തമിഴ്‌നാട് മുഖ്യമന്തി എം.കെ. സ്റ്റാലിന്റെ തലയ്ക്ക് ഒരു ഒന്നൊന്നര പ്രഹരമാണ് കിട്ടിയത്. അതും മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന്. ദ്രാവിഡര്‍, ദളിതര്‍, ഗോത്രവര്‍ഗ്ഗക്കാര്‍ എന്നൊക്കെ കേട്ടാല്‍ ചോര തിളയ്ക്കുന്നവരാണ് ഡി.എം.കെക്കാര്‍. അവര്‍ ദളിതര്‍ക്ക് എതിരാണ് എന്നാരെങ്കിലും പറഞ്ഞാല്‍ ഡി.എം.കെകാരുടെ സമനില തെറ്റും. അതാണ് കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തെക്കുറിച്ച് പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടക്ക് കണ്ടത്. കേന്ദ്രമന്ത്രിയും മുന്‍ ദേശീയ പട്ടികജാതി ക്ഷേമ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ എല്‍. മുരുകന്‍ വിഷമദ്യദുരന്തത്തിന്റെ പേരില്‍ ഡി.എം.കെ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നിലപാട് തുറന്നു കാട്ടിയതോടെ ഡി.എം.കെക്കാര്‍ ഇളകി മറിഞ്ഞു. എന്നാല്‍ അതുക്കും മീതെയായിരുന്നു ഹൈക്കോടതി ജഡ്ജിമാരുടെ വാക്കുകള്‍. അരുന്ധതീയ ദളിത് വിഭാഗക്കാരനായ മുരുകനെയും ബി.ജെ.പിയേയും കടന്നാക്രമിക്കുന്ന പോലെ ജഡ്ജിമാരുടെ മേക്കിട്ട് കയറാന്‍ പറ്റില്ലല്ലോ. ഡി.എം.കെ.യുടെ ദളിത് വിവേചനം ഉന്നയിച്ചാല്‍ ഉടനെ കരുണാനിധി പ്രയോഗിക്കാറ് സര്‍ക്കാര്‍ സര്‍വ്വീസിലെ ദളിതരുടെ കണക്ക് നിരത്തി തടി രക്ഷിക്കുന്ന തന്ത്രമായിരുന്നു. അതു ജഡ്ജിമാരുടെ മുമ്പില്‍ വിലപ്പോകില്ലല്ലോ.
66 ലേറെ പേര്‍ കൊല്ലപ്പെട്ട വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള സുമോട്ടോ പൊതുതാല്പര്യ ഹരജിയില്‍ വാദം കേള്‍ക്കേ അഡ്വക്കറ്റ് ജനറലിനോട് ജഡ്ജിമാരായ എസ്.എം സുബ്രഹ്മണ്യവും സി. കുമരപ്പനും പറഞ്ഞത് മുഖ്യമന്തി സ്റ്റാലിനും മകന്‍ ദയാനിധിയും വിഷമദ്യദുരന്തം നടന്ന കള്ളക്കുറിച്ചി ഒന്നു വന്ന് നേരില്‍ കാണട്ടെ എന്നാണ്. കള്ളക്കുറിച്ചിയുടെയും സേലത്തിന്റെയും ഭാഗമായ കല്‍വാരയന്‍ കുന്നുകളിലെ ഗോത്രവര്‍ഗ്ഗക്കാരായ പട്ടിണിപ്പാവങ്ങള്‍ വിശപ്പു സഹിക്കാനാവാതെയാണ് കള്ളവാറ്റുണ്ടാക്കുന്ന പണിയിലേര്‍പ്പെട്ടത്. അവര്‍ക്ക് തൊഴിലില്ല, വിദ്യാഭ്യാസമില്ല, കുടിവെള്ളമില്ല, വൈദ്യുതിയില്ല. അവിടെ ചെന്നുനോക്കി ഇതൊക്കെ പരിഹരിക്കാന്‍ മുഖ്യമന്ത്രിയും മകനും വഴി കാണണമെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എടുത്തു പറയേണ്ടി വരുമ്പോള്‍ ഡി.എം.കെ. ഭരണത്തിന്റെ ദയനീയാവസ്ഥ എന്താണെന്നു പറയേണ്ടതില്ലല്ലോ. മുമ്പ് വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായര്‍ മൂന്നു ഗോത്രവര്‍ഗ്ഗ ജാഗീദാര്‍മാരായ സദയഗൗണ്ടര്‍, കുറുംബ ഗൗണ്ടര്‍, ആര്യ ഗൗണ്ടര്‍ എന്നിവര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണിത്. ആ ഭൂമിയുടെ ഉടമകളായ ഗോത്രവര്‍ഗ്ഗക്കാര്‍ ദ്രാവിഡ രാഷ്ട്രീയക്കാരുടെ ഭരണത്തില്‍ കള്ളവാറ്റു നടത്തി പട്ടിണി മാറ്റേണ്ടവരായി മാറി. ഒരു ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ 40 കി.മീ. ചുമന്നു നടക്കണം എന്ന് അമിക്കസ് ക്യൂറി കെ.ആര്‍. തമിഴ് മണി പറഞ്ഞതും കൂടിയായപ്പോള്‍ സ്റ്റാലിന്റെ ഭരണത്തിന് ഇതിലും വലിയ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേറെ കിട്ടാനില്ല എന്നു വ്യക്തം.