്കിള്‍ 370 ദേശീയ ഐക്യത്തിനു ഭീഷണിയാവുമെന്നു ചൂണ്ടിക്കാട്ടി, ഭാരതീയ ജനസംഘസ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. അദ്ദേഹം സ്ഥാപിച്ച ഭാരതീയ ജനസംഘം ജമ്മു പ്രജാ പരിഷത്തിനോടു കൂട്ടുചേര്‍ന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനാവശ്യപ്പെട്ടുകൊണ്ട് വമ്പിച്ച പ്രതിഷേധവും സത്യഗ്രഹവും നടത്തി. ‘ഏക് ദേശ് മേം ദോ വിധാന്‍, ദോ പ്രധാന്‍, ദോ നിശാന്‍ നഹീ ചലേംഗേ’ (ഒരു രാജ്യത്തിനകത്ത് രണ്ടു ഭരണഘടനകളും രണ്ടു പതാകകളും രണ്ടു പ്രധാനമന്ത്രിമാരും ഉണ്ടാവാനനുവദിക്കില്ല) എന്നു ഗര്‍ജ്ജിച്ചുകൊണ്ട് 1953 മെയ് 11-ന്, അദ്ദേഹം അനുചരന്മാരോടൊപ്പം കശ്മീരിലേക്ക് മാര്‍ച്ച് ചെയ്തു. ശ്യാമപ്രസാദിന്റെ ഉദ്യമങ്ങള്‍ക്ക് തടയിട്ടുകൊണ്ട് ഷേക്ക് അബ്ദുള്ളയുടെ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ശ്രീനഗറിലേക്കു കൊണ്ടുപോയി അവിടത്തെ സെന്‍ട്രല്‍ ജയിലിലടച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, അദ്ദേഹത്തെ നഗരത്തിനു പുറത്തുള്ള ഒരു കളപ്പുരയിലേക്ക് അവര്‍ മാറ്റിപ്പാര്‍പ്പിച്ചു.
അവിടെ വെച്ച് രോഗബാധിതനായ ശ്യാമപ്രസാദിന് അസഹ്യമായ മുതുകുവേദന അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരോഷ്മാവ് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അലി അഹമ്മദ് എന്ന ഒരു ഡോക്ടറാണ് അവിടെ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് എത്തിയത്. ശ്വാസകോശാവരണത്തിന്റെ വരള്‍ച്ചയാണ് അദ്ദേഹത്തെ പിടികൂടിയ രോഗമെന്ന നിഗനത്തില്‍ എത്തിച്ചേര്‍ന്ന ഡോക്ടര്‍ അലി അഹമ്മദ് കുറിച്ചു കൊടുത്ത ഔഷധങ്ങള്‍ ഒന്നും പക്ഷേ, വേണ്ടത്ര ഫലം കണ്ടില്ല. ജൂണ്‍ 22-ാം തീയതി കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പിറ്റേദിവസം, അതായത് 1953, ജൂണ്‍ മാസം 23-ാം തീയതി അതിരാവിലെ 3-40ന്, അദ്ദേഹം രോഗത്തിനു കീഴടങ്ങി അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്.
ശ്യാമപ്രസാദിന്റെ കസ്റ്റഡി മരണം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ സംശയങ്ങളും അസ്വസ്ഥതയുമാണ് അന്നുണ്ടാക്കിയത്. തന്റെ മകന്റെ മരണത്തിനുള്ള കാരണം അന്വേഷിച്ച് ജനങ്ങളോട് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ അമ്മ, ജോഗമായാദേവി മുഖര്‍ജി, നെഹ്രുവിനെ സമീപിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തിനു പിന്നില്‍ യാതൊരു രഹസ്യവും ഒളിഞ്ഞു കിടക്കുന്നില്ലെന്ന് തന്റെ അന്വേഷണങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞതായി നെഹ്രു മുഖര്‍ജിയുടെ അമ്മയെ ധരിപ്പിച്ചെങ്കിലും അതു വിശ്വസിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഈ വിഷയത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിന് തയ്യാറാവണമെന്നു കാണിച്ച് അവര്‍ നെഹ്രുവിന് കത്തെഴുതിയെങ്കിലും നെഹ്രു അതിന് വേണ്ടത്ര പ്രാധാന്യം നല്കാതെ ചെവിപ്പുറത്തിടുകയാണുണ്ടായത്. ഈ സംഭവപരമ്പരകളെയെല്ലാം ഓര്‍ത്തെടുത്തുകൊണ്ടാണ്, ‘കശ്മീരിലേക്ക് പ്രക്ഷോഭജാഥ നയിച്ച ശ്യാമപ്രസാദ് മുഖര്‍ജിയുടെ അറസ്റ്റും അതിനെത്തുടര്‍ന്നുണ്ടായ മരണവും നെഹ്രു ഉള്‍പ്പെട്ട ഒരു ഗൂഢാലോചനയുടെ പരിണതിയായിരുന്നു’വെന്ന് 2004-ല്‍ അടല്‍ ബിഹാരി വാജ്‌പേയ് അഭിപ്രായപ്പെട്ടത്.
പിന്നീട്, 1954-ല്‍, അനുച്ഛേദം 370-ന്റെ ചുവടുപിടിച്ച് കേന്ദ്രമന്ത്രിസഭയില്‍ അനുമതി നേടിക്കൊടുത്ത്, അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദിന്റെ കൈയൊപ്പു വാങ്ങി ഭരണഘടനയിലേക്ക് നുഴഞ്ഞു കയറിയ രാഷ്ട്രീയതന്ത്രങ്ങളുടെ ജാരസന്തതിയായിരുന്നു ’35-എ’ എന്ന അനുച്ഛേദം. രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും തീര്‍ച്ചയായും ഭാവിയില്‍ തുരങ്കം വയ്ക്കുമെന്നും അനുച്ഛേദം 370 തന്നെ, ഭരണഘടനയുടെ കാഴ്ചപ്പാടു പ്രകാരം, ജമ്മു കശ്മീരിനുള്ള താല്ക്കാലികമായ ഒരു സാന്ത്വനം മാത്രമാണെന്നും അറിയാമായിരുന്നിട്ടും രാജേന്ദ്രപ്രസാദിനെപ്പോലുള്ള ഒരാള്‍ ആ അനുച്ഛേദത്തില്‍ ഒപ്പുചാര്‍ത്തിയത് നെഹ്രുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിത്തന്നെയാവാനേ തരമുള്ളു.
കശ്മീരി സ്ത്രീകള്‍ അന്യസംസ്ഥാനക്കാരെ വിവാഹം ചെയ്താല്‍ ആ സ്ത്രീകള്‍ക്ക് അവരുടെ ഭൂസ്വത്തിന്മേലുള്ള അവകാശം നഷ്ടപ്പെടുമെന്ന് വ്യവസ്ഥ കൊണ്ടുവന്നു (35 എ പ്രകാരം, കശ്മീരിയല്ലാത്ത ഒരാളെ വിവാഹം കഴിച്ചതുകൊണ്ട് തനിക്കു നഷ്ടമായ അവകാശങ്ങളത്രയും തിരിച്ചു കിട്ടാന്‍ ശശി തരൂര്‍ തന്റെ അധികാരമുപയോഗിക്കണമെന്നാവശ്യപ്പെട്ടതുകൊണ്ടായിരുന്നു ശശി-സുനന്ദാ പുഷ്‌ക്കര്‍ ബന്ധത്തില്‍ ആദ്യത്തെ അസ്വാരസ്യം ഉടലെടുത്തത് എന്നു പറയപ്പെടുന്നുണ്ട്. സുനന്ദാ പുഷ്‌ക്കര്‍ ജന്മംകൊണ്ട് കശ്മീരിയായിരുന്നുവല്ലൊ). വിദേശകാര്യത്തിലും വാര്‍ത്താവിനിമയത്തിലുമല്ലാതെ മറ്റൊരു തുറയിലും കേന്ദ്രസര്‍ക്കാര്‍ കൈകടത്തില്ലെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. പ്രതിരോധം ഭാരതത്തിന്റെ ചെലവിലാക്കാനും ഉടമ്പടിയായി.
