ഉറുമ്പുകളില്‍ കയറിക്കൂടുന്ന പരാന്നഭോജിയായ ഒരിനം ഫംഗസാണ് ഓഫിയോകോര്‍ഡിസെപ്‌സ്. ടോം പെച്ച് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി ഈ ഫംഗസിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായി വിവരിച്ചത്. ഉറുമ്പുകള്‍ അറിയാതെ അവയ്ക്കുള്ളില്‍ പ്രവേശിച്ച് പെരുമാറാന്‍ തുടങ്ങും. ഒരിക്കല്‍ ഉറുമ്പിന്റെ ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയാല്‍ ഓഫിയോകോര്‍ഡിസെപ്‌സ് ആദ്യം തന്നെ നാഡീവ്യവസ്ഥയുടെ നിയന്ത്രണം കയ്യിലെടുക്കും. അതോടെ ഉറുമ്പ് ഈ ഫംഗസിന് അടിമയായിത്തീരുകയും അതിന്റെ സ്വഭാവത്തെ മറ്റൊന്നാക്കി മാറ്റുകയും ചെയ്യും. ഇത്രയുമെത്തിക്കഴിഞ്ഞാല്‍ ഉറുമ്പിനെ സ്വന്തം വാസസ്ഥലം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കും. പിന്നെ കഴിയാവുന്നത്ര ഉയരത്തിലേക്ക് കൊണ്ടുപോകും. ഇതിനുശേഷം ഏതെങ്കിലും ഇലയിലോ ചുള്ളിക്കമ്പിലോ ആഞ്ഞുകടിക്കാന്‍ പ്രേരിപ്പിക്കും. പിന്നീട് ഈ ഫംഗസ് ഉറുമ്പിന്റെ ഉള്ളിലിരുന്ന് അതിനെ തിന്നുതീര്‍ക്കും. ഒടുവില്‍ ഉറുമ്പിന്റെ ശരീരം പിളരും. അപ്പോള്‍ തണ്ടുപോലുള്ള ഒന്ന് പുറത്തുവരും. ഇതിലൂടെ ഈ ഫംഗസ് തന്റെ ബീജം പുറത്തുവിടുകയും കൂടുതല്‍ ഉറുമ്പുകളെ ഇരകളാക്കുകയും ചെയ്യും.
പ്രകൃതിയില്‍ ഇത്തരം നിരവധി പരാന്നഭോജികളെ കാണാം. മനുഷ്യ ചരിത്രത്തിലും ഇത്തരം ഭീതിതമായ രൂപാന്തരങ്ങളുണ്ട്. അണുബാധയേല്‍ക്കുന്ന ഒരാളിന്റെ ശരീരത്തിനുള്ളിലും ഇങ്ങനെ സംഭവിക്കുന്നു. ഒരാളുടെ ശരീരത്തിനുള്ളിലെ വിഭവങ്ങള്‍ തിന്നുതീര്‍ക്കുന്ന അണുക്കള്‍ ഒടുവില്‍ അയാളെ കൊല്ലുന്നു. സ്വന്തം സന്തതികള്‍ക്കായി പുതിയ ആതിഥേയരെ ഇരകളാക്കുകയും ചെയ്യും.
സാമ്രാജ്യത്വം കീഴടക്കുന്ന സമ്പന്ന രാജ്യങ്ങളിലും ഇതേ പ്രക്രിയ വിപുലമായ രീതിയില്‍ സംഭവിക്കുന്നു. തലമുറകളിലൂടെ നീളുന്ന സാമൂഹ്യരാഷ്ട്രീയ മാറ്റങ്ങളിലൂടെയായിരിക്കും ഇതെന്നു മാത്രം. പരാന്നഭോജികളെപ്പോലെ സ്വന്തം നിലനില്‍പ്പിനായി അധിനിവേശക്കാര്‍ മറ്റു രാജ്യങ്ങളുടെ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ജനജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. കീഴടക്കുന്ന രാജ്യങ്ങളിലെ പ്രജകളെ അവര്‍ മനുഷ്യരല്ലാതാക്കുകയും അവിടങ്ങളിലെ വിഭവങ്ങള്‍ അവസാനംവരെ ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങളിലും വൈദേശിക താല്‍പ്പര്യം മുന്‍നിര്‍ത്തി പരാന്നഭോജികളായ ഫംഗസുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന നേതാക്കളുണ്ട്.
