ജൂലായ് 21 ശ്രീഗുരുപൂജ
ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്‌കാരം ഭാരതത്തിന്റേതാണെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. ചരിത്ര പുസ്തകങ്ങളില്‍ നാം പഠിച്ചിരുന്ന പല നാഗരികതകളും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. മഹത്തായ ഭാരതീയ സംസ്‌കാരം ചൈതന്യവത്തായി ഇന്നും നിലനില്‍ക്കുന്നതിന്റെ മുഖ്യകാരണം ഈ പുണ്യഭൂമിയില്‍ അവതീര്‍ണ്ണരാകുന്ന ഋഷിപരമ്പരയാണ്. ഗുരുസങ്കല്പം ഭാരതം ലോകത്തിന് നല്‍കിയ അനന്യവും സവിശേഷവുമായ സംഭാവനയാണ്. ഭാരതീയ കാലഗണനയനുസരിച്ച് ആഷാഢമാസത്തിലെ പൗര്‍ണ്ണമി (ഗുരുപൂര്‍ണ്ണിമ) ഗുരുപരമ്പരയെ സ്മരിക്കാനും ഗുരുവിനെ യഥോചിതം പൂജിച്ച് ദക്ഷിണ സമര്‍പ്പിച്ച് കൃതാര്‍ത്ഥരാവാനുമുള്ള സുദിനമാണ്. ‘ഒന്നൊഴിയാതെ ഗുണങ്ങള്‍ നരന്മാര്‍ക്ക്, വന്നു കൂടുന്നു ഗുരുപ്രസാദത്തിനാല്‍’ എന്നാണ് ഗുരുവിന്റെ അനുഗ്രഹാശിസ്സുകളെപ്പറ്റി അധ്യാത്മരാമായണത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ വിവരിക്കുന്നത്.
ഭാസില്‍ (ഭാസ് = ജ്ഞാനം, പ്രകാശം) രതിയുള്ളവര്‍ വസിക്കുന്ന രാഷ്ട്രമാണ് ഭാരതം. ജ്ഞാനാര്‍ജ്ജനകുതുകികള്‍ വസിക്കുന്ന നാട് എന്നര്‍ത്ഥം. ആരണ്യാന്തരങ്ങളിലും ഗിരിഗഹ്വരങ്ങളിലും ഏകാന്തധ്യാനത്തിലേര്‍പ്പെട്ട ഗുരു പരമ്പരയാണ് ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ജ്ഞാനത്തിന്റെ സ്രോതസ്സ്. അതുകൊണ്ടാണ് ഭാരതത്തിന്റെ ആത്മചൈതന്യത്തെ ആവാഹിച്ചെടുത്ത മഹാകവി വള്ളത്തോള്‍ ‘ഭാരതവര്‍ഷത്തിലെ പൂര്‍വ്വരാം ഋഷീന്ദ്രന്മാര്‍, പാരിനുള്ളടിത്തട്ട് പാര്‍ത്തുകണ്ടറിഞ്ഞവര്‍’ എന്ന് നിസ്സംശയം പ്രഖ്യാപിച്ചത്.
ഭാരതത്തിന്റെ ഗുരുപരമ്പര
ചതുര്‍യുഗങ്ങളില്‍ ദേശകാലാതീതരായി പ്രാദുര്‍ഭവിച്ച ഗുരുപരമ്പരയില്‍ വേദവ്യാസന്‍ നെടുനായകനായി പ്രശോഭിക്കുന്നു. അദ്ദേഹത്തിന്റെ ജയന്തിയായ ആഷാഢപൗര്‍ണ്ണമി ഗുരുപൂജാദിനമായി (വ്യാസ പൂര്‍ണിമ) ആചരിക്കുന്നു. കൃഷ്ണദ്വൈപായനായ വ്യാസന്‍ സാക്ഷാല്‍ നാരായണനെന്നറിയുക എന്നാണ് വിഷ്ണുപുരാണത്തില്‍ പ്രതിപാദിക്കുന്നത്. വിഷ്ണുസഹസ്രനാമത്തിലെ 550-ാമത്തെ കൃഷ്ണനാമം കൃഷ്ണദ്വൈപായനനായ വ്യാസന്‍ തന്നെയാണെന്ന് ശങ്കരഭഗവദ്പാദരും സമര്‍ത്ഥിക്കുന്നുണ്ട്.
