കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട് ജില്ലയിലുണ്ടായത്. ജൂലായ് 30-ന് പുലര്‍ച്ചെ ഒന്നരക്കും രണ്ടിനുമിടയിലാണ് മേപ്പാടി പഞ്ചായത്തിനെയാകെ ഇളക്കിമറിച്ച ഉരുള്‍പൊട്ടലുണ്ടായത്. തൊട്ടുപിന്നാലെ പുലര്‍ച്ചെ നാലിന് വീണ്ടും ഉരുള്‍പൊട്ടി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ കള്ളാടിയില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ ദൂരത്താണ് ദുരന്തം ആര്‍ത്തലച്ചെത്തിയത്. ഈ വിസ്‌ഫോടനം മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നീ പ്രദേശങ്ങളെ ഏതാണ്ട് സമ്പൂര്‍ണ്ണമായി തന്നെ കടപുഴക്കി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കള്ളാടിപ്പുഴക്കു കുറുകെ ചൂരല്‍മലയെ മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ശക്തമായ ഒഴുക്കില്‍ പുഴ ദിശമാറി ഒഴുകി. ചൂരല്‍മല ടൗണ്‍ നാമാവശേഷമായി. വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ മണ്ണിനടിയിലായി. സമീപത്തെ വീടുകളും പാടികളും ചെളിയില്‍ മുങ്ങി. നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴുക്കില്‍പ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. ഒട്ടേറെ മൃതദേഹങ്ങള്‍ പുഴയിലൂടെ കിലോമീറ്ററുകളോളം ദൂരേക്ക് ഒഴുകിപ്പോയി. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനം തന്നെ ദുഷ്‌കരമാക്കി. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) തുടക്കത്തില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും മുണ്ടക്കൈയിലെ ട്രൂവാലി എസ്റ്റേറ്റ്, ബംഗ്ലാവ് അടക്കമുള്ള സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന നൂറുകണക്കിനാളുകളെ സൈന്യമെത്തിയാണ് പുറത്തെത്തിച്ചത്. പിന്നീട് എയര്‍ ലിഫ്റ്റിംഗിലൂടെയും സൈന്യം നിരവധി പേരെ രക്ഷപ്പെടുത്തി. സൈനികര്‍ ബെയ്‌ലി പാലം കൂടി സജ്ജമാക്കിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. പിന്നീട് നേവി സംഘവും സൈന്യത്തിന്റെ തന്നെ എന്‍ജിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി. ഏതാണ്ട് നാലായിരത്തോളം ജനങ്ങളെ നേരിട്ട് ബാധിച്ച വന്‍ദുരന്തമാണ് മുണ്ടക്കൈയിലുണ്ടായത്.
ദുരന്തമുഖത്ത് സേവാഭാരതി
ദുരന്ത വാര്‍ത്ത പുറത്തുവന്നതുമുതല്‍ ദേശീയ ദുരന്ത നിവാരണ സേനയുമായി (എന്‍ഡിആര്‍എഫ്) സഹകരിച്ച് ദുരിതബാധിതരെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ദേശീയ സേവാഭാരതി നേതൃത്വം നല്‍കിയത്. രാവിലെ തന്നെ മേപ്പാടിയില്‍ സേവാഭാരതി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ദുരന്തം ബാധിച്ച സര്‍വ്വമേഖലകളിലേക്കും സേവാഭാരതിയുടെ സന്നദ്ധസേവകര്‍ എത്തിച്ചേര്‍ന്നു. മേപ്പാടി സേവനകേന്ദ്രം കേന്ദ്രീകരിച്ച് വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതി സന്നദ്ധസേവകരെ നിയോഗിച്ചു.
ദുരന്തം നടന്ന ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് നിത്യേന അറുപത് പേരടങ്ങുന്ന സേവാഭാരതിയുടെ റെസ്‌ക്യൂ ഓപ്പറേഷന്‍ ടീം ദിവസങ്ങളോളം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മൃതദേഹങ്ങള്‍ കണ്ടെടുക്കാനുമെല്ലാം സേവാഭാരതി നേതൃത്വം വഹിച്ചു. മേപ്പാടി ശ്രീമാരിയമ്മന്‍ ക്ഷേത്ര ശ്മശാനത്തില്‍ നൂറ്റമ്പതോളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പതിനഞ്ച് ചിതാഗ്‌നി യൂണിറ്റുകളിലായി 64 മൃതശരീരങ്ങള്‍ സംസ്‌കരിച്ചു. ഏതാണ്ട് പന്ത്രണ്ട് മണിക്കൂര്‍ നേരം തുടര്‍ച്ചയായി സംസ്‌കാര ക്രിയകള്‍ നടത്തേണ്ടിവന്നു. സമീപ ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ ഏര്‍പ്പാടാക്കിയ സേവാഭാരതി ആംബുലന്‍സ് സര്‍വീസുകളും ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ചു. ആദ്യ ദിവസം രണ്ടായിരം ഭക്ഷണപ്പൊതികള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിച്ചു.