ഉക്രൈന്‍ പഠിപ്പിക്കുന്നത്
കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയ്ക്ക് സോണിയാ ഗാന്ധിയുടെ വിദേശവംശ പ്രശ്‌നം വിവാദമാവുകയും 2004ല്‍ സര്‍ക്കാര്‍ രൂപീകരണ സമയത്ത് അവര്‍ക്ക് പ്രധാനമന്ത്രി പദം നിഷേധിക്കപ്പെട്ടത് വലിയ ചര്‍ച്ചയാവുകയും ചെയ്തപ്പോള്‍ ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ പരിചയപ്പെട്ട ഒരു പേരാണ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറി. ജന്മംകൊണ്ട് ജപ്പാന്‍കാരനായ ഫ്യൂജിമോറി ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ ഭരണാധികാരിയായിത്തീര്‍ന്നു. പത്ത് വര്‍ഷം (1990-2000) പെറുവിന്റെ പ്രസിഡന്റായിരുന്ന ഫ്യൂജിമോറി വന്‍ അഴിമതികളുടെയും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളുടെയും പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയും പിന്നീട് സ്വന്തം രാജ്യമായ ജപ്പാനിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. ഇറ്റലിയില്‍ നിന്നുവന്ന് ഭാരതത്തിലെ രാഷ്ട്രീയ നേതാവായിത്തീര്‍ന്ന സോണിയയും, ജപ്പാന്‍ വംശജനായിരുന്നിട്ടും പെറുവിന്റെ ഭരണാധികാരിയായി മാറിയ ഫ്യൂജിമോറിയും തമ്മിലെ താരതമ്യം പലനിലയ്ക്കും പ്രസക്തമാണ്. സോണിയയ്ക്ക് ഭാരതത്തിന്റെ ഭരണാധികാരിയാവാന്‍ കഴിയാതിരുന്നതുകൊണ്ടു മാത്രമായിരിക്കാം ഹ്യൂജിമോറിയുടെ ഗതി വരാതിരുന്നത്. ഇതിന് അവര്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനോട് കടപ്പെട്ടിരിക്കുന്നു. അന്നത്തെ അന്തര്‍നാടകങ്ങളുടെ ചുരുളുകള്‍ ഇനിയും പൂര്‍ണമായി അഴിഞ്ഞിട്ടില്ലെങ്കിലും സോണിയയുടെ വഴിമുടക്കിയത് കലാമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കലാമിന്റെ സ്ഥാനത്ത് ഒരു ഫക്രുദീന്‍ അലി അഹമ്മദോ പ്രതിഭാ പാട്ടീലോ ആയിരുന്നെങ്കില്‍ യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രി സോണിയ ആകുമായിരുന്നു. അത് സംഭവിക്കാതിരുന്നതുകൊണ്ടാണ് ഫ്യൂജിമോറിയിലേക്കുള്ള സോണിയയുടെ രൂപാന്തരപ്രാപ്തി തടസ്സപ്പെട്ടത്. പക്ഷേ വിദേശ വംശജനായ ഭരണാധികാരിയായിരുന്നുകൊണ്ട് ഹ്യൂജിമോറി പെറുവിന് വരുത്തിവെച്ചതുപോലുള്ള അപകടങ്ങള്‍ സോണിയയില്‍ നിന്ന് ഭാരതത്തിനും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴും സോണിയ ഭാരതത്തിന്റെ ഔദ്യോഗിക ഭരണാധികാരിയാവാതിരുന്നത് പല ഭവിഷ്യത്തുകളെയും തടഞ്ഞു.
