‘ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍”
വള്ളത്തോളിനെ പോലെ ദേശീയതയെ മലയാളിയുടെ മനസ്സിലേക്ക് കടത്തിവിട്ട മറ്റൊരു കവി ഉണ്ടാവുമോയെന്ന് സംശയമാണ്. ഭാരതവും കേരളവും ഒരുമിച്ചുപോകണമെന്ന സന്ദേശം വള്ളത്തോള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത് സി.പി.രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍ അദ്ദേഹത്താല്‍ സ്ഥാപിതമായ കലയുടെ വിശ്വവിദ്യാലയം ഇന്ന് ദേശവിരുദ്ധതയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്ത തരത്തില്‍ കലാമണ്ഡലത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനു കീഴിലുള്ള കലാമണ്ഡലം ഭരണ സമിതി.
1892ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നൃത്തം അവതരിപ്പിച്ചിരുന്ന നര്‍ത്തകികള്‍ വേശ്യാ വൃത്തിയാണ് നടത്തുന്നത് എന്ന തരത്തിലുള്ള ഒരു ആരോപണം ക്രിസ്ത്യന്‍ മിഷണറിമാര്‍ വ്യാപകമായി നടത്തി വന്നു. അവരെ മോചിപ്പിക്കാന്‍ എന്ന പേരില്‍ ഒരു പ്രസ്ഥാനവും ആരംഭിച്ചു. ആ പശ്ചാത്തലത്തിലാണ് 1900 ല്‍ മാര്‍ക്കസ് ബി. ഫുള്ളറുടെ ‘ദി റോങ്‌സ് ഓഫ് ഇന്ത്യന്‍ വുമണ്‍ഹുഡ്’ എന്ന പുസ്തകം പുറത്ത് വന്നത്. ആ പുസ്തകം ആഗോളതലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ആ പുസ്തകം ഭാരതീയ സ്ത്രീത്വത്തെ അപമാനിക്കുന്ന ഒന്നായിരുന്നു.
‘ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും ക്രിസ്ത്യന്‍ സ്ത്രീകള്‍ കടപ്പെട്ടിരിക്കുന്നത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനോട്’ എന്ന പ്രസ്താവനയില്‍ ആരംഭിക്കുന്ന ആ പുസ്തകത്തില്‍ ഭാരതത്തില്‍ എല്ലാ മേഖലയിലും സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണെന്നും വിധവകളും കുട്ടികളും നര്‍ത്തകികളും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെടുകയാണെന്നും, ദേവദാസി സമ്പദ്രായം പൂര്‍ണ്ണമായ വേശ്യാവൃത്തിയാണെന്നും ആരോപിച്ചു. ഇതിന്റെ ഒക്കെ പശ്ചാത്തലത്തില്‍ ഭാരതമാകെ നിരവധി നൃത്തരൂപങ്ങള്‍ക്ക് നിരോധനം വന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നൃത്തങ്ങള്‍ അവസാനിച്ചു. 1940ല്‍ നിരോധനം ഭാഗികമായി പിന്‍വലിച്ചു. നാട്ടുരാജ്യങ്ങളും ദേശീയവാദികളും പ്രസ്ഥാനങ്ങളും പുരാതന നൃത്തരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ മുന്നോട്ട് വരികയും ചെയ്തു. ദേശീയ സംസ്‌കാരവും പാരമ്പര്യവും പുനരുജ്ജീവിപ്പിക്കാനും രാഷ്ട്രത്തിന്റെ സത്തയെ വീണ്ടെടുക്കാനും ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം നിലനിര്‍ത്താനും ശക്തമായ ശ്രമങ്ങള്‍ നടന്നു.
കലാമണ്ഡലം പിറക്കുന്നു
മഹാകവി രബീന്ദ്രനാഥ ടാഗൂര്‍ 1901-ല്‍ ശാന്തിനികേതനവും രുക്മിണീദേവി 1927-ല്‍ ചെന്നൈ മഹാനഗരത്തില്‍ കലാക്ഷേത്രയും പടുത്തുയര്‍ത്തി. 1930ല്‍ കേരളത്തില്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ കേരള കലാമണ്ഡലവും ആരംഭിച്ചു. അന്നത്തെ ബ്രിട്ടീഷ്-ക്രിസ്ത്യന്‍ മിഷനറി ഗൂഢാലോചനയ്ക്കുള്ള ദേശീയവാദിനേതാക്കളുടെ ചെറുത്തുനില്‍പ്പിന്റെ ബാക്കിപത്രമാണ് നാമിന്ന് കാണുന്ന കലാമണ്ഡലം. കക്കാട് കാരണവപ്പാടിന്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണ മേനോനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മണക്കുളം മുകുന്ദരാജയും ചേര്‍ന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്. കുന്നംകുളത്ത് കക്കാട് കാരണവപ്പാടിന്റെ വസതിയിലും, പിന്നീട് മുകുന്ദരാജയുടെ അമ്പലപുരത്തെ ശ്രീനിവാസം ബംഗ്ലാവിലേക്കും 1936ല്‍ ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത് ഇന്ന് നിളാ ക്യാമ്പസ് എന്നറിയപ്പെടുന്ന സ്വന്തം കെട്ടിടത്തിലേക്കും കലാമണ്ഡലം മാറി.
