ആസിഫലി എന്ന നടനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പേരിലല്ല. എങ്കിലും തെളിഞ്ഞ ആ ചിരി അയാളുടെ മനസ്സിലെ നന്മയെ കാണിക്കുന്നുണ്ട്. ഇപ്പോള്‍ മലയാള സിനിമ അടക്കിവാഴുന്ന വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ കൂട്ടത്തില്‍ ഈ നടന്‍ ഇല്ല എന്നു തോന്നുന്നു. വ്യാജ മതേതരനല്ല ആസിഫലി എന്നു തോന്നിയിട്ടുണ്ട്. അദ്ദേഹം ആത്മാര്‍ത്ഥമായിത്തന്നെ ഒരു മതേതര മനസ്സു സൂക്ഷിക്കുന്ന അപൂര്‍വ്വം പേരില്‍ ഒരാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടു മമതയുണ്ടാകേണ്ടതു തന്നെ. എന്നാല്‍ രമേഷ് നാരായണന്‍ എന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനുതോന്നിയ വേദനയും അപകര്‍ഷബോധവും പരിഗണിക്കപ്പെടേണ്ട കാര്യമാണ്. അതിന് ആസിഫലി ഒരു തരത്തിലും ഉത്തരവാദിയല്ല എന്നത് വേറേ കാര്യം. അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം നേടിയ, അറുപതിനു മുകളില്‍ പ്രായമുള്ള ഒരു സംഗീത പ്രതിഭയെ ആദരിക്കാന്‍ തീര്‍ച്ചയായും കുറച്ചുകൂടി മുതിര്‍ന്ന ഒരു കലാകാരനെ ചുമതലപ്പെടുത്തേണ്ടതായിരുന്നു. അക്കാര്യത്തില്‍ ആസിഫലിയല്ല സംഘാടകരാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്. അതില്‍ രമേഷ് നാരായണ്‍ നടത്തിയ പ്രതിഷേധം ന്യായം തന്നെ. അത് ആസിഫലിയെ ആക്ഷേപിക്കല്‍ അല്ല. എങ്കിലും അദ്ദേഹത്തിനതില്‍ വിഷമം ഉണ്ടാകാന്‍ ഇടയുണ്ട്. ഈ പ്രശ്‌നത്തില്‍ താരതമ്യേന ദുര്‍ബ്ബലമായ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായതിനാല്‍ രമേഷ് നാരായണനോടൊപ്പം നില്‍ക്കാന്‍ മലയാളികളാരും തയ്യാറായില്ല. ആസിഫലിയോടുള്ള സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ രമേഷ് നാരായണന്റെ പക്ഷം പിടിക്കുന്നു. കാരണം ആ പ്രതിഷേധത്തില്‍ ന്യായമുണ്ട്.
മാതൃഭൂമിയിലെ ‘വെബിനിവേശം’ (ജൂലായ് 28 – ആഗസ്റ്റ് 3) എന്ന പംക്തിയെഴുതുന്ന രാം മോഹന്‍ പാലയത്തിനു പക്ഷേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ധൈര്യമില്ല. മലയാളിയുടെ പൊതുരീതിയില്‍ അദ്ദേഹം രണ്ടുപക്ഷത്തുമില്ലാതെ തടിതപ്പുന്നു.
