വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ അവകാശം ഏറ്റെടുത്ത്, താനാണ് കേരളത്തിന്റെ വികസന നായകന്‍ എന്ന് ഊട്ടി ഉറപ്പിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ നാളിതുവരെ ഭരിച്ച ഒരു ഭരണാധികാരിക്കും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്ന് വരുത്താനും അദ്ദേഹം ശ്രമിച്ചു. തുറമുഖത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പോലും ബഹിഷ്‌കരിച്ച സിപിഎം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് പദ്ധതി കൊണ്ടുവരാന്‍ മുന്നില്‍ നിന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഒരിടത്ത് പോലും പരാമര്‍ശിച്ചില്ല.
മുല്ലൂര്‍ ജംഗ്ഷനില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കെടുത്തില്ല എന്ന് മാത്രമല്ല അന്നിറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ തലക്കെട്ട് ‘കടല്‍ക്കൊള്ള’ എന്നായിരുന്നു. മാത്രമല്ല 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടനീളം വിഴിഞ്ഞം തുറമുഖം അഴിമതിയാണെന്നും അദാനിക്ക് യുഡിഎഫുമായും ബിജെപിയുമായും ബന്ധമുണ്ടെന്നുമൊക്കെ പ്രചരിപ്പിക്കാന്‍ ഒരു മടിയും അന്നത്തെ ഇടതുമുന്നണി നേതാക്കള്‍ പ്രകടിപ്പിച്ചില്ല. സോളാര്‍ കേസിന്റെ പിന്തുണയില്‍ മാത്രം രാഷ്ട്രീയ വിജയം കൈവരിച്ച പിണറായി വിജയന്‍ വി.എസ്.അച്യുതാനന്ദനെ മൂലയ്‌ക്കൊതുക്കി അധികാരം പിടിച്ചെടുക്കുമ്പോള്‍ മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങളില്‍ ഒന്ന് വിഴിഞ്ഞം പദ്ധതിയിലെ അഴിമതി അന്വേഷിക്കുകയെന്നതായിരുന്നു. എ ന്നാല്‍ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ യാതൊരു അഴിമതിയും കണ്ടെത്താനായില്ല എന്ന് മാത്രമല്ല വിഴിഞ്ഞം പദ്ധതി അതേപടി അംഗീകരിക്കേണ്ട ഗതികേടിലേക്കും സിപിഎമ്മും ഇടതുമുന്നണിയും എത്തി.
ഇടതുമുന്നണിയുടെ എതിര്‍പ്പ് അവസാനിച്ചെങ്കിലും വിഴിഞ്ഞം തുറമുഖത്തിന് എതിരായ നീക്കങ്ങള്‍ അവസാനിച്ചില്ല. തീരദേശത്തെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തെ വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി ഇറക്കി വിട്ടതിന് പിന്നില്‍ വിദേശ ശക്തികള്‍ക്ക് പോലും പങ്കുണ്ടെന്ന സംശയം ഇത് സംബന്ധിച്ച വിദഗ്ധര്‍ പലതവണ ഉയര്‍ത്തിക്കഴിഞ്ഞു. തുറമുഖം വരുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന പരമ്പരാഗത മീന്‍പിടുത്തക്കാരെയും മത്സ്യ സംസ്‌കരണ തൊഴിലാളികളെയും പുനരധിവസിപ്പിക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ ഏതാനും മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന പേരില്‍ പദ്ധതി അവസാനിപ്പിക്കണമെന്നും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ലത്തീന്‍ കത്തോലിക്കാ സമുദായം വിഴിഞ്ഞത് സമരം ചെയ്തതും സംഘര്‍ഷം സൃഷ്ടിച്ചതും.