പ്രശസ്ത കഥാകാരി സുമംഗല കലാമണ്ഡലത്തിന്റെ തുടക്കത്തെ കുറിച്ചെഴുതിയത് ഇങ്ങനെയാണ്: ‘തൃശൂര്‍ മുളങ്കുന്നത്തുകാവിനടുത്തെ അമ്പലപുരത്ത് മുകുന്ദരാജാവിന്റെ ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു. ശ്രീനിവാസം എന്നായിരുന്നു അതിന്റെ പേര്. വളരെ ചെറുതൊന്ന്. അവിടെ കഥകളിപഠനം തുടങ്ങി. ചുറ്റും നെടുമ്പുരകെട്ടിയിട്ട് അഭ്യസനം തുടങ്ങി. എട്ടാളായിരുന്നു ആകെ ഉണ്ടായിരുന്നത്. മൂന്നുവിദ്യാര്‍ത്ഥികള്‍, രണ്ട് ആശാന്മാര്‍ പിന്നെ പാട്ടുകാരും വാല്യക്കാരും ചുട്ടികുത്തുകാരും. എട്ടക്ഷരമുള്ള കേരളകലാമണ്ഡലം എട്ടാളുകളോടുകൂടി തുടങ്ങി എന്നുപറയാം.’ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍, തകഴി കുഞ്ചുകുറുപ്പ്, തിരുവില്വാമല വെങ്കിച്ചസ്വാമി, കൃഷ്ണന്‍ നായരാശാന്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, തോട്ടാശ്ശേരി ചിന്നമ്മു അമ്മ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍.
എന്നന്നേക്കുമായി ഇല്ലാതായി പോകുമായിരുന്ന മോഹിനിയാട്ടമെന്ന കേരളീയ നൃത്തരൂപം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലൂടെയാണ് മഹാകവി തിരിച്ചു കൊണ്ടുവന്നത്. കൂത്തും കൂടിയാട്ടവും കഥകളിയും അടക്കമുള്ള കേരളീയക്ഷേത്ര കലകള്‍ ഇന്ന് നിലനില്‍ക്കുന്നത് കലാമണ്ഡലം ഉള്ളതുകൊണ്ട് മാത്രമാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല.
മഹാകവിയും കലാകാരന്മാരും ഭാരതം മുഴുവന്‍ കലാമണ്ഡലത്തിനു വേണ്ടി ഭിക്ഷയാചിച്ച് നടന്നിട്ടുണ്ട്. ശാന്തിനികേതനില്‍ ചെന്ന മഹാകവി ടാഗൂറിനു മുന്നില്‍ സംഘം കഥകളി അവതരിപ്പിച്ചു. ഭാരതത്തിലെ നിരവധി നാട്ടുരാജ്യങ്ങള്‍ കലകള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മഹാകവിക്ക് പിന്തുണയുമായി രംഗത്ത് വന്നു. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ് കലാമണ്ഡലത്തിന്റെ രജത ജൂബിലി ഉദ്ഘാടനം ചെയ്തത്. നടത്താനുള്ള ബുദ്ധിമുട്ട് ഏറിവന്നപ്പോള്‍ കലാമണ്ഡലം സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. കലാമണ്ഡലത്തിലെ പബ്ലിസിറ്റി വിഭാഗം മേധാവിയായിരുന്ന കഥാകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്) കലാമണ്ഡലം സര്‍ക്കാരിനെ ഏല്‍പ്പിച്ച് കൊടുത്തതുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ എഴുതിയത് ഇങ്ങനെ ആണ് ‘കലാമണ്ഡലം സര്‍ക്കാരിന് ഏല്‍പ്പിച്ചുകൊടുക്കുകയാണ് എന്ന് തീരുമാനമെടുത്തപ്പോള്‍ മുകുന്ദരാജാവ് ഭരണസമിതിയില്‍ നിന്നും രാജിവച്ചിരുന്നു. സര്‍ക്കാര്‍ അത് നേരാംവണ്ണം നടത്തില്ല എന്നായിരുന്നു മുകുന്ദരാജാവിന്റെ അഭിപ്രായം. വള്ളത്തോളിന് പക്ഷേ നേരെ മറിച്ചായിരുന്നു; കലാമണ്ഡലം നമ്മളെക്കൊണ്ട് നടത്തിക്കൊണ്ടുപ്പോകാനാവില്ല എന്നാണ് വള്ളത്തോള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടത്തിപ്പുചെലവ് വഹിക്കുമല്ലോ എന്നായിരുന്നു വള്ളത്തോള്‍ ആശ്വസിച്ചത്. കൊച്ചി സര്‍ക്കാരിനാണ് ഏല്‍പ്പിച്ചുകൊടുത്തത്. പിന്നീട് കേരള സംസ്ഥാനമുണ്ടായി, ഏകീകൃത ഭരണസംവിധാനമുണ്ടായി, കലാമണ്ഡലം വളര്‍ന്നുവലുതായി. ഒരു ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അടങ്ങുന്ന നിര്‍വാഹകസമിതിയാണ് കലാമണ്ഡലം ഭരിക്കുക. സര്‍ക്കാരുകള്‍ മാറുമ്പോള്‍ ഭരണസമിതിയും മാറും’ (സുംഗല, മാതൃഭൂമി 2020 മാര്‍ച്ച് 14). 1975ല്‍ കലാമണ്ഡലം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിന് കീഴില്‍, ഒരു ഗ്രാന്റ്-ഇന്‍-എയ്ഡ് വിദ്യാഭ്യാസ സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1990-ല്‍, 8-ാം ക്ലാസ് മുതല്‍ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസവും ആരംഭിച്ചു.
