അശ്വതി മുതല്‍ രേവതിവരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ഇരുപത്തിരണ്ടാമത്തേതാണ് തിരുവോണം. മഹാവിഷ്ണുവാണ് ഈ നാളിന്റെ ദേവത. അതുകൊണ്ടുതന്നെ വിഷ്ണുവുമായി ബന്ധപ്പെട്ട ആരാധനകളിലും ആഘോഷങ്ങളിലും തിരുവോണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും തിരുവോണം നാളില്‍ കൊടിയേറ്റമോ, ആറാട്ടോ വരുന്ന തരത്തിലാണ് ഉത്സവങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവതാരമൂര്‍ത്തികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ഇങ്ങിനെ ചെയ്തു കാണുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണല്ലോ ദശാവതാരങ്ങള്‍. അവയില്‍ ആദ്യത്തെ മൂന്നെണ്ണം-മത്സ്യം, കൂര്‍മ്മം, വരാഹം-മൃഗങ്ങളാണ്. നാലാമത്തേതായ നരസിംഹം പകുതി മൃഗവും പകുതി മനുഷ്യനുമാണ്. മുഴുവനായും മനുഷ്യരൂപമുള്ള ആദ്യത്തെ അവതാരം വാമനാവതാരമാണ്. വാമനന്റെ ആകാരം ചെറുതാണെങ്കിലും പൂര്‍ണ്ണമായും മനുഷ്യാകൃതിയാണെന്ന് പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഈ അവതാരത്തിന് ഒരു പ്രത്യേക പ്രാധാന്യം കൈവരുന്നു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണാവതാരം ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ വാമനാവതാരം ഉണ്ടായത് ചിങ്ങമാസത്തില്‍ ദ്വാദശിയും തിരുവോണം നക്ഷത്രവും ചേര്‍ന്നുവരുന്ന സുദിനത്തിലാണ്. ഈ ദിവസം മുന്‍നിര്‍ത്തിയാണ് കേരളീയരുടെ ഓണാഘോഷം. അതായത് വാമനജയന്തി-വാമനാവതാരസുദിനം-ആണ് ഓണാഘോഷത്തിന്റെ കേന്ദ്രബിന്ദു. ഓണം വാമനജയന്തി തന്നെ.
വരാഹാവതാരത്തില്‍ ഹിരണ്യാക്ഷവധവും നരസിംഹാവതാരത്തില്‍ ഹിരണ്യകശിപുവിന്റെ വധവും നടക്കുന്നു. വാമനാവതാരത്തില്‍ ഹിരണ്യകശിപുവിന്റെ പ്രപൗത്രനായ മഹാബലിയുടെ ബന്ധനവും അനുഗ്രഹവുമാണുള്ളത്. എല്ലാ ലോകങ്ങളും കീഴടക്കിയ മഹാബലി നല്ല ഭരണാധികാരിയായിരുന്നുവെങ്കിലും അഹങ്കാരമുള്ളവനായിരുന്നു. ആ അഹങ്കാരം ശമിപ്പിക്കുകയാണ് വാമനമൂര്‍ത്തി ചെയ്യുന്നത്. ത്രിവിക്രമന്റെ മൂന്നാമത്തെ കാലടിവെക്കാന്‍ തന്റെ ശിരസ്സ് കാണിച്ചുകൊടുക്കേണ്ടിവന്ന മഹാബലി അതോടെ അഹങ്കാരമുക്തനാകുന്നു. തന്നെ ശാസിക്കുവാനും ശിക്ഷിക്കുവാനും ആളുണ്ടെന്നുള്ള അറിവ് അദ്ദേഹത്തെ വിനയാന്വിതനാക്കുന്നു. ബന്ധനം സഫലമായതുകൊണ്ട് മഹാവിഷ്ണുവിന് വധശിക്ഷ വിധിക്കേണ്ടി വരുന്നില്ല. ത്രിവിക്രമന്റെ പാദാര്‍പ്പണം കൊണ്ട് അനുഗൃഹീതനായ മഹാബലിക്ക് ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം ലഭിച്ചു. സ്വര്‍ഗ്ഗലോകത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തിലേക്കാണ് അദ്ദേഹം അയക്കപ്പെട്ടത്.