ഈവക ആനുകൂല്യങ്ങളെല്ലാം ഒത്തുകിട്ടിയ ഷേക്ക് അബ്ദുള്ള തന്റെ മനസ്സില്‍ ഗോപ്യമായ ചില ആഗ്രഹങ്ങളെ താലോലിക്കുന്നുണ്ടായിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്തെ മുഴുവനായും ഇസ്ലാമീകരിക്കുക എന്ന പദ്ധതി അധികാരം കിട്ടിയതോടെ അബ്ദുള്ളയുടെ മനസ്സില്‍ ജ്വലിച്ചു നിന്നു. ആ മോഹസാക്ഷാത്ക്കാരത്തിനുവേണ്ടി അമേരിക്കയുമായും പാകിസ്ഥാനുമായും ഒരേ സമയം അബ്ദുള്ള രഹസ്യസംഭാഷണത്തിലേര്‍പ്പെട്ടു. തക്കം കിട്ടിയപ്പോള്‍ ഷേക്ക് തന്റെ തനിനിറം വെളിപ്പെടുത്തുന്നതു കണ്ട് നെഹ്രു കുപിതനായി. അധികം താമസിയാതെ ‘ബ്ലഡ് ബ്രദര്‍’ അബ്ദുള്ളയെ നെഹ്രുതന്നെ ഇരുമ്പഴികള്‍ക്കു പിന്നിലാക്കി. 1953 ആഗസ്റ്റ് മാസത്തിലായിരുന്നു അത്. ബക്ഷി ഗുലാം മുഹമ്മദാണ് തല്‍സ്ഥാനത്ത് അബ്ദുള്ളയ്ക്കുശേഷം നിയമിക്കപ്പെട്ടത്.
കശ്മീരിലെ വര്‍ദ്ധമാനമായ മതാധിഷ്ഠിത ധ്രുവീകരണത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന അപകടം മണത്തറിഞ്ഞ് 1956 ഒക്‌ടോബര്‍ 30-ന് കശ്മീരിനെ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായി ഭാരതസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ ഈ തീരുമാനത്തെ എതിര്‍ത്തു. ഒരു ജനഹിത പരിശോധനയിലൂടെ മാത്രമേ ഈദൃശമായ തീരുമാനമെടുക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും അവകാശമുള്ളുവെന്ന് ഐക്യരാഷ്ട്രസഭ ഭാരതത്തെ താക്കീതു ചെയ്തു. തുടര്‍ന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് കശ്മീര്‍ സന്ദര്‍ശിച്ചു. കശ്മീര്‍ രാജാവായ ഹരിസിങ്ങ് ലയന ഉടമ്പടിയില്‍ ഒപ്പുവച്ചത് പാകിസ്ഥാനുമായല്ല, ഇന്ത്യയുമായാണെന്നും ആ ഒപ്പു ചാര്‍ത്തലിലൂടെത്തന്നെ കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമായിക്കഴിഞ്ഞെന്നും അത് തെളിയിക്കാന്‍ ഒരു ഹിതപരിശോധനയുടെയും ആവശ്യമില്ലെന്നും അവിടെ വച്ച് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതോടെയാണ് അന്നുതൊട്ടിന്നുവരെ, നെഹ്രുവെന്ന ഭരണാധികാരിയുടെയും ഗോപാല്‍സ്വാമി അയ്യങ്കാര്‍ എന്ന വിശ്വസ്തനായ ആശ്രിതന്റെയും പിടിപ്പുകേടിന്റെ അനന്തരസ്മരണകളുമായി, ജനമനസ്സില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് ഒരു തര്‍ക്കഭൂമിയായി കശ്മീര്‍ നിലകൊള്ളാന്‍ തുടങ്ങിയത്.
കശ്മീര്‍ പ്രശ്‌നത്തെ തുടര്‍ന്ന് പില്‍ക്കാലത്ത് പൊട്ടിപ്പുറപ്പെട്ട രണ്ടു യുദ്ധങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഭാരതചരിത്രത്തില്‍ പിന്നെയും താളുകളൊതുക്കേണ്ടി വന്നു. താഷ്‌ക്കന്റ് കരാര്‍ ഒപ്പുവെച്ച ശേഷം ദുരൂഹ പരിതഃസ്ഥിതിയില്‍ മരണമടഞ്ഞ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെക്കൂടി കശ്മീരിന്റെ ചരിത്രമെഴുതുമ്പോള്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
സിംലാ കരാറിന്റെ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയും പക്വതയില്ലാത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്. വെറുമൊരു കരാറുകൊണ്ട് പാകിസ്ഥാന്‍, ബംഗ്ലാദേശൊഴികെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചു. ബംഗ്ലാദേശ് രൂപപ്പെടുന്നതിനു മുമ്പുതന്നെ, കിഴക്കന്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിക്കൊണ്ട് പകരം കശ്മീര്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന് പദ്ധതിയുണ്ടായിരുന്നതായി പിന്നീട് ഭൂട്ടോതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിഭിന്ന സംസ്‌കാരമുള്ളവരും പാകിസ്ഥാന്റെ വല്ല്യേട്ടന്‍ മനോഭാവത്തോട് മമതയില്ലാത്തവരുമായ കിഴക്കന്‍ പാകിസ്ഥാന്‍ എന്ന കീറാമുട്ടിയെ ഫലഭൂയിഷ്ഠവും പ്രകൃതിരമണീയവുമായ, തങ്ങളുടെ നാടിനോടു ചേര്‍ന്നുകിടക്കുന്ന കശ്മീരിനു വേണ്ടി കൈയൊഴിയാന്‍ റാവല്‍പിണ്ടിയിലെ അന്നത്തെ തമ്പുരാക്കന്മാരും തിട്ടമിട്ടിരുന്നതാണ്.
വാസ്തവത്തില്‍ അന്നത്തെ പാക് ഭരണാധികാരിയായ ഭൂട്ടോയ്ക്കുപോലും ഭാരതത്തോട് നേര്‍ക്കുനേര്‍ നില്ക്കാന്‍ ഭയമായിരുന്നു. കശ്മീര്‍ തന്നെ ഒരുപാട് അസ്വസ്ഥനാക്കുന്നുണ്ടെന്നും യുദ്ധത്തിലൂടെ കശ്മീര്‍ പിടിച്ചെടുക്കുക എന്നുള്ളത് അത്യാഗ്രഹിയുടെ പകല്‍ക്കിനാവുപോലെ അസാധ്യമാണെന്നും 1971-ല്‍ ഭൂട്ടോ അഭിപ്രായപ്പെട്ടു. കശ്മീരികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നമുക്ക് പൊരുതാനാവില്ലെന്ന് താന്‍ പാകിസ്ഥാനില്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായ വോട്ടെടുപ്പ് അതിനൊരു പരിഹാരമാണെങ്കിലും സമ്മര്‍ദ്ദത്തിലൂടെ അങ്ങനെയൊന്ന് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമാണെന്നും അതേവര്‍ഷംതന്നെ ഭൂട്ടോ ഇന്ദിരാഗാന്ധിയോടു പറഞ്ഞതായി രാഷ്ട്രീയ നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിന്റെയും പാകിസ്ഥാന്റെയുമിടയില്‍ നടന്ന സിംലാകരാറിന്റെ ചര്‍ച്ചാവേളയില്‍, അതിര്‍ത്തിരേഖയെ സമാധാനത്തിന്റെ രേഖയാക്കി (Line of Peace) കണക്കാക്കിക്കൊണ്ട് അതിലൂന്നിക്കൊണ്ടുള്ള ഒരുടമ്പടിയിലൂടെ മാത്രമേ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ എന്നുള്ള തന്റെ നിലപാട് 1972 മാര്‍ച്ച് മാസത്തില്‍ ഭൂട്ടോ വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായി ഭൂട്ടോ അതിനു തയ്യാറായിരുന്നെങ്കിലും പാകിസ്ഥാനിലെ രാഷ്ട്രീയ-പട്ടാള-ഐഎസ്‌ഐ പ്രഭൃതികളുടെ സമ്മര്‍ദ്ദമാണ് അന്ന് അതിന് തടസ്സം നിന്നത്. 1971 ഡിസംബര്‍ 17-ാം തീയതിയിലെ വെടിനിര്‍ത്തലിനു ശേഷം, തന്റെ ആശയം പ്രാവര്‍ത്തികമാക്കിക്കൊണ്ട് കശ്മീര്‍ എന്ന കീറാമുട്ടിയുടെ നിര്‍ദ്ധാരണം സുസാധ്യമാക്കണമെന്ന് ഭൂട്ടോ കണക്കുകൂട്ടിയിരുന്നു. 14 വര്‍ഷം നീണ്ടുനിന്ന പട്ടാളഭരണത്തിനുശേഷം മലര്‍ന്ന തന്റെ ജനാധിപത്യ ഗവണ്‍മെന്റ്, പട്ടാളത്തലവന്മാരുടെ അതൃപ്തി കൊണ്ടും രാഷ്ട്രീയ പ്രതിയോഗികളുടെ കുപ്രചാരണംകൊണ്ടും വിനാശത്തിലേക്ക് കൂപ്പുകുത്തുമെന്ന ഭയമാണ് ഭൂട്ടോയെ അതില്‍നിന്ന് പിന്തിരിപ്പിച്ചത് (Indira Gandhi: The Emergency And Indian Democracy-P.N.Dhar). ഇന്ത്യയ്ക്കു വേണ്ടി പി. എം.ഹസ്‌ക്കറും പാകിസ്ഥാനുവേണ്ടി അസീസ് അഹമ്മദുമാണ് സിംലാ കരാറിന്റെ പിന്നണിയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത്. ഇവര്‍ രണ്ടു പേരും മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരായിരുന്നു.