ഋഗ്വേദാദി വേദങ്ങളെ നാലായി വിന്യസിച്ച വ്യാസന്‍ മഹാഭാരതമെന്ന ഇതിഹാസത്തിന്റെ കര്‍ത്താവെന്ന നിലയില്‍ പ്രപഞ്ചത്തിന്റെ സ്വഭാവവിശേഷങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്തു. അഷ്ടാദശപുരാണങ്ങളും അര്‍ത്ഥകാമങ്ങള്‍ അന്വേഷിക്കുന്ന ത്വരയില്‍ ധര്‍മ്മം ഉപേക്ഷിക്കരുതെന്ന ആഹ്വാനവുമായി, കര്‍മ്മഭക്തിജ്ഞാനവൈരാഗ്യങ്ങളെ ഈശ്വരാവതാരപ്രകീര്‍ത്തനങ്ങളില്‍ കൂടി ഈ യുഗത്തിനനുസൃതമായി അവതരിപ്പിക്കുന്ന മഹാഭാഗവതവും വ്യാസവിരചിതമാണ്. ആഷാഢപൗര്‍ണമി നാളില്‍ വിരചിതമായ വേദാന്തദര്‍ശനമായ ബ്രഹ്‌മസൂത്രവും വ്യാസന്റേതായിട്ടുണ്ട്. സത്യധര്‍മ്മാധിഷ്ഠിതമായ വേദവ്യാസവാങ്ങ്മയങ്ങള്‍ ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ്. ത്രികാലജ്ഞാനിയും ത്രിലോകജ്ഞാനിയുമായ വ്യാസന്റെ ജന്മദിനം കൂടിയാണ് ഗുരുപൂജാദിനമായ ആഷാഢപൗര്‍ണ്ണമി.
ഭാരതത്തിലെ ആദ്ധ്യാത്മിക ഗുരുഭൂതന്മാരുടെ പരമ്പരാക്രമം ഇങ്ങിനെയാണ്.
‘നാരായണം പദ്മഭുവം വസിഷ്ഠം
ശക്തിംച തത് പുത്ര പരാശരംച
വ്യാസം ശുകം ഗൗഡപദം മഹാന്തം
ഗോവിന്ദ യോഗീന്ദ്രമഥാസ്യ ശിഷ്യം
ശ്രീശങ്കരാചാര്യമഥാസ്യ പത്മ –
പാദംച ഹസ്താമലകംച ശിഷ്യം
തം തോടകം വാര്‍ത്തികകാരമന്യാ-
നസ്മല്‍ ഗുരൂന്‍ സന്തതമാനതോസ്മി’.
ഗുരുപരമ്പര ആരംഭിക്കുന്നത് അവതാരസ്വരൂപനായ സാക്ഷാല്‍ നാരായണ മഹര്‍ഷിയില്‍ നിന്നാണ്. അദ്ദേഹ ത്തില്‍നിന്ന് ബ്രഹ്‌മദേവനും തുടര്‍ന്ന് വസിഷ്ഠ മഹര്‍ഷിയും ശക്തിമഹര്‍ഷിയും, പരാശരമഹര്‍ഷിയും വ്യാസ മഹര്‍ഷിയും ശുകബ്രഹ്‌മര്‍ഷിയും ഗൗഡപാദാചാര്യരും, ഗോവിന്ദാചാര്യരും ശങ്കരാചാര്യരും ബ്രഹ്‌മവിദ്യയെ ഗ്രഹി ച്ചു. ശങ്കരാചാര്യര്‍ക്കാകട്ടെ പദ്മപാദാചാര്യര്‍, ഹസ്താമലകാചാര്യര്‍, തോടകാചാര്യര്‍, സുരേശ്വരാചാര്യര്‍ എന്നി ങ്ങനെ പ്രസിദ്ധരായ നാല് ശിഷ്യന്മാരുണ്ടായിരുന്നു. അവര്‍ ഭാരതത്തിന്റെ നാലറ്റത്ത് മഠങ്ങള്‍ സ്ഥാപിച്ച് ശിഷ്യപ്രശിഷ്യപരമ്പരകളിലേക്ക് സനാതനധര്‍മ്മത്തിന്റെ അമൃതമാകുന്ന വിദ്യയെ പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ശ്രീബുദ്ധനും മഹാവീരനും സിഖ് ഗുരുക്കന്മാരും രാമകൃഷ്ണവിവേകാനന്ദന്മാരും മഹായോഗി അരവിന്ദനും ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും ഒക്കെ ഉള്‍പ്പെടുന്ന ആധ്യാത്മികതയിലധിഷ്ഠിതമായ എണ്ണിയാലൊടുങ്ങാത്ത ഗുരുപരമ്പരയുടെ ചിരന്തനപ്രവാഹം അനര്‍ഗളമായി തുടരുകയാണ്.