കല്‍പ്പിത സര്‍വ്വകലാശാല
കലാമണ്ഡലം ഒരു സര്‍വ്വകലാശാല ആയി ഉയര്‍ത്തപ്പെടണം എന്നത് കലാകാരന്മാരുടെയും കലാസ്‌നേഹികളുടേയും ദീര്‍ഘകാല ആവശ്യമായിരുന്നു. 2006ല്‍ കേരള കലാമണ്ഡലത്തെ കലാ-സാംസ്‌കാരിക സര്‍വ്വകലാശാലയായി മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. കേരള സര്‍ക്കാരും അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ ആന്റ് റൂള്‍സും അംഗീകരിച്ച് പുതിയ ഒരു സര്‍വ്വകലാശാലയായി കലാമണ്ഡലം മാറി. ‘അധ്യാപകര്‍ക്ക് യുജിസി അനുസരിച്ച് ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, ഡിഗ്രി, പി.ജി. റിസര്‍ച്ച് കോഴ്‌സുകള്‍ക്ക് അംഗീകാരം, വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി ഡിഗ്രി ഉപയോഗിച്ച് പുതിയ അവസരങ്ങള്‍ തുടങ്ങി വലിയ പ്രതീക്ഷകള്‍ക്കാണ് അതോടെ വാതായനം തുറന്നത്. ഡോ.കെ.ജി. പൗലോസിനെ കല്‍പ്പിത സര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി നിയമിച്ചു.
വള്ളത്തോള്‍, മുകുന്ദരാജ, ഒളപ്പമണ്ണ, കെ.എന്‍.പിഷാരടി, ഒഎന്‍വി കുറുപ്പ്, വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ തുടങ്ങിയ മഹാരഥന്മാര്‍ ചെയര്‍മാനും സെക്രട്ടറിയും ആയി ഈ മഹാപ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ മഹത്തായ ഭൂതകാലം ഈ പ്രസ്ഥാനത്തെ ലോക സാംസ്‌കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തി. അങ്ങനെ കലാമണ്ഡലം ഭാരതീയ ശാസ്ത്രീയ കലകളുടെ ബ്രാന്റ് നെയിം ആയി. പേരിനൊപ്പം കലാമണ്ഡലം എന്നു ചേര്‍ക്കുന്നത് കലാകാരന്മാര്‍ക്ക് ഏറ്റവും വലിയ അഭിമാനമായി. കലയുടെ ആ മഹാക്ഷേത്രം ലോക പ്രശസ്ത നര്‍ത്തകരെ, നര്‍ത്തകികളെ, കഥകളി നടന്മാരെ, പാട്ടുകാരെ, ഒക്കെ ഊട്ടി വളര്‍ത്തി. കലയുടെ ആ കൂത്തമ്പലത്തില്‍ ലോകം അംഗീകരിച്ച കലാകാരന്മാരാണ് പിറവികൊണ്ടത്. അവിടേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തി, കലാമണ്ഡലത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ വിദേശ സര്‍വ്വകലാശാലകളില്‍ അധ്യാപകരായി.