സാമ്രാജ്യത്വവാഴ്ച നീണ്ടുപോകുന്തോറും ജനതയുടെ ഓര്‍മശക്തിക്ക് മങ്ങലേല്‍ക്കുന്നു. അവരുടെ കാഴ്ചപ്പാടുകള്‍ കീഴ്‌മേല്‍ മറിയുന്നു. അടിമത്തം തിരിച്ചറിയാനുള്ള ശേഷിപോലും നഷ്ടപ്പെടാം. തങ്ങള്‍ അടിമകളായിരുന്നുവെന്നും, കൊടിയ ചൂഷണത്തിന് വിധേയരാവുകയുണ്ടായെന്നും, അങ്ങനെ ക്രൂരമായി വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് മനസ്സിലാവുകയുള്ളൂ. ഓഫിയോകോര്‍ഡിസെപ്‌സ് എന്ന ഫംഗസ് ഉറുമ്പുകളെയെന്നപോലെ അധിനിവേശക്കാര്‍ ആതിഥേയ രാജ്യങ്ങളെ തകര്‍ത്തുകളയുന്നു. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
യൂറോപ്പിലെ വലിയ രാജ്യങ്ങളിലൊന്നായ ഉക്രൈന്‍ ഇതിലൊന്നാണ്. യുദ്ധകലുഷിതമായ ഈ രാജ്യം ഓരോ ദിവസം ചെല്ലുന്തോറും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങളെ അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് എന്താണ് ഉക്രൈന് സംഭവിച്ചതെന്ന് മനസ്സിലാവില്ല. അവര്‍ക്ക് പുടിന്‍ ചെകുത്താനും വ്‌ളോഡിമിര്‍ സെലന്‍സ്‌കി നായകനുമാണ്. നന്മയുടെ പ്രതീകമായ ഉക്രൈനെ രാക്ഷസരാജ്യമായ റഷ്യ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ബില്യണ്‍ കണക്കിന് ഡോളറുകളും ആയുധങ്ങളുമെത്തിച്ച് നാറ്റോ സൈന്യം ഉക്രൈനെ രക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നൊക്കെയാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ കഥയുടെ രണ്ട് വശവും വായിക്കുന്നവര്‍ക്കും, കഴിഞ്ഞ രണ്ട് വര്‍ഷമായി യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിരീക്ഷിക്കുന്നവര്‍ക്കും ഇപ്രകാരം കറുപ്പിലും വെളുപ്പിലും കാര്യങ്ങളെ കാണാനാവില്ല.
രഹസ്യങ്ങള്‍ നീങ്ങുന്നില്ല
ഉന്നതമായ പദവികള്‍ വഹിക്കുമ്പോഴും അളവറ്റ അധികാരം കയ്യാളുമ്പോഴും സോണിയ രാജ്യത്തോട് കൂറുകാണിച്ചിട്ടില്ല. രാജ്യം കൈവരിക്കുന്ന നേട്ടങ്ങളില്‍ സന്തോഷിക്കുന്ന ഒരു മനസ്സല്ല അവര്‍ക്കുള്ളത്. രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കാനും അനുസരിക്കാനും വിമുഖതയാണ്. ഇറ്റാലിയന്‍ വ്യവസായിയും കുടുംബ സുഹൃത്തും ബോഫോഴ്‌സ് അഴിമതി കേസില്‍ പിടികിട്ടാപ്പുള്ളിയും ആയിരുന്ന ഒട്ടോവിയോ ക്വത്തറോക്കി അര്‍ജന്റീനയില്‍ ഭാരതത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ പിടിയിലായപ്പോള്‍ അയാളെ രാജ്യത്തെത്തിക്കാനല്ല സോണിയ ശ്രമിച്ചത്. സര്‍ക്കാരിലെ തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയാണ് ചെയ്തത്. വിചാരണ ചെയ്യപ്പെട്ടാല്‍ അഴിമതിയുടെ വിവരങ്ങള്‍ മാത്രമല്ല തന്നെ ചൂഴ്ന്നുനില്‍ക്കുന്ന അജ്ഞാതമായ മറ്റ് പല രഹസ്യങ്ങളും വെളിപ്പെടും എന്ന ഭീതി സോണിയക്കുണ്ടായിരുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവി വാറന്‍ ആന്‍ഡേഴ്‌സനെ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജ്യം വിടാന്‍ അനുവദിച്ചതു പോലെയാണ് ക്വത്തറോക്കിയെ രാജ്യത്ത് എത്തിക്കാതിരിക്കാന്‍ സോണിയ അധികാരം ഉപയോഗിച്ചത്. സോണിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട ഈ സംഭവം കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളും വിസ്മരിച്ചു എന്നതാണ് വിചിത്രം. രാജ്യസ്‌നേഹമില്ലാത്ത മാധ്യമങ്ങള്‍ അന്നും പിന്നീടും ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. മറ്റാരെക്കാളും രാജ്യസ്‌നേഹിയാണ് താനെന്ന അഭിനയം സോണിയ പിന്നെയും തുടര്‍ന്നു.
സോണിയയുടെ ഫ്യൂജിമോറി മുഹൂര്‍ത്തം ആയിരുന്നു ചൈനയില്‍ ചെന്ന് അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാറുണ്ടാക്കിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിക്കാത്തതുകൊണ്ട് മാത്രമാണ് സോണിയയ്ക്ക് മറ്റൊരു ഫ്യൂജിമോറി ആവാന്‍ കഴിയാതിരുന്നത്. ചൈനയുമായി രഹസ്യങ്ങള്‍ പങ്കുവെക്കാന്‍ ആ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായുണ്ടാക്കിയ കരാറില്‍ ഒപ്പുവച്ചത് രാഹുല്‍ ആയിരുന്നെങ്കിലും സോണിയയുടെ അധ്യക്ഷതയിലാണ് അതെന്ന കാര്യം വിസ്മരിക്കാന്‍ കഴിയുന്നതല്ല.
