കഴിഞ്ഞ ആഗസ്റ്റ് 8ന് ആയിരുന്നു പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യ അന്തരിച്ചത്. 23 വര്‍ഷത്തെ മാര്‍ക്‌സിസ്റ്റു ഭരണത്തെ വെല്ലുന്ന 13 വര്‍ഷത്തെ മമത സര്‍ക്കാരിന്റെ തേര്‍വാഴ്ച കണ്ട് കണ്ണടക്കാന്‍ ഭാഗ്യമുണ്ടായി സഖാവിന്. മുകളിലിരുന്ന് അതിലും വലിയ കാഴ്ചയാണല്ലോ ഇപ്പോള്‍ അദ്ദേഹം കാണുന്നത്. കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ബലാത്സംഗത്തോടെ, അതുവരെ അടക്കി വെച്ച ജനരോഷം ആളിപ്പടര്‍ന്നു. ജനക്കൂട്ടത്തെ നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്ന മമത ദീദിയുടെ തന്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞു. മമതയുടെ തൃണമൂല്‍ ഗുണ്ടകള്‍ ആശുപത്രി അടിച്ചു തകര്‍ത്ത് തെളിവു നശിപ്പിച്ചതും പോലീസും മെഡിക്കല്‍ കോളേജ് അധികൃതരും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുമെല്ലാം വന്‍ തിരിച്ചടിയായി. സുപ്രീംകോടതി വരെ മമതയെ നിര്‍ത്തി പൊരിക്കുന്നു. അപ്പോഴും അന്വേഷണം ശുഷ്‌കാന്തിയോടെ വേഗം ചെയ്യാന്‍ മോദിയെ കത്തിലൂടെ ഉപദേശിക്കുകയാണ് മമത ദീദി.
ഇതൊന്നുമല്ല ബുദ്ധദേവിനെ രസിപ്പിച്ചത്. 1992 ഡിസംബറില്‍ ജ്യോതിബസു മുഖ്യമന്ത്രിയായിരിക്കെ ഒരു മാര്‍ക്‌സിസ്റ്റുകാരന്‍ ബലാത്സംഗം ചെയ്ത ബധിരയും മൂകയുമായ ഗ്രാമീണ ബാലികയേയും കൂട്ടി മമത മുഖ്യമന്ത്രിയെ കാണാന്‍ കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ് ബില്‍ഡിംഗിലെ മുഖ്യമന്ത്രിയുടെ കാര്യാലത്തിലെത്തി. സംസ്ഥാനത്തെ ക്രമസമാധാനം പാടെ തകര്‍ന്നു എന്ന് കാണിച്ചു കൊടുക്കാനായിരുന്നു മമതയുടെ ഈ പ്രകടനം. ഒപ്പം പത്രക്കാരെയും വിളിച്ചിരുന്നു. മൂന്നു മണിക്കൂര്‍ കാത്തിരുന്നിട്ടും ജ്യോതി ബസു വന്നില്ല. മുഖ്യമന്ത്രിയെ കണ്ടിട്ടേ പോകൂ എന്നായി മമത. താന്‍ വരുന്നതിന് മുമ്പ് എല്ലാത്തിനെയും പുറത്താക്കിക്കൊള്ളാന്‍ ബസു പോലീസിനോട് ആവശ്യപ്പെട്ടു. പുറത്തുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും മമത കേട്ടില്ല. അവസാനം ബലം പ്രയോഗിച്ച് മുടിയില്‍ പിടിച്ച് വലിച്ച് രണ്ടുപേരേയും പടിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി സ്റ്റേഷനിലെത്തിച്ച് തടവിലാക്കി. പത്രക്കാര്‍ അതു ചൂടുവാര്‍ത്തയാക്കി. ഇതോടെ മമതയുടെ ലക്ഷ്യം നേടി. പിന്നീട് ഇരയാക്കപ്പെട്ട ആ പെണ്‍കുട്ടിയെ മമത തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അന്ന് ബസു ചെയ്തത് ഇന്ന് ആ കസേരയിലിരുന്ന് മമത ചെയ്യുന്നു. ദീദീ ഇതാണ് കാലത്തിന്റെ കാവ്യനീതി.