സെമിറ്റിക് മതങ്ങള്‍ മൂന്ന് വിഭാഗങ്ങളായി ചിതറികിടക്കുന്നു. ഒരു കോടി ഇരുപത് ലക്ഷം അനുയായികള്‍ ഉള്ള ജൂത മതം (Jews) പ്രവാചകനായ മോസസ് (Moses) തങ്ങളുടെ അവസാനത്തെ പ്രവാചകനാണ് എന്ന് വിശ്വസിക്കുന്നു. മോസസിന് ദൈവത്തില്‍ നിന്ന് കിട്ടിയ വെളിപാടുകള്‍ (revelations) പത്ത് കല്‍പ്പനകള്‍ എന്നറിയപ്പെടുന്നു. മോസസ് ഈജിപ്റ്റിന്റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലി വിഭാഗക്കാരെ രക്ഷിച്ചു എന്ന വിശ്വാസം ജൂതവിഭാഗത്തില്‍ പ്രബലമാണ്. ചെങ്കടല്‍ (Red Sea) രണ്ടായി പിളര്‍ന്നത് മൂസാ നബിയുടെ അത്ഭുതമായി (Miracle) ജൂത മതവിശ്വാസികള്‍ കരുതുന്നു. മോസസിനെ കുറിച്ച് ബൈബിളിലും ഖുറാനിലും പലതവണ പരാമര്‍ശിക്കപ്പെടുന്നു. മുഹമ്മദ് നബി നടത്തിയ മിത്തിക്കലായ ആകാശയാത്രയില്‍ സാങ്കല്‍പികമായ ഏഴാനാകാശത്തില്‍ എത്തുന്നതിന് മുന്‍പ് അദ്ദേഹം മോസസിനെ (മൂസ്സ) കണ്ടതിന് ശേഷമാണ് ദൈവത്തെ കണ്ടത് എന്നാണ് ഇസ്‌ലാം മത വിശ്വാസം.
ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തില്‍ 270 കോടിയോളം ആളുകളുണ്ട്. പക്ഷേ ഇതില്‍ 15 കോടിയോളം നിരീശ്വര ചിന്തയുള്ളവരുണ്ട് (Atheists). ലോകത്തില്‍ ഏതാണ്ട് ചെറുതും വലുതുമായ നൂറില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ക്രിസ്തുമതത്തിന് സ്വാധീനമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെക്ടുകള്‍ (sects) അഥവാ വിഭാഗങ്ങള്‍ ഉള്ള മതങ്ങളിലൊന്നു ക്രിസ്തുമതമാണ്. ബൈബിളിലെ ആധ്യാത്മിക ഭാവങ്ങളെ പിന്തുടരുന്ന ക്രിസ്ത്യന്‍ ലോകത്ത് പ്രബലമായ രണ്ടു കൈവഴികളുണ്ട്. (1) കാത്തലിക് വിഭാഗവും, (2) പ്രൊട്ടസ്റ്റന്‍ഡ് വിഭാഗവും. ഈ രണ്ട് വിഭാഗവും, പുതിയ നിയമം (new testament) ആണ് പിന്തുടരുന്നത്. ലോകത്തില്‍ കാത്തലിക് വിഭാഗത്തിനാണ് സ്വാധീനം കൂടുതലുള്ളത്. യുനൈറ്റഡ് സ്റ്റെയിറ്റ്‌സും, ഇറ്റലിയും ബ്രസീലും, മെക്‌സികോയും, ഫിലിപ്പൈന്‍സും കാത്തലിക് ചിന്തകളാണ് പിന്തുടരുന്നത്. നോര്‍ത്ത് അമേരിക്കയും സൗത്ത് അമേരിക്കയും പ്രൊട്ടസ്റ്റന്‍ഡ് തത്വങ്ങളാണ് പിന്തുടരുന്നത്.
