ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റേതെങ്കിലും രാജ്യം ഇടപെടുന്നതിനെക്കുറിച്ച് പറയേണ്ടി വരുമ്പോഴാണ് ‘അദൃശ്യ കരങ്ങള്‍’ എന്ന പ്രയോഗം ഉപയോഗിക്കാറുള്ളത്. ‘ഇന്‍വിസിബിള്‍ ഹാന്‍ഡ്’ എന്നതിന്റെ പരിഭാഷയാണിത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒന്നാണിതെങ്കിലും സ്വന്തം ഭരണകാലത്ത് തന്റെ അറിവോടുകൂടിത്തന്നെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അദൃശ്യകരങ്ങളെ ഇന്ദിര അനുവദിച്ചിരുന്നു എന്നതാണ് വാസ്തവം. 1975 ല്‍ ജനാധിപത്യക്കശാപ്പ് നടത്തി രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ഇന്ദിരയുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നത് അക്കാലത്ത് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനിന്നിരുന്ന സോവിയറ്റ് യൂണിയന്റെ അദൃശ്യകരങ്ങളായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലൂടെയല്ലാതെയും സോവിയറ്റ് യൂണിയന്റെ ഇടപെടലുകള്‍ ഇതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ദിരാ ഗാന്ധിയും ഇടതുപക്ഷവും അദൃശ്യകരങ്ങളായി ചിത്രീകരിച്ചിരുന്നത് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ഇടപെടലുകളെയാണ്. ഭാരതത്തിന്റെ കാര്യത്തില്‍ ആശയപരമായും രാഷ്ട്രീയമായും അമേരിക്കയെക്കാള്‍ കൂടുതല്‍ ഇടപെട്ടിരുന്നത് സോവിയറ്റ് യൂണിയനായിരുന്നു. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പിന്തുണ ഇതിന് ഒരുപോലെ ലഭിക്കുകയും ചെയ്തു. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇടതു പാര്‍ട്ടികളെക്കാള്‍ നല്ലത് കോണ്‍ഗ്രസാണെന്ന് സോവിയറ്റ് സ്വേച്ഛാധിപതികള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇന്ദിരയുടെയും കോണ്‍ഗ്രസിന്റെയും തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ പോലും സോവിയറ്റ് യൂണിയനില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്.
ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വൈദേശിക ശക്തികള്‍ ഇപ്പോഴും നെഹ്‌റു കുടുംബത്തിലുള്ളവരെ ഉപയോഗിക്കുന്നുവെന്നാണ് കരുതേണ്ടത്. അധികാരത്തിലേറാന്‍ സഹായിക്കുമെങ്കില്‍ ഇതിനൊക്കെ നിന്നുകൊടുക്കുക എന്ന രീതിയാണ് കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്നത്. പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യക്ഷമായി നിരവധി തെളിവുകള്‍ ഇതിനു ചൂണ്ടിക്കാട്ടാനാവും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിലും ഭാരതത്തിന്റെ ഉയര്‍ച്ചയിലും താല്‍പ്പര്യമില്ലാത്ത ചില വ്യക്തികളും സംഘടനകളും രാജ്യങ്ങള്‍ പോലും കോണ്‍ഗ്രസിന് അനുകൂലമായി ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി ഏതൊക്കെയോ തരത്തില്‍ ബന്ധം സ്ഥാപിച്ചിട്ടുള്ള ജോര്‍ജ് സോറസ് ഇതില്‍ ഒരാള്‍ മാത്രം.
ഇലോണ്‍ മസ്‌കിന്റെ വിവാദ പ്രസ്താവന
ലോകത്തെ അതിസമ്പന്നരില്‍ ഒരാളും, വലിയ സംരംഭകനും ടെസ്‌ല കാര്‍ നിര്‍മാതാവും സമൂഹ മാധ്യമമായ എക്‌സിന്റെ ഉടമയുമായ ഇലോണ്‍ മസ്്കും ഇതിലുള്‍പ്പെടുന്നു. പ്രധാനമന്ത്രി മോദിയും മസ്‌കും തമ്മില്‍ ഒരു കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നു. ഭാരതം സന്ദര്‍ശിക്കുന്ന കാര്യം മസ്‌കുതന്നെ സ്ഥിരീകരിക്കുകയും ചെയ്തതാണ്. പ്രധാനമന്ത്രി മോദിയെ കാണാന്‍ താന്‍ കാത്തിരിക്കുന്നു എന്നാണ് മസ്‌ക് പറഞ്ഞത്. മോദി-മസ്‌ക് കൂടിക്കാഴ്ചയുടെ ഫലമായി ഭാരതത്തില്‍ ടെസ്‌ല വന്‍ നിക്ഷേപം നടത്തുമെന്നും വാര്‍ത്തകള്‍ വന്നു.