യുദ്ധം ജയിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തടവുകാരെ തിരിച്ചുനല്കുന്നതിനുപാധിയായി പാക് അധീനകശ്മീര്‍ തിരിച്ചു നല്കാന്‍ നിര്‍ബന്ധിക്കുന്നത് പരാജിതന്റെ മേല്‍ വിജയി അടിച്ചേല്പിക്കുന്ന മേല്‍ക്കോയ്മാ മനോഭാവമായി ലോകം തെറ്റിദ്ധരിക്കുമെന്നാണ് തന്റെ ഒഴിഞ്ഞുമാറ്റത്തിനു കാരണമായി ഇന്ദിര പറഞ്ഞത്. ഒരുപക്ഷേ, കരാറിലെ വ്യവസ്ഥ പാലിക്കാന്‍ പാകിസ്ഥാന്‍ വിളംബം കാട്ടുന്ന സാഹചര്യമുണ്ടായാല്‍ അത് മറ്റൊരു യുദ്ധത്തിന് വഴിമരുന്നാകുമെന്നും അവര്‍ ഭയന്നു. ഈ പശ്ചാത്തലത്തില്‍,’Ceasefire Line’s\ ‘Line Of Control’ ആക്കി നിര്‍ണ്ണയിച്ചാല്‍ മതിയെന്ന് ഭാരതം നിര്‍ദ്ദേശിച്ചെങ്കിലും പാകിസ്ഥാനെ പ്രതിനിധീകരിച്ച അസീസ് അഹമ്മദ് ആ നിര്‍ദ്ദേശം നിരാകരിക്കുകയാണുണ്ടായത്. കശ്മീരൊഴിച്ച് മറ്റെല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അംഗീകരിക്കുന്നുവെന്ന് അസീസ് പറഞ്ഞപ്പോള്‍ ഒരര്‍ത്ഥത്തില്‍ കശ്മീര്‍ പ്രശ്‌നത്തിന്റെ നിരന്തര നിര്‍ദ്ധാരണത്തിന് കൂടെ നില്ക്കാമെന്ന് താന്‍ ഭാരതത്തിന് വാക്കു നല്കിയിട്ടുണ്ടെന്നും അതിനൊരു ഉടമ്പടിയുണ്ടാക്കി അതിനെ തീര്‍പ്പായി (Settlement) അംഗീകരിക്കണമെന്നും ആ ഒത്തുതീര്‍പ്പിലൂടെ കശ്മീരികള്‍ക്ക് പരസ്പരം ഇരു ഭാഗത്തേക്കുമുള്ള സഞ്ചാരം സുഗമമാക്കണമെന്നും കശമീരിനെച്ചൊല്ലി ഇനിയൊരു യുദ്ധം ഉണ്ടായിക്കൂടെന്നുമാണ് ഇന്ദിരയോട് ഭൂട്ടോ അന്നു പറഞ്ഞത്.
ഇതിനെത്തുടര്‍ന്ന് ‘Ceasefire Line”-നെ ‘Line Of Control’ ‘ എന്നാക്കി മാറ്റണമെന്ന പ്രധാന വിഷയത്തില്‍ ഭാരതം കുറേശ്ശെ പിടിയയച്ചു തുടങ്ങി. ആശയപരമായി ഒരു അതിര്‍ത്തി നിര്‍ണ്ണയിച്ചാല്‍ മതിയെന്നും ജനങ്ങളെ പരസ്പരം കൈമാറേണ്ടതില്ലെന്നും ചര്‍ച്ചയില്‍ ഇരുവിഭാഗവും അംഗീകരിച്ചു. എങ്കിലും, ഈ അംഗീകാരത്തിന് വഴിപ്പെട്ടാല്‍ തന്റെ നാട്ടിലെ രാഷ്ട്രീയ-പട്ടാള-ഐഎസ്‌ഐ പ്രഭൃതികളുടെ മുക്കൂട്ടു ശക്തികള്‍ കുഴപ്പമുണ്ടാക്കുമെന്ന് ഭൂട്ടോ ഭയന്നു. മാത്രമല്ല, ആഭ്യന്തരമായി പാകിസ്ഥാനില്‍ കലാപങ്ങളുണ്ടാവുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കശ്മീര്‍ എന്ന കഞ്ഞിക്കലത്തിന്റെ ചൂട് നിരന്തരം നിലനിര്‍ത്തേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകതയും ഭൂട്ടോയെ ആകുലചിത്തനാക്കി. ഭാരതത്തിലെ പ്രതിപക്ഷവും കശ്മീര്‍ ഒത്തുതീര്‍പ്പിനെ ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള തുറുപ്പുചീട്ടാക്കുമെന്ന് ഇന്ദിരയും ഭയന്നു. അതുകൊണ്ടുതന്നെ, ആ തീരുമാനം കടലാസ്സില്‍ രേഖപ്പെടുത്താതെ വാക്കാല്‍ക്കരാറായി നിലനിര്‍ത്താനാണ് ഇരുനേതാക്കളും ഇഷ്ടപ്പെട്ടത്.
പാക് അധീന കശ്മീരിനെ ഭരണഘടനാപരമായി ക്രമേണ പാകിസ്ഥാന്റെ ഭാഗമാക്കിക്കൊള്ളാമെന്നും ഭാരതത്തില്‍ ഇതിനെച്ചൊല്ലിയുണ്ടായേക്കാവുന്ന പ്രക്ഷോഭങ്ങളൊഴിവാക്കാന്‍ അത് സിംലാ കരാറില്‍ രേഖപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്നും ഭൂട്ടോ പറഞ്ഞിരുന്നതായും ഇന്ദിരാഗാന്ധി അതിനു വഴങ്ങുകയാണ് ഉണ്ടായതെന്നും പറയപ്പെടുന്നുണ്ട്. 1974-ല്‍ ഭരണഘടനാപരമായി പാക് അധീന കശ്മീരിനെ ഭൂട്ടോ പാകിസ്ഥാന്റെ ഭാഗമാക്കിയപ്പോള്‍ ഇന്ത്യ (ഇന്ദിര എന്നു വായിക്കുക) അതിനെ എതിര്‍ക്കാതിരുന്നത് ഈ ആരോപണം ശരിയായിരുന്നു എന്ന വാദത്തിന് പിന്‍ബലമേകുന്നു ണ്ടല്ലോ.
ഈ യുദ്ധത്തില്‍ ഇന്ത്യ പിടിച്ചെടുത്തതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഭാരതത്തിനു വിട്ടുതരാന്‍ തയ്യാറായിക്കൊണ്ടാണ് ഭൂട്ടോ-സിംലാകരാര്‍ ചര്‍ച്ചയ്‌ക്കെത്തിയതെന്ന് 1972 ജൂലായ് മൂന്നാം തീയതി കരാറിലൊപ്പിട്ട ശേഷം ഭൂട്ടോയെ ചുറ്റിപ്പറ്റിയുള്ള വിശ്വസ്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കശ്മീരിന്റെ ജനസംഖ്യയിലെ അഞ്ചില്‍ നാലു ഭാഗവും കുടിവാഴുന്നത് ഇവിടെയാണെന്നോര്‍ക്കണം.
Political And Buiseness Weekly യുടെ 1995 മെയ് 15 ലക്കത്തില്‍ ഗോഹര്‍ എഴുതിയ, ‘Mr Bhuto Fooled Your PM’ എന്ന ലേഖനത്തില്‍, ‘എങ്ങനെയാണ് താങ്കള്‍ ഇന്ദിരയെപ്പോലെ ധാര്‍ഷ്ട്യമുള്ള ഒരു നേതാവിന്റെ കയ്യില്‍ നിന്ന് പകരമായൊന്നും നഷ്ടപ്പെടുത്താതെ ഇത്രയും വലിയ, ഏറെക്കുറെ തൊണ്ണൂറായിരത്തോളം വരുന്ന ഒരു പട്ടാളസമൂഹത്തെ നിഷ്പ്രയാസം രക്ഷപ്പെടുത്തി കൊണ്ടുപോയതെ’ന്ന ഒരു പത്രപ്രതിനിധിയുടെ ചോദ്യത്തിന് ഭൂട്ടോ ഇങ്ങനെ മറുപടി പറഞ്ഞതായി കാണുന്നുണ്ട്: ‘അടയിരിക്കുന്ന പക്ഷി അറിയാതെ, അത് ചൂടു കൊടുത്തുകൊണ്ടിരിക്കുന്ന മുട്ടകള്‍ തോണ്ടിയെടുക്കാനുള്ള വിരല്‍വഴക്കമുള്ള വ്യക്തിയാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍.’