ഗുരുപരമ്പരയും ഭാരതീയ വിദ്യാഭ്യാസദര്‍ശനവും
സമകാലീനമായ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം ഉദരപൂരണത്തിനുള്ള ജോലി സമ്പാദിക്കുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അധ്യാപനം എന്നത് ധനസമ്പാദത്തിനുള്ള തൊഴിലും. ഗുരുപരമ്പര മുന്നില്‍ വെച്ച വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയാലേ ഗുരുസങ്കല്പത്തെ മനസ്സിലാക്കാന്‍ കഴിയൂ. ഭാരതത്തില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്തെന്നു ലളിതമായ ഭാഷയില്‍ സ്വാമി വിവേകാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന ദിവ്യത്വത്തിന്റെ, പൂര്‍ണ്ണതയുടെ ആവിഷ്‌ക്കാരമാണ് വിദ്യാഭ്യാസമെന്ന് സ്വാമിജി അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. അനന്തമായ ജ്ഞാനഭണ്ഡാരമാണ് മനുഷ്യന്റെ ആത്മാവ്. അതിന്മേലുള്ള ആവരണം നീക്കി അതിനെ തിരിച്ചറിയലാണ് ‘പഠിക്കുന്നു’ എന്ന് പറയുന്നതിന്റെ സാരം. ഗുരു എന്ന വാക്കിന് അന്ധകാരത്തെ നിരോധിക്കുന്നവന്‍ എന്നാണര്‍ത്ഥം. ജ്ഞാനസൂര്യന്റെ പ്രകാശം ശിഷ്യന്റെ പ്രജ്ഞയിലേക്ക് സംക്രമിപ്പിക്കുന്നവനാണ് ഗുരു. ഭാരതീയ വിദ്യാഭ്യാസദര്‍ശനം വ്യക്തമാക്കുന്ന ഗുരുവന്ദനം പ്രസിദ്ധമാണ്.
അഖണ്ഡമണ്ഡലാകാരം
വ്യാപ്തം യേനചരാചരം
തത്പദം ദര്‍ശിതം യേന
തസ്‌മൈ ശ്രീ ഗുരവേ നമഃ
അഖണ്ഡമണ്ഡലാകാരത്തില്‍ വര്‍ത്തിക്കുന്ന ഈ സമ്പൂര്‍ണ്ണ സൃഷ്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മതത്വം ഒന്നാണ്. ഈ പൂര്‍ണ്ണതയുടെ ദര്‍ശനത്തിലേക്ക് ശിഷ്യനെ വഴികാട്ടുന്ന വ്യക്തിയാണ് ഗുരു. ബാഹ്യമായി കാണുന്ന പ്രാപഞ്ചികപ്രതിഭാസങ്ങള്‍ ആപേക്ഷികങ്ങളും ക്ഷണികവുമാണ്. അവ ശാശ്വതസത്യമല്ല. ഈ ആത്യന്തിക സത്യത്തിന്റെ തിരിച്ചറിവ് മനുഷ്യനെ സങ്കുചിതവിചാരങ്ങളില്‍നിന്ന് സ്വതന്ത്രനാക്കും. ഭയത്തില്‍നിന്ന് മോചിപ്പിച്ച് നിര്‍ഭയനാക്കും. വിദ്വേഷത്തില്‍നിന്നും ക്രൂരതയില്‍നിന്നും അകറ്റി അവനെ പരിരക്ഷിക്കും. സൃഷ്ടിയിലെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും ഉള്‍ക്കൊള്ളാനുള്ള ആര്‍ജ്ജവം ശിഷ്യനില്‍ സൃഷ്ടിക്കപ്പെടും. കേവലം ഭൗതിക ലക്ഷ്യങ്ങള്‍മാത്രം മുന്നില്‍ വെക്കുന്ന വിദ്യാഭ്യാസത്തിന് സൃഷ്ടിപരമായ വൈവിധ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും ഉള്‍ക്കൊള്ളാനുള്ള ആശയപരമായ ആഴമോ മനോഭാവമോ ഉണ്ടാകില്ല. എന്നാല്‍ ഭാരതീയ ജീവിതദര്‍ശനം സൃഷ്ടിയിലെ സകല ചരാചരങ്ങളിലും തന്റെ തന്നെ ആത്മതത്വമാണ് കുടികൊള്ളുന്നത് എന്ന സമഗ്രമായ ഉള്‍ക്കാഴ്ച നല്‍കുന്നു. സൃഷ്ടിയിലെ ഏറ്റവും ഉന്നതനായ നരനെ നാരായണനാക്കുന്ന വിദ്യാഭ്യാസദര്‍ശനമാണിത്.