ഇങ്ങനെ ഒരു സംഘര്‍ഷം ഭാരതത്തില്‍ ആദ്യത്തേതല്ല. കൂടംകുളം ആണവനിലയം ആരംഭിക്കുന്ന സമയത്ത് ഇതേ സമുദായം കുറച്ച് പരിസ്ഥിതി പ്രവര്‍ത്തകരെയും ഉദയകുമാര്‍ അടക്കമുള്ള ആക്ടിവിസ്റ്റുകളെയും മുന്നില്‍ നിര്‍ത്തി ആണവ നിലയത്തിനെതിരെ ഇതേ രീതിയില്‍ സമരം നടത്തിയിരുന്നു. ഒരു കാരണവശാലും കൂടംകുളം ആണവനിലയം സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് അന്ന് അവര്‍ സ്വീകരിച്ചത്. സമരത്തിന്റെ പിന്നിലുള്ള വിദേശ ശക്തികളെ അന്നേ തിരിച്ചറിഞ്ഞതാണ്. തൂത്തുക്കുടിയില്‍ വേദാന്ത കമ്പനിയുടെ ചെമ്പ് ഫാക്ടറി വന്നപ്പോഴും ഇതേ രീതിയില്‍ ഇതേ സമുദായം മുന്‍കൈയെടുത്ത് സമരം നടത്തിയിരുന്നു. ലോകത്ത് ചെമ്പ് കയറ്റുമതി ചെയ്യുന്ന ചില വിദേശരാജ്യങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് അവരുടെ സാമ്പത്തിക സഹായത്തോടെ ആയിരുന്നു ഈ സമരം. തൂത്തുക്കുടിയിലെ ഫാക്ടറി ആരംഭിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ചെമ്പ് ഇറക്കുമതി ഗണ്യമായി കുറയ്ക്കാന്‍ കഴിയുമായിരുന്നു. കര്‍ണാടകത്തിലെ ഇരുമ്പയിര്‍ ഫാക്ടറിക്കും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. അവിടെയും ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന ചില വിദേശരാജ്യങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആയിരുന്നു പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും സമര രംഗത്തിറങ്ങിയത്. ഒറീസയിലെ വ്യവസായ സ്ഥാപനത്തിനെതിരെ ഉണ്ടായ സമരവും സമാന രീതിയില്‍ തന്നെയായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞത്തിനെതിരെ ഉയര്‍ന്ന അന്താരാഷ്ട്ര പിന്‍ബലത്തോടെയുള്ള സമരങ്ങളെ കാണാതെ പോകരുത്. തുറമുഖ വിരുദ്ധ സമരത്തിന് പിന്തുണയുമായി ദുബായ് ഭരണകൂടം നേരിട്ടെത്തി എന്ന വാര്‍ത്ത സജീവമായിരുന്നു. സമരപ്പന്തലില്‍ സമരക്കാരെ കാണാന്‍ എത്തിയ ദുബായ് ഭരണകൂടത്തിന്റെ പ്രതിനിധികള്‍ എന്ന് അവകാശപ്പെട്ടിരുന്നവര്‍ ധനസഹായം നല്‍കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്ക് തടസ്സം വരും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല, ആരും അതിനെതിരുമല്ല. പക്ഷേ തുറമുഖത്തിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെക്കണം എന്ന് ആവശ്യപ്പെടുന്ന സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യവും മാത്രമാണ് എല്ലാവരും ഒരേപോലെ സംശയിച്ചത്.
വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് വെറും പത്ത് നോട്ടിക്കല്‍ മൈല്‍ (17 കി.മീ) മാത്രം ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉള്ള, ഏതു വലിയ കപ്പലിനും നങ്കൂരമിടാന്‍ കഴിയുന്ന സ്വാഭാവിക തുറമുഖം വേറെയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മുഖങ്ങളില്‍ ഒന്നായ മുംബൈ തുറമുഖം അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് രണ്ട് ദിവസത്തെ യാത്രയിലേ എത്തിച്ചേരാന്‍ കഴിയൂ. ഇപ്പോള്‍ അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളോടെ നിറഞ്ഞുനില്‍ക്കുന്ന മൂന്ന് തുറമുഖങ്ങള്‍ കൊളംബോയും സിംഗപ്പൂരും ദുബായ് പോര്‍ട്ടും ആണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മദര്‍ഷിപ്പുകള്‍ അടുക്കുന്ന തുറമുഖങ്ങളും ഈ മൂന്ന് തുറമുഖങ്ങള്‍ ആണ്. ശ്രീലങ്കയിലെ കൊളംബോ തുറമുഖം ചൈനയുമായുള്ള കരാറിലും അവരുടെ വാണിജ്യ വ്യാപാര താല്‍പര്യങ്ങള്‍ കൊണ്ടുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളില്‍ നിന്ന് ചരക്ക് വിനിമയം മാത്രമല്ല ക്രൂ എക്‌സ്‌ചേഞ്ച് അഥവാ ഉദ്യോഗസ്ഥരുടെ മാറ്റം, കുടിവെള്ളം, കപ്പലിന്റെ ഇന്ധനം നിറയ്ക്കല്‍, റിപ്പയര്‍ വര്‍ക്കുകള്‍ തുടങ്ങിയവയെല്ലാം അന്താരാഷ്ട്ര കപ്പല്‍ പാതയോട് അടുത്തു കിടക്കുന്നതുകൊണ്ട് വിഴിഞ്ഞത്തേക്ക് മാറും എന്നാണ് അന്താരാഷ്ട്ര മാരിടൈം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാധ്യത തന്നെയാണ് ഈ മൂന്നു തുറമുഖങ്ങളുടെയും പിന്നിലുള്ളവരെ അലോസരപ്പെടുത്തുന്നത്. കേരളത്തിനു മാത്രമല്ല ഭാരതത്തിന് ഒന്നാകെ ഒരു വലിയ അവസരം വിഴിഞ്ഞം തുറമുഖം വഴി തുറന്നുകിട്ടുകയാണ്. കേരളത്തിന്റെ വികസന ചക്രവാളത്തില്‍ ഒരു പുതിയ സൂര്യോദയം തന്നെയാണ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്താല്‍ വിഴിഞ്ഞം തുറമുഖം മൂലം ഉണ്ടാവുക.