ഡോ.കെ.ജി.പൗലോസ്, ഡോ.ജെ. പ്രസാദ്, പി.എന്‍. സുരേഷ്, ഡോ.എം. സി. ദിലീപ് കുമാര്‍ എന്നിവര്‍ വൈസ്ചാന്‍സലര്‍മാരായി, എല്ലാവരും കലയേയും ഭാരതീയ സംസ്‌കാരത്തേയും നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭകളായിരുന്നുവെങ്കിലും ഒരു മാറ്റത്തിനുവേണ്ട കാര്യങ്ങളൊന്നും അവര്‍ ചെയ്തില്ല. സമ്പൂര്‍ണ്ണ യൂണിവേഴ്‌സിറ്റി ആകാന്‍ വേണ്ട കാര്യങ്ങള്‍ നാളിതുവരെയായി പൂര്‍ത്തിയാക്കിയിട്ടില്ല. പല വൈസ് ചാന്‍സലര്‍ന്മാരും മറ്റ് യൂണിവേഴ്‌സിറ്റികളുടെ ചുമതലയ്‌ക്കൊപ്പം അധിക ഉത്തരവാദിത്തമായാണ് വൈസ് ചാന്‍സലര്‍ പദവി വഹിച്ചത്.
പൊതുവെ ഇടതുപക്ഷം ഭരിക്കുമ്പോള്‍ കലാമണ്ഡലത്തില്‍ രാഷ്ട്രീയ നിയമനങ്ങള്‍ അധികമായി കാണാം. 2006-11 കാലഘട്ടത്തില്‍ എം.എ. ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരിക്കുമ്പോള്‍ കലാമണ്ഡലത്തില്‍ കൂത്തമ്പലം മറച്ച് കളരികള്‍ പണിതത് വിവാദമായിരുന്നു. അര്‍ഹത ഇല്ലാത്ത പലരും പാര്‍ട്ടി നിയമനത്തിലൂടെ കലാമണ്ഡലത്തില്‍ ജോലിക്കാരായി. പി.എന്‍.സുരേഷ് വൈസ്ചാന്‍സലര്‍ ആയ കാലഘട്ടത്തില്‍, 2012 ല്‍ അന്നത്തെ ഭാരത പ്രധാനന്ത്രി നേരിട്ടെത്തി ശിലാസ്ഥാപന കര്‍മ്മം നടത്തിയ ദക്ഷിണേന്ത്യന്‍ രംഗകലാ മ്യൂസിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കിടക്കുകയാണ്. പക്ഷെ 12 വര്‍ഷമായിട്ടും അ തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. മ്യൂസിയത്തിനായി 20 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റ് ആധിപത്യം
കലാമണ്ഡലത്തിലെ അധ്യാപക അനധ്യാപക സംഘടനകള്‍ പൂര്‍ണ്ണമായും ഇടതുപക്ഷ നിയന്ത്രണത്തിലാണ്. താല്‍ക്കാലിക നിയമനങ്ങള്‍ മുഴുവന്‍ പാര്‍ട്ടി ഓഫീസ് വഴിയാണ് നടക്കുന്നത്, പ്രിന്റിംഗ്, ട്രാവല്‍ തുടങ്ങിയ കരാര്‍ പ്രവൃത്തികള്‍ വര്‍ഷങ്ങളായി പ്രാദേശിക നേതാവിന്റെ മകനാണ് നല്‍കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന ആളുകള്‍ക്ക് മാത്രമേ കലാമണ്ഡലത്തില്‍ പഠിക്കാനും പഠിപ്പിക്കാനും സാധിക്കൂ. കൂടുതല്‍ അധ്യാപകരും താല്‍കാലിക വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്, അതില്‍ പലരും പാര്‍ട്ടി സഖാക്കളായ പഴയ ആശാന്മാരുടെ മക്കളും ബന്ധുക്കളുമാണ്.
കലാമണ്ഡലത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും രംഗം നിറഞ്ഞാടുകയാണ്. 2013ല്‍ വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കലാമണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെ ഇടത് അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ വകുപ്പുമന്ത്രിക്ക് പരാതിയും പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തയും നല്‍കി. കഴിഞ്ഞ കാലങ്ങളില്‍ കലാമണ്ഡലം നല്‍കുന്ന എന്‍ഡോവ്‌മെന്റും അവാര്‍ഡുകളും പുകാസ നല്‍കുന്ന ലിസ്റ്റില്‍ നിന്നാണെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും.
ഡോ.എം.വി. നരായണന്‍ വൈസ് ചാന്‍സലര്‍ ആയതോടെ കലാമണ്ഡലത്തിലെ കമ്മ്യൂണിസ്റ്റുവല്‍ക്കരണത്തിന്റെ തോത് കൂടി. കേരളത്തിലെ മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വൃത്തികേടുകളും കലാമണ്ഡലത്തിലും ആരംഭിച്ചു. അക്കാദമിക് താല്‍പര്യങ്ങള്‍ പൂണ്ണമായും അവഗണിക്കപ്പെട്ടു. സര്‍വ്വകലാശാല കമ്മറ്റിയിലേക്ക് പാര്‍ട്ടി കേഡര്‍മാര്‍ നിയോഗിക്കപ്പെട്ടു. ടി.കെ. വാസുവിനെ പോലുള്ള ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ കമ്മറ്റിയില്‍ വന്നു. പുകാസ ബുദ്ധിജീവികള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന പാര്‍ട്ടി നിയന്ത്രിത ഡാന്‍സ് സ്‌കൂളായി കലാമണ്ഡലം മാറി.