സംഘത്തിന്റെ ഗുരു
രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതത്തിലെ ഗുരുപരമ്പരയിലെ ഏതെങ്കിലും ഒരു വ്യക്തിയെ ഗുരുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചില്ല. ഒരു കുറ്റവും കുറവുമില്ലാതെ ഒരു വ്യക്തിക്ക് പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയുകയെന്നത് പ്രതീക്ഷിക്കാന്‍ പ്രയാസമാണ്. മാത്രമല്ല വ്യക്തി ക്ഷണികനാണ്. അനാദിയായ ഭാരതരാഷ്ട്രത്തിന് ശാശ്വതമായി മാര്‍ഗദര്‍ശനം നല്‍കാന്‍ നശ്വരനായ ഒരു വ്യക്തിക്ക് സാധ്യമല്ല. അതുകൊണ്ടാണ് ക്രാന്തദര്‍ശിയായ സംഘസ്ഥാപകന്‍ ഈ രാഷ്ട്രത്തിന്റെ ചിരപുരാതനമായ സംസ്‌കാരത്തിന്റെയും യുഗങ്ങളായുള്ള പൈതൃകത്തിന്റെയും ഋഷിപരമ്പര മുന്നില്‍വെച്ച വിദ്യഭ്യാസ മൂല്യങ്ങളുടേയും പ്രതീകമായ ഭഗവധ്വജത്തെ ഗുരുവായി നമ്മുടെ മുന്നില്‍ പ്രതിഷ്ഠിച്ചത്. വ്യക്തി എത്ര സമുന്നതനായാലും അപൂര്‍ണ്ണനും അനിത്യനുമാണ്. അനശ്വരമായിട്ടുള്ളത് ആദര്‍ശമാണ്. പരമ പവിത്ര ഭഗവധ്വജത്തിന്റെ ദര്‍ശനമാത്രയില്‍ത്തന്നെ നമ്മുടെ മാതൃഭൂമിയുടെ സമ്പൂര്‍ണ്ണ ചരിത്രവും ശ്രേഷ്ഠമായ സംസ്‌കാരവും മഹത്തായ പാരമ്പര്യവും എല്ലാം നമ്മുടെ മനക്കണ്ണുകളില്‍ തെളിയുന്നു. അനാദിയായ ഈ സനാതന രാഷ്ട്രത്തിന് ശാശ്വതമായി മാര്‍ഗദര്‍ശനം നല്‍കാന്‍ ഈ നാടിന്റെ ആദര്‍ശത്തിന്റെ പ്രതീകമായ ഭഗവപതാകയ്ക്ക് കഴിയും.