പക്ഷേ ഇതിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി തിരിച്ചറിയുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയോട് മുഖം തിരിച്ചുനിന്ന ഇടതുമുന്നണി ഇന്ന് വിഴിഞ്ഞത്തിന്റെ ഉത്തരവാദിത്തം തങ്ങളുടേതാണെന്ന് പറഞ്ഞ് ഇതിന്റെ രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ആണ് ശ്രമിക്കുന്നത്. ഒന്നാം ഘട്ടം പൂര്‍ത്തിയായ ശേഷമുള്ള ഉദ്ഘാടന ചടങ്ങില്‍ പരാതി ഉയര്‍ന്നപ്പോഴാണ് പ്രതിപക്ഷ നേതാവിനെ പോലും ക്ഷണിച്ചത്. തുറമുഖത്തിന് വേണ്ടി നിലപാട് എടുക്കുകയും പഴി കേള്‍ക്കുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഒരിടത്ത് പോലും പരാമര്‍ശിക്കാതിരിക്കാന്‍ പിണറായി വിജയന്‍ ശ്രദ്ധിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം നടത്തിയ കോവളം എംഎല്‍എ വിന്‍സന്റ് മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചത്. ഭരണകൂടം മാറിമാറി വരും വികസനത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ച്ചയും ഉദ്യോഗസ്ഥതലത്തില്‍ ഉത്തരവാദിത്തബോധവും ഉണ്ടാകണം. അത് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല.
വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണം ആരംഭിക്കുമ്പോഴും മദര്‍ഷിപ്പെത്തി നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയിട്ടും തുറമുഖത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. വിഴിഞ്ഞത്തു നിന്ന് ഗതാഗത സ്തംഭനം ഇല്ലാതെ മറ്റു നഗരങ്ങളിലേക്കു കണ്ടയിനറുകള്‍ കൊണ്ടുപോകാനും മറ്റുമായി ഒരു റിങ് റോഡ് വിഭാവനം ചെയ്തിരുന്നു. 7000 കോടിയിലേറെ വരുന്ന ഇതിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കാം എന്ന് പറഞ്ഞെങ്കിലും ജിഎസ്ടി ഒഴിവാക്കി കൊടുക്കില്ല എന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ തട്ടിയാണ് കരാര്‍ ഒപ്പിടുന്നത് വൈകുന്നത്. രണ്ടുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഈ പദ്ധതി ഇനിയും മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് ബാലരാമപുരം – വിഴിഞ്ഞം റെയില്‍പാതയ്ക്കും-ഇത് സംബന്ധിച്ചും കരാര്‍ ഒപ്പുവെക്കുകയോ നിര്‍മ്മാണം തുടങ്ങുകയോ ചെയ്തിട്ടില്ല. ഭൂഗര്‍ഭ റെയില്‍ പാത എന്നൊക്കെ മാനം മുട്ടെ അവകാശവാദങ്ങള്‍ ഉയര്‍ന്നെങ്കിലും തീവണ്ടി പാത നിര്‍മ്മാണത്തിനുള്ള ഒരു നീക്കവും ഇതുവരെയും ആയിട്ടില്ല. കണ്ടെയ്‌നറുകള്‍ ഇറങ്ങിയാലും കൊണ്ടുപോകാനുള്ള റോഡുകളും തീവണ്ടി പാതയും പൂര്‍ത്തിയാകാതെ എന്ത് പ്രയോജനം ഉണ്ടാകും എന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. അതേസമയം വിഴിഞ്ഞത്തു നിന്ന് നാല്പത് അമ്പത് കിലോമീറ്റര്‍ മാറി കണ്ടയ്‌നറുകള്‍ സൂക്ഷിക്കാനും അവിടെനിന്ന് വിതരണം ചെയ്യാനുമുള്ള സംവിധാനം തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നു. കേരളം ഏതുകാര്യത്തിലും സ്വീകരിക്കുന്ന പ്രതിലോമകരമായ നിലപാടാണ് ഇവിടെയും വ്യക്തമാക്കുന്നത്. പെരിങ്ങോമിലെ ആണവ നിലയത്തിനെതിരെ മലയാളികള്‍ സമരം ചെയ്തപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് നിലയം കൂടംകുളത്തേക്ക് മാറ്റി. കേരള അതിര്‍ത്തിയില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ ഉള്ളിലുള്ള കൂടംകുളത്ത് എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് കേരളത്തെ തന്നെയാണ്. അതേസമയം തമിഴ്‌നാടിന്റെ വൈദ്യുതിക്ഷാമം ഗണ്യമായി പരിഹരിക്കാന്‍ കൂടംകുളം നിലയം കൊണ്ട് കഴിഞ്ഞു എന്ന കാര്യം കൂടി മനസ്സിലാക്കുമ്പോഴാണ് കേരളത്തിന്റെ ഭരണ സംവിധാനം എക്കാലത്തും പുലര്‍ത്തുന്ന ഉദാസീനത മനസ്സിലാകുകയുള്ളൂ.