രക്തപ്പുഴകള്‍
വിശ്വവിഖ്യാത ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി എഴുതിയ ‘The Mankind and The Mother Earth’ എന്ന പുസ്തകത്തില്‍ ക്രിസ്ത്യന്‍ സെക്ടേറിയനിസത്തിന്റെ പേരില്‍ 18, 19 നൂറ്റാണ്ടുകളില്‍ അരിഞ്ഞുതള്ളപ്പെട്ട മനുഷ്യരുടെ എണ്ണം കോടികളാണ് എന്ന് പറയുന്നുണ്ട്. ഒരേ ബൈബിളാണ് എല്ലാ ക്രിസ്ത്യന്‍ സെക്ടുകളും വായിക്കുന്നതെങ്കിലും, വ്യാഖ്യാനത്തിലുള്ള വ്യത്യാസങ്ങളും കാഴ്ചപ്പാടിലുള്ള അന്തരവും കാരണം എപ്പോഴും ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ സെക്ടേറിയന്‍ കലാപം പതിവായിരുന്നു. ജൂതവിഭാഗം യേശുവിനെ അംഗീകരിക്കാത്തതില്‍, ക്രിസ്ത്യന്‍ ലോകം ജൂതമത വിഭാഗങ്ങളെ വേട്ടയാടി കശാപ്പ് ചെയ്തിട്ടുണ്ട്. ഒരു കോടിയോളം ജൂതമത വിശ്വാസികളെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത്. കാത്തലിക് കുടുംബത്തില്‍ ജനിച്ച ക്രിസ്ത്യന്‍ വിശ്വാസിയല്ലാത്ത ജോസഫ് സ്റ്റാലിന്‍ കമ്മ്യൂണിസ്റ്റ് സെക്ടേറിയനിസത്തിന്റെ പേരില്‍ മൂന്ന് കോടിക്കും അഞ്ച് കോടിക്കും ഇടയില്‍ ആളുകളെ കൊന്നതായി വിഖ്യാത റഷ്യന്‍ ചരിത്രകാരന്‍ മിലോവഞ്ച ലാസ് പറയുന്നു. ‘Land Without Justice’ എന്ന മിലോവഞ്ചലാസിന്റെ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷ ചെയ്യാന്‍ ശ്രമിക്കുകയാണ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും, മാര്‍ക്‌സിയന്‍ ചിന്തകനുമായ എം.ആര്‍. ചന്ദ്രശേഖരന്‍ കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ എന്നോട് പറഞ്ഞിരുന്നു. ജൂത മതത്തില്‍ സെക്ടേറിയനിസം വളരെ കുറവാണ് എന്നുള്ളത് അതിന്റെ പ്രത്യേകതയാണ്.
ത്രിത്വം (Trinity)
സെമിറ്റിക് മതങ്ങളില്‍ ജൂതമതവും ഇസ്‌ലാം മതവും ത്രിത്വം അംഗീകരിക്കുന്നില്ല. ദൈവം (God), ദൈവപുത്രന്‍ (Son of God), പരിശുദ്ധാത്മാവ് (Holy Ghost) തുടങ്ങിയ ക്രിസ്ത്യന്‍ തിയോളജിക്കല്‍ തത്വങ്ങളെ അംഗീകരിക്കാത്ത മുസ്‌ലിം, ജൂത വിഭാഗങ്ങളെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അരിഞ്ഞുതള്ളിയ സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്.
ഇസ്‌ലാമും മറ്റ് സെമിറ്റിക് മതങ്ങളും
