ഡിഫി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനു നേരെ സ്വര്‍ണ്ണക്കടത്തിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും തലവന്‍ എന്ന ആരോപണമുന്നയിച്ചതിനെ പാര്‍ട്ടി പുച്ഛിച്ചുതള്ളിയത് ആരോപണത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനല്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ പി.ജയരാജനെ മനസ്സിലാക്കാത്തവരാണ് ഇത്തരം ആരോപണങ്ങളില്‍ വിശ്വസിക്കുക. പാര്‍ട്ടി ജില്ലാകമ്മറ്റി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തു സഖാക്കള്‍ക്ക് വിശദീകരിച്ചു കൊടുത്തു കഴിഞ്ഞു. ജയരാജന്‍ ഇനീഷ്യലില്‍ പോലും ശുദ്ധ സഖാവാണ്. പി എന്നാല്‍ പൊട്ടിക്കല്‍ എന്നു വൈരുദ്ധ്യാത്മിക ഭൗതികവാദ പ്രകാരം വ്യാഖ്യാനിക്കണം. ജില്ലാസെക്രട്ടറിയായ കാലത്തും അതിനു മുമ്പും ജില്ലയില്‍ സഖാവ് ജയരാജന്‍ നടത്തിയ പൊട്ടിക്കലിനെ പാര്‍ട്ടി വിരുദ്ധ ശക്തികള്‍ ബോംബ് പൊട്ടിക്കല്‍ എന്ന് കളിയാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഉരുക്കു കോട്ടയില്‍ ആര്‍.എസ്.എസ്സുകാര്‍ വേരുറപ്പിക്കുമ്പോള്‍ അതിനെ ഉന്മൂലനം ചെയ്യാന്‍ സഖാവ് കണ്ടെത്തിയ വഴിയാണ് ബോംബ് പൊട്ടിക്കല്‍. അതിന് പാര്‍ട്ടിഗ്രാമങ്ങളില്‍ ബോംബു നിര്‍മ്മാണം കുടില്‍ വ്യവസായമാക്കി. ആര്‍.എസ്.എസ്സുകാരെ വകവരുത്താന്‍ സഖാക്കളെ ആയുധം നല്‍കി ഗുണ്ടകളാക്കി. അമ്പാടിമുക്ക് സഖാക്കളും ‘പി’ ആര്‍ ആര്‍മിയുമൊക്കെ വളര്‍ന്നുവന്നതു സഖാവിന്റെ തണലിലാണ്. അങ്ങനെ പൊട്ടിക്കല്‍ എന്ന ഇനീഷ്യലിന് ചെമ്പന്‍ വ്യാഖ്യാനം പല മാനങ്ങളിലാണ്.
കാലം മാറി. ഇടതു ഭരണം വന്നു. വിജയന്‍ സഖാവ് മുഖ്യമന്ത്രിയായി. ജയരാജന്‍ ഖാദിബോര്‍ഡ് വൈസ് പ്രസിഡന്റായി. ബോംബും വടിവാളുമൊക്കെ പാര്‍ട്ടിയാപ്പീസില്‍ പൂട്ടി വെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക് തൊഴിലില്ലാതായി. അവര്‍ക്കു വേണ്ടി റെഡ് ആര്‍മിയും സൈബര്‍ പോരാളി പണിയും സഖാവ് ജയരാജന്‍ ഏര്‍പ്പാടാക്കി. പാര്‍ലമെന്ററി വ്യാമോഹത്തില്‍ സഖാക്കള്‍ വീണു പോകാന്‍ പാടില്ലല്ലോ. അതിനാല്‍ തന്റെ കൂടെയുള്ളവര്‍ക്ക് അതിനു പറ്റിയ പണി കണ്ടെത്തിയേ പറ്റൂ. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് ഇടപാട്, ക്വട്ടേഷന്‍ പണി തുടങ്ങിയ മാന്യതയുള്ള തൊഴിലുകള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുക മാത്രമല്ല അതിന്റെ നിയന്ത്രണം തന്റെ മകനെ ഏല്പിക്കുകയും ചെയ്തു. ഇത്രയും ആത്മാര്‍ത്ഥമായി പാര്‍ട്ടി കാര്യങ്ങള്‍ ചെയ്യുന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെയാണ് എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കുന്നത്. മുമ്പ് കോടിയേരി ചൈനയെപ്പറ്റി പറഞ്ഞ പോലെ ജയരാജനെ വളഞ്ഞിട്ടാക്രമിക്കാന്‍ പാര്‍ട്ടി ആരെയും അനുവദിക്കില്ല.