രാഹുല്‍ ഒരു വിദേശി അല്ലെങ്കിലും വിദേശ വനിതയില്‍ ജനിച്ചയാളാണ്. നെഹ്‌റു കുടുംബത്തിന്റെ ത്യാഗത്തെക്കുറിച്ച് സോണിയയും രാഹുലും വാചാലരാവാറുണ്ടെങ്കിലും ഇരുവരുടെയും ദേശസ്‌നേഹമായി അതിനെ തെറ്റിദ്ധരിക്കേണ്ടതില്ല. മകനെ ദേശസ്‌നേഹിയായി വളര്‍ത്തുന്നതില്‍ സോണിയയ്ക്ക് വലിയ താല്‍പ്പര്യമുള്ളതായും ജനങ്ങള്‍ക്ക് തോന്നിയിട്ടില്ല. രാഹുലിന് ഇറ്റാലിയന്‍ പൗരത്വമുണ്ടെന്നും, ബിസിനസ് തുടങ്ങാന്‍ റൗള്‍ വിന്‍സി എന്ന പേരില്‍ ബ്രിട്ടീഷ് പൗരത്വം എടുത്തിട്ടുണ്ടെന്നുമൊക്കെയുള്ള ഗുരുതരമായ ആരോപണങ്ങളുടെ നേര്‍ക്ക് മൗനം പാലിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊന്നു പറഞ്ഞുപോയാല്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകുമെന്ന് അറിയാവുന്നതുകൊണ്ട് അമ്മയും മകനും തന്ത്രപരമായ നിശബ്ദത പാലിക്കുകയാണെന്ന് കരുതണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനം വേണ്ടെന്നുവച്ച് അടിക്കടി രാഹുല്‍ നടത്തുന്ന വിദേശയാത്രകളും അജ്ഞാതവാസവും രാജ്യസ്‌നേഹമുള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു സ്വകാര്യ വ്യക്തിയല്ല, പൊതുപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവും ആകുമ്പോള്‍ അത് രാജ്യത്തോട് ചെയ്യുന്ന വലിയ തെറ്റ് തന്നെയാവുന്നു. രാഹുലിന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ അപഗ്രഥിക്കുമ്പോള്‍ ഭാരതത്തോട് കൂറില്ലാത്ത, രാജ്യത്തെ സംവിധാനത്തോട് യാതൊരു മതിപ്പുമില്ലാത്ത, രാജ്യരക്ഷയെപ്പോലും അപകടത്തിലേക്ക് നയിക്കുന്ന ചെയ്തികളില്‍ ഏര്‍പ്പെടാന്‍ മടിയില്ലാത്ത ആളാണെന്ന് തിരിച്ചറിയാന്‍ കഴിയും. ഇവിടെ ഉക്രൈന്‍ എന്ന രാജ്യത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെലന്‍സ്‌കിയെ ഓര്‍മവരും.
തങ്ങളുടെ സാമ്രാജ്യത്തിനും റഷ്യയ്ക്കും ഇടയില്‍ യഥേഷ്ടം ഇടപെടാന്‍ കഴിയുന്ന ഒരിടം സൃഷ്ടിക്കാന്‍ വേണ്ടി നാറ്റോ ശക്തികള്‍ ഉക്രൈനെ ബലിയാടാക്കുകയാണ്. ഉക്രൈന്റെ രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറിയും രാഷ്ട്രീയ നേതാക്കളെ പരുവപ്പെടുത്തിയെടുത്തും അമേരിക്ക സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ശ്രദ്ധിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും. ഉക്രൈന്‍ സൈന്യത്തെ നിയന്ത്രിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും നാറ്റോയുടെ ആതിഥേയരാക്കി മാറ്റുകയാണ്. അധികം വൈകാതെ അമേരിക്കയുടെ സൈനിക-വാണിജ്യ താല്‍പ്പര്യങ്ങളുടെ അടിമയായി ഉക്രൈന്‍ ഭരണകൂടം മാറും. അമേരിക്കന്‍ പിന്തുണയോടെ ഉക്രൈന്‍ പ്രസിന്റായ സെലന്‍സ്‌കി നാറ്റോയുടെ സൈനിക അജണ്ടയാണ് പ്രാവര്‍ത്തികമാക്കുന്നത്. റഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയത് 2022 ആണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നത് തെറ്റാണ്. വര്‍ണ്ണ വിപ്ലവത്തിലൂടെ സര്‍ക്കാരിനെ താഴെ ഇറക്കുകയും ഹിതപരിശോധനയിലൂടെ റഷ്യ, ക്രിമിയ പിടിച്ചടക്കുകയും ചെയ്ത് 2014 മുതല്‍ ശത്രുത ആരംഭിച്ചിരുന്നു.