പതിനാലു ലോകങ്ങളില്‍ ഏഴെണ്ണം ഭൂമിയുടെ താഴെ സ്ഥിതിചെയ്യുന്നു എന്നാണ് പുരാണങ്ങള്‍ പറയുന്നത്. അവ യഥാക്രമം അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നിവയാണ്. ഇവയില്‍ മൂന്നാമത്തേതായ സുതലത്തിലേക്കാണ് മഹാബലി പോകുന്നത്. താഴെയുള്ള ഏഴു ലോകങ്ങളേയും സാമാന്യമായി പാതാളം എന്നുപറയുന്നതില്‍ തെറ്റില്ല. അതുകൊണ്ടായിരിക്കും ചിലര്‍ മഹാബലി പാതാളത്തിലേക്കുപോയി എന്ന് പറയുന്നത്. സുതലം അടക്കമുള്ള എല്ലാ പാതാളലോകങ്ങളും സമൃദ്ധങ്ങളും സുഖപ്രദങ്ങളുമാണെന്നാണ് പുരാണമതം.
ഏതേ സ്വര്‍ഗ്ഗാധികസുഖാ
ബില സ്വര്‍ഗാഃ പ്രകീര്‍ത്തിതാഃ
സമൃദ്ധ ഭവനോദ്യാന-
വിഹാരക്രീഡ ചത്വരാഃ
എന്ന് പദ്മപുരാണം പറയുന്നു.
വിഷ്ണുപരങ്ങളായ പുരാണങ്ങളില്‍ ഏറ്റവും പ്രസിദ്ധവും പ്രാമാണികവുമായ ശ്രീമദ്ഭാഗവതം വാമനന്റെയും മഹാബലിയുടെയും കഥ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ശ്രോണായാം ശ്രവണദ്വാദശ്യാം
മുഹൂര്‍ത്തേങ്കഭിജിതി പ്രഭുഃ
സര്‍വ്വേ നക്ഷത്ര താരാദ്യാ-
ശ്ചക്രുസ്തജ്ജന്മ ദക്ഷിണം.
ദ്വാദശ്യാം സവിതാ തിഷ്ഠന്‍
മാധ്യന്ദിനഗതോ നൃപ
വിജയാ നാമ സാ പ്രോക്താ
യസ്യാം ജന്മ വിദുര്‍ഹരേഃ (8-18-5, 6)
തുടങ്ങിയ ഭാഗങ്ങള്‍ ശ്രാവണമാസത്തിലെ ദ്വാദശി തിഥിയില്‍ തിരുവോണം നക്ഷത്രത്തില്‍ അഭിജിത്ത് എന്ന മുഹൂര്‍ത്തത്തിലാണ് വാമനാവതാരം എന്ന് വ്യക്തമായി പറയുന്നു. മഹാബലിയുടെ യാഗം നടക്കുന്നത് നര്‍മ്മദാ നദിയുടെ ഉത്തരഭാഗത്ത് ഭൃഗുകച്ഛം എന്നു പേരുള്ള സ്ഥലത്താണ്. അവിടേക്കാണ് വാമനമൂര്‍ത്തി പോകുന്നത്.
തം നര്‍മ്മദായാസ്തട ഉത്തരേ ബലേര്‍-
യ ഋത്വിജസ്‌തേ ഭൃഗുകച്ഛസംജ്ഞകേ
പ്രവര്‍ത്തയന്തോ ഭൃഗവഃ ക്രതൂത്തമം
വ്യചക്ഷതാരാദുദിതം യഥാ രവിം. (8-18-21)
ദേവന്മാര്‍ക്കുപോലും പ്രാപിക്കുവാന്‍ കഴിയാത്ത-ദുഷ്പ്രാപമമരൈരപി-സുതലമാണ് അദ്ദേഹത്തിനു ലഭിച്ചത്. അവിടേക്കു പോകുവാനാണ് വാമനമൂര്‍ത്തി നിര്‍ദ്ദേശിക്കുന്നത്.