ബംഗ്ലാദേശിന്റെ വിമോചനം തങ്ങളുടെ ആത്മാഭിമാനത്തിനേറ്റ സിംഹപ്രഹരമായാണ് പാകിസ്ഥാന്‍ പട്ടാളം കണക്കാക്കിയത്. ഏതൊരു ദേശസ്‌നേഹിക്കുമുണ്ടായേക്കാവുന്ന സ്വാഭാവിക വികാരം! ഈ വികാരത്തിന്റെ അനന്തരങ്ങളാണ് പാകിസ്ഥാന്റെ പിന്തുണയോടെ പിന്നീട് കശ്മീര്‍ താഴ്‌വരയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഭീകരവാദത്തിന്റെ താണ്ഡവദൃശ്യങ്ങള്‍. പാകിസ്ഥാന്റെ തോല്‌വിക്കു ശേഷം സിയാ ഉള്‍ ഹക്കാണ് ഇന്ത്യയുമായുള്ള പരോക്ഷ യുദ്ധതന്ത്രങ്ങളുടെ മസ്തിഷ്‌ക്കമായി പ്രവര്‍ത്തിച്ചത്. ‘മുജാഹിദുകള്‍’ എന്ന ലാബലില്‍ സിയാ ഭാരതത്തിനെതിരായി കൂലിപ്പട്ടാളത്തെ കളത്തിലിറക്കി.
മുജാഹിദുകളുടെ ചരിത്രം
1979-80 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ സൈന്യത്തിന്റെ പ്രവേശനമാണ് അഫ്ഗാന്‍- പാക്-ഇന്ത്യ ദുരന്തത്തിന് വഴിയൊരുക്കിയത്. ലോകശക്തികളില്‍ എതിര്‍ചേരിയിലുണ്ടായിരുന്ന അമേരിക്കയ്ക്ക് റഷ്യന്‍ സൈന്യത്തെ എന്തു വില കൊടുത്തും അഫ്ഗാന്‍ മണ്ണില്‍ നിന്ന് തുരത്തേണ്ടത് ആവശ്യമായിരുന്നു. ഇതിന് അവര്‍ സഹായം തേടിയെത്തിയത് പാകിസ്ഥാനിലെ അന്നത്തെ പട്ടാളത്തലവനായിരുന്ന സിയാ ഉള്‍ ഹക്കിന്റെ തമ്പിലായിരുന്നു. ഈ ഗൂഢാലോചനയുടെ പരിണതി ചെന്നെത്തിയത് പില്ക്കാലത്ത് ആഗോളതലത്തില്‍ത്തന്നെ മഹാവിപത്തുകള്‍ വിതച്ചു കൊയ്യുന്ന വിനാശകാരിയായ ഒരു പ്രസ്ഥാനത്തിന്റെ ഉദ്ഭവത്തിലായിരുന്നു. അഫ്ഗാന്‍ മുജാഹിദുകളുടെയും അറബി സംസാരിക്കുന്ന മറ്റു മുസ്ലീം തീവ്രവിശ്വാസികളുടെയും മതവിശ്വാസത്തെ ഊതിപ്പെരുപ്പിച്ചുകൊണ്ട് ഒരു പടയ്ക്ക് രൂപം കൊടുക്കാനും ആ പടയെ ഉപയോഗിച്ച് റഷ്യയുടെ ഉറക്കം കെടുത്താനും അതിനുവരുന്ന എല്ലാ ചെലവുകളും അമേരിക്ക വഹിക്കാനും തീരുമാനമായി. ഈ പടയൊരുക്കത്തിന് സിയാ ഉള്‍ ഹക്ക് ചുമതലപ്പെടുത്തിയത് മുശ്‌റഫ്, മുഹമ്മദ് അസ്സീസ് എന്നീ രണ്ടു പട്ടാള ഉദ്യോഗസ്ഥരെയായിരുന്നു. ഈ ദൗത്യത്തില്‍ ഇവരെ സഹായിക്കാന്‍ റിട്ട. മേജര്‍ ജനറല്‍ മഹമൂദ് ദുറാനിയും പിന്നീട് പാളയത്തിലെത്തി. തുടര്‍ന്ന് പാകിസ്ഥാനിലേക്ക് അമേരിക്കന്‍ ആയുധങ്ങളും പണവും അനുസ്യൂതം ഒഴുകിയെത്താന്‍ തുടങ്ങി.
പരിശീലനകേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് പാകിസ്ഥാനിലെ ആധ്യാത്മികകേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട, മദ്രസകളെന്ന മതപഠനകേന്ദ്രങ്ങളായിരുന്നു. നിരോധിക്കപ്പെട്ട ജെയ്‌ഷേ മുഹമ്മദിന്റെ നേതൃസ്ഥാനത്തുള്ള മൗലാന മസൂദ് അസറിനെപ്പോലുള്ള പല മുസ്ലീം തീവ്രവാദികളും ഈദൃശങ്ങളായ മദ്രസകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നുവെന്നോര്‍ക്കണം. ഇവര്‍ രൂപപ്പെടുത്തിയെടുക്കുന്ന ഈ പട പില്‍ക്കാലത്ത് പാകിസ്ഥാനെതിരെ തിരിയാതിരിക്കാന്‍ ഇവര്‍ക്കിടയില്‍ പല ഗ്രൂപ്പുകളുണ്ടാക്കി ഭിന്നിപ്പിച്ച് അവരെ തമ്മില്‍ത്തല്ലിക്കാനും ഇതിന്റെ സംഘാടകര്‍ മറന്നില്ല (ഈ ഭിന്നിപ്പ് പില്ക്കാലത്ത് അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനില്‍ത്തന്നെയും മുസ്ലീങ്ങള്‍ തമ്മില്‍ത്തല്ലി ചോരപ്പുഴകള്‍ പലതുമൊഴുക്കാന്‍ കാരണമായിട്ടുണ്ട്).
ഈ ഉദ്യമത്തിന് അമേരിക്കയെപ്പോലെത്തന്നെ പാകിസ്ഥാനും മനസ്സില്‍ ചില ഗൂഢോദ്ദേശ്യങ്ങളെ താലോലിച്ചിരുന്നു. അഫ്ഗാന്‍ പ്രശ്‌നനിര്‍ദ്ധാരണത്തിനുശേഷം ഇവരാല്‍ ഉരുവാക്കപ്പെട്ട ഈ പടയെ, കശ്മീരില്‍ ഭാരതത്തന്റെ ഉറക്കം കെടുത്താന്‍ ഉപയോഗിക്കാമെന്ന് പാകിസ്ഥാന്‍ മനക്കണക്കു കൂട്ടി. കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറു മാന്തിച്ച് തന്റെ വായിലാക്കി പശിയടക്കുന്ന തള്ളക്കുരങ്ങിനെപ്പോലെ അതിസമര്‍ത്ഥമായി പാകിസ്ഥാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി. പണച്ചെലവും ആയുധച്ചെലവും മുഴുവന്‍ അമേരിക്കയുടെ തലയില്‍ കെട്ടിവെച്ച് തങ്ങള്‍ക്കുകൂടി ഉപയുക്തമായേക്കാവുന്ന ഒരു പടയെ അവര്‍ ഒരുക്കിയെടുത്തു.
അഫ്ഗാന്‍ മുജാഹിദുകെളയും ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള അറബ് തീവ്രവാദികളെയും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഒത്താശയോടെ സമന്വയിപ്പിച്ചുകൊണ്ടാണ് അപകടകാരികളായ ഒരു കൂലിപ്പടയെ മുശ്‌റഫ്, മുഹമ്മദ് അസീസ് എന്നീ രണ്ടുദ്യോഗസ്ഥന്മാരുടെ മേല്‍നോട്ടത്തില്‍ പാകിസ്ഥാന്‍ പട്ടാളം പരിശീലിപ്പിച്ചെടുത്തത്.
ആയുധവ്യാപാരം കുത്തകയാക്കിയിട്ടുള്ള രാഷ്ട്രങ്ങള്‍ക്ക് കശ്മീര്‍ പ്രശ്‌നത്തിന്റെ ഊഷ്മളത കുറയാതെ സൂക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. സൗദിയടക്കം പല രാജ്യങ്ങളും കശ്മീര്‍ വിഷയത്തില്‍ സാമ്പത്തികമായി പാകിസ്ഥാനെ പിന്തുണച്ചിരുന്നു. അതുപോലെത്തന്നെ പാകിസ്ഥാന്‍ ഭരണകൂടത്തിനുമേല്‍ തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കാന്‍ ഐഎസ്‌ഐ ക്കും കശ്മീര്‍ പ്രശ്‌നം കെട്ടടങ്ങിക്കൂടെന്ന സ്വകാര്യനിര്‍ബന്ധമുണ്ട്. പാകിസ്ഥാനിലെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കാകട്ടെ, കശ്മീരിനെച്ചൊല്ലിക്കിട്ടുന്ന വിദേശധനസഹായം തങ്ങളുടെ കുപ്പായക്കീശയുടെ കനം കൂട്ടാനുള്ള നല്ലൊരുപാധിയുമാണ്.