മൗലികമായ അധികാരമാറ്റം
ഭാരതത്തിലേക്ക് വരുമ്പോള്‍ ചിത്രം പലതുകൊണ്ടും വ്യത്യസ്തമാണെങ്കിലുംപാടെ വിരുദ്ധമല്ല. ഭാരതം വൈവിധ്യങ്ങളുടെ നാടാണല്ലോ. സാമൂഹ്യവും രാഷ്ട്രീയവുമായ ഒരുപാട് ഭിന്നതകളുള്ള ഭാരതത്തില്‍ നൂറുകണക്കിന് കുഴപ്പം പിടിച്ച ഇടങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട അതിക്രൂരവും രക്തപങ്കിലവുമായ സാമ്രാജ്യത്വത്തെ അതിജീവിച്ചവരാണ് ഭാരതീയര്‍. നൂറ്റാണ്ടുകളുടെ ചൂഷണത്തിനും മസ്തിഷ്‌ക പ്രക്ഷാളനത്തിനും വിധേയമായിട്ടും പിന്നെയും ഭാരതം ഒരു രാഷ്ട്രമായി നിലനില്‍ക്കുകയാണ്. എന്നാല്‍ വൈദേശിക ശക്തികള്‍ക്ക് സ്വന്തം ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന അവസ്ഥ ഇപ്പോഴുമുണ്ട്. ഭാരതത്തെ സ്വന്തം വരുതിയില്‍ കൊണ്ടുവരാനുള്ള സ്വാധീനവും വൈദേശിക ശക്തികള്‍ക്കുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെയും നരേന്ദ്രമോദിയുടെയും 2014 ലെ തിരഞ്ഞെടുപ്പ് വിജയം നിര്‍ണായകമായത്. ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാത്രമല്ല, മേഖലയുടെ ഭൗമരാഷ്ട്രീയ ബലതന്ത്രത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന മാറ്റമായിരുന്നു ഇത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും നെഹ്‌റു കുടുംബക്കാരുടെയും പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് വൈദേശിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ദേശീയതയിലൂന്നിയ ഒരു രാഷ്ട്രീയ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരികയായിരുന്നു. ഭരണസ്ഥിരതയ്ക്കു വേണ്ടി സഖ്യകക്ഷികളെ ആശ്രയിക്കേണ്ടിവന്ന വാജ്‌പേയി സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായിരുന്നു മോദി സര്‍ക്കാര്‍.
കോണ്‍ഗ്രസ് അടിസ്ഥാനപരമായി ഒരു വംശീയ പാര്‍ട്ടിയാണ്. നെഹ്‌റു കുടുംബത്തിലുള്ളവര്‍ അധികാരത്തില്‍ വരാനാണ് ഈ പാര്‍ട്ടി എപ്പോഴും ആഗ്രഹിക്കുന്നത്. നെഹ്‌റു കുടുംബം ഭാരതത്തിനുമേല്‍ പതിറ്റാണ്ടുകളോളം വംശീയാധിപത്യം അടിച്ചേല്‍പ്പിക്കുകയായിരുന്നു. 2014ലെ അധികാരമാറ്റത്തെ ജനാധിപത്യപരമായല്ല കോണ്‍ഗ്രസ് കണ്ടത്. സോണിയയുടെ റബ്ബര്‍ സ്റ്റാമ്പായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണത്തിനുശേഷം നെഹ്‌റു കുടുംബത്തിലെ പിന്‍മുറക്കാരനായ രാഹുലിന്റെ കൈകളിലേക്ക് അധികാരം സ്വാഭാവികമായി വന്നുചേരുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. ഇങ്ങനെ സംഭവിക്കാതിരുന്നതില്‍ നെഹ്‌റു കുടുംബവും കോണ്‍ഗ്രസും മാത്രമല്ല അസ്വസ്ഥരായത്. ഭാരതത്തിന്റെ കാര്യത്തില്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ള വിദേശരാജ്യങ്ങളുമായിരുന്നു.