പാശ്ചാത്യസാഹിത്യത്തില്‍ പ്രത്യേകിച്ചും ഇംഗ്ലീഷ് സാഹിത്യത്തില്‍ നല്ല പരിജ്ഞാനമുള്ള പലരും അശ്രദ്ധ കൊണ്ട് സ്ഥിരമായി തെറ്റിക്കുന്ന രണ്ടു ഫ്രെയ്‌സുകളാണ് ബ്ലാങ്ക് വെഴ്‌സും (Blank Verse) ഫ്രീവെഴ്‌സും (Free Verse). ബ്ലാങ്ക് വെഴ്‌സ് പലരും കരുതുന്നതുപോലെ വൃത്തമില്ലാത്ത ഗദ്യ എഴുത്തല്ല. അത് ഇംഗ്ലീഷിലെ ഒരു മെട്രിക്കല്‍ ഫോമിന്റെ (വൃത്തം) പേരാണ്. നമ്മുടെ കേക പോലെ ഇംഗ്ലീഷിലെ എഴുത്തുകാര്‍ വ്യാപകമായി കൈകാര്യം ചെയ്തിരുന്ന ഒരു വൃത്ത രൂപമാണ് ബ്ലാങ്ക് വെഴ്‌സ്. പ്രാസമില്ലാത്ത അയാംബിക് പെന്റാമീറ്റര്‍ Unrhymed Iambic Pentameter) ആണത്. സാധാരണ ഇംഗ്ലീഷിലെ പലവൃത്ത രൂപങ്ങള്‍ക്കും നിയതമായ അന്ത്യപ്രാസം (Endrhyme) കൂടിചേര്‍ത്തു പറയാറുണ്ട്. aa bb, aa bb cc, aa bb cc dd എന്നിങ്ങനെ പല രീതിയില്‍ അവസാനത്തെ അക്ഷരങ്ങളെ പ്രാസം ചേര്‍ത്ത് എഴുതിയാലേ വൃത്തം പൂര്‍ത്തിയാവൂ. ഉദാഹരണത്തിന് എഡ്മണ്ട് സ്‌പെന്‍സര്‍ ഉപയോഗിച്ചതുവഴി ശ്രദ്ധേയമായിത്തീര്‍ന്ന spenserian stanza എന്ന വൃത്തരൂപം ABA BB CBCC എന്ന അന്ത്യപ്രാസക്രമത്തിലുള്ള ഒന്‍പതു വരികള്‍ ചേര്‍ന്ന ‘സ്റ്റാന്‍സ’കളായി എഴുതിയാലേ ആ വൃത്തമാകൂ. അതിലെ ആദ്യത്തെ എട്ട് വരികള്‍ Iambic pentameter കളിലും അവസാനത്തെ വരി Iambic hexameter ലും ആണ്. Iambic Hexameterനെ ‘Alexandrine” എന്നാണ് പറയുക.
ഇത് വളരെ വിപുലമായ ഒരു വിഷയമാകയാല്‍ ഇത്തരം ഒരു കോളത്തില്‍ മുഴുവന്‍ വസ്തുതകളും എഴുതുക സാധ്യമല്ല. രണ്ടു മൂന്നു ലക്കങ്ങളായെ എഴുതി പൂര്‍ത്തിയാക്കാനാവൂ. എങ്കിലും എന്താണ് Iambic pentameter എന്നതും കൂടിസൂചിപ്പിക്കാം. നമ്മുടെ ഗണവ്യവസ്ഥ ‘യരത ഭജസ മന’ എന്നത് ഇംഗ്ലീഷില്‍ അത്ര മാത്രം കൃത്യമായി വ്യവസ്ഥപ്പെടുത്തിയിട്ടില്ല എന്നുതോന്നുന്നു. നമ്മുടേത് പോലെ മൂന്ന് അക്ഷരങ്ങളിലല്ല ഇംഗ്ലീഷ് സാഹിത്യത്തിലെ ഗണം അഥവാ Metrical Foot. അത് രണ്ടും മൂന്നും ചിലപ്പോള്‍ നാലും അക്ഷരങ്ങള്‍ ചേര്‍ന്നവയാണ്. ഒരു”iamb’ എന്നത് നമ്മുടെ രീതിയില്‍ പറഞ്ഞാല്‍ ഒരു ലഘുവും ഒരു ഗുരുവും ചേര്‍ന്നതാണ്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു unstressed syllable ഉം ഒരു stressed syllable ഉം ചേര്‍ന്നത്. അത്തരത്തിലുള്ള അഞ്ച് metrical foot കള്‍ ചേര്‍ന്നതാണ് പെന്റാമീറ്റര്‍. അതില്‍ പത്തു ശബ്ദങ്ങള്‍ ഉണ്ടാവും. നമ്മുടേതുപോലെ അക്ഷരങ്ങള്‍ വച്ചല്ലല്ലോ അവരുടെ ഉച്ചാരണ രീതി. അതുകൊണ്ടുതന്നെ നമുക്കു അവരുടെ ഗുരുലഘുക്കള്‍ തിരിച്ചറിയാന്‍ നല്ല പരിശീലനം വേണം.