ഭഗവ- രാഷ്ട്ര ആദര്‍ശത്തിന്റെ പ്രതീകം
സഹസ്രാബ്ദങ്ങളായി ഭാരതം പിന്തുടരുന്ന മഹത്തായ ആദര്‍ശങ്ങളുടെ പ്രതീകമാണ് ഭഗവ. ത്യാഗവും സേവനവുമാണ് (ഞലിൗിരശമശേീി മിറ ടലൃ്ശരല) ഭാരതത്തിന്റെ ദേശീയ ആദര്‍ശങ്ങളെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ഭോഗവും രാഗവുമല്ല നമ്മുടെ മാതൃക. ഉപഭോഗസംസ്‌കാരത്തിന്റെ സ്വാര്‍ത്ഥതയല്ല മറിച്ച് ഇതെന്റേതല്ല (ഇദം ന മമ) എന്ന നിസ്വാര്‍ത്ഥതയുടെയും പാരസ്പര്യത്തിന്റെയും അടിത്തറയിലാണ് നമ്മുടെ സംസ്‌കാരം പടുത്തുയര്‍ത്തിയത്. ധ്വജത്തിന്റെ കാവി വര്‍ണ്ണം പ്രതിനിധീകരിക്കുന്നത് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ്. യജ്ഞകുണ്ഡത്തില്‍ നിന്നുള്ള യാഗാഗ്‌നിജിഹ്വകളുടെ ആകൃതിയാണ് ധ്വജത്തിന്റേത്. യജ്ഞമെന്നത് നമ്മുടെ പാരമ്പര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അര്‍ത്ഥ കാമങ്ങള്‍ നേടുക എന്നത് ജീവിതത്തിന്റെ പരമലക്ഷ്യമായി നാം കാണുന്നില്ല. ധര്‍മ്മത്തിലടിയുറച്ചു നിന്നുകൊണ്ട് അര്‍ത്ഥ കാമങ്ങള്‍ അനുഭവിച്ച് മോക്ഷമെന്ന പരമമായ ലക്ഷ്യപ്രാപ്തിക്കായുള്ള ജീവിതമാണ് യജ്ഞം. യജ്ഞത്തിന് അനേകം അര്‍ത്ഥതലങ്ങളുണ്ട്. വ്യക്തിയെ സംബന്ധിച്ച് അവനില്‍ അന്തര്‍ലീനമായിരിക്കുന്ന അനഭിലഷണീയമായതും അപവിത്രമായതുമെല്ലാം, ഗുണങ്ങളുടെ അഗ്‌നിയില്‍ അര്‍പ്പിക്കുന്നതും യജ്ഞമാണ്. ആത്മാര്‍പ്പണത്തിന്റേയും സേവനത്തിന്റെയും ത്യാഗത്തിന്റേയും ബലിദാനത്തിന്റെയും പന്ഥാവിലൂടെ ഈ രാഷ്ട്രത്തിനുവേണ്ടി ജീവിച്ച മഹാത്മാക്കളായ പൂര്‍വികരുടെ ജീവിത സന്ദേശവും ഭഗവ ഉയര്‍ത്തിക്കാട്ടുന്നു. ഭഗവാന്റെ ആറ് ഗുണങ്ങളെ കുറിച്ച് വിഷ്ണു പുരാണത്തില്‍ പറയുന്നുണ്ട്.
ഐശ്വര്യസ്യ സമഗ്രസ്യ
വീര്യസ്യ യശസ: ശ്രീയ:
ജ ്ഞാനവൈരാഗ്യയോശ്ചൈവ
ഷണ്ണാം ഭഗ ഇദീരണാ.
ഭഗവാന്റെ പ്രതീകമായ ഭഗവയും ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ,ജ്ഞാനം വൈരാഗ്യം എന്നീ ആറു ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.
ശരിയായ ഗുരുപൂജ
ഈ പുണ്യഭൂമിയില്‍ യുഗങ്ങളായി ആവിഷ്‌ക്കരിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന തത്വങ്ങളുടെയും ആചരണങ്ങളുടെയും പ്രതീകമായ ഭഗവധ്വജത്തെ പൂജിക്കുമ്പോള്‍ എന്തൊരു ഭാവമാണ് നാം സ്വീകരിക്കേണ്ടതെന്ന് പൂജനീയ ഗുരുജി വ്യക്തമാക്കുന്നുണ്ട്. പുഷ്പവും ചന്ദനവും ദീപാരാധനയും മറ്റു സമര്‍പ്പിക്കുന്നത് ബാഹ്യചടങ്ങുകള്‍ മാത്രമേ ആകുന്നുള്ളു. ഗുരു പ്രതിനിധാനം ചെയ്യുന്ന ഉദാത്തമായ ഗുണങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിലാണ് പൂജയുടെ അന്തരാര്‍ത്ഥമുള്ളത്. അതിനാല്‍ ഗുരുവുമായി താദാത്മ്യം പ്രാപിക്കുന്നതു തന്നെയാണ് ശരിയായ പൂജ. ശിവനെ ആരാധിക്കുന്നവര്‍ ശിവനായി തീരുകയാണ് വേണ്ടത് എന്നാണ് പ്രമാണം (ശിവോ ഭൂത്വാ ശിവം യജേത്).
ഗുരുദക്ഷിണ നല്‍കുന്ന സന്ദേശം
സ്വയംസേവകരില്‍ ഗുരുവിനോടുള്ള ഭക്തിഭാവത്തിന്റെയും സമര്‍പ്പണത്തിന്റേയും സംസ്‌കാരം വളര്‍ത്താനായി ഭഗവധ്വജത്തിന്റെ മുമ്പില്‍ ദക്ഷിണ അര്‍പ്പിച്ചുകൊണ്ട് ഗുരുപൂജ ചെയ്യുന്ന പദ്ധതി 1928 ലാണ് പൂജനീയ ഡോക്ടര്‍ജി ആരംഭിച്ചത്.
സാമ്പത്തിക ഭാരമില്ലാതെ, സംഭാവന ചെയ്യുന്നു എന്ന അഹങ്കാരമില്ലാതെ രാഷ്ട്രകാര്യത്തിനായി പ്രവര്‍ത്തിക്കുന്ന, എന്റെ സംഘടനയ്ക്ക് സമര്‍പ്പണം ചെയ്യുന്നു എന്ന ഭാവം സ്വയംസേവകരില്‍ വളര്‍ത്താന്‍ ഇതിലൂടെ സാധിച്ചു. സംഘടനയെ സ്വാവലംബിയാക്കുമ്പോള്‍ പോലും രാഷ്ട്രത്തിന്റെ സംസ്‌കാരം, നമ്മുടെ പാരമ്പര്യം, വ്യക്തികളുടെ സ്വഭാവവും അനന്യമായ കഴിവും, സംഘടനയുടെ ആവശ്യകത എന്നിവ സംബന്ധിച്ച് എത്ര മാത്രം ആഴത്തിലും സൂക്ഷ്മതയിലും ചിന്തിച്ചാണ് ഈ പദ്ധതി സംഘസ്ഥാപകന്‍ തയ്യാറാക്കിയത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഗുരുപൂജാ ദിനത്തില്‍ ധനത്തിന്റെ രൂപത്തില്‍ ചെയ്യുന്ന സമര്‍പ്പണം നാം ജീവിതത്തില്‍ നേടുന്ന സമ്പാദ്യങ്ങള്‍ ചുറ്റുപാടുമുള്ള സമാജത്തിന്റെ സഹകരണം കൊണ്ട് കൂടിയാണ് സാധ്യമായതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. സാമ്പത്തികമായ വരുമാനം മാത്രമല്ല നമ്മുടെ ഭദ്രതയും സൗഭാഗ്യങ്ങളുമെല്ലാം സമാജം നമുക്ക് തന്നതാണ്. അതിനാല്‍ സാധിക്കുന്നതിന്റെ പരമാവധി സാമൂഹ്യകടം വീട്ടേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ശരീരവും ബുദ്ധിയും മനസ്സും അര്‍പ്പിച്ചുകൊണ്ട് നിത്യേന ശാഖയ്ക്കായി നല്‍കുന്ന ഒരു മണിക്കൂര്‍ സാമൂഹ്യകര്‍ത്തവ്യം നിറവേറ്റലിന്റെ ആദ്യപടിയാണ്. സംഘത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന സമര്‍പ്പണഭാവത്തിന്റെ വികസിതരൂപമാണ് ഗുരുദക്ഷിണ. നൂറ് കൈകള്‍ കൊണ്ട് സമ്പാദിച്ചു ആയിരം കൈകള്‍ കൊണ്ട് വിതരണം ചെയ്യുക എന്ന നമ്മുടെ സംസ്‌കാരത്തിന്റെ കാഴ്ചപ്പാടാണ് ഗുരുദക്ഷിണയിലൂടെ പ്രതിഫലിക്കുന്നത്. സമ്പത്ത് സമാജത്തിന്റേതാണെന്നും അതില്‍ നിന്ന് അനിവാര്യമായത് മാത്രം സ്വീകരിച്ച് ബാക്കി സമാജത്തിന് തിരിച്ചു നല്‍കാനുള്ളതാണ് എന്ന പ്രേരണയാണ് ഇതിലൂടെ ഓരോ സ്വയംസേവകനും ലഭിക്കുന്നത്.