വിഴിഞ്ഞം തുറമുഖത്തിന്റെ അനന്തമായ തൊഴില്‍ സാധ്യത കണ്ട് നിരവധി നാവിക കോഴ്‌സുകള്‍ തമിഴ്‌നാട് ആരംഭിച്ചു. മാരിടൈം യൂണിവേഴ്‌സിറ്റി മാത്രമല്ല തമിഴ്‌നാട്ടിലെ സാധാരണ എഞ്ചിനീയറിങ് കോളേജുകളില്‍ കൂടി ഇത്തരം പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. എന്നാല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ തലസ്ഥാനത്ത് കൂടുതല്‍ അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലുകളും ബജറ്റ് ഹോട്ടലുകളും യാത്രാ സംവിധാനവും ഒക്കെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ കാര്യങ്ങളിലും കേരളം ഇതുവരെ കാര്യമായി ഒന്നും ചെയ്തിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ സ്രഷ്ടാവ് ആരെന്ന സംശയം മുന്‍നിര്‍ത്തിയുള്ള വാഗ്‌പോരാണ് ഇന്ന് കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി അത് തങ്ങളുടെ നേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ അതിനെതിരെ ദുര്‍ബല പ്രതിഷേധം നടത്താന്‍ മാത്രമേ യുഡിഎഫിനും കോണ്‍ഗ്രസിനും കഴിയുന്നുള്ളൂ. അതേസമയം എല്ലാത്തിന്റെയും ക്രെഡിറ്റ് തങ്ങള്‍ക്ക് മാത്രമാണ് എന്ന നിലപാടുമായി സിപിഎമ്മും ഇടതുമുന്നണിയും മുന്നില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തെയും വികസനത്തെയും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇക്കാര്യത്തില്‍ പോലും ഒരു സര്‍വകക്ഷിയോഗം വിളിച്ച് വിദഗ്ധന്മാരുമായി കൂടിയാലോചിച്ച് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കി ഒന്നൊന്നായി ചെയ്തുതീര്‍ത്ത് മുന്നോട്ടുപോകാനുള്ള ശേഷിയോ അതിനുള്ള ആര്‍ജ്ജവമോ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നിക്കും ഇല്ല എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ട തലസ്ഥാന എംപിയായ ശശി തരൂരിനെ കാണാനുമില്ല. തലസ്ഥാനത്ത് ആമയിഴഞ്ചാം തോട്ടില്‍ കാണാതെ പോയ ആള്‍ മരണമടഞ്ഞപ്പോള്‍ എംപി എന്ന നിലയില്‍ താന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രണ്ടു പോസ്റ്റ് ഇട്ടിരുന്നു എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തലസ്ഥാനത്തെയും കേരളത്തിന്റെയും വികസന പരിപ്രേക്ഷ്യത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന വിഴിഞ്ഞം തുറമുഖത്തെ ആ രീതിയില്‍ കാണാനും പരിഗണിക്കാനും കേരളത്തിന് ഒരു വികസനക്കുതിപ്പ് സൃഷ്ടിക്കാനും കഴിയാതെ പിണറായി സര്‍ക്കാരും എംപിയും അസ്തപ്രജ്ഞരായി നിലകൊള്ളുന്നു. വിഴിഞ്ഞത്തിന്റെ അനന്തമായ സാധ്യതകള്‍ ‘സാഗര്‍മാല’ പദ്ധതിയില്‍ തന്നെ നരേന്ദ്രമോദി കണ്ടറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമാണ്. അതിനുവേണ്ടി കാത്തിരിക്കാം.