കുറഞ്ഞത് 500 യുഎസ് ഡോളര്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ ഇളവു ചെയ്തുകൊണ്ടുള്ള പുതിയ ഇലക്ട്രോണിക് വാഹന നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് താന്‍ ഭാരതം സന്ദര്‍ശിക്കാന്‍ പോകുന്നതായി മസ്‌ക് അറിയിച്ചത്. 2023 ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കൂടിക്കാഴ്ച നടത്തിയ മസ്‌ക് താന്‍ അടുത്തവര്‍ഷം ഭാരതം സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. ”ശരിയായ കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് മോദി. സ്വന്തം രാജ്യത്തിന് നേട്ടം ഉണ്ടാകുന്ന വിധത്തില്‍ പുതിയ കമ്പനികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയുടെ ആരാധകനാണ്” എന്നായിരുന്നു മസ്‌ക് അന്ന് പറഞ്ഞത്. എന്നാല്‍ പൊടുന്നനെ മസ്‌ക് ഭാരത സന്ദര്‍ശനം മാറ്റിവെച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇങ്ങനെയൊരു കൂടിക്കാഴ്ച മോദിക്കും ബിജെപിക്കും നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അത് തല്‍ക്കാലത്തേക്കെങ്കിലും വേണ്ടെന്നുവച്ചത്. ടെസ്‌ല കമ്പനിയുടെ തിരക്കുകളാണ് ഇതിന് കാരണമായി പറഞ്ഞതെങ്കിലും അതേസമയത്തുതന്നെ ചൈന സന്ദര്‍ശിച്ച് മസ്‌ക് ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും, കാര്‍ നിര്‍മ്മാണ ഫാക്ടറി തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഇതിന്റെ പേരില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തുവരികയും ചെയ്തതോടെ ചിത്രം പൂര്‍ത്തിയായി.
നിക്ഷേപകനായ ഇലോണ്‍ മസ്‌ക് വ്യക്തമായ രാഷ്ട്രീയം കളിക്കുകയായിരുന്നു. ”ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഇല്ലാതാക്കണം. മനുഷ്യര്‍ക്കോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയോ അതില്‍ കൃത്രിമം കാണിക്കാനാവും” എന്ന മസ്‌കിന്റെ പ്രസ്താവന ഇതിനു തെളിവായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറയുന്ന രീതി കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും കുറെക്കാലമായി അനുവര്‍ത്തിക്കുന്നതാണ്. ഒരു തെളിവുമില്ലാത്ത നിരുത്തരവാദപരമായ ഈ ആരോപണത്തെ മസ്‌കും പിന്തുണയ്ക്കുകയായിരുന്നു. ജനവിധി മോദി സര്‍ക്കാരിനെതിരാകുമെന്നും, പ്രതിപക്ഷം അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തന്നെ വിശ്വാസ്യത നശിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന ലോകത്ത് വളരെയധികം സ്വാധീന ശക്തിയുള്ള മസ്‌കില്‍ നിന്ന് ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ ബിജെപിയും മോദിയും ജയിക്കരുത്. അഥവാ ജയിച്ചാല്‍ അത് കൃത്രിമം കാണിച്ചാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമായിരുന്നു ഇത്. കോണ്‍ഗ്രസുമായുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വൈദേശിക ശക്തികള്‍ കൊടുത്ത ഉറപ്പ്