ദേശവിരുദ്ധ സെമിനാറുകള്‍
2022ലെ വള്ളത്തോള്‍ ജയന്തിയുടെ ഭാഗമായി കലാമണ്ഡലം സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം ചെയ്തത് അര്‍ബന്‍ നക്‌സല്‍ എന്ന് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന സാക്ഷാല്‍ പ്രൊഫ. അപൂര്‍വ്വാനന്ദാണ്. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായ അപൂര്‍വ്വാനന്ദിനെ സിഎഎ വിരുദ്ധസമരത്തിന്റെ ഭാഗമായി നടന്ന ദല്‍ഹി കലാപത്തിന്റെ പേരില്‍ ദല്‍ഹി പോലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു, വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള പോലീസ് റിപ്പോര്‍ട്ട്. കലാപത്തിന്റെ ‘മാസ്റ്റര്‍ മൈന്റ്’ എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
ഇന്ത്യാ മഹാരാജ്യത്തെ ഓരോ പ്രദേശവും സ്വതന്ത്രമായി മാറണം എന്നാഗ്രഹിക്കുന്ന ‘ടുക്കടെ ഗാങ്ങിന്റെ’ ബുദ്ധികേന്ദ്രവും. കേരള്‍ മാംഗെ ആസാദീ, കാശ്മീര്‍ മാംഗെ ആസാദി തുടങ്ങിയ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവുമായ ഈ മഹാനാണ് ‘ദേശീയതയുടെ വേഷപ്പകര്‍ച്ചകളെ കുറിച്ച്’ കലാമണ്ഡലത്തിലെ സെമിനാറില്‍ സംസാരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗമായ പുകാസയുടെ നേതാവ് അശോകന്‍ ചെരുവിലും, പാര്‍ട്ടി കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന സച്ചിദാനന്ദനും ചേര്‍ന്ന് അപൂര്‍വ്വാനന്ദിനെ പോലുള്ളവര്‍ക്ക് കലാമണ്ഡലത്തില്‍ വേദിയൊരുക്കുമ്പോള്‍ മഹാകവി മുന്നോട്ടുവെച്ച ദേശീയബോധത്തിന്റെ കിരീടം അഴിപ്പിച്ച് വെച്ച് പകരം ദേശവിരുദ്ധതയുടെ ചുവന്ന താടി അണിഞ്ഞ് പകര്‍ന്നാട്ടം പഠിപ്പിക്കുന്ന ചൊല്ലിയാട്ടക്കളരിയായി നിളാതീരത്തെ ആ വിശ്വവിദ്യാലയം മാറുകയാണ.്
ഗവര്‍ണ്ണര്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് ചാന്‍സലര്‍
കലാമണ്ഡലത്തില്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ച വൈസ് ചാന്‍സിലറെ പിരിച്ചുവിട്ടു. പിആര്‍ഒയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയായിരുന്നു വിസിയായിരുന്ന ഡോ. ടി.കെ. നാരായണനും ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ തുടങ്ങിയത്. പിരിച്ചുവിട്ട പിആര്‍ഒയെ തിരികെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും വിസി വഴങ്ങിയില്ല. ഗവര്‍ണര്‍ക്കെതിരെ വിസി കോടതിയില്‍ പോയി. ചാന്‍സലര്‍ പദവി വഹിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വൈസ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍, ബന്ധു നിയമനങ്ങള്‍, ഇഷ്ടക്കാരെ വൈസ് ചാന്‍സലര്‍ ആയി നിയമിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടപ്പോള്‍ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണ്ണറെ ഒഴിവാക്കി പകരം കടുത്ത മോദി വിരുദ്ധതയും, അര്‍ബന്‍ നക്‌സല്‍ ബന്ധങ്ങള്‍ ആഭരണമാക്കി നടക്കുകയും, അമ്മയുടെ മൃതദേഹം പോലും മോദിവിരുദ്ധ മുന്നേറ്റത്തിനായി ഉപയോഗിക്കുകയും ചെയ്ത നര്‍ത്തകി മല്ലിക സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി സര്‍ക്കാര്‍ നിയമിച്ചു.