തണലോ അഭയമോ നല്‍കാത്ത മണല്‍ പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണല്‍ ക്കുന്നുകളുടേയും നാടാണ് അറേബ്യ. നിയമമോ, സാമൂഹ്യബന്ധമോ ഇല്ലാത്ത അറബി സമൂഹത്തെ ഉടച്ചുവാര്‍ക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണ് താന്‍ എന്ന് മുഹമ്മദ് സ്വയം പറഞ്ഞു. ചൂടും, മണലാരണ്യവും തങ്ങള്‍ക്കായി വിഭജിക്കപ്പെട്ട മരുഭൂമിയില്‍ ഒറ്റപ്പെടുത്തിയ മനുഷ്യര്‍ക്ക് വേണ്ടി മുഹമ്മദ് സംസാരിച്ചു തുടങ്ങി. ദൈവം അവസാനമായി അയച്ച പ്രവാചകന്‍ താനാണ് എന്നും എനിക്ക് മുന്‍പേ ദൈവം മനുഷ്യവര്‍ഗ്ഗത്തെ സംസ്‌കരിക്കാനയച്ച യേശു ദൈവപുത്രനല്ല, അദ്ദേഹം എന്നെപ്പോലെ ഒരു പ്രവാചകന്‍ മാത്രമാണ് എന്നും മുഹമ്മദ് പറഞ്ഞു. ജീസസിന്റെ പേരില്‍ പ്രചരിച്ച മിത്തുകള്‍ മുഹമ്മദ് തള്ളിക്കളഞ്ഞു. ”എന്നില്‍ വിശ്വസിക്കാത്ത ജൂതന്മാരും, ക്രിസ്ത്യാനികളും, ചതിയന്മാര്‍ ആണ്” എന്ന് മുഹമ്മദ് പ്രഖ്യാപിച്ചു. മക്കയില്‍ കഴിയുമ്പോള്‍ ”എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം” എന്നു പറഞ്ഞ മുഹമ്മദ് മദീനയില്‍ എത്തിയപ്പോള്‍ ഇസ്‌ലാമിക വിശ്വാസമില്ലാത്തവരെ ‘കാഫിര്‍’ എന്ന് വിളിച്ചു. തന്നോട് യോജിക്കാത്ത തന്റെ ബന്ധുവായ അബു ലഹാബിനെപ്പോലും ”കാഫിര്‍” എന്നാണ് മുഹമ്മദ് വിളിച്ചത്. വിഖ്യാത നോവലിസ്റ്റ് ആനന്ദ് എഴുതിയ ‘ജൈവ മനുഷ്യന്‍’ എന്ന ദാര്‍ശനിക ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗമിതാണ് ”സൈനികരുടെ ഉത്സാഹം നിലനിര്‍ത്താനായി അദ്ദേഹം അവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ പരിവേഷം നല്‍കി. സ്വര്‍ഗ്ഗം മാത്രമല്ല, ഭൂമിയില്‍ തോല്‍പ്പിക്കപ്പെട്ടവരുടെ ധനത്തേയും, സ്ത്രീകളേയും നല്‍കി.” അവിശ്വാസികളെ എവിടെ കണ്ടാലും കൊല്ലുക” (പുറം 82). ജൂതവിഭാഗമാണ് മദീനയില്‍ മുഹമ്മദിന്റെ ആശയ പ്രചാരണത്തെ തടഞ്ഞത്, പക്ഷേ അവരെ ആക്ഷേപിക്കുന്ന ഭാഗങ്ങള്‍ ഖുര്‍ആനിലും, ഹദീസ്സുകളിലും ഉടനീളം കാണാന്‍ കഴിയും. ലോകത്തിലെ എല്ലാ മുസ്‌ലിം വിഭാഗങ്ങളും അവരുടെ മദ്രസ്സകളിലും മതപഠനശാലകളിലും ജൂതമതത്തെ ആക്ഷേപിക്കുന്നു. കൊച്ചുകുട്ടികളുടെ മനസ്സില്‍ വിഷം കുത്തിനിറക്കുന്നു. മുസ്ലിം ജനവിഭാഗത്തിന് ജൂതരോടുള്ള വെറുപ്പിന് ഒരുകാരണം ഖുര്‍ആന്‍ പഠനമാണ്. ഇന്ന് വിശ്വവിഖ്യാത ഇസ്‌ലാമിക പണ്ഡിതന്മാര്‍ ജൂതര്‍ക്കെതിരെയുള്ള പരാമര്‍ശം സന്ദര്‍ഭത്തിനനുസരിച്ച് വായിക്കണം (Contextual) എന്നാണ് പറയുന്നത്. പക്ഷേ ഫലത്തില്‍ ലോകമെമ്പാടും സുന്നി വിഭാഗം മുസ്‌ലിം പണ്ഡിതന്മാരും ഷിയാവിഭാഗം പണ്ഡിതന്മാരും ജൂതമതത്തെ വെറുക്കുന്നു. അവര്‍ക്ക് ഒരു രാജ്യം വേണം എന്ന ആശയത്തെ നേരത്തേ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. ഇന്ന് മുസ്‌ലിം വിഭാഗങ്ങള്‍ ഇസ്രായേല്‍ നശിക്കണം എന്ന് മനസ്സില്‍ ആഗ്രഹിക്കുന്നവരാണ്.