ഇന്ദ്രസേന മഹാരാജ
യാഹി ഭോ ഭദ്രമസ്തു തേ
സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം
ജ്ഞാതിഭിഃ പരിവാരിതഃ (8-22-33)
കേരളീയനായ മേല്പുത്തൂര്‍ നാരായണ ഭട്ടതിരി ഇതെല്ലാം വളരെ സ്പഷ്ടമായിത്തന്നെ പ്രതിപാദിക്കുന്നു. തിരുവോണം നാളിലെ അവതാരം-
പ്രാസൂത ച പ്രകട വൈഷ്ണവ ദിവ്യരൂപം
സാ ദ്വാദശീശ്രവണ പുണ്യദിനേ ഭവന്തം
(നാരായണീയം 30-4)
നര്‍മ്മദാനദിയുടെ വടക്കുഭാഗത്ത് നടന്ന അശ്വമേധം-
താം നര്‍മ്മദോത്തരതടേ
ഹയമേധശാലാമാസേദുഷി ത്വയി (നാ. 30-8)
മഹാബലിയെ ശിക്ഷിക്കുന്നത് എന്തിനാണ്-
അസ്യോത്‌സേകം ശമയിതുമനാഃ (നാ.31-2)
അവന്റെ അഹങ്കാരം ശമിപ്പിക്കണം എന്നു വിചാരിച്ചാണ് ശിക്ഷിക്കുന്നത്. ദര്‍പ്പം (ഗര്‍വ്വ്) ഇല്ലാതാക്കുവാനാണ് താന്‍ ഇങ്ങിനെ ചെയ്തതെന്നു പറഞ്ഞുകൊണ്ടാണ് മഹാബലിയെ സുതലത്തിലേക്ക് അയക്കുന്നത്. ‘ദര്‍പ്പോച്ഛിതൈ്യ വിഹിതമഖിലം” (31-10) എന്ന ശ്ലോകം നോക്കുക. ആദ്യം സുതല ലോകവും പിന്നെ ഇന്ദ്രപദവിയും അതിനുശേഷം സായൂജ്യവും നല്‍കി അനുഗ്രഹിക്കുകയാണ് വാമനമൂര്‍ത്തി ചെയ്തതെന്ന് ആചാര്യന്‍ അതിസ്പഷ്ടമായിത്തന്നെ പറയുന്നു. അഹങ്കാരം ആര്‍ക്കും നന്നല്ല. വിശേഷിച്ച് ഭക്തനും ഭരണാധികാരിക്കും. ഭക്തനും ഭരണാധികാരിയും ആയിരുന്നിട്ടും അഹങ്കാരിയായ മഹാബലിക്കു ലഭിച്ചത് ഉചിതമായ ശിക്ഷ തന്നെ. പക്ഷെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നുപറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്.
വാമനാവതാരകഥയ്ക്കും മഹാബലിയുടെ കഥയ്ക്കും കേരളവുമായി പ്രത്യേക ബന്ധമൊന്നുമില്ല. തനിക്ക് ഉണ്ടായിരുന്ന ഗര്‍വ്വ് ശമിച്ച് ഉത്തമഭക്തനായിത്തീര്‍ന്ന ഉത്തമഭരണാധികാരിയായിരുന്ന മഹാബലി എല്ലാവര്‍ഷവും ചിങ്ങമാസത്തില്‍ തിരുവോണം നാളില്‍ തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലെത്തുന്നു എന്ന കഥ പണ്ടെന്നോ പ്രചാരത്തില്‍ വന്നു. ആ കഥയിലെ മഹാബലിയും കേരളം ഭരിച്ച ഏതോ മഹാബലശാലിയായ ഒരു മഹാരാജാവും ഒന്നാണെന്ന മട്ടില്‍ കഥ പിന്നേയും മുന്നോട്ടുപോയി എന്നുവേണം കരുതുവാന്‍. ഭഗവാനെ എന്നപോലെ ഉത്തമഭക്തനേയും സ്വീകരിക്കുവാനും ആരാധിക്കുവാനും സനാതനധര്‍മ്മവിശ്വാസികള്‍ക്ക് ഒരു വിഷമവും ഇല്ല. അസുരനായ പ്രഹ്ലാദനും, രാക്ഷസനായ വിഭീഷണനും, വാനരനായ ഹനുമാനും, നാഗരാജാവായ കാര്‍ക്കോടകനും നമുക്ക് ആരാധനാപാത്രങ്ങള്‍ തന്നെ. വാമനജയന്തി സുദിനത്തില്‍, പ്രഹ്ലാദപ്രിയനായ മഹാവിഷ്ണുവിന്റെ അവതാരദിനത്തില്‍, അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ അനുഗ്രഹപാത്രമായ പ്രഹ്ലാദ പൗത്രനായ മഹാബലിയേയും ആരാധിക്കുന്നതില്‍ ഒരുതരത്തിലുമുള്ള അസാംഗത്യവും ഇല്ല. ഓണാഘോഷത്തിന്റെ കേന്ദ്രബിന്ദു വാമനമൂര്‍ത്തിയും അദ്ദേഹത്തിന്റെ അവതാര സുദിനവുമാണെന്നുള്ള തിരിച്ചറിവ് വേണമെന്നു മാത്രം. പ്രതീകാത്മകമായി മഹാബലിയെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് വികൃതരൂപം നല്‍കുന്നത് അനുചിതമാണ്.