ഇംഗ്ലീഷില്‍ എഴുതപ്പെട്ടിട്ടുള്ള കവിതകളുടെ മൂന്നില്‍ രണ്ടും ബ്ലാങ്ക് വെഴ്‌സിലാണെന്ന് പൊതുവെ പറയാറുണ്ട്. കവികള്‍ പലരും ഇത് തിരഞ്ഞെടുക്കാന്‍ കാരണം റൈം സ്‌കീം(Rhyme Scheme) ആവശ്യമില്ല എന്നതുകൊണ്ടാണ്. എല്ലാ സ്റ്റാന്‍സകളി ലും (Stanza) അവസാനപദം ഒരേ ഉച്ചാരണത്തിലവസാനിക്കുന്ന രീതി ആവര്‍ത്തിക്കുക കുറച്ചു ദുഷ്‌ക്കരമായ കാര്യമാണല്ലോ. അതുകൊണ്ട് സങ്കീര്‍ണ്ണമായ റൈം സ്‌കീമുകള്‍ ഒഴിവാക്കി അവര്‍ ബ്ലാങ്ക് വെഴ്‌സ് തിരഞ്ഞെടുത്തു. എന്നാല്‍ ബ്ലാങ്ക് വെഴ്‌സിലും മെട്രിക്കല്‍ ഫൂട്ടുകളുടെ കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. എല്ലാവരിയിലും പത്ത് എന്ന വ്യവസ്ഥ പാലിക്കേണ്ടതാണ്. എന്നാലതും ചില കവികള്‍ പാലിച്ചു കാണുന്നില്ല. ഫ്രീവെഴ്‌സില്‍ വ്യവസ്ഥയൊന്നുമില്ല ഇഷ്ടം പോലെ എഴുതാം. ആധുനിക കാലത്ത് കവികളെല്ലാം ഈ രീതിയാണു തിരഞ്ഞെടുക്കുന്നത്.
ഇംഗ്ലീഷിലെ വൃത്തശാസ്ത്രം നമ്മുടേതിനേക്കാള്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമാണെന്നു പറയാം. വരികളിലെ ശബ്ദ വ്യവസ്ഥ തന്നെ മോണോ മീറ്റര്‍, ഡൈമീറ്റര്‍, ട്രൈമീറ്റര്‍, ടെട്രാമീറ്റര്‍, പെന്റാമീറ്റര്‍, ഹെക്‌സാമീറ്റര്‍, ഹെപ്റ്റാമീറ്റര്‍, ഒക്ടാമീറ്റര്‍ എന്നിങ്ങനെ ഒരു വരിയില്‍ പല മാത്രകള്‍ ഉള്‍പ്പെടുത്തുന്ന രീതികള്‍ ഉണ്ടെങ്കിലും വ്യാപകമായി കണ്ടു വരുന്നത് പത്തു മാത്രയുള്ള പെന്റാമീറ്ററുകളാണ്. അതുപോലെ ഗണവ്യവസ്ഥയും പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലാതെ ഡൈസിലബിക് (Dyasyllabic) ട്രൈസിലബിക് (Trisyllabic), ടെട്രാസിലബിക് (Tetrasyllabic) എന്നിങ്ങനെ വലിച്ചു നീട്ടീയിരിക്കുന്നു. നമ്മുടേതുപോലെ മൂന്ന് അക്ഷര ഗണങ്ങളുടെ ആവശ്യമേയുള്ളൂ. അതില്‍ ഇതു മൂന്നും ഉള്‍പ്പെടുത്താനാവും. എന്നാല്‍ ഇംഗ്ലീഷ് ഭാഷയുടെ ഒഴുക്ക് മറ്റൊരു രീതിയായതിനാല്‍ അവര്‍ക്ക് ഇതൊക്കെ അനിവാര്യമായിരുന്നിരിക്കണം. അവരുടെ ട്രൈസിലബിക് വ്യവസ്ഥയില്‍ നമ്മുടെ ഗണങ്ങളായ യഗണം, രഗണം, തഗണം, ഭഗണം ജഗണം സഗണം, മഗണം, നഗണം എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടുതാനും. നമ്മുടെ നഗണം അവരുടെ(Tribrach) മഗണം molossus, ഭഗണം(dactyl), amphibrach ജഗണം, anapaest സഗണം,bacchius യഗണം,cretic രഗണംantibacchius തഗണം ഇങ്ങനെ പോകുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ വൃത്തവ്യവസ്ഥയെ കുറിച്ചു ഗവേഷണം നടത്തുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇന്ന് ഈ അറിവുകള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല. എങ്കിലും വ്യാപകമായി ഫ്രീവെഴ്‌സിനു പകരമായി മലയാളത്തിലെ ചില നിരൂപകര്‍ തന്നെ ബ്ലാങ്ക് വെഴ്‌സ് എന്നു തെറ്റായി ഉപയോഗിച്ചു കാണുന്നതുകൊണ്ടുമാത്രം അക്കാര്യം ഇവിടെ സൂചിപ്പിച്ചുവെന്നേയുള്ളൂ.