അറബ് ക്രിസ്ത്യന്‍സ്
അറബ് ക്രിസ്ത്യന്‍സ് (copti christians) എന്നത് ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടത്ര മനസ്സിലാകാത്ത ഒരു പ്രതിഭാസമാണ്. ഇന്ന് ലോകത്ത് മൂന്ന് കോടിയില്‍ കൂടുതല്‍ അറബ് ക്രിസ്ത്യന്‍സ് ഉണ്ട്. ലബനോണ്‍ ജനസംഖ്യയില്‍ 40 ശതമാനം കോപ്റ്റി ക്രിസ്ത്യന്‍സ് ആണ് ഉള്ളത്. വിശ്വവിഖ്യാത കവി ഖലീല്‍ജിബ്രാന്‍ കാത്തലിക് ക്രിസ്ത്യനാണ്. ഈജിപ്റ്റില്‍ 20 ശതമാനവും യുഎഇയില്‍ രണ്ട് ശതമാനവും ബഹറൈനില്‍ 4 ശതമാനവും കോപ്റ്റി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉണ്ട്. പലസ്തീനില്‍ 31 ശതമാനം അറബി ക്രിസ്ത്യാനികളാണുള്ളത്. അവര്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന മുസ്‌ലിം ജനവിഭാഗത്തോടൊപ്പം ചേരുന്നു. ലോകത്തിലെ ഏറ്റവും സമാധാനപ്രിയരാണ് അറബി ക്രിസ്ത്യന്‍സ്. ഇസ്‌ലാം മത നിയമപ്രകാരം ക്രിസ്ത്യന്‍ സ്ത്രീകളെ മതം മാറ്റാതെ കല്യാണം കഴിക്കാം. ഈജിപ്റ്റിലും ലബനോണിലും മുസ്‌ലിം, ക്രിസ്ത്യന്‍ കല്യാണങ്ങള്‍ മതം മാറാതെ നടക്കാറുണ്ട്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ കരുതുന്നത് പലസ്തീന്‍ ഒരു മുസ്‌ലിം പ്രദേശമാണ് എന്നാണ്. പാകിസ്ഥാനിലും ഇറാനിലും ഇറാഖിലും ഷിയാ വിഭാഗവും, സുന്നിവിഭാഗവും ഏറ്റുമുട്ടി ലക്ഷങ്ങള്‍ മരിക്കുമ്പോള്‍ എന്തുകൊണ്ടാണ് മുസ്‌ലിം ദേവാലയങ്ങളില്‍ സമാധാനത്തിന് പ്രാര്‍ത്ഥന നടത്താതിരിക്കുന്നത്? പലസ്തീനിലെ ‘ഹമാസ്, ഫതഹ്’, തുടങ്ങിയ ലിബറേഷന്‍ സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടി മരിക്കാറുണ്ട്. ഹമാസ് തീവ്രവാദ സംഘടനയാണ് എന്നാണ് ‘ഫതഹ്’ പറയുന്നത്. കേരളത്തിലെ ഏതെങ്കിലും, മുസ്‌ലിം കുടുംബത്തില്‍ നിന്ന് ആളുകള്‍ പലസ്തീനില്‍ പോയി ജോലി ചെയ്യുന്നുണ്ടോ?
ഇന്നത്തെ യൂറോപ്പ്
ശാസ്ത്രീയമായ മുന്നേറ്റത്തിന്റെ കുതിരപ്പുറത്ത് കയറി സഞ്ചരിക്കുന്ന ഇന്നത്തെ പാശ്ചാത്യനാടുകളില്‍ ക്രിസ്ത്യന്‍ സെക്ടേറിയനിസം പാടെ മാഞ്ഞുപോയി. ചര്‍ച്ചകള്‍ പലതും അടഞ്ഞു കിടക്കുന്നു. പരിണാമസിദ്ധാന്തം അംഗീകരിക്കണമെന്ന് ഇന്നത്തെ പോപ്പ് തന്നെ പറയുന്നു. ബൈബിള്‍ ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല, മാറിവരുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കനുസരിച്ച് മതഗ്രന്ഥങ്ങള്‍ പുതിയ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കണം എന്ന് പോപ്പ് വാദിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ വലിയ മനുഷ്യ സ്‌നേഹികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വരുന്ന ആല്‍ബര്‍ട്ട് ഷ്വയിറ്റ്‌സര്‍ എഴുതിയ ‘In quest of Jesus Christ’ എന്ന കൂറ്റന്‍ ഗ്രന്ഥത്തില്‍ ജീസസ് മീത്താണ് എന്നു പറയുന്നു. പക്ഷേ യൂറോപ്പില്‍ അതിനെതിരെ ബഹളങ്ങള്‍ ഇല്ല.