നമ്മുടെ കര്‍ത്തവ്യം
രാഷ്ട്രജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ നാടിന്റെ തനിമയെ ആവിഷ്‌ക്കരിക്കുക എന്നതാണ് അമൃത കാലത്തില്‍ നമുക്ക് നിര്‍വ്വഹിക്കാനുള്ള കര്‍ത്തവ്യം. തനിമയെന്നാല്‍ ആത്മാംശം എന്നാണര്‍ത്ഥം. അതിന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ രാഷ്ട്രാത്മാവിനെ തിരിച്ചറിയുന്ന വിദ്യാഭ്യാസമാണ് ആവശ്യം.
ഭാരതത്തില്‍ വിദ്യാഭ്യാസം കേവലം പരീക്ഷാ കേന്ദ്രീകൃതമായ ഒരു പരിശീലനപരിപാടി മാത്രമായിരുന്നില്ല, മറിച്ച് ഒരു ആദര്‍ശരാഷ്ട്ര നിര്‍മ്മാണത്തിനുവേണ്ടി ഭാവിതലമുറയ്ക്ക് ഒരു ഉല്‍കൃഷ്ടമായ ജീവിതം കെട്ടിപ്പടുക്കാനുള്ള നിരന്തര പ്രക്രിയ ആയിരുന്നു അത്. സാംസ്‌കാരികവും, ആദ്ധ്യാത്മികവും നൈതികവുമായ മൂല്യചിന്തകളാല്‍ വിദ്യാര്‍ത്ഥികളെ സമൂഹവുമായും രാഷ്ട്രത്തിന്റെ സംസ്‌കാരവുമായും ലോകസാഹചര്യങ്ങളുമായും ഇഴപിരിയാതെ കൂട്ടിച്ചേര്‍ക്കാനുള്ള പാഠനപദ്ധതിയായിരുന്നു ഇവിടെ സഹസ്രാബ്ദങ്ങളായി ആവിഷ്‌ക്കരിച്ചിരുന്നത്.
എന്നാല്‍ യുഗങ്ങളായി നീണ്ടുനില്‍ക്കുന്ന ഭാരതീയ സംസ്‌കൃതിക്ക് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് ബ്രിട്ടീഷ് അധിനിവേശശക്തികള്‍ ഇവിടെ അനര്‍ഗളമായി പ്രവഹിച്ചിരുന്ന വിദ്യാഭ്യാസപ്രവാഹത്തെ വറ്റിച്ചുകളഞ്ഞു. തങ്ങളുടെ മതപരവും സാമ്രാജ്യത്വപരവുമായ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ബ്രിട്ടീഷുകാര്‍ നടപ്പില്‍ വരുത്തിയ വിദ്യാഭ്യാസസമ്പ്രദായം ഒരു വന്‍ഗൂഢാലോചനയുടെ പരിണത ഫലമായിരുന്നു. ഭാരതത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ മെക്കാളെ 1835 ഫെബ്രുവരി 2ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗം ശ്രദ്ധേയമാണ്. സാമ്പത്തികമായും ഉന്നത നൈതികമൂല്യങ്ങളാലും പ്രതിഭാധനരായ വ്യക്തികള്‍ പുലരുന്ന ഭാരതത്തെ ജയിക്കാന്‍ നമുക്ക് ആവുമെന്നു തോന്നുന്നില്ല എന്നാണ് ആമുഖമായി അദ്ദേഹം സൂചിപ്പിച്ചത്. തുടര്‍ന്ന് ആ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു- ‘ആ ദേശത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന അതിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ പൈതൃകത്തെ തകര്‍ത്താല്‍ മാത്രമേ നമുക്ക് ആ രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ കഴിയൂ’. ഈ ലക്ഷ്യം മുന്നില്‍ വെച്ച് ഭാരതീയ വിദ്യാഭ്യാസ പദ്ധതി തകര്‍ക്കാന്‍ ബഹുമുഖങ്ങളായ ഗൂഢപദ്ധതികളാണ് ബ്രിട്ടീഷുകാര്‍ ഇവിടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.
