നവോത്ഥാന നായകന്‍ വിജയന്‍ സഖാവിന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പില്‍ ജാതിവിവേചനം നടക്കുമ്പോള്‍ സഖാവിന് ഒരു രോഷവുമില്ല. ശബരിമലയില്‍ ആചാരത്തിനു വിരുദ്ധമായി യുവതികളെ പ്രവേശിപ്പിക്കുമ്പോഴുള്ള നവോത്ഥാന ചിന്ത സ്വന്തം വകുപ്പില്‍ വേണ്ട! സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്കുള്ള ജോലി നിശ്ചയിക്കുന്ന പ്രിസണ്‍ മാന്വലില്‍ സവര്‍ണരായ തടവുകാര്‍ക്ക് അടുക്കളപ്പണിയാണെങ്കില്‍ കീഴ്ജാതിക്കാര്‍ക്ക് തോട്ടിപ്പണിയാണ് നിശ്ചയിച്ചത്. അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തില്‍ വിജയന്‍ സഖാവിന്റെ തോളോട് തോള്‍ ചേര്‍ന്നു നില്ക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ സ്ഥിതിയും ഇതുതന്നെ. അവിടെ തേവര്‍, നാടാര്‍, പള്ളാര്‍ വിഭാഗം തടവുകാര്‍ക്ക് പ്രത്യേക മുറി തന്നെ ഉണ്ടത്രെ.
സുകന്യ ശാന്ത എന്ന പത്രപ്രവര്‍ത്തക നല്‍കിയ പരാതി പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആശങ്ക രേഖപ്പെടുത്തിയത് പത്രവാര്‍ത്തയായിരുന്നു. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കയാണ്. സ്വന്തം മൂക്കിനു താഴെയുള്ള കാടന്‍ ചട്ടങ്ങളും നിയമങ്ങളും മാറ്റാന്‍ കഴിയാത്തവരാണ് നവോത്ഥാന മൂല്യങ്ങളുടെ കുത്തകക്കാരാവുന്നത്.