ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നത് ഭരണഘടനപ്രകാരം ഭരണനിര്‍വ്വഹണം നടക്കുന്ന സംവിധാനക്രമത്തിലാണ്. ഭരണഘടനയിലെ അവകാശങ്ങള്‍ പൗരന്മാര്‍ക്ക് ലഭിക്കാതെ വരുകയും, അതിനുള്ള സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യുമ്പോള്‍ ജനാധിപത്യത്തിന് ക്ഷയം വരുന്നു. ഭരണഘടന അവകാശങ്ങള്‍ മാത്രമല്ല, പൗരനില്‍ ഉത്തരവാദിത്തവും ഏല്‍പ്പിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെ അത് നിര്‍വ്വഹിക്കപ്പെടുമ്പോഴേ ജനാധിപത്യം സമ്പൂര്‍ണമാകുന്നുള്ളൂ. പൗരത്വം എന്നത് ജന്മാവകാശമായാലും കര്‍മ്മാവകാശമായാലും സഫലമാകുന്നത് ഈ ഉത്തരവാദിത്തം മൗലികാവകാശം പോലെ നിറവേറ്റപ്പെടുമ്പോഴാണ്. അതായത്, ജനാധിപത്യത്തിന്റെ പാലനവും സംരക്ഷണവും തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന്റെ മാത്രം ചുമതലയല്ല എന്നര്‍ത്ഥം. ഇത് അടിസ്ഥാനതത്ത്വമാണ്. ഇതില്‍ എവിടെ ലംഘനം, വീഴ്ച, പോരായ്മ സംഭവിച്ചാലും അത് ജനാധിപത്യ ലോപമാണ്.
അങ്ങനെ നോക്കിയാല്‍ പൗരന്മാരും ഭരണകൂടവും ഓരോ ക്ഷണത്തിലും നടത്തുന്ന ജനാധിപത്യ ലംഘനങ്ങള്‍ ഏറെയാണ്. പക്ഷേ സാഹചര്യങ്ങള്‍, അവസ്ഥാവിശേഷം ഒക്കെ പരിഗണിക്കുമ്പോള്‍ ചിലവ സാരമല്ലാത്തതാകും. അവ അപഭ്രംശങ്ങളാണ്. താല്‍ക്കാലികമായി ചെയ്തുപോരുന്ന ചില വ്യക്തികളിലെ പിഴവാണ് അതിന് കാരണം. എന്നാല്‍ ബോധപൂര്‍വ്വം ചെയ്യുന്നതിലെ ശരിതെറ്റുകള്‍ അറിയാവുന്നവര്‍, അതെക്കുറിച്ച് ആലോചിച്ചുറപ്പിച്ച് വരുത്തുന്ന പിഴവുകള്‍ ഏതു മാനദണ്ഡവും സാഹചര്യവും വെച്ചുനോക്കിയാലും നിമിഷനേരത്തേക്കുപോലും സാധൂകരിക്കാന്‍ കഴിയാത്തതാണ്. അത്തരമൊരു ദുഷ്‌ചെയ്തിക്ക് അമ്പതുവര്‍ഷമെത്തുമ്പോഴാണ് ഭാരതസര്‍ക്കാര്‍ ‘ജനാധിപത്യ ഹത്യാദിനം’ ആയി ജൂണ്‍ 26നെ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടായിരമാണ്ട് തുടങ്ങുന്നതിന് മുമ്പ്, ബിജെപി അദ്ധ്യക്ഷനായിരിക്കെ, ലാല്‍കൃഷ്ണ അദ്വാനി, ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഒരു യോഗത്തില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിച്ചു: ”ഞാനിപ്പോള്‍ പറയാന്‍ പോകുന്ന വിഷയവും അക്കാലത്തെ ചരിത്രവും അനുഭവവും ഞാന്‍ പറയുന്ന തീവ്രതയില്‍ അറിയാവുന്നവരായി സദസ്സിലെ യുവജനങ്ങളില്‍ ആരും ഉണ്ടാകാനിടയില്ല. കാരണം കാല്‍ നൂറ്റാണ്ടിനു മുമ്പത്തെ കാര്യമാണ്…” എന്ന