അതുപോലെ ചൈനയ്ക്കുമുണ്ട് കശ്മീര്‍ വിഷയത്തില്‍ ചില സ്വകാര്യതാല്പര്യങ്ങള്‍. അവര്‍ക്ക് പാകിസ്ഥാനിലൂടെ ഇന്ത്യന്‍ അതിര്‍ത്തിസമുദ്രങ്ങളില്‍ അധികമായാസപ്പെടാതെ എത്തണമെങ്കില്‍ പാക് അധീന കശ്മീര്‍ തങ്ങളുടെ സുഹൃദ്‌രാജ്യമെന്ന് ബോധിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പാകിസ്ഥാന്റെ കയ്യില്‍ നിലനില്‌ക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ്, കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയ്ക്കു വരുമ്പോഴെല്ലാം ചൈന ഇന്ത്യക്കു പ്രതികൂലമായി ഐക്യരാഷ്ട്രസഭയില്‍ വീറ്റോ പവറുപയോഗിച്ച് എതിര്‍ക്കുന്നത്.
കശ്മീരില്‍ നമ്മുടെ സൈന്യം രാഷ്ട്രീയമായും പ്രാദേശികമായും നേരിടുന്ന പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്കടുത്തുള്ള സിയാച്ചിന്‍ ഹിമാനിപോലുള്ള ചെങ്കുത്തായ ഹിമാവൃതമലനിരകളുടെ അസ്ഥികള്‍ മരവിപ്പിക്കുന്ന കൊടുംതണുപ്പില്‍ ഭക്ഷണവും ചൂടുവെള്ളവുംപോലും വേണ്ടവിധം കിട്ടാതെ ദുരിതമനുഭവിക്കുന്ന നമ്മുടെ പട്ടാളക്കാര്‍ എപ്പോഴും വിട്ടുപിരിഞ്ഞേക്കാവുന്ന തങ്ങളുടെ ജീവനെപ്പോലും തൃണവത്ക്കരിച്ചുകൊണ്ടാണ് മാതൃരാജ്യത്തിന്റെ സീമ കാക്കുന്നത്. ഈ അതിര്‍ത്തിപ്രദേശങ്ങള്‍ക്കു മേലുള്ള മാതൃഭൂമിയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ മരം കോച്ചുന്ന കുളിരും സഹിച്ചുകൊണ്ട് അവര്‍ കാവല്‍ നില്ക്കുന്നതുകൊണ്ടാണ് ഭയമേതുമില്ലാതെ നാടെങ്ങും സഞ്ചരിക്കാന്‍ നമുക്കാ സാധ്യമാവുന്നത്. താപനില മൈനസ് അമ്പതു ഡിഗ്രിക്കും താഴെ പോകാറുള്ള ഈ പ്രദേശത്തെ ശരാശരി മഞ്ഞുവീഴ്ച മുപ്പത്തഞ്ചടിയാണ്. എന്നുവെച്ചാല്‍, ശരാശരി ഉയരമുള്ള ആറു പേരുടെ മൊത്തം ഉയരത്തെ ഒരുമിച്ചു മൂടാന്‍ പോന്ന ഹിമപാതമാണ് ഇവിടെ നടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 22000 അടി ഉയരത്തില്‍ തങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ലീപ്പര്‍ ബാഗില്‍ ടേണടിസ്ഥാനത്തില്‍ ഉറങ്ങാന്‍ കയറുമ്പോള്‍ വീണ്ടും ഉണരുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെയാണ് അവരതിനൊരുങ്ങുന്നത്. ശത്രുക്കളുടെ ആക്രമണംകൊണ്ടുള്ള മരണത്തെക്കാള്‍ കാലാവസ്ഥയുടെ പ്രാതികൂല്യംകൊണ്ടുണ്ടാവുന്ന വൈപരീത്യങ്ങളാണ് അവിടെ നമ്മുടെ പട്ടാളക്കാരുടെ ജീവനെടുക്കുന്നത്.
നട്ടുച്ച നേരത്തുപോലും മൈനസ് മുപ്പത് ഡിഗ്രി താപം നിലനില്ക്കുന്ന ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ അത് മൈനസ് അറുപത് ഡിഗ്രിയിലേക്ക് കൂപ്പുകുത്താറുണ്ട്. കടല്‍നിരപ്പില്‍ ലഭ്യമാവുന്ന ്രപാണവായുവിന്റെ കേവലം പത്തിലൊരംശം മാത്രമേ ഈ ഹിമപ്രദേശങ്ങളില്‍ കിട്ടാറുള്ളു. പത്തു മിനിറ്റോളം നടന്നാല്‍ ശ്വാസംമുട്ടി അരമണിക്കൂറോളം വിശ്രമിക്കേണ്ടുന്ന അവസ്ഥ! ഹൈ ആള്‍ട്ടിറ്റിയൂഡ് പള്‍മോണറി ഇഡീമപോലുള്ള അത്യന്തം അപകടകരമായ ശ്വാസകോശരോഗങ്ങള്‍ ബാധിച്ച് ഏതു നിമിഷവും മരണം കീഴ്‌പ്പെടുത്താവുന്ന അവസ്ഥ! ‘ഫ്രോസ്റ്റ് ബൈറ്റ്’ എന്നു വിളിക്കപ്പെടുന്ന ഹിമദംശമേറ്റ് ശരീരാവയവങ്ങള്‍ താനേ മുറിഞ്ഞു പോകുന്ന അവസ്ഥ! തോക്കിന്റെ തണുത്തുറഞ്ഞ ഇരുമ്പുഭാഗങ്ങള്‍ ദേഹത്തു തട്ടുമ്പോള്‍ തട്ടിയയിടം മുറിഞ്ഞ് വ്രണമാവുന്ന അവസ്ഥ! തണുത്തുറഞ്ഞ് സങ്കോചിച്ച രക്തധമനികള്‍ രക്തപ്രവാഹയോഗ്യമല്ലാതാവുമ്പോള്‍ രക്തം ലഭിക്കാതെ കരിവാളിച്ചുപോയ കൈകാലുകള്‍ മുറിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ! മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞുവീശുന്ന കുളിര്‍കൊടുങ്കാറ്റിനെയും സൈനിക പോസ്റ്റുകള്‍പോലും വിഴുങ്ങുന്ന മഞ്ഞുവീഴ്ചയെയും ചെറുത്തുകൊണ്ട് നാട്ടുകാര്‍ക്കുവേണ്ടി ജീവന്‍ രക്ഷിക്കേണ്ടുന്ന അവസ്ഥ! ടിന്നിലടച്ചു കിട്ടുന്ന മരവിച്ചുപോയ ഭക്ഷണവും കഴിച്ച് ഒരല്പം ചൂടുവെള്ളംപോലും കിട്ടാതെ മാസങ്ങളോളം തള്ളി നീക്കേണ്ടി വരുന്ന അവസ്ഥ! അപ്രതീക്ഷിതമായ കാരണങ്ങളാല്‍ ഭക്ഷണത്തിന്റെ സപ്ലൈ മുട്ടുമ്പോള്‍ പല ദിവസങ്ങള്‍ പട്ടിണി കിടക്കേണ്ടുന്ന അവസ്ഥ! ഈ ദുരിതങ്ങളെല്ലാം സഹിച്ച് അതിര്‍ത്തി കാക്കുന്ന നമ്മുടെ പട്ടാളക്കാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് മനുഷ്യാവകാശക്കാര്‍ക്കോ ഉദരംഭരികളായ രാഷ്ട്രീയത്തൊഴിലാളികള്‍ക്കോ വേവലാതിയേതുമില്ലെന്നുള്ളതാണ് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം!