മേപ്പാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളായ സെന്റ് ജോസഫ് സ്‌കൂള്‍, അരപ്പറ്റ സ്‌കൂള്‍, റിപ്പണ്‍ സ്‌കൂള്‍, പോളിടെക്‌നിക്, സെ ന്റ് ജോസഫ് ഗേള്‍സ് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ നൂറ്റിയിരുപത്തഞ്ച് പ്രവര്‍ത്തകര്‍ വീതം ദിവസംതോറും സേവന പ്രവര്‍ത്തനം നടത്തി. ദുരന്തത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, രക്തം, മരുന്ന് എന്നിവ എത്തിച്ചു നല്‍കാനും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്താനും സേവാഭാരതി മുന്‍കൈയെടുത്തു. ദുരിതമനുഭവിയ്ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, വെള്ളം എന്നിവ എത്തിക്കാനുള്ള പ്രവര്‍ത്തനവും നടന്നു. മേപ്പാടി പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഇരുനൂറ്റമ്പത് പ്രവര്‍ത്തകര്‍ വീതം പ്രവര്‍ത്തിച്ചു. ദുരന്തത്തിനിരയായവരുടെ വിവരശേഖരണം നടത്താനുള്ള സംവിധാനവും പ്രവര്‍ത്തനവും സേവാഭാരതി ആവിഷ്‌കരിച്ചിരുന്നു. ദുരന്ത ബാധിതരെ സഹായിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനായി മേപ്പാടി, കല്‍പ്പറ്റ കേന്ദ്രീകരിച്ച് മൂന്ന് സംഭരണ കേന്ദ്രങ്ങളാണ് സേവാഭാരതി ആരംഭിച്ചത്. ആയിരത്തോളം പേരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.
ദുരന്താനന്തര കര്‍മ്മപദ്ധതികള്‍
ദുരന്തം നാമാവശേഷമാക്കിയ ഗ്രാമങ്ങളെ പുനര്‍നിര്‍മ്മിക്കാന്‍ സേവാഭാരതി ദുരന്താനന്തര പദ്ധതികളും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സമാജത്തിന്റെ സഹായത്തോടുകൂടി പ്രവര്‍ത്തനമാരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുനരധിവാസ പദ്ധതിക്കനുസരിച്ചും, താമസയോഗ്യമായ സ്ഥല ലഭ്യതയ്ക്കനുസരിച്ചും, വീടുകള്‍ നഷ്ടപ്പെട്ടവരുടെ താലപര്യങ്ങള്‍ക്കും അനുസരിച്ചാവും തലചായ്ക്കാനൊരിടം പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിക്കുക.
ഇതിനായി ഭൂമി കണ്ടെത്തുന്നതിന്, സേവാഭാരതിയുടെ ‘ഭൂദാനം ശ്രേഷ്ഠദാനം’ പദ്ധതിയിലേക്ക് വയനാട്ടില്‍ ഭൂമിയുള്ള സുമനസ്സുകളായ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും ഭൂമി ദാനം ചെയ്യാനും സേവാഭാരതി അഭ്യര്‍ത്ഥിച്ചു. ദുരന്തത്തില്‍ ബന്ധുക്കളും വീടും മറ്റു ഭൗതിക സ്വത്തുക്കളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി പഠനസൗകര്യങ്ങളും, സാമ്പത്തിക സഹായവും മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ ബാല ബാലിക സദനങ്ങള്‍ വഴി സംരക്ഷണവും നല്‍കും. ദുരന്തബാധിത പ്രദേശത്തെ നൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്യാന്‍ സേവ ഇന്റര്‍നാഷണല്‍ ഇതിനോടകം തന്നെ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ വീടും കുടുംബാംഗങ്ങളെയും, നഷ്ടപ്പെട്ടവരുടെ മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനമായി വയനാട് കേന്ദ്രീകരിച്ച് പുനര്‍ജ്ജനി കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കും. 2018 പ്രളയാനന്തരവും കോവിഡ് കാലത്തും സേവാഭാരതി കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംവിധാനം നടപ്പാക്കിയിരുന്നു. ദുരന്താനന്തരം പ്രദേശത്ത് നേരിടാവുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍, ദുരന്ത ബാധിത പ്രദേശത്ത് ജലശുദ്ധീകരണത്തിനുള്ള മൊബൈല്‍ സ്റ്റേഷനറി യൂണിറ്റ് സംവിധാനം ഒരുക്കും. ഭാവിയില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ദീര്‍ഘകാല പ്രയത്‌നവും സേവാഭാരതി നടത്തും. ദുരന്തംമൂലം വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ സംവിധാനങ്ങള്‍ സ്വാവലംബന്‍/ നൈപുണ്യ പരിശീലനംവഴി സ്വയംപര്യാപ്തത നേടുവാനുള്ള അവസരവുമൊരുക്കും.
