കാറല്‍ മാര്‍ക്‌സും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കടലും കടലാടിയും പോലെയാണ് എന്ന് ചിലര്‍ പറയാറുണ്ട്. മാര്‍ക്‌സ് പറഞ്ഞതിനു വിപരീതമാണ് മാര്‍ക്‌സിസ്റ്റുകാര്‍ നടപ്പാക്കുന്നത് എന്നാണവരുടെ വാദം. എന്നാല്‍ ഡേവിഡ് ഹെലിക്‌സ് എന്ന ഗവേഷകന്‍ നടത്തിയ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത് മാര്‍ക്‌സിന്റെ ജീന്‍ തന്നെയാണ് സി.പി.എമ്മിലുള്ളതെ തെന്നാണ്. ജീനാണല്ലോ സ്വഭാവം നിശ്ചയിക്കുന്നത്. മാര്‍ക്‌സ് പറഞ്ഞ തത്വങ്ങള്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കാറ്റില്‍ പറത്തിയിട്ടുണ്ടെങ്കിലും മാര്‍ക്‌സിന്റെ സ്വഭാവം അവര്‍ ഉപേക്ഷിച്ചിട്ടില്ല. മാര്‍ക്‌സ് സ്വകാര്യസ്വത്തിന് എതിരായിരുന്നു. എന്നാല്‍ മാര്‍ക്‌സിസ്റ്റുകാര്‍ സ്വകാര്യ സ്വത്ത് കുന്നു കൂട്ടുന്നവരാണ്. കേരളത്തില്‍ ഏറ്റവുമധികം സ്വകാര്യസ്വത്തുള്ള പാര്‍ട്ടി സി.പി.എമ്മാണ്. മാസപ്പടിയും ബാങ്ക് നിക്ഷേപ വെട്ടിപ്പും പാര്‍ട്ടിയുടെയും നേതാക്കളുടെയും മുഖ്യ അലങ്കാരമാണ്. ഭരണം കൊഴിഞ്ഞു വീഴുമെന്ന് മാര്‍ക്‌സ് പ്രവചിച്ചു. എന്നാല്‍ മാര്‍ക്‌സിസ്റ്റു ഭരണം വന്ന സ്ഥലത്തെല്ലാം പാര്‍ട്ടി സര്‍വ്വാധിപതികളായി മാറിയ കാഴ്ചയാണ് കാണുന്നത്. പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിച്ചു വെക്കാനുള്ള കൗതുകവസ്തു മാത്രമാണ് മാര്‍ക്‌സിന്റെ ഫോട്ടോയും പ്രതിമയും. എന്നാല്‍ മാര്‍ക്‌സിന്റെ സ്വഭാവം ചിലതൊക്കെ മാര്‍ക്‌സിസ്റ്റുകാരുടെ രക്തത്തില്‍ ഇല്ല എന്നു പറയാനാവില്ല. ഇതിലൊന്നാണ് മാര്‍ക്‌സിന്റെ വൈരനിര്യാതനബുദ്ധി. തനിക്ക് അസൂയ തോന്നുന്നവരോട് ശത്രുവിനെ പോലെ പെരുമാറുന്നതായിരുന്നു മാര്‍ക്‌സിന്റെ രീതി എന്ന് ഡേവിഡ് ഹെലിക്‌സ് തന്റെ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. കാള്‍ വോഗറ്റ് (Karl Vogt) എന്ന ശാസ്ത്രജ്ഞനും തത്വചിന്തകനുമായ ജര്‍മ്മന്‍കാരനോടു മാര്‍ക്‌സിന് അസൂയയായിരുന്നു. ജര്‍മ്മന്‍ സോഷ്യലിസ്റ്റുകളും പത്രപ്രവര്‍ത്തകരുമായ കാള്‍ ഗ്രൂണ്‍ (Karl Grun), പ്രൗഡോണ്‍(proudhon) എന്നിവരും മാര്‍ക്‌സിന്റെ കോപത്തിനിരയായി. മാര്‍ക്‌സിസ്റ്റുകാര്‍ കാണിക്കുന്ന വൈരനിര്യാതനബുദ്ധിയുടെ ജീന്‍ എവിടെ നിന്നു കിട്ടി എന്നു വ്യക്തം. ആദ്യം രാഷ്ട്രീയമായി അഭിപ്രായ ഭിന്നതയുള്ളവരോടായിരുന്നു ഈ നിലപാടെങ്കില്‍ പിന്നീട് പാര്‍ട്ടിക്കുള്ളിലുള്ളവരോടും കാട്ടാന്‍ തുടങ്ങി. വി.എസ്.അച്യുതാനന്ദന്‍ മുതല്‍ ഒടുവില്‍ സി.കെ.പി പത്മനാഭന്‍ വരെ എത്ര പേര്‍ ഇയ്യടുത്ത കാലത്ത് പാര്‍ട്ടി നേതൃത്വത്തിന്റെ വൈരാഗ്യബുദ്ധിയുടെ ജീവിക്കുന്ന രക്തസാക്ഷികളായി നമുക്കിടയില്‍ കഴിയുന്നു.