വാമനമൂര്‍ത്തിക്കും വാമനജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണത്തിനും അതോടനുബന്ധിച്ചുള്ള ഉത്സവത്തിനും ഏറെ പ്രാധാന്യമുള്ള മഹാക്ഷേത്രമാണ് മധ്യകേരളത്തിലെ തൃക്കാക്കരക്ഷേത്രം. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയാണ് അവിടത്തെ പ്രധാന ഉത്സവം. അവിടത്തെ പ്രധാന ദേവനാണ് തൃക്കാക്കരയപ്പന്‍ എന്ന വാമനമൂര്‍ത്തി. തൃക്കാക്കരയപ്പന്റെ മണ്ണുകൊണ്ടുള്ള രൂപമാണ് മാതേവര്. ആ വിഗ്രഹത്തെ മുന്‍നിര്‍ത്തിയാണ് കേരളം മുഴുവനും തിരുവോണത്തോടനുബന്ധിച്ചുള്ള ആരാധനയും ആഘോഷങ്ങളും നടക്കുന്നത്. മൂര്‍ത്തി ഒന്ന്, ജയന്തി ഒന്ന്, ക്ഷേത്രം ഒന്ന്. പക്ഷെ ആചാരങ്ങളും ആഘോഷങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞവയാണ്. നാനാത്വത്തിലെ ഏകത്വം ഭാരതീയ സംസ്‌കൃതിയുടെ പ്രത്യേകതയാണല്ലോ. അത് ഇവിടേയും കാണാവുന്നതാണ്.
തിരുകാല്‍ക്കര നാടാണത്രേ പിന്നീട് തൃക്കാക്കരയായത്. ആദ്യകാലത്ത് ഇടപ്പള്ളി സ്വരൂപത്തിന്റെ അധീനതയിലായിരുന്നു ക്ഷേത്രം. ഒടുവില്‍ അത് തിരുവിതാംകൂറിന്റെ അധീനതയിലായി. കേരളത്തിലെ അമ്പത്തിയാറ് രാജാക്കന്മാരുടേയും മേല്‍ക്കോയ്മ ഉണ്ടായിരുന്നു തൃക്കാക്കരയപ്പന്. എല്ലാവരും ഭക്ത്യാദരങ്ങളോടെ അവിടത്തെ ഉത്സവത്തില്‍ പങ്കാളികളായിരുന്നു. കര്‍ക്കടകമാസത്തിലെ തിരുവോണം നാളില്‍ ആരംഭിച്ച് ചിങ്ങമാസത്തിലെ തിരുവോണത്തിന് അവസാനിക്കുന്ന അക്കാലത്തെ മഹോത്സവത്തില്‍-ഇരുപത്തിയെട്ട് ദിവസത്തെ ഉത്സവത്തില്‍-ഓരോ ദിവസവും രണ്ടു രാജാക്കന്മാര്‍ കൂടിയാണ് അഹസ്സ് നടത്തിയിരുന്നത്. പ്രധാന ഉത്സവം ആരംഭിക്കുന്ന ചിങ്ങമാസത്തിലെ അത്തം ദിവസം പ്രമാണിമാരായ പെരുമ്പടപ്പ് സ്വരൂപവും (കൊച്ചി രാജാവും) നെടിയിരുപ്പ് സ്വരൂപവും (സാമൂതിരി രാജാവും) സ്വന്തം ആസ്ഥാനങ്ങളില്‍ അത്തച്ചമയം നടത്തിയിരുന്നു. ആ ദിവസം അതതു പ്രദേശങ്ങളിലെ എല്ലാവരും രാജാക്കന്മാരോടൊപ്പം ഘോഷയാത്രയിലും മറ്റും പങ്കെടുക്കുമായിരുന്നു. തൃപ്പൂണിത്തുറയിലെ അത്തച്ചമയം അതിന്റെ പുതിയ കാലത്തെ പിന്‍തുടര്‍ച്ചയാണ്. പഴയ രീതിയിലുള്ള അത്തച്ചമയം 1947നുശേഷം ഇല്ലാതായിരുന്നുവല്ലോ. 