സത്യത്തിനുനേരെ കണ്ണടച്ചു പിടിച്ചുകൊണ്ട് ഈ പരിഷകള്‍ നമ്മുടെ പട്ടാളക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് നമ്മള്‍ പലതവണ കണ്ടതാണല്ലോ. കണ്ണൂരില്‍ ക്രമസമാധാനം പാലിക്കാന്‍ പട്ടാളത്തെ ഇറക്കിയാല്‍ അവര്‍ മുമ്പില്‍ കാണുന്ന പെണ്ണുങ്ങളെയൊക്കെ ബലാത്സംഗം ചെയ്തുകളയുമെന്ന് പ്രഖ്യാപിച്ചത് ദിവംഗതനായ കോടിയേരിയായിരുന്നു. സ്ഥലജലവിഭ്രമംപോലെ ആരാണ് ശത്രുവെന്നും ആരാണ് മിത്രമെന്നും വേര്‍തിരിച്ചറിയാനാവാതെ നമ്മുടെ സൈന്യം ഭാരതത്തിന്റെ മണ്ണില്‍ത്തന്നെ സംഭ്രമം പൂണ്ടു നില്ക്കുന്നതിന് ആരാണുത്തരവാദി? കല്ലേറേറ്റ് ചോരയുമൊലിപ്പിച്ചുകൊണ്ട് സ്വന്തം സഹോദരങ്ങള്‍ക്കു നേരെ നിറയൊഴിക്കാന്‍ മടിച്ച് നമ്മുടെ പട്ടാളം കശ്മീരിന്റെ അസ്വസ്ഥമായ മണ്ണില്‍ ഉഴറിയപ്പോള്‍ ഒരാശ്വാസവാക്കുപോലുമുതിര്‍ക്കാതെ വിമര്‍ശനശരങ്ങള്‍ നിസ്തന്ദ്രം എടുത്തു തൊടുക്കാനായിരുന്നു ബുദ്ധിജീവികള്‍ എന്ന ‘ബഹുമതി’ തുല്യം ചാര്‍ത്തിക്കിട്ടിയ പരിഷകള്‍ക്ക് താല്പര്യം! മോദിയുടെ നോട്ടുപിന്‍വലിക്കല്‍ പ്രക്രിയയ്ക്കു പിന്നാലെ തങ്ങള്‍ കരുതിവെച്ച കള്ളനോട്ടുകള്‍ ചെല്ലാക്കാശായി മാറിയപ്പോള്‍ സൈന്യത്തിനു നേരെയുള്ള കല്ലേറും ആക്രമണവും പൊടുന്നനെ നിന്നത് രാജ്യം കണ്ടതാണ്. 500 രൂപ വീതം ദിവസേനവേതനം നല്കിക്കൊണ്ടായിരുന്നുവത്രെ വിഘടനവാദികളെന്നു വിളിക്കപ്പെടുന്ന ഉപജാപകസംഘം ഈദൃശങ്ങളായ ദ്രോഹങ്ങള്‍ക്കെല്ലാം പിന്നണി പാടിയിരുന്നത്.
കശ്മീരിലെ പോലീസ്‌സേനപോലും അന്നത്തെ ഭരണപക്ഷത്തിന്റെ മൗനാനുവാദത്തോടെ പരസ്യമായിത്തന്നെ പട്ടാളത്തോട് നിസ്സഹകരിച്ചിരുന്നത് ആരും മറന്നുകാണാനിടയില്ല. വമ്പിച്ച ഭൂരിപക്ഷത്തോടെ ഭാരതീയജനതാപാര്‍ട്ടി അവരുടെ ശക്തമായ സാന്നിധ്യം വെളിപ്പെടുത്തിയതിനു ശേഷമാണ് പോലീസ്‌സേനയ്ക്ക് അന്ന് മനംമാറ്റമുണ്ടായത്. വര്‍ദ്ധമാനമായ ശക്തിയോടെ അധികാരക്കസേരകളില്‍ ഭാരതീയ ജനതാ കക്ഷിയെ അവരോധിച്ചത് അളമുട്ടിയ ജനമനസ്സുകളുടെ അസ്വസ്ഥതയുടെ നേര്‍സാക്ഷ്യമായി വേണം കരുതാന്‍.
ഭാരതസര്‍ക്കാരിന് Armed Forces Special Power Act (AFSPA) എന്ന പേരില്‍ ഒരു പ്രത്യേക നിയമംതന്നെ ഏര്‍പ്പെടുത്തേണ്ടി വന്നു നമ്മുടെ സൈന്യത്തെ ഈ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍. അതിനു ശേഷമാണ് ഭാരതത്തിന്റെ ഭാഗമായ കശ്മീരിന്റെ മണ്ണില്‍ തെരച്ചില്‍ നടത്താനും സംശയമുള്ളവരെ ചോദ്യം ചെയ്യാനും ഒക്കെയുള്ള അധികാരം പട്ടാളത്തിന് ലഭിച്ചത്. ഈ നിയമം പിന്‍വലിക്കാനാണ് വോട്ടുബാങ്ക് രാഷ്ട്രീയക്കാരും മനുഷ്യാവകാശദൂതന്മാരും വിഘടനവാദികളും പിന്നീട് വലിയ വായില്‍ നിലവിളിച്ചത്. നമ്മുടെ സൈനികരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ പച്ചയ്ക്ക് കശാപ്പു ചെയ്യുന്നതില്‍ മനുഷ്യാവകാശധ്വംസനത്തിന്റെ നേരിയ നിഴല്‍പോലും തിരിച്ചറിയാത്ത ഇവര്‍ ചത്തുവീഴുന്ന തീവ്രവാദിയുടെ ചുറ്റുമിരുന്ന് ഒപ്പാരിയിടുന്ന കാഴ്ചയാണ് ദേശസ്‌നേഹികളുടെ നെഞ്ചു പിളര്‍ത്തത്. ഇന്ത്യ തീവ്രവാദികള്‍ക്കെതിരെ നടപടികളെടുത്താല്‍ പ്രരോദനങ്ങളുടെ പരമ്പരതന്നെയൊരുക്കുന്ന ഇക്കൂട്ടര്‍ക്ക് പാകിസ്ഥാന്‍ ബലൂചിസ്ഥാനില്‍ അഴിച്ചുവിട്ടിരിക്കുന്ന അഴിഞ്ഞാട്ടങ്ങള്‍ അലോസരമുണ്ടാക്കുന്നില്ലെന്നുള്ളതാണ് വിസ്മയം. ബലൂചിസ്ഥാനിലെ വിമോചനസമരത്തിന് നേതൃത്വം കൊടുത്ത നവാബ് അക്ബര്‍ ദഗ്ഡിയെ പര്‍വേശ് മുഷറഫിന്റെ കല്പന പ്രകാരം ഉന്മൂലനം ചെയ്തപ്പോള്‍ ഒന്നുമറിയാത്തപോലെ വായ്ക്ക് താഴുമിട്ട് മിണ്ടാതിരുന്നവരാണ് ഇക്കൂട്ടര്‍ എന്നോര്‍ക്കണം.
നമ്മുടെ അരുണാചല്‍പ്രദേശം ചൈനയ്ക്ക് തെക്കന്‍ തിബറ്റാണ്. എല്ലാ അയല്‍പക്കങ്ങളുമായും ചൈനയ്ക്ക് പ്രശ്‌നങ്ങളുണ്ട്. രാജ്യതന്ത്രം സ്വായത്തമാക്കിയ ഒരു ഭരണാധികാരിയുടെ കയ്യില്‍ ഭാരതം സുഭദ്രമാകുമ്പൊഴേ നമുക്ക് ഇനി മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവൂ. അവിടെയാണ് നരേന്ദ്രമോദി പ്രസക്തനാവുന്നത്. ലോകരാഷ്ട്രങ്ങളെ ഭാരതത്തില്‍ നിര്‍ലോഭം മുതല്‍മുടക്കാന്‍ പല ആനുകൂല്യങ്ങളും നല്കി പ്രോത്സാഹിപ്പിക്കുന്നതിലും ഒളിഞ്ഞു കിടക്കുന്നുണ്ട് നരേന്ദ്രമോദിയുടെ രാജ്യതന്ത്രം. നമ്മുടെ നാട്ടില്‍ അവര്‍ മുടക്കുന്ന മുതലിന്റെ സാന്ദ്രതയ്ക്ക് ആനുപാതികമായി ഇന്ത്യയുടെ സുരക്ഷയിലും അവര്‍ ബദ്ധശ്രദ്ധരാവും. കാരണം അവര്‍ ഇവിടെ മുടക്കിയ മുതല്‍ സംരക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഭാരതം സുരക്ഷിതമായിരിക്കേണ്ടത് അവരുടെ കൂടി ആവശ്യമാണല്ലോ!