കാലങ്ങളായി ദുരന്തമുഖങ്ങളില്‍ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് സ്വയംസേവകര്‍ നടത്തിയ ധീരവും നിസ്വാര്‍ത്ഥവുമായ സേവനപ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ‘റെഡി ഫോര്‍ സെല്‍ഫ്‌ലസ് സര്‍വീസ്’ എന്ന വിശേഷണം തന്നെ നേടിക്കൊടുത്തത്. രാഷ്ട്രവിഭജനകാലത്ത് ഭാരതത്തിലേക്ക് അശരണരായി ഓടിയെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടാണ് സ്വയംസേവകര്‍ അവരുടെ ആപദ്‌സേവനധര്‍മ്മം സമാരംഭിച്ചത്. പിന്നീട് ഇങ്ങോട്ട് മോര്‍വി ദുരന്തം, ഭോപ്പാല്‍ ദുരന്തം, ഉത്തരാഞ്ചലിലെ പ്രളയം, കേരളത്തില്‍, പെരുമണ്ണിലും കടലുണ്ടിയിലും നടന്ന ട്രെയിന്‍ അപകടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്വയംസേവകര്‍ സേവനപഥത്തില്‍ സജീവമായി അണിചേര്‍ന്നു. അമ്പൂരിയില്‍ ഉരുള്‍പൊട്ടിയപ്പോഴും പമ്പയില്‍ മണ്ണിടിഞ്ഞപ്പോഴും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സേവാഭാരതി ഈ പാരമ്പര്യം പിന്തുടര്‍ന്നു. സുനാമിത്തിരമാലകള്‍ തുടച്ചുനീക്കിയ ആറാട്ടുപുഴ പഞ്ചായത്തിലെ ഒരു ഗ്രാമത്തെ പുനര്‍നിര്‍മ്മിച്ച് ‘സാഗരലക്ഷ്മി’ എന്ന് പുനര്‍നാമകരണം ചെയ്തതും, ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കൊറ്റമ്പത്തൂര്‍ ഗ്രാമത്തെ ‘പുനര്‍ജ്ജനി’ പദ്ധതിയിലൂടെ പുനര്‍നിര്‍മ്മിച്ചു വാസയോഗ്യമാക്കിത്തീര്‍ത്തതും സേവാഭാരതിയാണ്. അതുകൊണ്ട് തന്നെ മുണ്ടക്കൈയെ പുനര്‍നിര്‍മ്മിക്കാനുള്ള സേവാഭാരതിയുടെ പദ്ധതികളെ സമാജം സര്‍വ്വാത്മനാ പിന്തുണയ്ക്കുമെന്നത് തീര്‍ച്ചയാണ്.
മഹത്വമാര്‍ന്ന ജീവത്യാഗം
ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവത്യാഗം ചെയ്ത പ്രജീഷ് (36), ശരത് (29) എന്നിവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 167-ാം നമ്പര്‍ ബൂത്തിലെ സ്വയംസേവകരായ ഇരുവരും സേവനപ്രവര്‍ത്തനങ്ങളുടെ അന്തസ്സാരം ജീവിതത്തില്‍ ഉള്‍ക്കൊണ്ടവരാണ്.
ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായ അര്‍ദ്ധരാത്രിയില്‍ തന്നെ പ്രജീഷും ശരത്തും ചേര്‍ന്ന് നൂറുകണക്കിന് ആളുകളെ ജീവന്‍ പണയപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നേതൃത്വം നല്‍കി. പിന്നീട് രണ്ടാമത്തെ മണ്ണിടിച്ചില്‍ ഉണ്ടായി. അപ്പോഴും ദുരന്തമുഖത്ത് നിന്ന് പിന്മാറാതെ നിലയുറപ്പിച്ച ഇരുവരും രക്ഷാപ്രവര്‍ത്തിനിടയില്‍ ജീവത്യാഗം ചെയ്തു. പ്രജീഷിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയെങ്കിലും ശരത്തിന്റെ മൃതദേഹം കണ്ടെത്താനായില്ല. ദുരന്തമുഖത്ത് നിന്ന് സ്വയം സുരക്ഷിതമായി രക്ഷനേടാന്‍ കഴിയുമായിരുന്നിട്ടും മറ്റുള്ളവരെ രക്ഷിക്കാന്‍ പ്രാണാര്‍പ്പണം ചെയ്ത ഇവരുടെ അര്‍പ്പണബോധവും ത്യാഗസന്നദ്ധതയും എന്നെന്നും സ്മരിക്കപ്പെടും.