ആമുഖത്തോടെയായിരുന്നു പ്രസംഗം. അടിയന്തരാവസ്ഥ 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി മുതലായിരുന്നുവല്ലോ. അദ്വാനിയുടെ അന്നത്തെ സദസ്സില്‍ 30-35 വയസ്സെത്തിയവര്‍ക്ക് വൈകാരികമായി അടിയന്തരാവസ്ഥ വേദനിപ്പിക്കുന്ന അനുഭവമായിരുന്നിരിക്കില്ല എന്നത് സത്യം. അപ്പോള്‍ ജനാധിപത്യ ഹത്യാദിനമായി ജൂണ്‍ 26നെ പ്രഖ്യാപിക്കുന്ന അമ്പതാം വര്‍ഷത്തില്‍ അതെത്രത്തോളം വൈകാരികമായിരിക്കുമെന്ന ശങ്കതോന്നാം. പക്ഷേ വൈചാരികമായും വികാരപരമായും അടിയന്തരാവസ്ഥ ജനാധിപത്യം അനുവദിക്കുന്ന സകല സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും അതിനാധാരമായ ഭരണഘടനയുടെയും കൊലപാതക കാലമായിരുന്നുവെന്ന തിരിച്ചറിവുള്ളവര്‍ക്ക് അമ്പതല്ല ആയിരം വര്‍ഷം കഴിഞ്ഞാലും അടിയന്തരാവസ്ഥ പൊള്ളിക്കുന്ന അവസ്ഥയായിത്തുടരും. അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധിയെന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദുഷ്പ്രവൃത്തിയെന്ന് പറഞ്ഞ് തള്ളാനും ലഘൂകരിക്കാനും നടക്കുന്ന ശ്രമങ്ങളാണ് എക്കാലത്തും ചിലരില്‍ നിന്നുണ്ടാകുന്നത്. പക്ഷേ ഭരണഘടനയെ റദ്ദാക്കി, ഒരു രാജ്യത്തെ ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കും തുടര്‍ന്ന് കീഴില്‍ സ്വേച്ഛാധിപത്യത്തിലേക്കും നയിച്ച കുറ്റകൃത്യമായിരുന്നു അതെന്ന് തിരിച്ചറിയുന്നവര്‍ക്ക് അത് ഇന്ദിരയുടെ ചേഷ്ടമാത്രമല്ല. അത് ജനാധിപത്യ ത്തിനെതിരെയുള്ള ആക്രമണം കൂടിയാണ്. ഇന്ദിരയുടെ മനസ്സുള്ളവര്‍ ശേഷിക്കുന്ന കാലത്തോളം അടിയന്തരാവസ്ഥയെ പേടിക്കണം, അവര്‍ക്ക് അത് നടപ്പാക്കാന്‍ ഭരണാധികാരം വേണമെന്നില്ല. കാരണം ഭരണകൂടത്തിന്റെ ജനാധിപത്യ ഉത്തരവാദിത്തങ്ങള്‍ക്കുമേലെ പൗരന്മാരുടെ ഉത്തരവാദിത്തരാഹിത്യം മേല്‍ക്കൈ നേടുന്ന അവസരങ്ങളുണ്ടാകും. അതാണ് അരാജകത്വം. അതിലേക്ക് രാജ്യത്തെ തള്ളിവിടാന്‍ അത്തരം മനഃസ്ഥിതിക്കാര്‍ ഏറെയുണ്ട്. അവര്‍ക്കെതിരെയുള്ള ജാഗ്രതാ ദിനം കൂടിയാണ് ‘ജനാധിപത്യ ഹത്യാ ദിവസ്’ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഭരണഘടന ‘ഉയര്‍ത്തിപ്പിടിച്ച്’ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഭരണഘടനയെ താഴ്ത്തിക്കെട്ടുകയാണല്ലോ ചിലരുടെ പ്രക്ഷോഭങ്ങളുടെയും പ്രചാരണങ്ങളുടെയും ലക്ഷ്യം. അപ്പോള്‍ ജനാധിപത്യത്തിന്റെ ആധാരമായ ഭരണഘടനയെ, നെടുംതൂണുകളായ നീതിന്യായ വ്യവസ്ഥയെ, നിര്‍വഹണ സംവിധാനത്തെ, നിയമനിര്‍മ്മാണ സഭകളെ, ഇക്കാര്യങ്ങളുടെ കാവല്‍ക്കാരായ മാദ്ധ്യമങ്ങളെ അക്കൂട്ടര്‍ എങ്ങനെയെല്ലാം തളര്‍ത്തുന്നുവെന്ന് കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുപ്പു നടത്തിയാല്‍ ബോധ്യമാകും. സ്വന്തം ജനതയ്‌ക്കെതിരെ ലാത്തിയും തോക്കും പീരങ്കിയും ഉപയോഗിക്കുന്ന ശീലം പതിവില്ലാത്തവരുടെ ഭരണകാലത്ത് ഇതൊക്കെ സാധ്യമാകുമെന്ന വേറിട്ടൊരു നിരീക്ഷണവും ഇവിടെ ആവശ്യമാണ്. അതിര്‍ത്തിയ്ക്കപ്പുറത്തുള്ളവരാണെങ്കില്‍ ആയുധം പ്രയോഗിക്കാന്‍ കഴിയുന്നവരാണ് ആ ഭരണക്കാരെന്നതു കൂടി മനസ്സിലാക്കുമ്പോള്‍ കൂടുതല്‍ വ്യക്തതവരും. ഭരണഘടനയെ, അക്ഷരത്തിലും അര്‍ത്ഥത്തിലും ആത്മാവിലും ഉള്‍ക്കൊണ്ട് അനുസരിക്കാന്‍ അസാമാന്യവൈഭവം വേണ്ടതുണ്ട്.
ജനാധിപത്യ ധ്വംസനം നടത്തിയ ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയാകുന്നു, കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷയും. അത് ഇന്ദിരാ കോണ്‍ഗ്രസ്സായിരുന്നു. കോണ്‍ഗ്രസ് സംഘടന, സ്വാതന്ത്ര്യം ലഭിക്കും മുമ്പുവരെ എ.ഒ.ഹ്യൂമിലും ഗാന്ധിജിയിലും ഒക്കെയായിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയായി. അതോടെ ജനാധിപത്യബോധം പാര്‍ട്ടിക്കും ആ പേരിനും ഇല്ലാതായി. ചരിത്രം പരിശോധിച്ചാലറിയാം നെഹ്‌റുവിന്റെ എതിര്‍പക്ഷത്തു നിന്ന ജനസംഘം നേതാവ് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയോട് നെഹ്‌റു പറഞ്ഞതെന്താണ് ”ജനസംഘത്തിനെ ഞാന്‍ തകര്‍ക്കും”, എന്ന്. ‘ചെറുക്കും’ എന്നു പോലുമല്ല. ഭരണഘടന പ്രകാരം ഒരു രാഷ്ട്രത്തിന് ഒരു നിയമസംവിധാനവും ഒരു ദേശീയ പതാകയും എന്ന് പ്രഖ്യാപിച്ച് കശ്മീര്‍ മോചന സമരം നടത്തിയ ഡോ.മുഖര്‍ജിക്ക് കശ്മീര്‍ ജയിലില്‍ ജീവന്‍ വെടിയേണ്ടി വന്നത് ജനാധിപത്യ ഹത്യയുടെ മാനസികാവസ്ഥയിലായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഷാബാനോ എന്ന മുസ്ലിം വനിതയുടെ ജീവനാംശക്കേസില്‍ സുപ്രീംകോടതിയുടെ വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തിയത് ഭരണഘടനലംഘനമെന്ന ജനാധിപത്യ ഹത്യയുടെ മനസ്സാലായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പ്രധാനമന്ത്രി പി.