മസ്‌കിന്റെ വിവാദപ്രസ്താവന വരാന്‍ കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍. ”ഭാരതത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സുകള്‍ പോലെയാണ്. അത് പരിശോധിക്കുവാന്‍ ആരെയും അനുവദിക്കുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളതാണ്” എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ബോധപൂര്‍വ്വം കള്ളം പ്രചരിപ്പിക്കുകയായിരുന്നു ഈ നേതാവെന്ന് വ്യക്തം. താന്‍ ഉള്‍പ്പെടെ ജയിച്ചുപോന്നിട്ടുള്ളത് ഇതേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പുകളിലൂടെയായിരുന്നുവെന്ന് രാഹുല്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാവുമായിരുന്നെങ്കില്‍ രാഹുലിനെപ്പോലുള്ളവരെ തോല്‍പ്പിക്കാന്‍ എന്തായിരുന്നു പ്രയാസം? അങ്ങനെയല്ലല്ലോ സംഭവിച്ചത്. രാഹുല്‍ 2014ല്‍ ജയിക്കുകയും 2019ല്‍ തോല്‍ക്കുകയും 2024 ല്‍ വീണ്ടും ജയിക്കുകയുമാണല്ലോ ചെയ്തത്. 2019ല്‍ മാത്രം വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചുവെന്നാണോ കരുതേണ്ടത്. ഈ യുക്തിയൊന്നും കോണ്‍ഗ്രസ്സിന് ബാധകമല്ല. തങ്ങള്‍ക്ക് അധികാരമില്ലെങ്കില്‍ രാജ്യത്തിനെതിരെ ആര് സംസാരിച്ചാലും പ്രവര്‍ത്തിച്ചാലും പിന്തുണയ്ക്കുക എന്നതാണ് ആ പാര്‍ട്ടിയുടെ നയം.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരായ ഇലോണ്‍ മസ്‌കിന്റെ ആരോപണം തീര്‍ത്തും അനാവശ്യവും ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുമായിരുന്നു. അതിന് കേന്ദ്രസര്‍ക്കാര്‍ ഉചിതമായ മറുപടിയും നല്‍കുകയുണ്ടായി. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ഇവിഎം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നുപറഞ്ഞാണ് ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കാന്‍ മസ്‌ക് ശ്രമിച്ചത്. മറ്റു രാജ്യങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പോലെയല്ല ഭാരതത്തിലേതെന്ന് കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരുതരത്തിലും ഹാക്കു ചെയ്യാനാവില്ലെന്ന് വിദഗ്ദ്ധര്‍ സുപ്രീംകോടതിയില്‍വരെ തെളിയിച്ചിട്ടുമുണ്ട്. ഇതൊന്നും കണ്ടില്ലെന്നു നടിച്ചാണ് മസ്‌കിന്റെ വിമര്‍ശനം. ലോകത്തെ ആര്‍ക്കും തന്നെ സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മിക്കാന്‍ കഴിയില്ലെന്ന് കരുതുന്നത് വലിയ മണ്ടത്തരമായിരിക്കും. മസ്‌കിനും ഇത് അറിയാം. പക്ഷേ ഭാരത വിരുദ്ധ രാഷ്ട്രീയം ഈ സഹസ്രകോടീശ്വരനെക്കൊണ്ട് ചിലത് പറയിപ്പിക്കുകയാണ്.
2014 ലെയും 2019 ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ വിജയപ്രതീക്ഷകളാണ് കോണ്‍ഗ്രസും ‘ഇന്‍ഡി’ സഖ്യത്തിലെ പാര്‍ട്ടികളും 2024 ല്‍ വച്ചുപുലര്‍ത്തിയത്. പല സംസ്ഥാനങ്ങളിലും പൊതു സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്നു. ഒരു പ്രശ്‌നത്തിലും ഈ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ ഐക്യവും ഇല്ലായിരുന്നു. എന്നിട്ടും മോദി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കില്ലെന്ന് കോണ്‍ഗ്രസ്സിനു ഉറപ്പായിരുന്നു. രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഈ ഉറപ്പ് ചില വൈദേശിക ശക്തികള്‍ നല്‍കിയതായിരുന്നു.
