മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ തട്ടകമായ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് സാഹിത്യകാര സാംസ്‌കാരിക സംഘടനയായ പു.ക.സ സംസ്ഥാന സമ്മേളന മാമാങ്കം നടത്തി പ്രഖ്യാപിച്ചത് എന്താണ്? വിജയന്‍ സഖാവ് സര്‍ക്കാര്‍ ചെലവില്‍ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി നവോത്ഥാന മതിലും ജാതിയില്ലാ വിളംബര വാര്‍ഷികവും മറ്റും നടത്തി നവോത്ഥാന അശ്വമേധം നടത്തി ഉണ്ടാക്കിയത് ആനമുട്ട! സംശയമുണ്ടെങ്കില്‍ ദേശാഭിമാനി പത്രത്തില്‍ വന്ന പു.ക.സ സമ്മേളനത്തിന്റെ നയരേഖ ഒന്ന് മനസ്സിരുത്തി വായിക്കുക. പ്രൊഫ.നാരായണന്‍ അവതരിപ്പിച്ച കരടുരേഖ വളച്ചുകെട്ടി പറയുന്നതിന്റെ ചുരുക്കം, മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കൊട്ടിഘോഷിച്ചു നടത്തിയ നവോത്ഥാന മാമാങ്കത്തെ മാര്‍ക്‌സിസത്തോടൊപ്പം വീട്ടമ്മമാര്‍ ചേട്ടയെ അടിച്ചു പുറത്താക്കുന്നതുപോലെ കോണിക്കു പുറത്താക്കി എന്നാണ്. തല്‍സ്ഥാനത്ത് അവര്‍ സ്വീകരിക്കുന്നത് ഹിന്ദുത്വത്തെ. അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഇതു മനസ്സിലാകുമെന്ന് ഊശാന്താടി സഖാക്കള്‍ക്കറിയാം. എന്നാലും പുകസ സഖാക്കളേ വിജയന്‍ സഖാവിനോട് ഇത്ര ക്രൂരത വേണ്ടിയിരുന്നോ?
പു.ക.സ സമ്മേളനം ഉദ്ഘാടനം ചെയ്ത സച്ചിദാനന്ദ മഹാകവി തന്നെ തങ്ങളുടെ കമ്മ്യൂണിസ്റ്റ് മന്ത്രങ്ങള്‍ ഏശുന്നില്ല എന്നു തുറന്നുസമ്മതിച്ചിരുന്നു. മഹാകവിയല്ലേ പറയുന്നത് അതിനാല്‍ കാവ്യാത്മകമായി പറയണമല്ലോ. ഹിന്ദുത്വം ഒറ്റയ്ക്കല്ലെന്നും കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും കൂടെയുണ്ടെന്നും അതിന്റെ സാധ്യതകള്‍ ഈ കൂട്ടുകെട്ടിലാണെന്നും അതിന് താല്‍ക്കാലിക തിരിച്ചടിയുണ്ടായിട്ടേയുള്ളു അത് എപ്പോഴും തിരിച്ചു വരാം എന്നും പറഞ്ഞതിനര്‍ത്ഥം ഹിന്ദുത്വത്തെ പേടിച്ചാണ് ഈ സഖാക്കളെല്ലാം ഉറക്കമില്ലാതെ കഴിയുന്നത് എന്നാണല്ലോ. ഹിന്ദുത്വത്തെ പ്രതിരോധിക്കണോ അതോ ഹേമാകമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന മലവെളള പാച്ചിലില്‍ നിന്ന് രഞ്ജിത്തിനെയും മുകേഷിനെയും മറ്റു ഇടതു സിനിമാ പ്രവര്‍ത്തകരെയും രക്ഷിക്കണോ എന്നതാണ് ഇടതു സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മുന്നിലുള്ള ജീവല്‍ പ്രശ്‌നം. മുഖ്യന്റെ നവകേരള യാത്രയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി അദ്ദേഹത്തിന്റെ പ്രശസ്തിപത്രം നേടിയ ഡിഫിക്കാര്‍ തന്നെ വേണ്ടി വരും തെരുവില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധ്യതയുള്ള മുകേഷ്, രഞ്ജിത്താദി പഴയ എസ്.എഫ്.ഐക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍. ഒരു തരത്തില്‍ ഇതും നവോത്ഥാനം തന്നെയാണേ!