ജൂലായ് 25-ന് 94-ാം വയസ്സില്‍ അന്തരിച്ച പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സംഘാടകനുമായ പി. ചന്ദ്രശേഖരന്‍ സാംസ്‌കാരികരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. മാതൃഭൂമിയിലും ആകാശവാണിയിലും ജോലിചെയ്ത അദ്ദേഹം ഒരു ദശാബ്ദത്തിലധികം തപസ്യ കലാസാഹിത്യവേദിയുടെ കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനായിരുന്നു.
ഭാരതീയസംസ്‌കാരത്തിന്റെ സമുദ്ധരണം ജീവിതദൗത്യമായി ഏറ്റെടുത്ത പ്രശസ്ത വേദപണ്ഡിതനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ വരവൂര്‍ (തൃശൂര്‍) കപ്ലിങ്ങാട്ടു നാരായണ ഭട്ടതിരിയുടെയും പാലതിരുത്തി ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് മികച്ച നിലയില്‍ എം.എ. വിജയിച്ച ശേഷം മാതൃഭൂമിയില്‍ പത്രാധിപസമിതി അംഗമായി. മലബാര്‍ പത്രപ്രവര്‍ത്തക സംഘടനയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന് പിന്നീട് ആകാശവാണിയുടെ വാര്‍ത്താ വിഭാഗത്തില്‍ ജോലി കിട്ടി. മലയാള വാര്‍ത്താ പ്രക്ഷേപണത്തിന്റെ ആരംഭ നാളുകളില്‍ അതിന് നല്ലൊരു അടിത്തറ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദില്ലി നിലയത്തില്‍ ന്യൂസ് എഡിറ്ററായിരുന്നു. തിരുവനന്തപുരത്തും ജോലി ചെയ്തിട്ടുണ്ട്.
പി. ചന്ദ്രശേഖരന്റെ സാഹിതീസേവനം ഔദ്യോഗിക ചുമതലകളില്‍ ഒതുങ്ങി നിന്നിരുന്നില്ല. അക്ഷരശ്ലോക സദസ്സുകളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് അക്ഷരശ്ലോക സമിതിയുടെയും രേവതി പട്ടത്താനം അക്ഷരശ്ലോക സമിതിയുടെയും ഭാരവാഹിയായിരുന്നു. ദേശീയതയോടും ഭാരതീയ സംസ്‌കാരത്തോടും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ചന്ദ്രശേഖരന്‍ തപസ്യ കലാസാഹിത്യവേദിയുടെ കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനായും കേന്ദ്രഭരണ സമിതി അംഗമായും സാംസ്‌കാരികരംഗത്തു നിറഞ്ഞുനിന്നു. ഭാരതീയ വിദ്യാഭവന്‍ കോഴിക്കോടു കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷന്‍, സെന്‍ട്രല്‍ ഗവ. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
ചന്ദ്രശേഖരന്‍ മുന്‍കയ്യെടുത്ത് രൂപം കൊടുത്ത വി.കെ.നാരായണഭട്ടതിരി സ്മാരക ട്രസ്റ്റ് നമ്മുടെ വേദസംസ്‌കാരസാഹിത്യത്തിന് ചെയ്ത സേവനം മഹത്തരമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ യൗവനാരംഭത്തില്‍ -ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍- വടക്കാഞ്ചേരിയിലുള്ള തന്റെ വീട് വിട്ടിറങ്ങേണ്ടി വന്ന ആളാണ് അച്ഛന്‍-വരവൂര്‍ കപ്‌ളിങ്ങാട്ട് നാരായണഭട്ടതിരി. ഉത്തരേന്ത്യയില്‍ ചുറ്റിക്കറങ്ങി സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പരിജ്ഞാനം നേടിയ ഭട്ടതിരി ആര്യസമാജവുമായി ബന്ധപ്പെട്ടു. മഹര്‍ഷി അരവിന്ദന്റെ സാഹിത്യത്തില്‍ ആണ്ടിറങ്ങി. അരവിന്ദഘോഷിന്റെ വേദങ്ങളോടുള്ള സമീപനം അദ്ദേഹത്തെ ആകര്‍ഷിച്ചു. പിന്നീടങ്ങോട്ട് ആ ദിശയിലായി ശ്രദ്ധ. വേദദര്‍ശനത്തെ കാലാനുസൃതമായി വ്യാഖ്യാനിച്ചു കൊണ്ട് ധാരാളം ലേഖനങ്ങള്‍ എഴുതി. വേദതത്വങ്ങള്‍ നിത്യജീവിതത്തിന് സഹായകമാവണം എന്നദ്ദേഹം കരുതി. അത് സാമൂഹികപരിഷ്‌കരണസംരംഭങ്ങളിലേയ്ക്ക് ഭട്ടതിരിപ്പാടിനെ നയിച്ചു. നാട്ടില്‍വന്ന ശേഷം തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. വടക്കാഞ്ചേരിയില്‍ കേരളവര്‍മ വായനശാല സ്ഥാപിച്ചത് ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. പുതുച്ചേരിയില്‍ നിന്ന് അരവിന്ദ മഹര്‍ഷി ‘ആര്യ’ മാസിക പ്രസിദ്ധീകരിച്ച സമയത്ത് നാരായണ ഭട്ടതിരി അതിന്റെ വരിക്കാരനാവുകയും ഗഹനമായ ആംഗലേയ ഭാഷയില്‍ മഹര്‍ഷി എഴുതിയ വേദപഠനങ്ങളെ ലളിതമായ മലയാളത്തിലാക്കി അക്കാലത്തെ വിവിധ പത്രമാസികകളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇവയെ ശേഖരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയെന്ന ദൗത്യം ഏറ്റെടുത്തത് മകന്‍ ചന്ദ്രശേഖരനാണ്. വേദം ധര്‍മ്മമൂലം, വേദാര്‍ത്ഥ വിചാരം, യജ്ഞസംസ്‌കാരം, വേദസ്വരൂപം, വേദസന്ദേശം തുടങ്ങിയ കൃതികള്‍ അങ്ങനെ രൂപം കൊണ്ടവയാണ്.
കേസരിയുമായി വളരെ അടുത്ത ബന്ധമാണ് പി. ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. ശ്രീമദ് ഭാഗവതത്തിനും ദേവീ ഭാഗവതത്തിനും അദ്ദേഹമെഴുതിയ വ്യാഖ്യാനങ്ങള്‍ കേസരിയിലൂടെയാണ് ആദ്യം ഖണ്ഡശ: ആയി പ്രസിദ്ധീകരിക്കപ്പെട്ടത്. സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിനും ചന്ദ്രശേഖരന്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി.
സൗമ്യവും ലളിതവുമായ പെരുമാറ്റത്താല്‍ പരിചയപ്പെട്ട എല്ലാവരുടെയും മനസ്സില്‍ അദ്ദേഹം സവിശേഷ സ്ഥാനം നേടി. സംഭാഷണത്തിലും രചനയിലും ഭാഷാപരമായ ശുദ്ധി പുലര്‍ത്തി. പൊതുപരിപാടികളില്‍ കൃത്യനിഷ്ഠയോടെ പങ്കെടുത്തു. ഭാരതീയ സംസ്‌കാരത്തിന്റെ നവോന്മേഷത്തിനു വേണ്ടി മാതൃകാ ജീവിതം നയിച്ച പി. ചന്ദ്രശേഖരന്റെ സ്മരണകള്‍ക്കു മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
ഭാര്യ: പരേതയായ കെ.പി. കല്യാണിക്കുട്ടി അമ്മ. മക്കള്‍: സി.ജയരാജ് (ഇന്ത്യന്‍ നേവി. റിട്ട. കമോഡോര്‍), ഡോ.സി.കേശവദാസ് (തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്). മരുമക്കള്‍: രാജശ്രീ ജയരാജ്, ഡോ. അഞ്ജു കേശവദാസ്.