വിദേശ രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം
അഴിമതി കേസുകളില്‍ പ്രതികളാവുന്ന പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമായി ചിത്രീകരിച്ചാണ് പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശനമുന്നയിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെയും ഈ രാജ്യങ്ങള്‍ എതിര്‍ക്കുകയുണ്ടായി. ലോകസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ അമേരിക്കയിലെ യുഎസ്‌സിഐആര്‍എഫും ഭാരതത്തിനെതിരെ രംഗത്തുവന്നു. മതപക്ഷപാതിത്വമുള്ള ഈ സംഘടന രാഷ്ട്രീയ അജണ്ടയോടെ ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രകിയയില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് വിജയിക്കാന്‍ പോകുന്നില്ലെന്ന് ഭാരത വിദേശ കാര്യമന്ത്രാലയവും വ്യക്തമാക്കുകയുണ്ടായി. ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാഷ്ട്രീയമായി ഇടപെടാനുള്ള അധികാരമുണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ കരുതുന്നതെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വിമര്‍ശിക്കുകയുണ്ടായി.
ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രാഹുല്‍ നടത്തിയ വിദേശയാത്രകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരുന്നു. കടുത്ത ഭാരതവിരോധമാണ് പല രാജ്യങ്ങളിലും ചെന്ന് രാഹുല്‍ പ്രസംഗിച്ചത്. ഇതിന് അവിടങ്ങളിലെ ഭരണകൂട ശക്തികളുടെ പിന്തുണയും ലഭിച്ചു. ഭാരതത്തോട് ചരിത്രപരമായി ബന്ധം പുലര്‍ത്തുകയും, മോദി സര്‍ക്കാരിനോട് നയതന്ത്ര തലത്തില്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന രാജ്യങ്ങളും ഇതില്‍പ്പെടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെയും അതിന്റെ നേതാവായ രാഹുലിനെയും വളരെ സമര്‍ത്ഥമായി ഇതിനുവേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നു എന്നിടത്താണ് ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം വെല്ലുവിളി നേരിടുന്നത്. ജോര്‍ജ് സോറസിനെയും ഇലോണ്‍ മസ്‌കിനെയും നേരിടുന്നതുപോലെ രാജ്യതാല്‍പ്പര്യത്തിനെതിരെ വൈദേശിക ശക്തികളുമായി കൈകോര്‍ക്കുന്ന ആഭ്യന്തര ശക്തികളെ നേരിടേണ്ടിയിരിക്കുന്നു. രാജ്യത്തെ ജനാധിപത്യ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുകയും, അത് അട്ടിമറിക്കാന്‍ വൈദേശിക ശക്തികളുമായി കൈകോര്‍ക്കുകയും ചെയ്യുന്നത് അനുവദിച്ചാല്‍ അസ്ഥിരത സൃഷ്ടിക്കപ്പെടും. ഇത്തരം ശക്തികളെ പാര്‍ലമെന്റിനകത്തും പുറത്തും തുറന്നു കാണിക്കാന്‍ കഴിയണം. ഇക്കൂട്ടര്‍ വഹിക്കുന്ന സ്ഥാനമാനങ്ങളും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളുമൊന്നും ഇതിന് തടസ്സമായിക്കൂടാ. ആര് എത്ര ഉന്നതനായാലും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ കര്‍ക്കശമായ നടപടികളെടുത്ത് അത് ജനങ്ങളോട് വിശദീകരിക്കണം.
ലോകസഭാ തിരഞ്ഞെടുപ്പിലെ വൈദേശിക ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിയുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അക്കാര്യം പറയുകയും ചെയ്തു. ഭാരതത്തില്‍ സ്ഥിരതയുള്ള ഒരു ഭരണകൂടം ഉണ്ടാവുന്നത് ലോകത്തെ പല ശക്തികളും ആഗ്രഹിക്കുന്നില്ലെന്നും, സ്വതന്ത്രമായ വിദേശ നയം സ്വീകരിക്കുന്നതില്‍ പലര്‍ക്കും വിയോജിപ്പുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറയുകയുണ്ടായി. പാശ്ചാത്യ ശക്തികളും സ്ഥാപനങ്ങളും മാധ്യമങ്ങളും വന്‍തോതില്‍ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ”ലോകത്തെ പലരും ഭാരതത്തിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയുമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. ഇവര്‍ വെറുതെ അഭിപ്രായ പ്രകടനം നടത്തുക മാത്രമല്ല ചെയ്യുന്നത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്” എന്നായിരുന്നു ടൈംസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇത്തരം വിദേശ ഇടപെടലുകള്‍ അവസാനിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.
(തുടരും)