1980-കളുടെ അവസാനകാലഘട്ടത്തില്‍ ചൈനാ-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് രൂപം നല്കിയപ്പോള്‍ ചൈന പാകിസ്ഥാന്റെ മുമ്പില്‍ വെച്ച ഒരു നിര്‍ദ്ദേശം ഇവിടെ പ്രസക്തമാവുമെന്നു തോന്നുന്നു. അധിനിവേശ കശ്മീര്‍ ഒരിക്കലും പരിഹൃതമാവാതെ നിലനിര്‍ത്തി അത് ഭാരതത്തിന് തിരികെ കൊടുക്കാതിരിക്കുകയോ അതിനു കഴിയാത്ത പക്ഷം ആ ഭൂപ്രദേശം ചൈനയ്ക്ക് കൈമാറുകയോ ചെയ്യണമെന്നതായിരുന്നു ആ നിര്‍ദ്ദേശം. ഇവിടെയാണ് ഒരു കറുത്ത ചെകുത്താനെപ്പോലെ ചൈനയുടെ ബലിഷ്ഠമുഷ്ടികള്‍ പ്രസക്തമാവുന്നത്. പാകിസ്ഥാന്‍ കയ്യടക്കി വച്ചിരിക്കുന്ന ബള്‍ട്ടിസ്ഥാന്‍-ഗില്‍ജിത്ത് മേഖലയിലൂടെ വേണം ചൈനയ്ക്ക് ഈ ഇടനാഴിയിലേക്ക് പ്രവേശിക്കാന്‍. 1959-79 കാലഘട്ടത്തില്‍ ചൈന നിര്‍മ്മിച്ച കാരക്കോരം ഹൈവേ പദ്ധതിക്ക് പുനര്‍ജീവന്‍ കൊടുത്ത് അതിനെ ചൈനാ-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ചൈന. പാകധിനിവേശ കശ്മീര്‍ ഇന്ത്യക്ക് തിരിച്ചു ലഭിച്ചാല്‍ പാക് അധീന കശ്മീരിലൂടെ ചൈന പദ്ധതിയിട്ട സര്‍വ്വപദ്ധതികളും പൊളിഞ്ഞു പാളീസാവും എന്ന ഭയമാണ് ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന് ചൈനയെ പ്രേരിപ്പിച്ചത്.
ദക്ഷിണഭാഗത്തുള്ള സമുദ്രങ്ങളിലേക്ക് നേരിട്ടു പ്രവേശിക്കാന്‍ ചൈനയ്ക്ക് പ്രവേശനകവാടങ്ങളില്ല. ആഫ്രിക്ക, യൂറോപ്പ്, മധ്യപശ്ചിമരാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണപോലുള്ള ഉപഭോഗവസ്തുക്കള്‍ ചൈനയിലെത്തിക്കണമെങ്കില്‍ ഭാരതത്തിന്റെ സമ്പൂര്‍ണ്ണാധിപത്യമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തെയും സിങ്കപ്പൂരിന്റെയും അമേരിക്കയുടെയും സ്വാധീനത്തിലുള്ള മലാക്കാ കടലിടുക്കിനെയും പസഫിക്ക് സമുദ്രത്തെയും ആശ്രയിച്ചേ മതിയാവൂ! ഇതില്‍ സിങ്കപ്പൂരിനെ ഭയപ്പെടേണ്ട കാര്യം തല്‍ക്കാലം ഇല്ലെങ്കിലും തങ്ങളോട് മമതയില്ലാത്ത ഭാരതവും അമേരിക്കയും ഏതവസരത്തിലും തങ്ങള്‍ക്ക് തലവേദനയായേക്കാമെന്ന ഭീഷണിയുടെ മുന്‍കരുതലായി വേണം ചൈനാ-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ കാണേണ്ടത്. എണ്ണയുടെ ഭൂരിഭാഗവും കടത്തി ക്കൊണ്ടു വരുന്ന ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് വെറും നാനൂറു കിലോമീറ്റര്‍ മാത്രമേയുള്ളു ബലൂചിസ്ഥാനിലെ ഗദ്വാര്‍ തുറമുഖത്തേക്ക് ദൂരം. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തെയും ശാന്തസമുദ്രത്തെയും ഒഴിവാക്കിക്കൊണ്ട് അറബിക്കടലിലൂടെ വെറും നാനൂറു കിലോമീറ്റര്‍ മാത്രം സഞ്ചരിച്ച് ഗദ്വാറിലൂടെ പാകിസ്ഥാനില്‍ കടന്ന് സ്വന്തം രാജ്യം പൂകാനുള്ള കച്ചവടക്കണ്ണാണ് ചൈനയുടെ ഈ ഇടനാഴിക്കു പിന്നില്‍ ഒളിച്ചിരിക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും കണ്ണുരുട്ടലുകള്‍ക്ക് ഭയപ്പെടുകയും വേണ്ട എന്നൊരു സുരക്ഷിതവശംകൂടി ഈ പദ്ധതിയില്‍ ശബ്ദമുണ്ടാക്കാതെ സുഷുപ്തി കൊള്ളുന്നുണ്ട്.
സ്വന്തം സ്വാര്‍ത്ഥത സുരക്ഷിതമായി നിലനിര്‍ത്താന്‍ ചൈന സര്‍വ്വതന്ത്രങ്ങളും പയറ്റും എന്നതിന് തെളിവാണ് നമ്മള്‍ കശ്മീരില്‍ കാണുന്ന അസ്വസ്ഥതകളെല്ലാം. സ്വതന്ത്രകശ്മീര്‍ എന്നോ സമ്പൂര്‍ണ്ണ കശ്മീര്‍ എന്നോ ഒക്കെയുള്ള ആശയങ്ങള്‍ കശ്മീരിലെ മതച്ചൊരുക്കുള്ള മസ്തിഷ്‌ക്കങ്ങളില്‍ തിരുകിക്കയറ്റി ആ പ്രദേശത്ത് അക്രമപ്രളയമുണ്ടാക്കി സ്വന്തം നില സുഭദ്രമാക്കുന്ന തന്ത്രമാണ് തിരമറവില്‍ പതുങ്ങിയിരുന്നുകൊണ്ട് ചൈന പയറ്റുന്നത്. അതിനുവേണ്ടി ഭാരതത്തിനകത്ത് കുറെ വിഘടനവാദി-ജിഹാദി-രാഷ്ട്രീയ പടക്കോപ്പുകളെ നിരന്തരം സജീവമായി ഉണര്‍ത്തിനിര്‍ത്താന്‍ ജാഗരൂകമാണ് ചൈന.
സാമദാനങ്ങളിലൂടെ പാകിസ്ഥാനെ പ്രീണിപ്പിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ചൈന അമ്പതു ബില്ല്യണ്‍ ഡോളറാണ് അവരുടെ സാമ്പത്തിക ഇടനാഴിയിലേക്ക് പമ്പു ചെയ്തിരിക്കുന്നത്. ഇതിന്റെ ഫലമനുഭുവിക്കാനാവാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ ചൈനീസ് ഡ്രാഗന്റെ അഗ്നിജിഹ്വകള്‍ തങ്ങളെ ഭസ്മമാക്കി അണ്ണാക്കു തൊടാതെ വിഴുങ്ങുമെന്ന് പാകിസ്ഥാന് നന്നായറിയാം. ചൈനയുടെ ഇരുപത്തിനാലാമത്തെ പ്രവിശ്യയാവുക എന്ന ദുര്യോഗത്തെ ഒഴിവാക്കി നിര്‍ത്താന്‍ തങ്ങളുടെ പിച്ചച്ചട്ടിയിലേക്ക് ചൈനയെറിഞ്ഞു തരുന്ന എല്ലിന്‍ കഷ്ണങ്ങളില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ഇത്തിരി മാംസം ആര്‍ത്തി തീരെ നക്കിത്തിന്നുക്കൊണ്ട് പട്ടിണിയുടെ പരിതാപമകറ്റാനാണ് പാകിസ്ഥാന്‍ ഇഷ്ടപ്പെടുന്നത്.
തങ്ങള്‍ക്കെറിഞ്ഞു കിട്ടുന്ന ഭിക്ഷയ്ക്കുള്ള പ്രത്യുപകാരമായി സ്വന്തം മണ്ണില്‍ ചൈനയുടെ സൗഭിക്ഷ്യത്തിനു വേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത് അവരുടെ പട്ടികയില്‍ ‘ഗുഡ് സെര്‍വ്വീസ് എന്‍ട്രി’ നേടിയെടുക്കാനുള്ള അപഹാസ്യമായ ഉദ്യമങ്ങളില്‍ വ്യാപൃതമാണ് പാകിസ്ഥാന്‍. ദേശാഭിമാനമുള്ള ബലൂച് പ്രദേശവാസികള്‍ തങ്ങളുടെ രാജ്യത്തുള്ള ചൈനയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന അപകടം മനസ്സിലാക്കി പ്രതിഷേധിക്കാനൊരുങ്ങിയപ്പോള്‍ സ്വന്തം പ്രജകളെ ധ്വംസിച്ചു വരുതിയിലാക്കാന്‍ 14,000 പട്ടാളക്കാരെയാണ് പാകിസ്ഥാന്‍ നിയോഗിച്ചത്.
ചൈനയില്‍ ആരംഭിച്ച് കറാച്ചിയിലൂടെ, ബലൂചിസ്ഥാനിലെ ആധുനികവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗദ്വാര്‍ തുറമുഖം വരെ നീളുന്ന ആയിരക്കണക്കിന് കിലോമീറ്റര്‍ നീളമുള്ള ആറ് എട്ടുവരി ആധുനികറോഡുകളും അതിവേഗറെയില്‍പ്പാതകളും മെട്രോ റെയിലും അന്താരാഷ്ട്ര വിമാനത്താവളവും കറാച്ചിയില്‍ സ്ഥാപിക്കാന്‍ പോകുന്ന സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളും തികച്ചും സൗജന്യമായി നിര്‍മ്മിച്ചുകൊടുത്ത് പാകിസ്ഥാനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ചൈന നന്നേ പാടുപെടുന്നുണ്ട്.