വി. നരസിംഹറാവു, അയോദ്ധ്യാ വിഷയത്തില്‍ ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടത് ജനാധിപത്യഹത്യയുടെ ഭാഗമായിരുന്നു. ഇടതുപക്ഷത്തിന്റെ പിന്‍തുണയില്‍ ഭരിച്ച പ്രധാനമന്ത്രി ദേവഗൗഡ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ടത് ജനാധിപത്യഹത്യയുടെ മറ്റൊരു പതിപ്പായിരുന്നു. ഭരണഘടന നല്‍കുന്ന ആരാധനയ്ക്കും വിശ്വാസ സംരക്ഷണത്തിനുമുള്ള അവകാശങ്ങള്‍ ലംഘിച്ച് നിലയ്ക്കലും ശബരിമലയിലും ഉള്‍പ്പെടെ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ കേരളത്തില്‍ ചെയ്തു കൂട്ടിയതും ജനാധിപത്യ ഹത്യയായിരുന്നു. എന്നാല്‍ ഈ പലപല ‘കൊലപാതകങ്ങള്‍’ക്കും മേലേ രക്തം കൊണ്ട് കുറിച്ചിട്ട ദിനമായിരുന്നു 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയുടേത്. രാജ്യമാകെ രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച, കോണ്‍ഗ്രസ് മേധാവിയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ക്രൂരകൃത്യം. തിരഞ്ഞെടുപ്പിലെ കൃത്രിമത്തിന്റെ പേരില്‍ ലോക്‌സഭാ വിജയം റദ്ദാക്കിയപ്പോള്‍, തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലേക്ക് വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെയാകെ താന്‍ വരുതിയിലാക്കി, ഭരണഘടന മരവിപ്പിച്ച ദിവസം. നിയമനിര്‍മ്മാണസഭകളെ, നിര്‍മ്മാണ സംവിധാനത്തെ, നീതി ന്യായവ്യവസ്ഥയെ, മാധ്യമങ്ങളെ കൂട്ടക്കുരുതി ചെയ്ത ദിവസം. അതാണിപ്പോള്‍ ജനാധിപത്യ ഹത്യാ ദിവസമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചരിത്ര പാഠം ഓര്‍മ്മിപ്പിക്കുക മാത്രമല്ല, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആനന്ദിച്ചവരാണ് ഇപ്പോള്‍ ഭരണഘടന ”ഉയര്‍ത്തിപ്പിടിച്ച്’ ജനാധിപത്യ മുറവിളി നടത്തുന്നത് എന്ന വര്‍ത്തമാന ചരിത്രം കൂടി പഠിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അങ്ങനെ കാല്‍നൂറ്റാണ്ടുമുമ്പ് എല്‍.കെ. അദ്വാനി ഉയര്‍ത്തിയ ചോദ്യത്തിന് ഒരു തലമുറയല്ല പല തലമുറയെ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രം പഠിപ്പിക്കാന്‍ സഹായകമാവുകയാണ് ജനാധിപത്യ ഹത്യാദിവസ്. അതില്‍ ഒരുപക്ഷേ ഏറെ ആശ്വസിക്കുന്നതും ആഹ്ലാദിക്കുന്നതും അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസ് പോലീസിന്റെയും ഒറ്റുകാരായ ഇടതുപക്ഷക്കാരുടേയും ദുഷ്ടവൃത്തികളില്‍ മര്‍ദ്ദനങ്ങളും പീഡനങ്ങളുമേറ്റ രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളിലെ കോടിക്കണക്കിന് പ്രവര്‍ത്തകരായിരിക്കും.