ഭാരതീയ വിദ്യാഭ്യാസത്തിലെ പാശ്ചാത്യ ആധിപത്യം കനത്ത പ്രത്യാഘാതങ്ങളാണ് ഭാരതീയ സമൂഹത്തില്‍ സൃഷ്ടിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയതോടെ ഇവിടത്തെ ഭാഷാപണ്ഡിതന്മാര്‍ പോലും നിരക്ഷരരായി. ജോലി ലഭിക്കാന്‍ ഇംഗ്ലീഷ് നിര്‍ബന്ധമായപ്പോള്‍ ഭാരതീയ ഭാഷകള്‍ അന്യവല്‍ക്കരിക്കപ്പെട്ടു. ഈ നാടിന്റെ അമൃതമൊഴിയായ സംസ്‌കൃതം മൃതഭാഷയെന്ന് പ്രചരിക്കപ്പെട്ടു. നമ്മുടെ സാംസ്‌കാരികമായ കലകള്‍, ഉത്സവങ്ങള്‍ പാരമ്പര്യങ്ങള്‍ തുടങ്ങി എല്ലാറ്റിനും മങ്ങലേറ്റു. അതിനായി അവര്‍ പുതിയ ടിപ്പണികള്‍ കുറിച്ചു. ഭാരതത്തിന്റെ പരാജയത്തിന്റെയും അടിമത്തത്തിന്റെയും ചരിത്രം പഠിപ്പിച്ചു. ആര്യ-ദ്രാവിഡമെന്ന വിഭജനത്തിന്റെ വിഷവിത്ത് സമാജത്തിന്റെ ഉപബോധമനസ്സില്‍ വിതയ്ക്കാന്‍ അവര്‍ക്ക് സാധിച്ചു. നമ്മുടെ പവിത്രമായ മാതൃഭൂമിയോടുള്ള ഭക്തിഭാവത്തിന് കളങ്കമേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരവും നമ്മുടെ ഭരണാധികാരികള്‍ ബ്രിട്ടീഷുകാരന്റെ ഗൂഢപദ്ധതിയുടെ വിപത്ത് തിരിച്ചറിഞ്ഞില്ല എന്നതാണ് ഭാരതം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.
സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടുകള്‍ക്കു ശേഷമാണെങ്കിലും ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്ന ദേശീയ വിദ്യാഭ്യാസ നയം (ചഋജ 2020) അവതരിപ്പിക്കാനും അത് നടപ്പിലാക്കാനുള്ള പരിശ്രമവും നടക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനം പുതിയ നയത്തിന്റെ ആശയവും ആത്മാവും ഉള്‍ക്കൊണ്ട് നടപ്പിലാക്കുന്നതില്‍ വിമുഖത കാട്ടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തില്‍ അന്ധമായ ആഗോളവല്‍ക്കരണത്തിന്റേയും അനാരോഗ്യകരമായ ഉപഭോഗസംസ്‌കാരത്തിന്റെയും ആധുനിക വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ തെറ്റായ പ്രചരണത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഭാവി തലമുറയെ ശരിയായ ദിശയിലേയ്ക്ക് നയിക്കേണ്ട ചരിത്രപരമായ ദൗത്യമാണ് ഗുരുപൂജ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സംഘഗുരുവായ പരമപവിത്രഭഗവധ്വജം പ്രതിനിധാനം ചെയ്യുന്ന ത്യാഗത്തിന്റെയും സേവനത്തിന്റേയും പാരസ്പര്യത്തിന്റെയും മൂല്യങ്ങള്‍ സ്വജീവിതത്തില്‍ മാതൃകാപരമായി ആചരിക്കുകയും സമാജത്തിലേയ്ക്ക് സംക്രമിപ്പിക്കുകയും ചെയ്യുക എന്ന ചരിത്രപരമായ കര്‍ത്തവ്യമാണ് ഗുരുപൂജാവേളയില്‍ ഓരോ സ്വയംസേവകനും നിര്‍വ്വഹിക്കാനുള്ളത്.
(ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത പ്രചാര്‍ പ്രമുഖാണ് ലേഖകന്‍)