ദേശീയ ബിംബങ്ങളും ഭാരതീയ സംസ്‌കാര മൂല്യങ്ങളും ഹിന്ദുത്വ രാഷ്ട്രീയ ഉപകരണമാണെന്ന് വിശ്വസിക്കുകയും അവയെല്ലാം തകര്‍ക്കുകയും വേണമെന്ന പ്രഖ്യാപനത്തോടെയാണ് മല്ലിക ചാന്‍സലറായി ചുമതലയേറ്റത്. ഈ പദവിയും മോദി വിരുദ്ധതക്ക് വേണ്ടി ഉപയോഗിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി നമുക്ക് കാണാം.
ഗോധ്ര കലാപത്തെ കുറിച്ച് അവര്‍ എഴുതിയത് ഗുജറാത്തില്‍ വന്‍ വിവാദമായിരുന്നു. മല്ലികയെ മുന്‍നിര്‍ത്തി സിപിഎം തുറന്നത് പുതിയ പോര്‍മുഖമാണ്. ആനക്കര വടക്കേടത്ത് സുഭാഷിണി അലി എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ബന്ധുകൂടിയാണ് മല്ലിക. കലാമണ്ഡലത്തെ പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കുകയാണ് ഇതിലൂടെ നടക്കുന്നത്, ഒരു സ്വകാര്യ വിദ്യാലയം മാത്രം നടത്തിയ പരിചയം വെച്ചാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ എന്ന പദവിയിലേക്ക് പരിഗണിക്കുന്നത്, വേണ്ടത്ര യോഗ്യതകള്‍ ഇല്ല എന്ന ആക്ഷേപം സര്‍വ്വമേഖലകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
സാമ്പത്തിക ഞെരുക്കം
പ്ലാന്‍ ഫണ്ടും ഗ്രാന്റും അടക്കം സര്‍ക്കാര്‍ സഹായങ്ങള്‍ പൂര്‍ണ്ണമായും മുടങ്ങി. 2020ല്‍ ആറാം ശമ്പളക്കമ്മീഷന്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കലാകാരന്മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കഥകളി അവതരിപ്പിച്ചുകൊണ്ടുസമരം നടത്തിയിരുന്നു. 2 ലക്ഷം രൂപയാണ് ചാന്‍സലര്‍ ആയ മല്ലിക ശമ്പളമായി ആവശ്യപ്പെട്ടത്. അതേസമയം 2024 മാര്‍ച്ചിലെ കണക്കനുസരിച്ച് ജീവനക്കാരുടെ 4 മാസത്തെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്. 14 കോടിയിലധികം ഒരുവര്‍ഷം ചിലവ് പ്രതീക്ഷിക്കുന്നിടത്ത് 7.5 കോടിയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളമില്ല. പി.എഫ് വിഹിതം അടയ്ക്കുന്നതും മുടങ്ങി. കല്‍പ്പിത സര്‍വ്വകലാശാല ആയതിനാല്‍ പ്ലാന്‍ ഫണ്ടും ഗ്രാന്റും കിട്ടിയാലേ ശമ്പളം നല്‍കാന്‍ സാധിക്കുകയുള്ളൂ. 132 സ്ഥിരം ജീവനക്കാരും എഴുപതിലേറെ താല്‍ക്കാലിക ജീവനക്കാരും കലാമണ്ഡലത്തിലുണ്ട്. ഇവര്‍ക്ക് പുറമേ 600 വിദ്യാര്‍ഥികള്‍ക്ക് 1250 രൂപ വീതം പ്രതിമാസം സ്‌റ്റൈപ്പന്‍ഡും നല്‍കേണ്ടതുണ്ട്. 7-6-2024 ഗവ ഓര്‍ഡര്‍ (ഏഛ(ഞ)േ:303/2024ഇഘഅഉ) പ്രകാരം 2024 -25 കാലഘട്ടത്തിലേക്ക് അനുവദിച്ച 7.82 കോടി രൂപയില്‍ രണ്ട് ഗഡുക്കളായി 2.56 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളൂ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഈ വര്‍ഷം ജൂണ്‍ തുടക്കത്തില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിതരണത്തിലും ക്രമക്കേട് ആരോപണം ഉയര്‍ന്നു. തുക തിരിമറി ചെയ്‌തെന്ന് ആക്ഷേപമുണ്ടായി ഒടുവില്‍ യൂണിഫോമിന്റെ പണം തിരികെ നല്‍കിയാണ് പ്രശ്‌നം തീര്‍ത്തത്.
അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് അജണ്ട
കലാമണ്ഡലത്തില്‍ ഗുരുകുല വിദ്യാഭ്യാസ രീതിയിലൂടെയാണ് കലകള്‍ അഭ്യസിപ്പിച്ചിരുന്നത്. കാലക്രമത്തില്‍ വന്ന മാറ്റങ്ങള്‍ മറ്റെല്ലാറ്റിലുമെന്ന പോലെ കലാമണ്ഡലത്തിന്റെ അഭ്യസനരീതികളിലും ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും പഴയ ചില രീതികള്‍ ഇന്നും അനുവര്‍ത്തിച്ചു വരുന്നുമുണ്ട്.