അയല്‍രാജ്യങ്ങളുമായെല്ലാം അതിര്‍ത്തിപ്രശ്‌നങ്ങളുള്ള ചൈന, ഭാവിയില്‍ പാകിസ്ഥാന്‍ തന്റെ വരുതിക്കപ്പുറം പോകാനൊരുങ്ങുന്ന സാഹചര്യത്തില്‍ ആ രാജ്യത്ത് തന്റെ മുതല്‍മുടക്കുകളുടെ കണക്കുകള്‍ നിരത്തി പാകിസ്ഥാന്‍ തന്റെ നാടിന്റെ ഇരുപത്തിനാലാമത്തെ പ്രവിശ്യയാണെന്ന് അവകാശപ്പെട്ടുകൂടായ്കയില്ല. തങ്ങളുടെ ചെലവില്‍ പാകിസ്ഥാനെ സര്‍വ്വൈശ്വര്യസമ്പൂര്‍ണ്ണമാക്കി മാറ്റിയശേഷം എന്തെങ്കിലും കാരണം പറഞ്ഞ് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സാമ്രാജ്യമോഹിയായ ചൈന മുതിരുമോ എന്ന സന്ദേഹത്തിന് മറുപടി പറയേണ്ടത് ലോകത്തിന്റെ ഭവിഷ്യകാലചരിത്രമാണ്. അതിനു മുമ്പുതന്നെ പാക് അധീന കശ്മീരിനെ ഭാരതത്തോടു ചേര്‍ക്കാന്‍ ഫലപ്രദമായ പരിശ്രമങ്ങളുണ്ടായില്ലെങ്കില്‍ ഭാവിയില്‍ കശ്മീരിനെ മോചിപ്പിക്കാന്‍ പാകിസ്ഥാനോടാവില്ല, ചൈനയോടാവും നമ്മള്‍ യുദ്ധം ചെയ്യേണ്ടി വരിക!
രാജ്യാന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തമുള്ള ഐക്യരാഷ്ട്രസഭയും കശ്മീര്‍ വിഷയത്തില്‍ സാരഗര്‍ഭമായ മൗനം പുലര്‍ത്തുന്നുെണ്ടന്നുള്ളതാണ് സാധാരണക്കാരനെ വിസ്മയിപ്പിക്കുന്ന വിഷയം. അന്ന് ഐക്യരാഷ്ട്രസഭ വിധിച്ച ഹിതപരിശോധന ഇന്നും പ്രായോഗികമാക്കാന്‍ സാധിച്ചിട്ടില്ലെന്നുള്ളത് ഒരു വിചിത്രസത്യമായി നിലനില്ക്കുന്നു. വിധി സമ്മതിച്ച ഇന്ത്യക്കോ പാകിസ്ഥാനോ വിധി പുറപ്പെടുവിച്ച ഐക്യരാഷ്ട്രസഭയ്‌ക്കോ ഈ തര്‍ക്കത്തില്‍ നിര്‍മ്മാണാത്മകമായി ഒന്നും ചെയ്യാനായില്ലെന്നുള്ളതാണ് വാസ്തവം. ഐക്യരാഷ്ട്രസഭയുടെ ഭൂപടത്തില്‍ ഇന്ത്യയോടോ പാകിസ്ഥാനോടോ ചേര്‍ന്നല്ല ഇന്നും കശ്മീരിന്റെ സ്ഥാനം. അവരുടെ ഭാഷ്യത്തില്‍ UNMOPG-IP-യുടെ മേല്‍നോട്ടത്തിലുള്ള പ്രദേശമാണത്. യുണൈറ്റഡ് നാഷന്‍സ് മിലിട്ടറി ഓപ്പറേഷന്‍ ഗ്രൂപ്പ്- ഇന്ത്യ-പാകിസ്ഥാന്‍ എന്നതിന്റെ സംക്ഷിപ്ത രൂപമാണ് UNMOPG-IP
ഐക്യരാഷ്ട്രസഭയുടെ ഈ ദൃശമായ നിഷ്‌ക്രിയത്വത്തെ നിശിതമായ ഭാഷയില്‍ പ്രധാനമന്ത്രി മോദിജി വിമര്‍ശിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ഐക്യരാഷ്ട്രസഭയോടുള്ള തന്റെ മനംമടുപ്പു മുഴുവന്‍ തന്റെ ഓരോ വാക്കുകളിലും അദ്ദേഹം അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ഒരുപക്ഷേ, ഈ മനംമടുപ്പുകൊണ്ടുതന്നെയാവണം, ‘അണുവായുധം കൈയിലുള്ള രാജ്യമാണ് പാകിസ്ഥാന്‍ എന്ന് തിരിച്ചറിഞ്ഞുകൊണ്ടു വേണം കശ്മീരിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഏതു സാഹസത്തിനും ഒരുങ്ങാന്‍’ എന്ന് രാജ്യത്തിനകത്തും പുറത്തും നിന്ന് നിരന്തരം താക്കീതുകളുണ്ടായിട്ടും അതൊന്നും കൂട്ടാക്കാതെ 2019 ഒക്‌ടോബര്‍ മാസം 31-ാം തിയതി കശ്മീരിനെ കഷ്ണം വെട്ടി വേര്‍തിരിച്ച് മോദിജി രായ്ക്കുരാമാനം പ്രശ്‌നം പരിഹരിച്ചത്.
‘താക്കീതുകാര്‍’ ഭയപ്പെട്ടതുപോലെ, പാകിസ്ഥാന്‍ അണുവായുധമൊന്നും എടുത്തുകൊണ്ടുവരാന്‍ തുനിയാതിരുന്നത് ഒരുപക്ഷേ, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ അമ്പത്താറിഞ്ച് നെഞ്ചളവ് കണ്ട് ഭയന്നിട്ടുതന്നെയാവണം. അടികൊണ്ട പട്ടിയെപ്പോലെ, പ്രതിഷേധിച്ചുകൊണ്ടിരുന്ന പാകിസ്ഥാന്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒറ്റപ്പെടുന്നതാണ് ലോകം പിന്നീടു കണ്ടത്. കൃത്യം ഒരു വര്‍ഷം വേണ്ടി വന്നു പാകിസ്ഥാന് ഗില്‍ജിത്ത് – ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തെ ഒരു പ്രവിശ്യയായി പ്രഖ്യാപിച്ച് അവിടെ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം പ്രകടിപ്പിക്കാന്‍. പക്ഷേ, തങ്ങളുടെ ഈ പ്രവൃത്തി, നിയന്ത്രണരേഖയെ യഥാര്‍ത്ഥ രാജ്യാതിര്‍ത്തിരേഖയായി അംഗീകരിക്കുന്നതിനു തുല്യമാവുമെന്നറിഞ്ഞ് അതില്‍ പിണഞ്ഞു കിടക്കുന്ന അമളി പാകിസ്ഥാന്‍ തിരിച്ചറിയുന്നില്ലെന്നുള്ളതാണ് വാസ്തവം.
വാല്ക്കഷ്ണം: 1948-ല്‍ ഐക്യരാഷ്ട്രസഭയുടെ കശ്മീര്‍ സംബന്ധിയായ തീരുമാനത്തില്‍, കശ്മീരിന്റെ മൂന്നിലൊന്നുഭാഗം പാകിസ്ഥാന്‍ കയ്യേറ്റംചെയ്ത് കൈവശംവെച്ചിരിക്കുന്നുവെന്നും അത് തിരിച്ചു നല്കാന്‍ ആ രാജ്യത്തിന് ബാധ്യതയുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, സിംലാ കരാറിന്റെ നാലാമത്തെ ഉപാധിയനുസരിച്ച് നിയന്ത്രണരേഖയെ രണ്ടു കൂട്ടരും ബഹുമാനിക്കണമെന്നും അതിന്റെ ഘടനയ്‌ക്കോ വ്യാപ്തിക്കോ എകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തരുതെന്നും ഈ രേഖയെച്ചൊല്ലി ഭാവിയില്‍ ഭീഷണിയോ തര്‍ക്കമോ ഉണ്ടായിക്കൂടെന്നും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെയൊക്കെ മറന്നുകൊണ്ടാണ് പാകിസ്ഥാന്‍ നിരന്തരം അതിര്‍ത്തിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലെങ്കിലും താഷ്‌ക്കണ്ടുകരാറായാലും സിംല കരാറായാലും പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം എല്ലാ കരാറുകളും ലംഘിക്കപ്പെടാന്‍ മാത്രം ഉണ്ടാക്കപ്പെട്ടവയാണല്ലോ!
(അവസാനിച്ചു)