28 ദിവസത്തെ ഉത്സവം പിന്നീട് പത്തുദിവസത്തേതായി – ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെ. അതില്‍ നാലുദിവസം-നാലോണം-പ്രധാനമായും, തിരുവോണം ഏറ്റവും പ്രധാനമായും കണക്കാക്കപ്പെടുന്നു. നാലോണം മൂലം നക്ഷത്രം മുതല്‍ നാലു ദിവസമത്രെ. ചിലയിടങ്ങളില്‍ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങള്‍ പ്രധാനമായി കരുതിയിരുന്നതായും അറിയുന്നു.
ഓണം എല്ലാവരുടേയും ഉത്സവമാണ്. നാടുവാഴികളും സാധാരണക്കാരുമെല്ലാം ഓണം ആഘോഷിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലോ. ഓണത്തിന് പ്രജകള്‍ നാടുവാഴികള്‍ക്ക് വിഭവങ്ങള്‍ കാഴ്ചയായി സമര്‍പ്പിക്കാറുണ്ട്. നാടുവാഴികളും പ്രഭുക്കളും പ്രജകള്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ഓണപ്പുടവയും ഉപഹാരങ്ങളും നല്‍കുന്ന സമ്പ്രാദയവും ഉണ്ടായിരുന്നു. അത്തം മുതല്‍ മുറ്റത്ത് പൂവിടുന്നത് സാര്‍വ്വത്രികമായിരുന്നു. തിരുവോണം ദിവസം മണ്ണുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുന്നു. ചിലയിടങ്ങളില്‍ പൂവിടാന്‍ തുടങ്ങുന്നത് കര്‍ക്കടകത്തിലെ തിരുവോണ നാള്‍ മുതലാണ്. അങ്ങനെയുള്ള കുടുംബങ്ങളില്‍ അത്തം മുതല്‍ തിരുവോണം വരെ മാതേവരെ വയ്ക്കും. അതുകഴിഞ്ഞ് മാതേവരെ എടുത്താല്‍ വീണ്ടും അടുത്ത തിരുവോണം നാള്‍ വരെ-കന്നിമാസത്തിലെ തിരുവോണം വരെ വീണ്ടും പൂവിടുന്ന രീതിയും ഉണ്ട്. പൂവിടുമ്പോള്‍-പൂക്കളം തീര്‍ക്കുമ്പോള്‍-വായ്ക്കുരവയിടുകയും ഓണപ്പാട്ടുകള്‍ പാടുകയും ചെയ്യുന്ന പതിവും ഉണ്ട്. നാട്ടിന്‍പുറങ്ങളില്‍ കിട്ടുന്ന സാധാരണ പൂക്കളുപയോഗിച്ചാണ് പൂവിടാറുള്ളത്. മുക്കുറ്റിയും തുമ്പയും പോലുള്ള ചെറിയ പൂക്കളും കോളാമ്പി, ചെമ്പരത്തി തുടങ്ങിയ താരതമ്യേന വലിയ പൂക്കളും ഉപയോഗിക്കും. ചിലയിടങ്ങളില്‍ പത്ത് നിലയില്‍ പൂവിടാറുണ്ടത്രെ. വൈവിധ്യം ഉണ്ടെങ്കിലും എല്ലായിടത്തും പൂവിടലും മാതേവരെ-തൃക്കാക്കരയപ്പനെ വച്ച് പൂജിക്കലും ഉണ്ട്. വാമനമൂര്‍ത്തിയെ പൂജിക്കലും മഹാബലിയെ വരവേല്‍ക്കലും സാര്‍വ്വത്രികമാണെന്നു കാണാവുന്നതാണ്.