ഗുരുകുല സമ്പ്രദായ പ്രകാരം കേരളീയ കലാരൂപങ്ങളും മറ്റ് ക്ലാസിക്കല്‍ കലകളും പഠിപ്പിക്കുമെന്ന് കലാമണ്ഡലത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ എഴുതിവെച്ചത് പാലിക്കാന്‍ ഭരണകൂടം തയ്യാറാവണം. ആശാന്‍ ശിഷ്യ ബന്ധത്തിലൂടെയാണ് പഠനം. അതിരാവിലെ ആരംഭിക്കുന്ന പഠനപ്രക്രിയ കളരിക്ക് പുറത്ത് കലാപരിപാടികളില്‍ ഗുരുവിന്റെ കൂടെ വേദിപങ്കിടുന്നതുവരെയുണ്ടാകും. പഴയകാലത്ത് കടുത്ത ശിക്ഷണവുമുണ്ടായിരുന്നു.
എന്നാല്‍ ഇന്ന് പുലര്‍ച്ചെയുള്ള സാധക കളരികള്‍ വേണ്ടെന്ന് വെക്കുന്നു. ഉഴിച്ചിലും, ആയുര്‍വ്വേദ ചികിത്സയും ഇല്ലാതാകുന്നു. കൂത്തമ്പലത്തിലെ പരിപാടികള്‍ കഴിഞ്ഞ് മദ്യപിച്ച് ഡിജെ നൃത്തചുവടുകള്‍ വെച്ച അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. മയക്കുമരുന്ന് ഉപയോഗിച്ച് ലക്ക് കെട്ട വിദ്യാര്‍ത്ഥികളെ താങ്ങിയെടുത്ത് കൊണ്ടുപോകുന്ന വീഡിയോകള്‍ സുലഭമാണ്. എല്ലാതരം ലഹരിയും ക്യാമ്പസില്‍ ലഭ്യമാണ്. അരാജകത്വത്തിന്റെ വിളയാട്ടമാണ് ക്യാമ്പസില്‍. വിദ്യാര്‍ത്ഥിയെ ശാസിച്ച അധ്യാപകനെതിരെ പോക്‌സോ കേസ് കൊടുത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പുതിയ തിയറ്റര്‍ കോഴ്‌സുകള്‍ തുടങ്ങാനുള്ള തീരുമാനം ഈ അരാജകത്വത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ. അതിനിടയിലാണ് കലാമണ്ഡലത്തില്‍ മാംസാഹാരം വിതരണം ചെയ്യും എന്ന വാര്‍ത്ത പുറത്തു വരുന്നത്. ഇതോടെ 94 വര്‍ഷമായി തുടരുന്ന രീതിക്കാണ് മാറ്റം വന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനിച്ചെടുത്ത തീരുമാനമാണെന്നാണ് വൈസ് ചാന്‍സലര്‍ ബി. അനന്തകൃഷ്ണന്റെ വിശദീകരണം. നാളെ വിദ്യാര്‍ത്ഥികള്‍ മദ്യം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം ഉണ്ടാവരുതേയെന്ന് പ്രാര്‍ത്ഥിക്കാം.
മാംസാഹാരം നല്‍കുന്നതിനെതിരായി ഇടതുപക്ഷ സഹയാത്രികനും കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ എന്‍.ആര്‍. ഗ്രാമപ്രകാശ് അടക്കം നിരവധി ആളുകള്‍ രംഗത്ത് വന്നു. ക്ലാസിക്കല്‍ കലകളുടെ പരിശീലനത്തില്‍ മാംസാഹാരം ദോഷം ചെയ്യുമെന്നും കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് നീങ്ങാതെ അധികൃതര്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും ഗ്രാമപ്രകാശ് പറഞ്ഞു. ഈ വിഷയത്തില്‍ തീരുമാനം എടുത്ത ചാന്‍സലര്‍ പത്രങ്ങള്‍ക്ക് നലകിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ ആണ് ‘ഇതൊക്കെ പറയുമ്പോഴും ഞാന്‍ ഒരു സസ്യാഹാരിയാണ്. ആരോഗ്യവും ശക്തിയുമുള്ള ഒരു നര്‍ത്തകിയായിത്തീരാന്‍ മൃഗപ്രോട്ടീന്‍ തന്നെ വേണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.’