മാതൃഭൂമിയില്‍ അഞ്ച് കവിതകളും രണ്ട് കവികളെക്കുറിച്ചുള്ള പഠനങ്ങളുമുണ്ട്. ആദ്യത്തേത് കെ.കെ. ഹിരണ്യനെ കുറിച്ചുള്ള ഓര്‍മകളാണ്. കവി എന്നതിനേക്കാളുപരി ഹിരണ്യന്‍ നല്ല വായനക്കാരനും സഹൃദയനുമായിരുന്നു. മലയാളത്തിലെ പ്രിയ കവികളെയെല്ലാം ഓര്‍മ്മയില്‍ നിറച്ചു നടക്കുന്ന ആളായിരുന്നു അദ്ദേഹം. നല്ല സഹൃദയരുണ്ടെങ്കിലേ നല്ല കവിതകളുമുണ്ടാവൂ. നല്ല കവിത വായിച്ചറിയുന്ന സഹൃദയരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നതു കൊണ്ടാണിപ്പോള്‍ നല്ല കവികളുമുണ്ടാകാത്തത്.
ആറ്റൂരിനെക്കുറിച്ച് മറ്റൊരു കവിയായ കല്പറ്റ നാരായണന്‍ എഴുതിയിരിക്കുന്ന പഠനം ശ്രദ്ധേയമാണ്. നല്ല ഗുരുക്കന്മാരും നല്ല മനുഷ്യരും ആയിരുന്നതിനാല്‍ ശിഷ്യജനങ്ങളുടെ ആദരവു കൊണ്ടുമാത്രം വലിയ കവികളുടെ പട്ടികയില്‍ കയറിപ്പറ്റിയവരാണ് ആറ്റൂരും ആര്‍.രാമചന്ദ്രനും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്ത് ആറ്റൂര്‍ പിണറായി വിജയനേയും എ.കെ. ബാലനേയുമൊക്കെ പഠിപ്പിച്ചിട്ടുണ്ടത്രേ! സ്വഭാവികമായും അവര്‍ ഭരണകര്‍ത്താക്കളായി വരുമ്പോള്‍ ഗുരുഭക്തി കാണിക്കുമല്ലോ.
വൈലോപ്പിള്ളിയുടെ കണ്ണീര്‍ പാടത്തിന്റെ ഒരു മൃദുലാനുകരണം പോലെ തോന്നിപ്പിക്കുന്ന ‘നഗരത്തിലെ യക്ഷന്‍’ കല്പറ്റ പറയുന്നതുപോലെ മേഘസന്ദേശത്തിന്റെ ആശയം ആറ്റിക്കുറുക്കിയെടുത്ത അതിമഹത്തായ കവിതയാണെന്നൊന്നും പറയാന്‍ വയ്യ. ഇതേ കാര്യങ്ങളൊക്കെ എത്രയോ മനോമോഹകമായ രീതിയില്‍ വൈലോപ്പിള്ളി ‘ഊഞ്ഞാലി’ലും ‘കണ്ണീര്‍പ്പാട’ത്തിലുമൊക്കെ പറഞ്ഞു വയ്ക്കുന്നു. ആറ്റൂര്‍ അതിനെയൊക്കെ അനുകരിക്കാന്‍ ശ്രമിച്ചതാണ് എന്നു പറയുന്നില്ല. എങ്കിലും അക്കവിതകളുടെ മേന്മയൊന്നും മേപ്പടി യക്ഷനില്‍ നിന്നും നമുക്കു കിട്ടുന്നില്ല. എങ്കിലും ‘ഒരിക്കലും നഗരത്തിലെ യക്ഷന്‍’ ഒരു മോശം കവിതയല്ല. മഹത്തായ രചനയെന്നു പറയാന്‍ വയ്യെന്നു മാത്രം.