ഓണാഘോഷത്തിന്റെ ഭാഗമായി പല കലാപ്രകടനങ്ങളും ഉണ്ടാകാറുണ്ട്. ഓണപ്പാട്ടുകള്‍ പ്രസിദ്ധങ്ങളാണല്ലോ. ”മാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ” എന്ന് പാടാത്ത ഒരു മലയാളിയും ഉണ്ടാകില്ല.
”ചിങ്ങമാസത്തിലെ ഓണത്തിന്‍ നാള്‍
മാവേലിതാനും വരുമിവിടെ
പണ്ടേതിനേക്കാള്‍ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കിടേണം…”
എല്ലാവരും ഓണക്കോടിയുടുത്ത് ഓണസ്സദ്യയുണ്ണാനും ആഘോഷിക്കുവാനും തയ്യാറാകുന്നു. മതിമറന്ന് ആഹ്ലാദിക്കുന്നു. ഓണം കഴിയുമ്പോള്‍ വിഷമം അനുഭവിക്കുന്നു.
”മാവേലി പോകുന്ന നേരത്തിങ്കല്‍
നിന്നു കരയുന്നു മാനുഷരും…” (ഓണപ്പാട്ട്)
പാട്ടുകള്‍ പോലെ പലതരം കളികളും സാധാരണമായിരുന്നു. സ്ത്രീകളുടെ കൈകൊട്ടിക്കളി (തിരുവാതിരക്കളി), തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം തുടങ്ങിയവയും പന്തുകളികളും മറ്റും പ്രസിദ്ധങ്ങളായിരുന്നു. പുരുഷന്മാരുടെ ഓണപ്പന്തുകളി, ഓണത്തല്ല്, ഓണപ്പട എന്നിവക്കും പ്രാധാന്യമുണ്ടായിരുന്നു. രണ്ട് ചേരിയായി തിരിഞ്ഞ് കൈ മലര്‍ത്തി അടിക്കുന്ന മത്സരമാണ് ഓണത്തല്ല്. ഓണപ്പടയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പയറ്റും പതിവുണ്ടായിരുന്നുവത്രെ. ഒരുതരം ആയോധനകല എന്നുപറയാം. വടംവലി, വള്ളംകളി തുടങ്ങിയവ വിവിധ സംഘങ്ങള്‍ക്ക് ആവേശം പകരുന്ന വിനോദങ്ങളാണല്ലോ. പലതരം വേഷങ്ങള്‍ കെട്ടി വീടുകള്‍തോറും കയറി പാട്ടുപാടുകയും കളിക്കുകയും ചെയ്യുന്നത് പല സ്ഥലങ്ങളിലും പതിവായിരുന്നു. ഓണത്തുള്ളല്‍ എന്ന കലാരൂപം ആകര്‍ഷകമാണ്. സ്ത്രീകള്‍ ചെറിയ തോതിലുള്ള വേഷവിധാനത്തോടെ നൃത്തം ചെയ്യുകയും പുരുഷന്മാര്‍ തുടിയും കിണ്ണവും കൊട്ടി പാടുകയും ചെയ്യുന്നു. ഇത്തരം തുള്ളല്‍ സംഘങ്ങള്‍ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. നദികളും കായലുകളും കേന്ദ്രീകരിച്ചുള്ള വള്ളംകളി ആകര്‍ഷകമാണല്ലോ. പുറത്ത് ഓട്ടവും ചാട്ടവും ഊഞ്ഞാലാട്ടവും മറ്റും നടക്കുമ്പോള്‍ വീടിനകത്ത് ചതുരംഗം, ചൂത്, ചീട്ടുകളി തുടങ്ങിയ വിനോദങ്ങള്‍ നടക്കുന്നു. ഉത്രാടം, തിരുവോണം നാളുകളില്‍ വീടുകളിലെത്തുന്ന ഓണേശ്വരന്‍, ഓണപ്പൊട്ടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഓണത്തെയ്യം ആചാരാനുഷ്ഠാനങ്ങളോടെ ഇന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും നടപ്പുണ്ട്. വ്രതാനുഷ്ഠാനത്തോടെ കയ്യില്‍ ഓലക്കുടയും കുടമണിയുമായി വീടുകളിലെത്തി അനുഗ്രഹം ചൊരിയുന്ന ഓണേശ്വരനെ ജനങ്ങള്‍ ഭക്തിപൂര്‍വ്വം എതിരേല്‍ക്കുന്നു.