ഒരു കലാകാരന്റെ ജീവിതചര്യ രൂപപ്പെടുത്താന്‍ വേണ്ടതൊക്കെ പണ്ട് കലാമണ്ഡലത്തിലെ പഠനത്തിലൂടെ ലഭിക്കുമായിരുന്നു. കല കലക്ക് വേണ്ടി ആണ്, അത് ആസ്വാദകന് ഈശ്വരാനുഭൂതി നല്‍കണം ആ അനുഭൂതി നല്‍കാന്‍ തക്ക കഴിവിലേക്ക് കലാകാരന്‍ മാറണം എങ്കില്‍ അവന് ചിട്ടയായ സാധന വേണം. അവന്‍ സത്യം, ധര്‍മ്മം, അഹിംസ, ബ്രഹ്മചര്യം എന്നിവ പാലിക്കണം, ആ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനമാണ് ഗുരുകുല സമ്പ്രദായം. ഈശ്വരവിശ്വാസവും നമ്മുടെ സംസ്‌കാരത്തോടും നാടിനോടും സ്‌നേഹവുമുള്ള കലാകാരന്മാര്‍ കലാമണ്ഡലത്തില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. നാട്യശാസ്ത്രത്തിലും അഭിനയത്തിലും ഭാരതീയ സൗന്ദര്യശാസ്ത്രത്തിലും പ്രഗത്ഭരായവര്‍ കലാമണ്ഡലത്തില്‍നിന്നും പഠിച്ചു പുറത്തുവന്നിട്ടുണ്ട്.
ദീര്‍ഘകാലം കലാമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച വി. കലാധരന്‍ മാതൃഭൂമിയില്‍ (2020 നവംബര്‍ 8) എഴുതിയ ലേഖനത്തില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു ‘സ്വന്തം സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളാന്‍ മലയാളിയെ പ്രേരിപ്പിക്കുക എന്ന ഭാരതീയ ദേശീയതയുമായി ബന്ധപ്പെട്ട വിശാലമായൊരു ദര്‍ശനവും പാരമ്പര്യകലകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വള്ളത്തോള്‍ സൂക്ഷിച്ചിരുന്നു. പിറന്ന മണ്ണിന്റെ മണവും രുചിയും മറന്ന് പാശ്ചാത്യരുടെ കെട്ടിലുംമട്ടിലും മയങ്ങിവീണ ജന്മങ്ങള്‍ക്ക് വീണ്ടുവിചാരമുണ്ടാവാന്‍ പാകത്തില്‍ നമ്മുടെ കലകള്‍ കാലാനുസൃത മാറ്റങ്ങളിലൂടെ നിലനിര്‍ത്താന്‍ വള്ളത്തോള്‍ ബദ്ധശ്രദ്ധനായി.’ മഹാകവി കലാമണ്ഡലം കൊണ്ട് ലക്ഷ്യം വെച്ചത് എന്താണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
കേരളത്തിന്റെ സര്‍വ്വമേഖലയിലും ഉണ്ടായ അപചയം കലാമണ്ഡലത്തിലും സംഭവിച്ചിട്ടുണ്ട്. മുതിര്‍ന്ന കലാകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യര്‍ഥികളായ കലാകാരന്മാര്‍ ഇവരൊക്കെ കലാമണ്ഡലത്തിലെ ഈ അപചയത്തില്‍ ദുഃഖിതരാണ്, പക്ഷെ അവര്‍ മൗനത്തിലാണ്, പ്രതികരിക്കാന്‍ പലര്‍ക്കും പേടിയാണ്. കൗരവപ്പടയെ പിന്തുണച്ച ഭീഷ്മര്‍ക്കും ദ്രോണാചാര്യര്‍ക്കും സമമാണ് ഭരണസമിതിയിലെ പല മുതിര്‍ന്ന അംഗങ്ങളുടെയും പ്രവൃത്തികളെന്ന് പറയാതെ വയ്യ. അര്‍ത്ഥബന്ധത്തിന്റെ തടവറയിലാണ് ഇവരടങ്ങുന്ന ബഹുഭൂരിപക്ഷം മുതിര്‍ന്ന കലാകാരന്മാരും. ദീപസ്തംഭം മഹാശ്ചര്യം എന്ന കുഞ്ചന്റെ വരികളാണ് പല ആശാന്മാരും വേദവാക്യമാക്കിയിരിക്കുന്നത്. ഇത്തരമൊരു മഹാപ്രസ്ഥാനം തകര്‍ച്ചയുടെ പരമകോടിയിലാണെന്ന് മനസ്സിലാക്കിയിട്ടും കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഭരണസമിതി നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവര്‍ക്കാകുന്നില്ല. കേരളകലാമണ്ഡലം ഏത് ഉദ്ദേശ്യത്തോടെയാണോ ആരംഭിച്ചത് ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആ മഹാപ്രസ്ഥാനത്തിന് സാധിക്കണം. കേവല രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെ വേദിയായി കലാമണ്ഡലം മാറാന്‍ പാടില്ല. കലാമണ്ഡലത്തിന്റെ ഈ അപചയത്തിനെതിരെ സമൂഹം മുഴുവന്‍ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.