”അതിഭാവുകത്വമാണ് ഭാവുകത്വം എന്നാണ് മലയാളിയുടെ സാമാന്യ ധാരണ അന്നും ഇന്നും എന്നും. ആ ധാരണയെ തൃപ്തിപ്പെടുത്തിയവര്‍ മയലാളികള്‍ക്ക് വലിയ കവികളായി” എന്നിങ്ങനെ ഒരു കുത്ത് മലയാളിയുടെ കാവ്യാസ്വാദനത്തിനു നേരെ കല്പറ്റ തൊടുത്തു വിട്ടിരിക്കുന്നു. നമ്മുടെ വലിയ കവികള്‍ ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, നമ്പ്യാര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, ചങ്ങമ്പുഴ മുതല്‍ പേരാണല്ലോ! ഇവരൊക്കെ മേല്‍പ്പറഞ്ഞ അതിഭാവുകത്വക്കാരാണോ? ‘അഭിരുചിയില്ലാത്തവര്‍ ആറ്റൂരിനെ തള്ളിപ്പറയുന്നതില്‍ ഇന്നോളം കുറവ് വരുത്തിയിട്ടുമില്ല’ എന്ന് ആറ്റൂരിനെതിരെ പറയുന്നവരെ ഒറ്റയടിക്കു താഴ്ത്തിക്കെട്ടാന്‍ ആദ്യമേതന്നെ കവി ഒരു ജാമ്യമെടുക്കുന്നുണ്ട്. അത്തരത്തില്‍ ഒരു അഭിരുചിരഹിതനാണ് ഇതെഴുതുന്നയാളും. മുകളില്‍ പറഞ്ഞ വലിയ കവികളുടെയൊക്കെ കൂട്ടത്തില്‍ ആറ്റൂരിനെപ്പോലുള്ളവരെ കയറ്റിയിരുത്തുന്നതിനോട് എനിക്ക് ഒരു യോജിപ്പുമില്ല. വളരെ റിയലിസ്റ്റിക് ആയി എഴുതിയ ഒരു പറ്റം കവികള്‍ നമുക്കുണ്ട്. അതില്‍ ചിലരുടെ ചില കവിതകള്‍ നമ്മളെ ആനന്ദിപ്പിച്ചിട്ടുമുണ്ട്; എന്‍.വി.കൃഷ്ണവാര്യരുടെ ‘എലികള്‍’ പോലെ ചില കവിതകള്‍. എന്നു കരുതി ജീവിതത്തെ അപ്പാടെ പകര്‍ത്തിവച്ചാല്‍ അതു സാഹിത്യമാകും എന്നു പറയാന്‍ പറ്റില്ല. ”ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതെല്ലാം അതിശയോക്തിയാം തെല്ലതിന്‍ സ്പര്‍ശമില്ലാതലങ്കാരമൊന്നും” എന്ന് അതിശയോക്തി ലക്ഷണത്തോടൊപ്പം ചേര്‍ത്തുപറയുന്നുണ്ട്. ചെറിയ അതിഭാവുകത്വമില്ലാതെ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അപ്പാടെ അതുപോലെ തന്നെയെഴുതിയാല്‍ അനുഭവക്കുറിപ്പല്ലേ ആവുകയുള്ളൂ; സാഹിത്യമാകുമോ?