ഓണം മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ വാദ്യഘോഷങ്ങളും പാഠകം, കൂത്ത്, ഓട്ടന്‍തുള്ളല്‍, കഥകളി തുടങ്ങിയ കലകളുടെ അവതരണവും പതിവാണ്. കാലം മാറിയപ്പോള്‍ പല സ്ഥലങ്ങളിലും ക്ഷേത്രകലകളുടെ സ്ഥാനത്ത് നാടകാവതരണവും കഥാപ്രസംഗവും മറ്റും വന്നുചേര്‍ന്നു. ചലച്ചിത്ര പ്രദര്‍ശനം സാര്‍വ്വത്രികമായതോടെ മറ്റുപലതിനും മങ്ങലേറ്റു. ‘പൂവേ പൊലി, പൂവേ പൊലി, പൂവേ പൊലി പൂവേ’ എന്നുള്ള ആര്‍പ്പും വിളികളും കുറഞ്ഞുപോയി. നാടന്‍പാട്ടുകളും തുടികൊട്ടും പതുക്കെ പിന്‍വാങ്ങിത്തുടങ്ങി. ജലാശയങ്ങളിലെ വള്ളംകളികളും നഗരങ്ങളിലെ പുലിക്കളികളും മറ്റും ഇന്നും ആളുകളെ ആകര്‍ഷിക്കുന്നു. പലതും ആവേശം പകരുന്ന വലിയ മത്സരങ്ങളായിരിക്കുന്നു. നമുക്ക് പഴയതിനെ തള്ളിക്കളയാതെ തന്നെ പുതിയതിനെ സ്വാഗതം ചെയ്യാം. ഓണപ്പാട്ടും ഓണത്തുള്ളലും ഓണത്തല്ലും ഓണപ്പടയും എല്ലാവരേയും അടുപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന നാടിന്റെ തനതു കലാരൂപങ്ങളാണ്. അവ നിലനിര്‍ത്തണം.
തുടര്‍ച്ചയായുള്ള മഴയുടേയും കാലവര്‍ഷക്കെടുതികളുടേയും ആധികളുടേയും വ്യാധികളുടേയും കാലം കഴിഞ്ഞ് മാനവും മനസ്സും തെളിയുമ്പോള്‍ വരുന്ന ഓണക്കാലം സമ്പല്‍സമൃദ്ധിയുടെ കാലമാണ്. കാര്‍ഷിക വിഭവങ്ങള്‍ ധാരാളം ലഭിച്ചു തുടങ്ങുന്ന സമയമാണ്. പ്രകൃതി കനിഞ്ഞ് ഓണപ്പൂക്കള്‍ സമ്മാനിച്ചു തുടങ്ങുന്ന കാലമാണ്. ഓണത്തുമ്പികള്‍ പാറിപ്പറക്കുവാന്‍ തുടങ്ങുന്ന തെളിഞ്ഞ പകലുകളും നിലാവുള്ള രാത്രികളും ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. സമത്വവും സാഹോദര്യവും സമരസതയും ഊട്ടിയുറപ്പിക്കുന്ന, മാനുഷരെല്ലാരും ഒന്നുപോലെയാകുന്ന ഓണം എല്ലാവരുടേയും ഉത്സവമാണ്; ദേശീയ ഉത്സവമാണ്. മലയാളക്കരയില്‍ മാത്രമല്ല, മലയാളികള്‍ ഉള്ളേടത്തെല്ലാം ഇന്ന് ഓണാഘോഷങ്ങളുണ്ട്. എല്ലാവര്‍ക്കും വൈവിധ്യങ്ങളിലെ ഏകതയും ചാരുതയും അറിഞ്ഞും ആസ്വദിച്ചും ഓണം-വാമനജയന്തി ആഘോഷിക്കുവാന്‍ സാധിക്കട്ടെ. ഭക്തനും ഭഗവാനും-മഹാബലിയും വാമനനും എല്ലാവരേയും അനുഗ്രഹിക്കട്ടെ.