മേഘരൂപന്‍, സംക്രമണം, അര്‍ക്കം, നഗരത്തില്‍ ഒരു യക്ഷന്‍ തുടങ്ങി മോശമല്ലാത്ത അഞ്ചോ ആറോ കവിതകളുടെ രചയിതാവാണ് എന്നല്ലാതെ മലയാളത്തിലെ മഹാനായ ഒരു കവിവര്യനാണ് ആറ്റൂര്‍ എന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സാഹിത്യത്തോടുചെയ്യുന്ന കുറ്റകൃത്യമാണെന്നേ പറയാനാവൂ. അതിഭാവുകത്വത്തെ മുഴുവനായും മാറ്റിനിര്‍ത്തിയാല്‍ മലയാളം കണ്ട ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളായി കണക്കാക്കുന്ന വി.കെ. എന്നില്‍ എന്തെങ്കിലും ബാക്കിയുണ്ടാവുമോ? ആറ്റൂരിനോടുള്ള സ്‌നേഹം കൊണ്ട് അദ്ദേഹം എഴുതിയ വഴിയാണ് ഏറ്റവും മുന്തിയ വഴി എന്നു സ്ഥാപിക്കുന്നത് കടന്ന കൈയാണ്. ആറ്റൂരിനെ മാതൃകയായി കാണുന്നതുകൊണ്ടാവാം കല്പറ്റയ്ക്കും നല്ല കവിതകളല്ലാതെ മഹത്തായ രചനകള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്.
എം.എസ്. ബനേഷ് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന കവിത ‘ഉരല്‍’, അതിന്റെ ആദ്യ വരിനോക്കൂ: ഉരലിനിരുപുറം രണ്ടു സ്ത്രീകള്‍ നിന്നരിപൊടിക്കുന്നു, ഭൂമി കുലുങ്ങുന്നു. രണ്ട് സ്ത്രീകള്‍ അരിയിടിച്ചപ്പോള്‍ ഭൂമി കുലുങ്ങുന്നുവെന്നെഴുതുന്നതില്‍ നേരത്തെ കല്പറ്റ സൂചിപ്പിച്ച അതിഭാവുകത്വമില്ലേ? തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അതിനെ പൊറുപ്പിക്കാവുന്നതേയുള്ളു. ‘എനിക്ക് ഒരു കുതിരയെ തിന്നാനുള്ള വിശപ്പുണ്ട്’ എന്നൊരാള്‍ പറഞ്ഞാല്‍ അതിനു യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. എങ്കിലും അതിലെ അതിഭാവുകത്വത്തെയല്ല നമ്മള്‍ ശമിപ്പിക്കാന്‍ നോക്കുക; അയാളുടെ വിശപ്പിനെയാണ്. വിശപ്പിന്റെ ആധിക്യത്തെ വെളിവാക്കാന്‍ ആ അതിശയോക്തി അവിടെ അനിവാര്യമാണ്.
”ആരുടെയാറ്റില്‍ ഞാന്‍ ആഴമളന്നാലും ശ്വാസമെഴാതുള്ളില്‍ നിറ മനമായ് കാവ്യം” എന്നതില്‍ ഉള്ളും മനവും അഭിന്നമല്ലേ എന്നു തോന്നാമെങ്കിലും രാജന്‍ സി.എച്ചിന്റെ കവിത ‘ചില്ലു തെളിച്ചം’ അല്പം തെളിച്ചം തരുന്നുണ്ട് (മാതൃഭൂമി).
കലാകൗമുദിയില്‍ (ജൂലായ് 28) എസ്. ജഗദീഷ് ബാബു മാലിന്യമെറിഞ്ഞ് ആളെകൊല്ലുന്ന മലയാളി എന്നൊരു ലേഖനം എഴുതിയിരിക്കുന്നു. ഒരു പ്രയോജനവുമില്ലാത്ത സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും നവോത്ഥാന കേരളവും ഒക്കെ ആഘോഷിച്ച ഇന്നത്തെ ഭരണപക്ഷത്തിന് എന്താണ് ‘സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ ജനകീയ യജഞം’ നടത്താന്‍ പറ്റാത്തത്. പ്രതിപക്ഷങ്ങളും സഹകരിക്കും. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കുകയുമാവാം. നാടിനു പ്രയോജനമുള്ള ഒന്നും ചെയ്യില്ല എന്ന് വ്രതമെടുത്തവരെപ്പോലെയാണ് ഇടതുപക്ഷത്തിന്റെ പരിപാടികള്‍. കേരളത്തിന്റെ ഒന്നാമത്തെ പ്രശ്‌നം മാലിന്യമാണെന്ന് ഇനിയെങ്കിലും ഇവര്‍ തിരിച്ചറിയാത്തതെന്ത്?